മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ജീവചരിത്രഗ്രന്ഥം അറബിക്കിൽ

പാണക്കാട് മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ജീവചരിത്രഗ്രന്ഥം അറബിക്കിൽ പുറത്തിറങ്ങുന്നു. അലാവുദ്ദീൻ ഹുദവി പുത്തനഴി രചിച്ച ‘ഫീ ദിക്‌റാ അസ്സയ്യിദ് മുഹമ്മദ് അലി ശിഹാബ് ’ നവംബർ രണ്ടിന് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി, ശിഹാബ് തങ്ങളുടെ മകൻ മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്നാണു പുറത്തിറക്കുക.

അറബ് നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്ന നേതാവാണ് ശിഹാബ് തങ്ങൾ. മധ്യപൂർവദേശത്തെ വായനക്കാരെ ലക്ഷ്യമിട്ടാണ് പുസ്തകം ഇറക്കുന്നത്. ശിഹാബ് തങ്ങളുടെ പ്രധാന ഉദ്ധരണികളടങ്ങുന്ന മുജീബ് ജൈഹൂനിന്റെ ഇംഗ്ലിഷ് കൃതി ‘സ്ലോഗൻസ് ഓഫ് ദി സാജ്’, മാവേലിക്കര രാജാ രവിവർമ കോളജിലെ മലയാളം വിഭാഗം മേധാവി വി.രഞ്ജിത്തിന്റെ മലയാളം കൃതി ‘സ്‌നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങൾ’ എന്നിവയും അതേ വേദിയിൽ പുറത്തിറക്കും. ദുബായ് കെഎംസിസി ആണ് മൂന്നു പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നത്.