ബാപ്പയില്ലാത്ത ഒരാണ്ട്‌

ബാപ്പയില്ലാത്ത ഒരാണ്ട്‌
പാണക്കാട്‌ മുനറലി ശിഹാബ്‌ തങ്ങള്‍

മായിന്‍ക്ക ഇപ്പോള്‍ കൊടപ്പനയ്ക്കലേക്കു വരാറില്ല. ഒന്നുരണ്ടുവട്ടം വന്നു. മുറ്റത്തെത്തിയതും പൊട്ടിക്കരഞ്ഞു, മടങ്ങിപ്പോയി. വേങ്ങര ചേറൂര്‍ സ്വദേശിയായ മായിന്‍ ബാപ്പയുടെ അടുത്ത സുഹൃത്തായിരുന്നു. ആഴ്ചയില്‍ രണ്ടുവട്ടമെങ്കിലും വീട്ടിലെത്തി ബാപ്പയെ കണ്ടു വര്‍ത്തമാനം പറഞ്ഞിരുന്നു മടങ്ങുന്നയാള്‍.

ഇന്നു നടക്കുന്ന ആണ്ടുചടങ്ങുകള്‍ക്കു ക്ഷണിക്കാനായി ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു - ഞാന്‍ വരൂല്ല കുട്ടീ. നിങ്ങളെ കാണണമെന്ന്‌ എന്നും വിചാരിക്കും. പക്ഷേ, ആ പടി കടന്നാല്‍ എനിക്കു പിടിച്ചാല്‍കിട്ടില്ല. ബസില്‍ പാണക്കാടുവഴി പോകുമ്പോള്‍, കൊടപ്പനയ്ക്കല്‍ വീടെത്തുമ്പോള്‍ ഞാന്‍ തല തിരിച്ചിരിക്കുകയാണു ചെയ്യുന്നത്‌. വീട്ടില്‍ വന്നു നിങ്ങളെക്കൂടി വിഷമിപ്പിക്കാന്‍ വയ്യ. ഇത്‌ ഒരു മായിന്റെ മാത്രം അനുഭവമല്ല. ഒരു വര്‍ഷമായി ഇങ്ങനെ എത്രയോ പേര്‍. രാത്രി ബാപ്പയെ സ്വപ്നംകണ്ടു ദൂരസ്ഥലങ്ങളില്‍ നിന്നു പുറപ്പെട്ടെത്തുന്നവര്‍. വീട്ടില്‍ വന്നു ബാപ്പയ്ക്കു വേണ്ടി പ്രാര്‍ഥനകള്‍ നടത്തി മടങ്ങുന്നവര്‍. ചിലര്‍ ബാപ്പയുടെ ഓര്‍മകളില്‍ പൊട്ടിക്കരയും. ചിലര്‍ കൈപിടിച്ച്‌ ആശ്വസിപ്പിക്കും. ബാപ്പ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്ത ദിവസങ്ങളില്ല, ഞങ്ങളുടെ ജീവിതത്തില്‍. ഒരോ കാര്യങ്ങളും ബാപ്പയുടെ ഓര്‍മകളിലാണു തുടങ്ങുന്നതും അവസാനിക്കുന്നതും. ബാപ്പ ഓര്‍മയായി ഒരുവര്‍ഷം കഴിഞ്ഞെങ്കിലും ആശ്വാസവാക്കുകളുമായി ഇപ്പോഴും അപരിചിതരായവര്‍ പോലുമെത്തുന്നു.

സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരായിരുന്നു ബാപ്പയുടെ മുന്നിലെത്തുന്നവരില്‍ ഭൂരിഭാഗവും. അവര്‍ ബാപ്പയുടെ മുന്നിലെത്തി സങ്കടക്കെട്ടഴിച്ചുവയ്ക്കും. ബാപ്പയുടെ മുന്നില്‍ നിന്നു കണ്ണീരു തുടയ്ക്കാതെ ആരും മടങ്ങിയിട്ടില്ല. പൂര്‍വികരുടെ അനുഗ്രഹമാണു തന്നിലുള്ള ശക്‌തിയെന്നായിരുന്നു ബാപ്പയുടെ വിശ്വാസം. ബാപ്പയുടെ മരണമുണ്ടാക്കിയ ശൂന്യതയില്‍ നിന്നു പുറത്തുവരും മുന്‍പുതന്നെ ആ വലിയ ഉത്തരവാദിത്തം ഞങ്ങള്‍ക്ക്‌ ഏറ്റെടുക്കേണ്ടി വന്നു. അതു നിറവേറ്റാന്‍ എളേപ്പമാരും ജ്യേഷ്ഠനും മറ്റു കുടുംബാംഗങ്ങളുമെല്ലാം കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നുണ്ട്‌.

കുടുംബത്തിലും ബാപ്പയുടെ വേര്‍പാട്‌ ഉണ്ടാക്കിയ മുറിവുകള്‍ പൂര്‍ണമായി ഉണങ്ങിയിട്ടില്ല. പരസ്പരം ആശ്വസിപ്പിക്കാന്‍ എല്ലാവരും ഇടയ്ക്കിടെ ഒത്തുകൂടാറുണ്ട്‌. ഇപ്പോള്‍ എളേപ്പയോടു (പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍) ചോദിക്കാതെ ഒരു തീരുമാനവും ഞങ്ങള്‍ എടുക്കാറില്ല.

കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്നതാണ്‌ ഏറ്റവും പ്രധാന കടമയായി ബാപ്പ കണ്ടിരുന്നത്‌. അവരുടെ ജാതിയോ മതമോ ചോദിച്ചിരുന്നില്ല. രാഷ്ട്രീയം സാമൂഹിക സേവനത്തിന്റെ ഭാഗമായിരുന്നെങ്കിലും അതിനു രണ്ടാംസ്ഥാനം മാത്രമേ ബാപ്പയുടെ ജീവിതത്തിലുണ്ടായിരുന്നുള്ളൂ. ജീവിതദുഃഖങ്ങളുമായി എത്തുന്നവരുടെ കണ്ണീരു തുടയ്ക്കലാണ്‌ ഏറ്റവും വലിയ സേവനമെന്ന്‌ അദ്ദേഹം ജീവിതത്തിലൂടെ ഞങ്ങളെ പഠിപ്പിച്ചു. അതു നന്നായി തുടരാന്‍ കഴിയണേ എന്നാണു ഞങ്ങളുടെ പ്രാര്‍ഥന. ഉറപ്പായിട്ടും അതായിരിക്കും ബാപ്പയ്ക്ക്‌ ഏറ്റവും സംതൃപ്‌തിയേകുന്ന അനുസ്മരണം.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക