ചിരിനിലാവ്‌

ചിരിനിലാവ്‌
എം.കെ മുനീര്‍

ആത്മകഥ എഴുത്തിനുള്ള സംഭാഷണങ്ങളില്‍, ഒാ‍ര്‍മയുടെ അറകളില്‍നിന്ന്‌ ഒട്ടേറെ കൌതുകങ്ങള്‍ ശിഹാബ്‌ തങ്ങള്‍ പുറത്തെടുത്തിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഇസ്‌ലാമിക വിശേഷമായിരുന്നു അതിലൊന്ന്‌. 1947 ഓഗസ്റ്റ്‌ 15, ആ വര്‍ഷത്തെ റമസാന്‍ ഇരുപത്തേഴായിരുന്നു; വെള്ളിയാഴ്ചയും!

ഇരുപത്താറു വര്‍ഷം മുന്‍പ്‌ ബാപ്പ അന്തരിച്ചപ്പോള്‍ എന്റെ വലതുചുമലില്‍ കൈവച്ച്‌, ചേര്‍ത്തുപിടിച്ച്‌ 'ഞങ്ങളില്ലേ കൂടെ എന്നു ചോദിച്ച ഒരാളുണ്ടായിരുന്നു. കാല്‍നൂറ്റാണ്ടു കാലം തോളില്‍ ആ കരങ്ങളുണ്ടായിരുന്നു - ദൃശ്യമായും അദൃശ്യമായും. പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ചരിത്രത്തിലേക്കു മറയുമ്പോള്‍, മരണത്തിന്റെ വിങ്ങല്‍ വീണ്ടും വലയം ചെയ്യുകയാണ്‌. 'സിഎച്ചിന്റെ മകന്‌ ശിഹാബ്‌ തങ്ങളുടെ ഹൃദയത്തില്‍ ഒരു ഇരിപ്പിടം എപ്പോഴും മാറ്റിവച്ചിരുന്നു. ബാപ്പ മരിച്ചശേഷം പിതൃവാല്‍സല്യം ഞാന്‍ അനുഭവിച്ചതു പാണക്കാട്‌ കൊടപ്പനക്കല്‍ തറവാട്ടില്‍നിന്നാണ്‌.

മുപ്പത്തിനാലു വര്‍ഷം മുന്‍പു പി.എം.എസ്‌.എ. പൂക്കോയ തങ്ങള്‍ അന്തരിച്ചപ്പോള്‍ ബാപ്പയുടെ സാമീപ്യവും ആശ്വാസവാക്കുകളുമായിരുന്നു കരുത്തെന്ന്‌ ശിഹാബ്‌ തങ്ങള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. തങ്ങളുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ക്കിടെ അന്നത്തെ രംഗങ്ങള്‍ കൂടുതല്‍ തെളിമയോടെ തങ്ങള്‍ ഒാ‍ര്‍ത്തെടുത്തിരുന്നു. അന്ത്യദര്‍ശനത്തിനായി ഒഴുകിയെത്തിയ ജനക്കൂട്ടത്തോടു ബാപ്പയാണു പറഞ്ഞത്‌: 'ദിവസങ്ങള്‍ കഴിഞ്ഞാലും എല്ലാവരും ജനാസ (മൃതദേഹം) കണ്ടു തീരില്ല; നമുക്കിനി പ്രാര്‍ഥനയാണു വേണ്ടത്‌. എല്ലാവരും കടലുണ്ടിപ്പുഴയിലേക്കിറങ്ങി വുളു (അംഗശുദ്ധി) ചെയ്യുക.

രണ്ടു വര്‍ഷം മുന്‍പ്‌, ശിഹാബ്‌ തങ്ങളുടെ ആദ്യഗ്രന്ഥം 'മതം, സമൂഹം, സംസ്കാരം ഒലീവ്‌ പബ്ലിക്കേഷന്‍സ്‌ പ്രസിദ്ധീകരിച്ചപ്പോള്‍ എം.ടി. വാസുദേവന്‍നായരുടെ 'ആജ്ഞയാണ്‌, ആത്മകഥയെഴുത്തിലേക്കു നയിച്ചത്‌. എംടിയുടെ നിഘണ്ടുവില്‍ പ്രശംസാ വാക്കുകള്‍ ദുര്‍ലഭമാണ്‌. പക്ഷേ, അന്ന്‌ എംടി എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. 'കേരളത്തിന്റെ മണ്ണില്‍ പലരും വിതച്ച വര്‍ഗീയതയുടെ വിഷവിത്തുകള്‍ മുളയ്ക്കാതിരുന്നത്‌ ഇൌ‍ മനുഷ്യന്റെ സാന്നിധ്യംകൊണ്ടാണ്‌ - വേദിയിലിരുന്ന ശിഹാബ്‌ തങ്ങളെ ചൂണ്ടി എംടി ഇത്രകൂടി പറഞ്ഞു: 'ഇൌ‍ മനുഷ്യന്റെ ജീവിതം നിങ്ങള്‍ രേഖപ്പെടുത്തണം.

ആത്മകഥയെഴുത്തിനുള്ള സംഭാഷണങ്ങളില്‍, ഒാ‍ര്‍മയുടെ അറകളില്‍നിന്ന്‌ ഒട്ടേറെ കൌതുകങ്ങള്‍ ശിഹാബ്‌ തങ്ങള്‍ പുറത്തെടുത്തിരുന്നു. ഇന്ത്യന്‍ സ്വാതന്ത്യ്രദിനത്തിന്റെ ഇസ്‌ലാമിക വിശേഷമായിരുന്നു അതിലൊന്ന്‌. 1947 ഒാ‍ഗസ്റ്റ്‌ 15, ആ വര്‍ഷത്തെ റമസാന്‍ ഇരുപത്തേഴായിരുന്നു; ദിനം വെള്ളിയാഴ്ചയും. വര്‍ഷത്തിലെ ഏറ്റവും വിശുദ്ധ രാവായ ലൈലത്തുല്‍ ഖദ്‌റിന്‌ (ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള നിര്‍ണയത്തിന്റെ രാത്രി) സാധ്യതയേറെയുള്ള ദിനം. റമസാന്‍ ഇരുപത്തേഴാം രാവും വെള്ളിയാഴ്ച രാവും ഒരുമിച്ചുവരുന്നതും പുണ്യമാണ്‌ - അതുതന്നെയായിരുന്നു സ്വാതന്ത്യ്രത്തിന്റെ രാവും. ഇസ്‌ലാംമതവിശ്വാസം അനുസരിച്ച്‌ ഏറ്റവും പുണ്യമുള്ള മുഹൂര്‍ത്തത്തിലാണ്‌ നമ്മുടെ രാജ്യം സ്വതന്ത്രമായതെന്നു തങ്ങള്‍ പറഞ്ഞു. ആ രാവില്‍ നെയ്ച്ചോറും ഇറച്ചിക്കറിയുമുണ്ടാക്കി നാടെങ്ങും വിതരണം ചെയ്‌തു.

ആഘോഷമെന്നാല്‍ അന്നു ഭക്ഷണമായിരുന്നു. ആര്‍ത്തികൊണ്ടല്ല,
ദാരിദ്ര്യം കൊണ്ടായിരുന്നു അത്‌. ജനങ്ങള്‍ അരിഭക്ഷണം കഴിക്കുന്നതുതന്നെ വല്ലപ്പോഴും. വിവാഹം മാത്രമല്ല, സുന്നത്ത്‌ ചടങ്ങുപോലും ദിവസങ്ങള്‍ നീണ്ട ആഘോഷമായിരുന്നു; ഭക്ഷണവിതരണമായിരുന്നു ലക്ഷ്യം.

വികസനത്തിന്റെ ഭൂപടത്തില്‍ മലബാര്‍ പിന്നോട്ടു പോയതിന്റെ കാരണവും തങ്ങള്‍ അന്നു വിശദീകരിച്ചു. തിരുവിതാംകൂറിലും കൊച്ചിയിലും രാജഭരണമായിരുന്നു. നമ്മെ ഭരിക്കുന്നതു നമ്മുടെ രാജാവു തന്നെ. പക്ഷേ, മലബാറില്‍ ബ്രിട്ടീഷ്‌ ഭരണമായിരുന്നു. തിരു-കൊച്ചി മേഖലയില്‍ ജനങ്ങള്‍ ഭരണത്തിലും നിയമനിര്‍മാണത്തിലും പങ്കാളികളാവുകയും കൂടുതല്‍ വിദ്യാഭ്യാസവും പുരോഗതിയും നേടുകയും ചെയ്‌തപ്പോള്‍ മലബാറില്‍ പോരാട്ടമായിരുന്നു.

മറ്റൊരു വെള്ളിയാഴ്ചകൂടി - അത്‌ മുസ്‌ലിംലീഗിന്റെ ആദ്യ മുഖ്യമന്ത്രി സ്ഥാനമേറ്റ ദിനമായിരുന്നു. 1979 ഒക്ടോബര്‍ 12ന്‌ ബാപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ശിഹാബ്‌ തങ്ങള്‍ക്കരികില്‍ ഞാനുമുണ്ടായിരുന്നു. വിജയമല്ല, അദ്ഭുതമായിരുന്നു അന്നു സംഭവിച്ചത്‌. നിയമസഭയിലെ
ആകെ അംഗബലത്തിന്റെ 10 ശതമാനത്തില്‍ താഴെമാത്രം എംഎല്‍എമാരുള്ള പാര്‍ട്ടിയാണ്‌ മന്ത്രിസഭയെ നയിച്ചത്‌.

ആ സര്‍ക്കാര്‍ തകര്‍ന്നപ്പോള്‍, കോണ്‍ഗ്രസ്‌ പിന്തുണ പിന്‍വലിക്കുന്നതിനു മുന്‍പേ നിയമസഭ പിരിച്ചുവിടാനുള്ള ഉപദേശം ബാപ്പ ഗവര്‍ണര്‍ക്കു നല്‍കി; ഗവര്‍ണര്‍ അതു സ്വീകരിക്കുകയും ചെയ്‌തു. ബദല്‍ സര്‍ക്കാരിന്‌ അവസരം നല്‍കാതിരുന്ന ഇൌ‍ തന്ത്രം കേരള രാഷ്ട്രീയത്തിലെ ഏറ്റവും കൌശലകരമായ നീക്കങ്ങളിലൊന്നായിരുന്നുവെന്നും തങ്ങള്‍ അനുസ്മരിച്ചു.

ശിഹാബ്‌ തങ്ങള്‍ മുസ്‌ലിംലീഗ്‌ പ്രസിഡന്റായി അധികാരമേറ്റതു മുതല്‍ ബാപ്പ മുഖ്യമന്ത്രിയായതു വരെയുള്ള കാലം ഏറ്റവും കഠിനമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റേതായിരുന്നുവെന്നും തങ്ങള്‍ ഒാ‍ര്‍മിച്ചു. 1975 ജൂലൈ ആറിന്‌ പാണക്കാട്‌ പി.എം.എസ്‌.എ. പൂക്കോയ തങ്ങള്‍ അന്തരിച്ചതിനെത്തുടര്‍ന്ന്‌, ശിഹാബ്‌ തങ്ങളെ പ്രസിഡന്റാക്കാനുള്ള നിര്‍ദേശം ബാപ്പയും ബി.വി. അബ്ദുല്ലക്കോയയുമാണു മുന്നോട്ടുവച്ചത്‌. അതുകേട്ടപ്പോള്‍ മുറിയില്‍ കയറി കതകടച്ചു പൊട്ടിക്കരയുകയായിരുന്നു ശിഹാബ്‌ തങ്ങള്‍. തീരുമാനം 40 ദിനം കഴിഞ്ഞിട്ടാവാമെന്നു വച്ചു (മരണാനന്തരമുള്ള ചടങ്ങുകളിലൊന്നാണ്‌ നാല്‍പതാം ദിനം).

ശിഹാബ്‌ തങ്ങള്‍ 1975 സെപ്റ്റംബര്‍ ഒന്നിനു പ്രസിഡന്റാകുമ്പോള്‍ മുസ്‌ലിംലീഗിന്‌ കേരള നിയമസഭയില്‍ അഞ്ച്‌ അംഗങ്ങളേയുള്ളൂ; മറുചേരിയിലെ ലീഗില്‍ ഏഴുപേരും. ഒന്നര വര്‍ഷത്തിനുശേഷം കോഴിക്കോട്ടു നടത്തിയ ലീഗ്‌ സമ്മേളനം, വൈകുന്നേരം മുതല്‍ അടുത്ത ദിവസം പുലരുംവരെ തുടര്‍ന്നിട്ടും ശക്‌തിപ്രകടനം അവസാനിക്കാതിരുന്നതിനെത്തുടര്‍ന്നു പൊതുസമ്മേളനം ചേരാതെ പിരിച്ചുവിട്ടു. 1977ലെ തിരഞ്ഞെടുപ്പില്‍ 13 സീറ്റുമായി ലീഗ്‌ തിരിച്ചുവരവു നടത്തി. തുടര്‍ന്നുള്ള പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ഐ, യു കോണ്‍ഗ്രസുകളും ലീഗും വെവ്വേറെ മല്‍സരിച്ചപ്പോള്‍ ലീഗ്‌ മൂന്നാമത്തെ വലിയ കക്ഷിയായി. അന്നു ലീഗിന്‌ കോണ്‍ഗ്രസ്‌-ഐയെക്കാള്‍ 226 പഞ്ചായത്ത്‌ അംഗങ്ങള്‍ അധികമുണ്ടായിരുന്നു. 1991ല്‍ 19 എംഎല്‍എമാരുടെ ചരിത്രവിജയവും 2004 മുതല്‍ കേന്ദ്രമന്ത്രിസഭയിലെ അംഗത്വവും ചേര്‍ത്ത്‌, തുല്യതയില്ലാത്ത വിജയങ്ങള്‍ ലീഗിനു സമ്മാനിച്ചാണു ശിഹാബ്‌ തങ്ങള്‍ മറഞ്ഞത്‌.

'മറക്കുക; പൊറുക്കുക ശിഹാബ്‌ തങ്ങള്‍ ഉച്ചരിച്ച മാസ്മരിക മുദ്രാവാക്യം. 1985ല്‍ ഇരുലീഗുകളും ലയിച്ചപ്പോഴായിരുന്നു ഇത്‌. നേതാക്കളും അനുയായികളും അതേപടി അതനുസരിച്ചു; ഒരു വേര്‍തിരിവുമില്‍ളാതെ പരസ്പരം സ്വീകരിച്ചു. പെട്ടെന്നു മനസ്സില്‍ തോന്നിയ വാചകമായിരുന്നു ഇതെന്ന്‌ തങ്ങള്‍ പറഞ്ഞു. ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ട രാത്രിയാണു താന്‍ ഏറ്റവുമധികം സംഘര്‍ഷം അനുഭവിച്ചതെന്നും തങ്ങള്‍ പറഞ്ഞിരുന്നു.

ഇൌ‍ജിപ്‌തിലെ പഠനകാലത്ത്‌ കലാ- സാഹിത്യ ചര്‍ച്ചകളുമായി നൈല്‍ നദിയുടെ തീരങ്ങളിലെ സായാഹ്നങ്ങളിലേക്ക്‌ ഒാ‍ര്‍മകള്‍ മടങ്ങിയപ്പോള്‍ തങ്ങളുടെ മുഖത്ത്‌ പുതിയൊരു പ്രകാശമായിരുന്നു. അറുപതുകളില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇൌ‍ജിപ്‌ത്‌ സന്ദര്‍ശിച്ചപ്പോള്‍ സ്വീകരിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി പ്രതിനിധി സംഘത്തില്‍ ശിഹാബ്‌ തങ്ങളുമുണ്ടായിരുന്നു.

ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും മുസ്‌ലിംലീഗിനോട്‌ പ്രത്യേക അടുപ്പം നിലനിര്‍ത്തി. സോണിയാഗാന്ധിക്കു തങ്ങളോടുള്ള ആദരവിന്റെ ഉദാഹരണമായിരുന്നു 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കോഴിക്കോട്‌ കടപ്പുറത്തെ പ്രചാരണവേദി. മുന്‍നിരയില്‍ കെ. കരുണാകരനും എ.കെ. ആന്റണിയും ശിഹാബ്‌ തങ്ങളും ഉള്‍പ്പെടെയുള്ള നേതാക്കള്‍. ഇതിനു മുന്നില്‍ സോണിയാഗാന്ധിക്കായി ഒറ്റക്കസേരയായിരുന്നു ഒരുക്കിയത്‌. വേദിയിലെത്തിയ സോണിയ, പിന്‍നിരയില്‍നിന്ന്‌ ഒരു കസേരകൂടി മുന്നോട്ടെടുത്ത്‌ തങ്ങളെ ക്ഷണിച്ചിരുത്തി. വിശേഷാവസരങ്ങളിലെല്ലാം സോണിയാഗാന്ധിയുടെ ഫോണ്‍കോള്‍ പാണക്കാട്‌ കൊടപ്പനക്കല്‍ വീട്ടിലെത്താറുണ്ടായിരുന്നു.

ബാപ്പയ്ക്കു നേരെ ആസിഡ്‌ ബള്‍ബ്‌ ആക്രമണമുണ്ടായപ്പോള്‍ എനിക്ക്‌ എട്ടുവയസ്സേയുള്ളൂ. സംഭവത്തിന്റെ ഗൌരവാവസ്ഥയൊന്നും അന്ന്‌ അറിയില്ല. പിന്നീട്‌ ഇതിനെക്കുറിച്ചു പറഞ്ഞപ്പോള്‍, പൂക്കോയ തങ്ങളെ ജയിലില്‍ സന്ദര്‍ശിച്ച ഒാ‍ര്‍മയാണ്‌ ശിഹാബ്‌ തങ്ങള്‍ പങ്കുവച്ചത്‌. 1948ല്‍ പൂക്കോയ തങ്ങളെ അറസ്റ്റ്‌ ചെയ്‌ത്‌ കോഴിക്കോട്‌ സബ്‌ ജയിലിലടച്ചപ്പോള്‍ ശിഹാബ്‌ തങ്ങള്‍ക്കു പ്രായം 12. കോഴിക്കോട്ട്‌ വിദ്യാര്‍ഥിയായിരുന്ന തങ്ങള്‍ ഒരു ദിവസം ജയിലിലെത്തി. ബനിയനുമിട്ടു പിതാവിനെ ജയിലഴികള്‍ക്കുള്ളില്‍ കണ്ടതിന്റെ വേദന, പതിറ്റാണ്ടുകള്‍ക്കിപ്പുറവും തങ്ങളുടെ മുഖത്തുണ്ടായിരുന്നു.

ഒരു പാര്‍ട്ടിയുടെ പ്രസിഡന്റായി ഏറ്റവുമധികം കാലം നയിച്ചയാള്‍ എന്ന റെക്കോര്‍ഡിനൊപ്പം കേരള രാഷ്ട്രീയത്തിനു തങ്ങള്‍ എന്തു സംഭാവന നല്‍കി എന്ന ചോദ്യത്തിന്‌ ഒരു പുഞ്ചിരിയായിരുന്നു തങ്ങളുടെ മറുപടി; ഒരിക്കലും അണയാത്ത ആ പുഞ്ചിരി തന്നെയാണല്ലോ തങ്ങള്‍ കേരളത്തിനു സമ്മാനിച്ചതും.

ചുണ്ടുകള്‍ ചേര്‍ത്തുവയ്ക്കുമ്പോഴും ചിരിനിലാവു പരത്തുന്നതായിരുന്നു തങ്ങളുടെ മുഖം. സംഭാഷണങ്ങളുടെ അവസാനം തങ്ങള്‍ പറഞ്ഞു: 'ചെയ്‌ത കാര്യങ്ങള്‍ മറ്റുള്ളവര്‍ വിലയിരുത്തട്ടെ, ചെയ്യാത്ത ഒരു കാര്യം പറയാം - ആരെയും ദ്രോഹിച്ചിട്ടില്ല.

മനോരമ

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക