വിമര്‍ശകരെ നിരായുധരാക്കിയ നേതാവ്‌

കോഴിക്കോട്‌: മുസ്ലിംകേരളത്തിന്റെ അഭിമാനമായിരുന്ന ശിഹാബ്‌ തങ്ങള്‍ ആശീര്‍വാദങ്ങളും അഭിനന്ദനങ്ങളും മാത്രം ഏറ്റുവാങ്ങിയിരുന്ന നേതാവായിരുന്നുവെന്നു കരുതുന്നവര്‍ക്ക്‌ തെറ്റി. സ്വര്‍ണം കായ്ക്കുന്ന ആ മഹാവൃക്ഷത്തെയും കല്ലെറിയാനും കുറ്റം പറയാനും പലരും ഉണ്ടായിരുന്നു. മത-രാഷ്ട്രീയ നേതൃത്വം ഒരുമിച്ചു വഹിച്ചതിനാലായിരുന്നു ഏറെയും വിമര്‍ശനങ്ങള്‍. കമ്മ്യൂണിസ്റ്റ്‌ ആചാര്യന്‍ ഇ എം എസ്‌ ആയിരുന്നു ആദ്യമായി വിമര്‍ശിച്ചത്‌. മുസ്ലിംലീഗ്‌ തങ്ങന്‍മാരുടെയും മുസ്ലയ‍ക്കന്‍മാരുടെയും പാര്‍ട്ടിയാണ്‌ എന്നായിരുന്നു ഇ എം എസിന്റെ പ്രയോഗം. ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കുന്നതുകൊണ്ടു മാത്രമായിരുന്നു ഈ പരിഹാസം.

പരേതനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ ഇമ്പിച്ചിബാവ രാഷ്ട്രീയതങ്ങള്‍ എന്നാണ്‌ ശിഹാബ്‌ തങ്ങളെ വിളിച്ചിരുന്നത്‌. 1982ല്‍ നായനാര്‍ മുഖ്യമന്ത്രി ആയപ്പോള്‍ താനൂരിലെ സി.പി.എം പൊതുയോഗം ലീഗുകാര്‍ ശിഹാബ്‌ തങ്ങളെ കുറ്റം പറയാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ്‌ തടഞ്ഞിരുന്നു. ഒരാഴ്ച കഴിഞ്ഞ്‌ നടന്ന സി.പി.എം പൊതുയോഗത്തിലാണ്‌ ഇമ്പിച്ചിബാവ ഈ പ്രയോഗം നടത്തിയത്‌: നാട്ടില്‍ ഒരുപാട്‌ തങ്ങന്‍മാരുണ്ട്‌. അവരെയൊന്നും ഞങ്ങള്‍ കുറ്റം പറയാറില്ല. ശിഹാബ്‌ തങ്ങള്‍ രാഷ്ട്രീയതങ്ങള്‍ ആയതിനാലാണ്‌ വിമര്‍ശിക്കുന്നത്‌. എതിര്‍പ്പുകള്‍ സഹിക്കാന്‍ കഴിയാത്തവര്‍ രാഷ്ട്രീയം വിടണമെന്നും ഇമ്പിച്ചിബാവ ആവശ്യപ്പെട്ടിരുന്നു.

ആര്യാടന്‍ മുഹമ്മദ്‌ പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍ ആത്മീയനേതാവല്ലെന്നു പറഞ്ഞ്‌ വിവാദം സൃഷ്ടിച്ചിരുന്നു. ഒടുവില്‍ കെ.പി.സി.സി നേതൃത്വം ഇടപെട്ടാണ്‌ തങ്ങള്‍നിന്ദ അവസാനിപ്പിച്ചത്‌. എന്നാല്‍, ഇന്നലെ ഒരു സ്വകാര്യ ചാനലില്‍ അനുശോചനം രേഖപ്പെടുത്തിയപ്പോള്‍ ആര്യാടന്‍ ശിഹാബ്‌ തങ്ങള്‍ ആത്മീയനേതാവായിരുന്നുവെന്നു വീണ്ടും കുമ്പസാരിച്ചു. ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ഷൌക്കത്ത്‌ ആള്‍ദൈവമെന്നാണ്‌ ശിഹാബ്‌ തങ്ങളെ വിമര്‍ശിച്ചത്‌. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ യുക്തിവാദി സമ്മേളനത്തിലായിരുന്നു ഈ വിമര്‍ശനം.
സി.പി.എം നേതാവ്‌ ടി കെ ഹംസ, പി.ഡി.പി നേതാവ്‌ മഅ്ദനി എന്നിവരൊക്കെയും ലീഗിനെതിരേയും കുഞ്ഞാലിക്കുട്ടിക്കെതിരേയും വിമര്‍ശനങ്ങളുന്നയിക്കുമ്പോള്‍ ശിഹാബ്‌ തങ്ങള്‍ക്കുനേരെയും ഒളിയമ്പുകള്‍ എയ്യാറുണ്ടായിരുന്നു. ശിഹാബ്‌ തങ്ങളെ എതിര്‍ത്തിരുന്ന സുന്നീവിഭാഗത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ ക്ലീന്‍ഷേവ്‌ തങ്ങള്‍ എന്നാണ്‌ അദ്ദേഹത്തെ സ്ഥിരമായി വിശേഷിപ്പിച്ചിരുന്നത്‌. മറ്റൊരു മുസ്ലിംപത്രം തങ്ങള്‍ എന്നു ചേര്‍ക്കാതെ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ എന്നുമാത്രം പറഞ്ഞ്‌ വാര്‍ത്ത നല്‍കിയത്‌ വിമര്‍ശനം ക്ഷണിച്ചുവരുത്തുകയുണ്ടായി. മതപരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രസിദ്ധീകരണങ്ങളും അന്ധവിശ്വാസങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതായി പറഞ്ഞ്‌ തങ്ങള്‍ക്കെതിരേ നിരന്തരം വിമര്‍ശനങ്ങള്‍ ചൊരിഞ്ഞിരുന്നു.

വ്യക്തിപരവും സംഘടനാപരവുമായ വിമര്‍ശനങ്ങള്‍ക്ക്‌ ശിഹാബ്‌ തങ്ങള്‍ ഒരിക്കലും മറുപടി പറഞ്ഞിരുന്നില്ല. എല്ലാം അവഗണിക്കുകയായിരുന്നു പതിവ്‌. എന്തുകൊണ്ട്‌ മറുപടി പറയുന്നില്ല എന്ന ചോദ്യത്തിന്‌, കാലക്രമത്തില്‍ വിമര്‍ശകര്‍ എല്ലാം മനസ്സിലാക്കി തിരുത്തിക്കൊള്ളുമെന്നായിരുന്നു മറുപടി.

കുറ്റം പറയുന്നവരോട്‌ തങ്ങള്‍ ഒരിക്കലും മുഖം കറുപ്പിച്ചിരുന്നില്ല. വിമര്‍ശകരെ നേരില്‍ക്കാണുമ്പോള്‍ സ്നേഹപൂര്‍വമാണ്‌ സ്വീകരിച്ചിരുന്നത്‌. നിരന്തരം വിമര്‍ശിച്ചിരുന്ന ആര്യാടനുവേണ്ടി എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ടുപിടിക്കാന്‍ ശിഹാബ്‌ തങ്ങള്‍ എത്തുമായിരുന്നു. ആര്യാടന്‍ പാണക്കാട്ട്‌ ചെല്ലുമ്പോഴെല്ലാം ഹൃദ്യമായ സ്വീകരണമായിരുന്നുവെന്ന്‌ അദ്ദേഹം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്‌.കെ പി ഒ റഹ്മത്തുല്ല
Thejas Daily

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക