ശിഹാബ്‌ തങ്ങള്‍ റഫറന്‍സ്‌ ലൈബ്രറി പ്രവര്‍ത്തനസജ്ജമായി

മലപ്പുറം: ജില്ലാ ആസ്ഥാനത്ത്‌ മലപ്പുറം നഗരസഭ ആരംഭിക്കുന്ന പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ സ്മാരക റഫറന്‍സ്‌ ലൈബ്രറി പ്രവര്‍ത്തനസജ്ജമായി. ഉദ്ഘാടനം ജൂലൈ ആദ്യവാരം നടത്താന്‍ നഗരസഭ തീരുമാനിച്ചു. മലപ്പുറം കുന്നുമ്മല്‍ മഞ്ചേരി റോഡില്‍ വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്മാരക ടൌണ്‍ഹാളിനോട്‌ ചേര്‍ന്നു പടിഞ്ഞാറ്‌ ഭാഗത്താണു ലൈബ്രറി സ്ഥാപിച്ചിട്ടുള്ളത്‌.

രണ്ടു ഘട്ടങ്ങളിലായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 ലക്ഷത്തോളം രൂപ ചെലവഴിച്ചാണു റഫറന്‍സ്‌ ലൈബ്രറിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചത്‌. ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള ഭൌതിക സഹചര്യങ്ങള്‍ ഒരുക്കുന്നതിന്‌ 11 ലക്ഷം രൂപയും പുസ്തകങ്ങള്‍ക്കായി 6.76739 ലക്ഷം രൂപയുമാണ്‌ ചെലവഴിച്ചത്‌. വിദഗ്ധരടങ്ങിയ അഞ്ചംഗ പര്‍ച്ചെയ്സ്‌ കമ്മിറ്റിയാണ്‌ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്‌. സാങ്കേതിക മേഖലയിലുള്‍പ്പെടെയുള്ള ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും റഫറന്‍സിനുള്ള സൌകര്യമാണ്‌ ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്‌. ഡിജിറ്റല്‍ ലൈബ്രറി, ഹോം ഡെലിവറി സൌകര്യം എന്നിവയുള്‍പ്പെടെ അടുത്ത ഘട്ടത്തില്‍ നടപ്പാക്കാനും പദ്ധതിയുണ്ട്‌. ഇതിനായി ലൈബ്രറേറിയനെ നഗരസഭ തീരുമാനിച്ചു.

ജില്ലാ ആസ്ഥാനത്തെ പബ്ലിക്‌ ലൈബ്രറി ശോച്യാവസ്ഥയില്‍ നരകിക്കുമ്പോള്‍ നഗരസഭയുടെ ഈ പുതിയ സംരംഭം പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും മുതല്‍കൂട്ടാവും. പബ്ലിക്‌ ലൈബ്രറിയിലുണ്ടായിരുന്ന അക്കാദമിക്‌ ലൈബ്രറി മറ്റൊരിടത്തേക്കു മാറ്റിയ ശേഷം കാര്യമായ പഠന, റഫറന്‍സ്‌ സൌകര്യങ്ങളില്ലാതെ മലപ്പുറത്തെ വിദ്യാര്‍ഥികള്‍ പ്രയാസപ്പെടുകയായിരുന്നു. നഗരസഭ തങ്ങളുടെ ഒന്നാം ചരമവാര്‍ഷികത്തിനു മുമ്പായി ലൈബ്രറിയുടെ പ്രവര്‍ത്തനമാരംഭിക്കാനുള്ള ശ്രമത്തിലാണ്‌.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക