മൈത്രിയുടെ നിത്യപ്രതീകം

ശിഹാബ്‌ തങ്ങളെ കെ.കരുണാകരന്‍ അനുസ്മരിക്കുന്നു
കേരളത്തില്‍ സമാധാനം പുലരുന്നതും യുഡിഎഫ്‌ കെട്ടുറപ്പോടെ നിലകൊള്ളുന്നതും പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ നേതൃഗുണം കൊണ്ടാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്‌തി തെല്ലുമില്ല. എന്റെ ദുഃഖം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്‌. ഏതു സംഘര്‍ഷവേളയിലും ശിഹാബ്‌ തങ്ങളെ കണ്ടാല്‍ മനസ്സ്‌ ശാന്തമാകുമായിരുന്നു. ആ പുഞ്ചിരി, സ്നേഹത്തോടെയുള്ള രണ്ടു വാക്ക്‌. മനസ്സിലേക്കു ഗാഢമായി പ്രവേശിക്കുമായിരുന്നു അതുവഴി ശിഹാബ്‌ തങ്ങള്‍.

ഞാന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ്‌ 92ല്‍ ബാബറി മസ്ജിദ്‌ തകര്‍ന്നു വീഴുന്നത്‌. ഉന്നത പൊലീസ്‌ ഒാ‍ഫിസര്‍മാരെല്ലാം ഉടന്‍ എന്റെ അടുത്തെത്തി. എന്താണു സംഭവിക്കുക എന്ന ഉത്കണ്ഠയാണ്‌ അവര്‍ക്കെല്ലാം. ശാന്തമായിരിക്കാന്‍ ഞാന്‍ അവരോടു പറഞ്ഞു. ശിഹാബ്‌ തങ്ങളുമായി ഞാന്‍ സംസാരിച്ചു കഴിഞ്ഞു. മതസൌഹാര്‍ദം തകരുന്നതു പോയിട്ട്‌, ഉലയാന്‍പോലും സമ്മതിക്കില്ല താന്‍ എന്ന ഉറപ്പാണ്‌ അദ്ദേഹം എനിക്കു നല്‍കിയത്‌. നിങ്ങള്‍ നിയമപാലനം നടത്തിക്കൊള്ളുക, അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാകില്‍ളെന്നു ഞാന്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു. ശിഹാബ്‌ തങ്ങളില്‍ എനിക്ക്‌ അത്ര വിശ്വാസമായിരുന്നു. പരസ്പര വിശ്വാസമായിരുന്നു എന്നും ഞങ്ങളുടെ സ്നേഹബന്ധത്തിന്റെ ആണിക്കല്ല്‌. അത്തരം അടുപ്പങ്ങള്‍ ഇന്ന്‌ ആര്‍ക്കൊക്കെ അവകാശപ്പെടാന്‍ കഴിയും? എനിക്കു സംശയമാണ്‌. മസ്ജിദ്‌ പ്രശ്നം തണുക്കുന്നതു വരെ നിരന്തരമായി ഞാന്‍ ശിഹാബ്‌ തങ്ങളുമായി ടെലിഫോണില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ഇളക്കം തട്ടാത്ത രണ്ടു ലക്ഷ്യങ്ങള്‍ സമുദായ സൌഹാര്‍ദവും ന്യൂനപക്ഷഅവകാശ സംരക്ഷണവുമായിരുന്നു. ഇൌ‍ രാഷ്ട്രീയ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ഒരിക്കലും ശിഹാബ്‌ തങ്ങള്‍ തയാറായിരുന്നില്ല. അതേസമയം സാമുദായിക പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കാന്‍ കടുത്ത സമ്മര്‍ദങ്ങള്‍ ഉണ്ടായ സന്ദര്‍ഭങ്ങളിലെല്ലാം ശിഹാബ്‌ തങ്ങള്‍ ധീരമായി അതിനെ ചെറുത്തിട്ടുണ്ട്‌. അത്തരം പ്രലോഭനങ്ങളില്‍ വീഴുന്ന ആളായിരുന്നില്ല അദ്ദേഹം. സംഘര്‍ഷഘട്ടങ്ങളില്‍ മതസൌഹാര്‍ദം മുറുകെ പിടിക്കാനും പക്വതയോടെ പ്രതികരിക്കാനും അദ്ദേഹം അണികളെ പഠിപ്പിച്ചു. മതേതര സമൂഹത്തിനൊട്ടാകെ അതു മാതൃകയായിരുന്നു. തന്റെ നിലപാടിനെതിരെ ചുറ്റും എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോഴും അദ്ദേഹം നാടിനു വേണ്ടി നിലകൊണ്ടു. അതാണ്‌ ഒരു രാഷ്ട്രീയ നേതാവിനെ വേറിട്ട തലത്തിലേക്ക്‌ ഉയര്‍ത്തുന്നത്‌.

യുഡിഎഫ്‌ പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോഴെല്ലാം ഒരു മന്ദസ്മിതവുമായി തങ്ങള്‍ ഞങ്ങളോടൊപ്പമുണ്ടായി. ഏതു പ്രശ്നവും പരിഹരിക്കാവുന്നതാണ്‌ എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. മുഖദാവില്‍ ധരിപ്പിക്കാതെ, ടെലിഫോണില്‍ പറയുമ്പോഴും കാര്യങ്ങളുടെ ഗൌരവം അദ്ദേഹം മനസ്സിലാക്കുന്നതും അത്‌ അതിന്റേതായ അര്‍ഥത്തില്‍ കൈകാര്യം ചെയ്യുന്നതും ഞാന്‍ പല തവണ അനുഭവിച്ചറി ഞ്ഞിട്ടുണ്ട്‌. കോണ്‍ഗ്രസിലെ കലാപങ്ങള്‍ തണുപ്പിക്കാനും ആ സൌമ്യസാന്നിധ്യം തുണയായി. അപ്പോഴൊന്നും വേറെ ഒരു പാര്‍ട്ടിക്കാരനായിട്ടല്ല ഞങ്ങള്‍ അദ്ദേഹത്തെ കണ്ടത്‌. പാണക്കാട്‌ ശിഹാബ്‌ തങ്ങളെ അങ്ങനെ അന്യനായി കാണാന്‍ ആര്‍ക്കും കഴിയില്ലായിരുന്നു.

ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പിന്തുണ അമൂല്യമായി അനുഭവപ്പെട്ട ഒരുപാട്‌ സന്ദര്‍ഭങ്ങള്‍ എനിക്കുണ്ടായി. ഒരു സമുദായത്തിന്റെ മുഴുവന്‍ പ്രതിനിധിയാണ്‌ അദ്ദേഹം. എന്നാല്‍ സത്യസന്ധതയും നിഷ്പക്ഷതയും വിട്ടൊരു കളിക്കു തങ്ങള്‍ തയാറായിരുന്നില്ല. അനുയായികള്‍ സമ്മര്‍ദം ചെലുത്തിയാലും അവരെ കാര്യം പറഞ്ഞു മനസ്സിലാക്കുമായിരുന്നു അദ്ദേഹം. അത്തരം ഇടപെടലുകളിലൂടെ അക്ഷരാര്‍ഥത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയപ്പെടാത്ത നേതാവായി തങ്ങള്‍ മാറി. സ്വന്തം സമുദായത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കായി പോരാടുമ്പോള്‍ തന്നെ രാജ്യതാല്‍പ്പര്യം പരമപ്രധാനമായി ഉയര്‍ത്തിപ്പിടിച്ചു. അദ്ദേഹം പകര്‍ന്നു തന്നിട്ടു പോയ മാതൃകയും അതു തന്നെയാണ്‌.

പ്രായം കൊണ്ട്‌ ശിഹാബ്‌ തങ്ങള്‍ എനിക്ക്‌ അനുജനാണ്‌. പക്ഷേ എനിക്കു നഷ്ടപ്പെട്ടതു താങ്ങും തണലുമായിരുന്ന സ്നേഹ സാന്നിധ്യത്തെയാണ്‌. വ്യക്‌തിപരമായി ഞാന്‍ ദുഃഖമനുഭവിച്ച വേളകളിലെല്ലാം ആശ്വാസവുമായി അദ്ദേഹം എത്തിയിട്ടുണ്ട്‌. അമേരിക്കയില്‍ അദ്ദേഹം ചികില്‍സയ്ക്കു പോയി വന്നതിനുശേഷമായിരുന്നു ഒടുവിലത്തെ കൂടിക്കാഴ്ച. പോകുന്ന സമയത്ത്‌
ഖിന്നനായിരുന്നുവെന്നു കേട്ടിരുന്നു. എന്നാല്‍ കണ്ടപ്പോള്‍ നല്ല പ്രസരിപ്പിലായിരുന്നു. ആശങ്കപ്പെട്ടതെല്ലാം അകന്നുപോയി എന്ന ആത്മവിശ്വാസം.

ജനങ്ങള്‍ അദ്ദേഹത്തെ ഏറ്റവും ഉയരത്തിലാണു പ്രതിഷ്ഠിച്ചത്‌. സാധുജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും അവരുടെ പ്രശ്നങ്ങളില്‍ നേരിട്ട്‌ ഇടപെടാനും ശിഹാബ്‌ തങ്ങള്‍ക്കു കഴിഞ്ഞിരുന്നു. അത്‌ അദ്ദേഹത്തിന്റെ ആത്മീയശക്‌തിയുടെ നന്‍മയായിരുന്നു.അപ്രതീക്ഷിതമായി അദ്ദേഹം പൊടുന്നനെ കടന്നു പോയിരിക്കുന്നു. ആദരാഞ്ജലികളര്‍പ്പിക്കാന്‍ നേരിട്ടു പോകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്‌ എനിക്ക്‌. അതിലേറെ യുള്ളതു ഭയപ്പാടാണ്‌. പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ വേര്‍പാടു സൃഷ്ടിക്കുന്ന വിടവു നികത്താന്‍ കേരളത്തിനു കഴിയുമോ എന്ന ഭയം. മൈത്രിയുടെ നിത്യപ്രതീകമാണല്ലോ അദ്ദേഹം.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക