പുഞ്ചിരിയുടെ പാല്‍നിലാവ്‌ മാഞ്ഞപ്പോള്‍...

കേരള മുസ്ലിംകളിലെ ഒരേയൊരു മിതവാദിയായി പൊതുസമൂഹത്തിന്റെ അംഗീകാരം നേടാന്‍ കഴിഞ്ഞതാണ്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ഏറ്റ വും വലിയ നേട്ടം. താടിയും തൊപ്പിയുമുള്ളവരെയൊക്കെ ഉഗ്രവാദികളും പള്ളിപ്പറമ്പില്‍ കയറിയവരെയൊക്കെ തീവ്രവാദികളും നോമ്പുനോല്‍ക്കുന്നവരെയൊക്കെ ഫണ്ടമെന്റലിസ്റ്റുകളുമായി കാണുന്ന ഒരു സാമൂഹിക പരിസരം കേരളത്തില്‍ നിലനില്‍ക്കെത്തന്നെ ശിഹാബ്‌ തങ്ങള്‍ വേറിട്ട വ്യക്തിത്വമായി മാറുകയായിരുന്നു.

തൊപ്പിയുണ്ടായിരുന്നുവെങ്കിലും പലപ്പോഴും ക്ലീന്‍ഷേവ്‌ ചെയ്തതുകൊണ്ടാണോ ഈ ആത്മീയ-രാഷ്ട്രീയനേതാവിനെ പൊതുസമൂഹം അംഗീകരിച്ചത്‌? ഒരുപക്ഷേ, ഒരു സമൂഹത്തെ ഒന്നടങ്കം ആക്ഷേപഹാസ്യത്തിന്റെ കൂട്ടിലടയ്ക്കുമ്പോള്‍ ഒരാളെയെങ്കിലും മാറ്റിനിര്‍ത്താതിരിക്കുന്നത്‌ മാന്യതയല്ല എന്നു കരുതിയുമാവണം.

അതേസമയം, ഈ പൊതുസ്വീകാര്യത ശിഹാബ്‌ തങ്ങള്‍ക്കുപോലും വൈകി വന്ന അംഗീകാരമായിരുന്നു. ആദ്യകാലത്തൊന്നും ശിഹാബ്‌ തങ്ങളെക്കുറിച്ച്‌ സമാധാനത്തിന്റെ വെള്ളരിപ്രാവെന്നും സര്‍വസ്വീകാര്യനെന്നും പറയാന്‍ ആളുണ്ടായിരുന്നില്ല. വളരെ വൈകി, പ്രായാധിക്യം മൂലം കര്‍മരംഗത്തുനിന്നു പലപ്പോഴും മാറിനില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഘട്ടത്തിലാണ്‌, മുസ്ലിംകള്‍ക്കും ഒരു നല്ല നേതാവിനെ കൊടുത്തുകളയാമെന്ന മട്ടില്‍ ശിഹാബ്‌ തങ്ങളെ മാമോദീസ മുക്കി ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയത്‌. പി വി അബ്ദുല്‍ വഹാബ്‌ എം.പി പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ടായിരുന്നതുപോലെ, മറ്റു നേതാക്കന്‍മാരെ അവരോധിക്കുന്ന മാതിരി നല്ലൊരു മാര്‍ക്കറ്റിങ്ങ്‌ ഏജന്‍സിയുടെ തുണയുണ്ടായിരുന്നെങ്കില്‍ നേരത്തെത്തന്നെ ശിഹാബ്‌ തങ്ങളെ ലോകം തിരിച്ചറിയുമായിരുന്നു.
തൊപ്പിയും താടിയും സാഗരഗര്‍ജനവുമായി വന്ന മഅ്ദനിയെ തീവ്രവാദിയാക്കിയ സമൂഹം; ഇഖ്ബാല്‍ത്താടിയും തൊപ്പിയും വച്ചിറങ്ങിയ സമദാനിയെ വെറുമൊരു ഇഖ്ബാലിയനായി പരിഹസിച്ചു മാറ്റിയ നിരീക്ഷകര്‍; താടിയും തൊപ്പിയുമില്ലാത്ത കുഞ്ഞാലിക്കുട്ടിയെ വാണിജ്യവല്‍കൃത പരിഷ്കര്‍ത്താവാക്കിയ മാലോകര്‍; ഉര്‍ദുതൊപ്പിയും പൈജാമയുമായതിനാല്‍ സുലൈമാന്‍ സേട്ടിനെയും ബനാത്ത്‌വാലയെയും വെറും വടക്കേയിന്ത്യന്‍ അമിതാവേശ എടുത്തുചാട്ടക്കാരായി നിര്‍ത്തിപ്പൊരിച്ചു. മിടുമിടുക്കന്‍മാരുണ്ടായിരുന്നിട്ടും ഒരൊറ്റ സമസ്ത നേതാവിനും നാം ചാര്‍ത്തിക്കൊടുക്കാത്ത മിതവാദിപ്പട്ടം ശിഹാബ്‌ തങ്ങള്‍ക്ക്‌ കരഗതമാവാന്‍ രാഷ്ട്രീയ ഇടപെടലായിരുന്നു നിമിത്തമായത്‌.

കേരള രാഷ്ട്രീയത്തില്‍ മുസ്ലിംലീഗും അതിന്റെ അണികളും വിജയത്തിന്‌ അനിവാര്യമായി മാറിയതോടെയാണ്‌ കൊടപ്പനക്കല്‍ തറവാട്‌ പൊതുജന ശ്രദ്ധാകേന്ദ്രമായത്‌. ഏതു നേതാവിനും വിജയിക്കാന്‍ അവിടെച്ചെന്ന്‌ അനുഗ്രഹം വാങ്ങണമെന്നായി. അതുവരെ പാണക്കാട്‌ പാവങ്ങളുടെ മാത്രം ഒരാശ്വാസകേന്ദ്രമായിരുന്നു. എന്നാല്‍, അന്നും ഇന്നും എന്നും ശിഹാബ്‌ തങ്ങള്‍ അധികാരരാഷ്ട്രീയത്തില്‍ നിന്നു മാറിനിന്നുവെന്ന ശ്രദ്ധേയമായ വസ്തുത പോലും പൊതുസമൂഹം അംഗീകരിച്ചത്‌ ഈ അടുത്ത കാലത്താണ്‌. ഈ ഒരൊറ്റ കാരണം മതിയായിരുന്നു ശിഹാബ്‌ തങ്ങളുടെ ഔന്നത്യം മനസ്സിലാക്കാന്‍. ഇന്ന്‌ സര്‍വകക്ഷി സമുദായ രാഷ്ട്രീയക്കാരും അഭിപ്രായഭേദമന്യേ അംഗീകരിക്കുന്ന നേതാവിനു പക്ഷേ, ഒരുതരം വില്ലന്‍ പരിവേഷം നല്‍കാനും ദുഷിച്ച മനസ്സുകള്‍ ഉണ്ടായില്ലെന്നു പറഞ്ഞുകൂടാ.
'വല്യേട്ടന്‍' എന്ന പേരിലിറങ്ങിയ ഒരു സിനിമയിലെ മുഖ്യ വില്ലന്‍ കഥാപാത്രത്തിന്‌ തങ്ങളുടെ ഛായ കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്‌. തങ്ങളിലേക്ക്‌ സൂചന നല്‍കാനായി മമ്പുറം തങ്ങള്‍ എന്നുപോലും ആ ചിത്രത്തില്‍ പരാമര്‍ശമുണ്ട്‌. തൊട്ടുതാഴെയുള്ള ശിങ്കിടിനേതാക്കളുടെ എല്ലാ ഗുണ്ടായിസത്തിനും കൂട്ടുനില്‍ക്കുന്ന നേതാവായി തങ്ങളെ ഇകഴ്ത്തിക്കാട്ടിയ മഹാമാന്യന്‍മാര്‍, ശിഹാബ്‌ തങ്ങള്‍ക്ക്‌ ലോകം കൊടുക്കുന്ന അതിരില്ലാത്ത ആദരവു കണ്ട്‌ ലജ്ജിച്ചു തലതാഴ്ത്തുകയാണ്‌ വേണ്ടത്‌.

ഉറ്റവര്‍ക്കും ഉടയവര്‍ക്കും മാത്രമറിയുന്ന ഒന്നാന്തരമൊരു ആസ്വാദകനുണ്ടായിരുന്നു ശിഹാബ്‌ തങ്ങളുടെ അകംമനസ്സില്‍. ഉമ്മുകുല്‍സു സല്‍മ തുടങ്ങിയ ഈജിപ്ഷ്യന്‍ ഗായികമാരുടെ സംഗീതം അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു. 2007ല്‍ ദുബയില്‍ കുറച്ചു നാള്‍ വിശ്രമത്തിനായി വന്നപ്പോള്‍ ഇവരുടെ ഏറ്റവും പുതിയ കാസറ്റുകള്‍ എത്തിച്ചുകൊടുക്കാന്‍ ഈ ലേഖകനോട്‌ പറഞ്ഞിരുന്നു. ചില അപൂര്‍വ അറബിഗ്രന്ഥങ്ങളും അദ്ദേഹം അന്വേഷിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഒരു ബുക്സ്റ്റാളിലും എനിക്കവ കണെ്ടത്താനായില്ല.

കലയ്ക്കും സംഗീതത്തിനും പുറമേ ഫോട്ടോഗ്രഫിയായിരുന്നു തങ്ങളുടെ മറ്റൊരു ഇഷ്ടവിനോദം. വാച്ചുകളോട്‌ വല്ലാത്ത മമതയായിരുന്നു. വ്യത്യസ്ത തരം വാച്ചുകള്‍ സംഘടിപ്പിച്ചു സൂക്ഷിക്കുന്നതില്‍ പ്രത്യേകം തല്‍പ്പരനായിരുന്നു അദ്ദേഹം. അടുത്ത ആയിരം വര്‍ഷത്തെ ഏതു തിയ്യതിയും ദിവസവും കാണിക്കുന്ന വെള്ളി കൊണ്ടുള്ള ഒരു പ്രത്യേക ഘടികാരം കൈയില്‍ വന്നപ്പോള്‍ അതു ശിഹാബ്‌ തങ്ങള്‍ക്കു തന്നെ സമ്മാനിക്കാന്‍ ഈ ലേഖകനെ പ്രേരിപ്പിച്ചതും ഇതാണ്‌.
ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ ദോഹ അല്‍നൂര്‍ ഇസ്ലാമിക്‌ ബാങ്കിലെ അബ്ദുറസാഖും വ്യവസായപ്രമുഖന്‍ എ പി ആസാദുമൊന്നിച്ച്‌, ഇസ്ലാമിക്‌ ബാങ്കിങ്ങിന്റെ ഇന്ത്യന്‍ സാധ്യതകള്‍ സംബന്ധിച്ച്‌ ശിഹാബ്‌ തങ്ങളുമായി ഞങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനുള്ള എല്ലാ സഹായസഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. യമനില്‍ നിന്നു വന്ന സയ്യിദ്‌ വംശത്തെ മമ്പുറം സയ്യിദ്‌ അലവി തങ്ങളുടെ കാലംതൊട്ടേ ആശ്രയമായിക്കരുതുന്ന മലപ്പുറത്തെ ദലിത്‌-മാപ്പിളജനതയുടെ പാരമ്പര്യത്തിന്റെ ബാക്കിപത്രമായിരുന്നു അനാഥരുടെയും അശരണരുടെയും പാണക്കാട്‌ യാത്ര. എത്രയെത്രയോ അനാഥരെ ശിഹാബ്‌ തങ്ങള്‍ കൈപിടിച്ച്‌ പലരെയും ഏല്‍പ്പിച്ചിട്ടുണ്ട്‌. അവരിന്ന്‌ സമൂഹത്തിന്റെ മുകള്‍ത്തട്ടില്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയര്‍ന്നുനില്‍ക്കുന്നുമുണ്ട്‌.

ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്താല്‍ ഏതു കച്ചവടവും ഐശ്വര്യസംഋദ്ധമാകുമെന്നൊരു വിശ്വാസം മുസ്ലിംകളല്ലാത്തവര്‍ക്കുപോലും ഉണ്ടായിരുന്നു. 1993ല്‍ മുംബൈയില്‍ വന്നപ്പോള്‍ ഒരു അനുയായി തന്റെ ട്രാവല്‍ ഏജന്‍സിയില്‍ കയറി പ്രാര്‍ഥിക്കണമെന്ന്‌ അഭ്യര്‍ഥിച്ചപ്പോള്‍ രാത്രി രണ്ടര മണിക്ക്‌ കെട്ടിടത്തിന്റെ നാലാംനിലയിലെ മുറിയില്‍ കയറിച്ചെന്ന്‌ പ്രാര്‍ഥിച്ചത്‌ ഓര്‍ക്കാതിരിക്കാന്‍ വയ്യ.

ശിഹാബ്‌ തങ്ങള്‍ ഗള്‍ഫില്‍ വന്നാല്‍ കുടുംബമായി താമസിക്കുന്നവര്‍ ഓരോ വീട്ടിലും കയറാന്‍ നിര്‍ബന്ധിക്കാറുണ്ട്‌. തങ്ങള്‍ വന്നു ഭക്ഷണം കഴിച്ചുപോകുന്നത്‌ അത്രയ്ക്ക്‌ മഹത്തരമായിട്ടാണ്‌ അനുയായികള്‍ കരുതിയത്‌. അതിനാല്‍ത്തന്നെ എവിടെച്ചെന്നാലും തിരക്കൊഴിഞ്ഞ നേരമുണ്ടാകാറില്ല. അബൂദബിയിലൊരു ചടങ്ങ്‌ തീരുമ്പോള്‍ വൈകീട്ട്‌ 8 മണി കഴിഞ്ഞു; ഏഴര മണിക്ക്‌ ദുബയ്‌ മെട്രോപൊളിറ്റന്‍ ഹോട്ടലില്‍ മൂസാ ഇബ്രാഹീമിന്റെ ഫലസ്തീന്‍ നാടകാവതരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിനായി കാത്തിരിക്കുന്ന തിങ്ങിനിറഞ്ഞ സദസ്സ്‌. അബൂദബിയില്‍ നിന്നു ദുബയിലേക്ക്‌ ചുരുങ്ങിയത്‌ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യം. ആളുകള്‍ കാത്തിരിക്കുന്നതോര്‍ത്ത്‌ പെട്ടെന്ന്‌ വണ്ടിയോടിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടു. ലാന്റ്ക്രൂയിസര്‍ ഡ്രൈവര്‍ കത്തിച്ചുവിട്ടത്‌ 180 കിലോമീറ്റര്‍ വേഗത്തില്‍. സമദാനിയും ഈ ലേഖകനും ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവര്‍ നിര്‍ബന്ധിച്ച്‌ വേഗത കുറപ്പിക്കുകയായിരുന്നു.
കലാസംഗീതരംഗത്ത്‌ തിളങ്ങുന്നവരോടും പത്രപ്രവര്‍ത്തകരോടും ശിഹാബ്‌ തങ്ങള്‍ക്ക്‌ അങ്ങേയറ്റം വാല്‍സല്യമായിരുന്നു. മിഡില്‍ഈസ്റ്റ്‌ ചന്ദ്രികയുടെ ചീഫ്‌ എഡിറ്ററായിരിക്കെ ഈ ലേഖകനെതിരേ ചില കെ.എം.സി.സി പ്രവര്‍ത്തകര്‍ പരാതികളുമായി തങ്ങളുടെ അടുത്തെത്തി. അവരുടെ ഫോട്ടോകള്‍ പത്രത്തില്‍ കൊടുത്തില്ലെന്നായിരുന്നു പരാതി. ഇക്കൂട്ടരുടെ ഉപജാപം മുറുകിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയും പുത്തൂര്‍ റഹ്മാനും ശിഹാബ്‌ തങ്ങളുടെ സാന്നിധ്യത്തില്‍ പ്രശ്നം തീര്‍ക്കാനായി ദുബയ്‌ ഖിസൈസിലെ ഒരു ഹോട്ടലിലേക്ക്‌ എല്ലാവരെയും വിളിപ്പിച്ചു.

ആരോപകര്‍ പരാതികളുടെ കെട്ടഴിച്ചപ്പോള്‍ എല്ലാം കേട്ട ശിഹാബ്‌ തങ്ങള്‍ എന്നോടൊന്നും ചോദിക്കാതിരുന്നത്‌ ഇന്നും അദ്ഭുതമായി അവശേഷിക്കുന്നു. പത്രാധിപരുടെ ജോലിയില്‍ ഇടപെടരുതെന്ന താക്കീതോടെ, അഹ്മദ്‌ ശരീഫിന്‌ കൈകൊടുത്ത്‌ പിരിഞ്ഞുപോകാനാണ്‌ ആരോപണമുന്നയിച്ചവരോട്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌. ഇതൊക്കെ സ്വാഭാവികമാണെന്നും ഗൌരവത്തിലെടുക്കരുതെന്നുമുള്ള ശിഹാബ്‌ തങ്ങളുടെ ഉപദേശവും വിസ്മയമുണര്‍ത്തുന്നു. ഒരാളോട്‌ മാത്രമല്ല, എല്ലാവരോടും ഇതാണ്‌ ശിഹാബ്‌ തങ്ങളുടെ സമീപനം. മിതഭാഷണം; പക്ഷേ, പറയാതെത്തന്നെ ഏവര്‍ക്കും സ്വന്തം പാകപ്പിഴകള്‍ തിരിച്ചറിയാനാവുന്നു.

Thejas Daily 2008

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക