തങ്ങള്‍ നേതാക്കള്‍ക്ക്‌ മാതൃക: കെ.എം. റോയ്‌


മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ സാധാരണക്കാരന്റെ നേതാവായി മാറിയ പ്രതിഭ: ഹൈദരലി തങ്ങള്‍

മലപ്പുറം: മുസ്‌ലിം ലീഗിന്റെ അധ്യക്ഷന്‍ എന്നതിലപ്പുറം ഓരോ സാധാരണക്കാരന്റെയും നേതാവായി മാറാന്‍ കഴിഞ്ഞ അസാമാന്യ പ്രതിഭയായിരുന്നു പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെന്ന്‌ മുസ്‌ലിം ലീഗ്‌ അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍. നിര്‍ണായകസമയത്ത്‌ മതസൌഹാര്‍ദത്തിനായി രംഗത്തിറങ്ങിയ ശിഹാബ്‌ തങ്ങള്‍ രാജ്യത്തിന്റെ കാവലാളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ ഇസ്‌ലാമിക്‌ സെന്റര്‍ സംഘടിപ്പിച്ച ശിഹാബ്‌ തങ്ങള്‍ അനുസ്മരണച്ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തങ്ങളെക്കുറിച്ച്‌ സി.പി. സെയ്‌തലവി രചിച്ച 'അടയാത്ത വാതില്‍ എന്ന പുസ്‌തകം കെ.എം. റോയിക്കു നല്‍കി അദ്ദേഹം പ്രകാശനം ചെയ്‌തു.

അയോധ്യാ സംഭവമുണ്ടായപ്പോഴും അങ്ങാടിപ്പുറത്ത്‌ തളി ക്ഷേത്രത്തിന്റെ വാതില്‍ കത്തിച്ച സമയത്തും സഹിഷ്ണുതയുടെ സന്ദേശവുമായി തങ്ങള്‍ ഓടിയെത്തി. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. നേതാക്കളേക്കാള്‍ അദ്ദേഹം എപ്പോഴും പരിഗണന നല്‍കിയത്‌ കുപ്പായം പോലുമിടാതെ തന്നെ കാണാനെത്തിയ സാധാരണക്കാര്‍ക്കായിരുന്നു. വിദ്യാഭ്യാസരംഗത്ത്‌ നടപ്പാക്കിയ വിപ്ലവം അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ തെളിവായിരുന്നുവെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.

പ്രഫ. കെ. ആലിക്കുട്ടി മുസല്യാര്‍ ആധ്യക്ഷ്യം വഹിച്ചു. ലീഗ്‌ സെക്രട്ടറി ടി.എ. അഹമ്മദ്‌ കബീര്‍, എംഎല്‍എമാരായ എം. ഉമ്മര്‍, കെ. മുഹമ്മദുണ്ണി ഹാജി, അബ്ദുറഹിമാന്‍ രണ്ടത്താണി, ലീഗ്‌ നേതാക്കളായ പി. ഉബൈദുല്ല, പി.കെ. കുഞ്ഞു, ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, ഉസ്മാന്‍ ഇരിങ്ങാട്ടിരി എന്നിവര്‍ പ്രസംഗിച്ചു.


തങ്ങള്‍ നേതാക്കള്‍ക്ക്‌ മാതൃക: കെ.എം. റോയ്‌

മലപ്പുറം: അധികാരത്തിന്റെ ഏതറ്റം വരെയും എത്താന്‍ ശേഷിയുണ്ടായിട്ടും അതൊന്നും വേണ്ടെന്നുവയ്ക്കുകയും സഹോദരന്‍മാരെയും മക്കളെയും അതില്‍നിന്ന്‌ അകറ്റിനിര്‍ത്തുകയും ചെയ്‌ത പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ നേതാക്കള്‍ക്കു മാതൃകയാണെന്ന്‌ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എം. റോയ്‌. ഇന്ത്യയുടെ ചരിത്രത്തില്‍ ജയപ്രകാശ്‌ നാരായണനു തുല്യമായ പദവിക്ക്‌ അദ്ദേഹം അര്‍ഹനാണെന്നും റോയ്‌ പറഞ്ഞു. തങ്ങളെക്കുറിച്ചുള്ള പുസ്‌തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയം സേവനമാണെന്നും അധികാരത്തേക്കാള്‍ വലുത്‌ ജനങ്ങളാണെന്നും അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചു. ദേശീയതലത്തില്‍ തന്നെ മുസ്‌ലിം സമുദായത്തെ നേര്‍വഴിയിലൂടെ നയിക്കാന്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ നയങ്ങള്‍ ഇപ്പോള്‍ രാജ്യം മുഴുവന്‍ അംഗീകരിക്കുന്നു. തീവ്രവാദത്തിന്റെ വളര്‍ച്ച തടഞ്ഞ്‌ കേരളത്തിലെ മുസ്‌ലിംകളെ ദേശീയധാരയിലേക്കു കൊണ്ടുവരാനും അദ്ദേഹത്തിനു കഴിഞ്ഞു.

മുസ്‌ലിം സമുദായത്തിന്‌ ന്യായാധിപന്‍മാരെയല്ല, ശിപായിമാരെയാണ്‌ വേണ്ടതെന്നു പറയാനുള്ള ദീര്‍ഘവീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. ലീഗിനെ വിമര്‍ശിച്ചു ലേഖനമെഴുതിയ തനിക്ക്‌ റഹീം മേച്ചേരിയുടെ പേരിലുള്ള പുരസ്കാരം നേരിട്ടു സമ്മാനിക്കാന്‍ സമയം കണ്ടെത്തിയ നേതാവാണ്‌ തങ്ങളെന്നും റോയ്‌ പറഞ്ഞു.

news: Manorama

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക