ഒരു കസേരയുടെ ഓര്‍മ; ആത്മബന്ധത്തിന്റെയും

സൌമ്യവും ശാന്തവും സ്നേഹപൂര്‍ണവുമായ അനുഭവമായിരുന്നു എനിക്കെന്നും പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍. സല്‍സ്വഭാവമാണ്‌ തങ്ങളില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ സവിശേഷത.
സാഹചര്യവശാല്‍ ഞങ്ങള്‍ വിരുദ്ധചേരിയിലായപ്പോഴും എനിക്കും തങ്ങള്‍ക്കുമിടയിലെ ആത്മബന്ധത്തിനു കുറവൊന്നും സംഭവിച്ചിരുന്നില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും മറ്റും കാരണം മുസ്ലിംലീഗുമായി സുഖകരമല്ലാത്ത അവസ്ഥകള്‍ നിലനില്‍ക്കുമ്പോഴും സ്നേഹത്തോടെയാണ്‌ തങ്ങള്‍ എന്നോട്‌ പെരുമാറിയിരുന്നത്‌.
ലീഗില്‍ നിന്നുള്ള എതിര്‍പ്പ്‌ ശക്തമായ ഒരു ഘട്ടത്തില്‍ ഞാന്‍ കൊടുവള്ളിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ചെന്ന സംഭവം ഇപ്പോഴും ഓര്‍ക്കുന്നു. ശിഹാബ്‌ തങ്ങളായിരുന്നു അവിടെ നികാഹിന്‌ കാര്‍മികത്വം വഹിക്കാന്‍ എത്തിയത്‌. ഞാന്‍ അവിടെ എത്തിയപ്പോള്‍ നികാഹ്‌ നടക്കുന്ന സ്ഥലത്ത്‌ മൂന്നു കസേരകള്‍ മാത്രം. ഒന്ന്‌ തങ്ങള്‍ക്കും ഒന്ന്‌ വരനും ഒന്ന്‌ പെണ്ണിന്റെ പിതാവിനും. എന്നെ കണ്ട ഉടനെ ശിഹാബ്‌ തങ്ങള്‍ ഒരു കസേര കൂടി കൊണ്ടുവരാന്‍ വീട്ടുകാരോട്‌ ആവശ്യപ്പെട്ടു. ആ കസേരയില്‍ സ്നേഹപൂര്‍വം എന്നെ നിര്‍ബന്ധിച്ചിരുത്തുകയും ചെയ്തു.
മുസ്ലിംലീഗുമായി കടുത്ത അഭിപ്രായ ഭിന്നത നിലവിലുള്ള സമയത്തായിരുന്നു കൊയിലാണ്ടിയില്‍ സയ്യിദ്‌ അലി ബാഫഖി തങ്ങളുടെ മകന്റെ കല്യാണം. കല്യാണവീട്ടില്‍ ഞാനെത്തുമ്പോള്‍ ശിഹാബ്‌ തങ്ങള്‍ വീടിന്റെ മുന്‍ഭാഗത്തിരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടയുടനെ അദ്ദേഹം എഴുന്നേറ്റു നിന്ന്‌ ഹസ്തദാനം ചെയ്തു.
ഇത്തരം ഒട്ടേറെ ഘട്ടങ്ങളില്‍ വൈകാരികമായ അടുപ്പത്തോടെയാണ്‌ ശിഹാബ്‌ തങ്ങള്‍ എന്നോട്‌ പെരുമാറിയത്‌. മലപ്പുറം ജില്ലയിലെ പൊന്‍മളയില്‍ കഴിഞ്ഞ മാസം ഒരു സ്വകാര്യ കമ്പനിയുടെ ഉദ്ഘാടനച്ചടങ്ങില്‍ വച്ചാണ്‌ തങ്ങളെ അവസാനമായി കണ്ടത്‌. 25 മിനിറ്റോളം ഞങ്ങള്‍ സംസാരിച്ചു.
സുന്നീഐക്യത്തെക്കുറിച്ചാണ്‌ അന്നും തങ്ങള്‍ വാചാലനായത്‌. ഐക്യത്തിലൂടെയേ സമുദായത്തിന്‌ ആത്മാഭിമാനവും ഗുണവുമുണ്ടാവൂ എന്നു തങ്ങള്‍ പറഞ്ഞു. സുന്നികള്‍ ആശയപരമായി യോജിക്കണമെന്ന നിര്‍ദേശമായിരുന്നു എപ്പോള്‍ കാണുമ്പോഴും തങ്ങള്‍ മുന്നോട്ടുവച്ചിരുന്നത്‌.
മാസങ്ങള്‍ക്കു മുമ്പ്‌ നടന്ന എന്റെ മകളുടെ വിവാഹത്തിനു ശിഹാബ്‌ തങ്ങളെ ക്ഷണിച്ചിരുന്നു. വരാമെന്ന്‌ ഉറപ്പു പറഞ്ഞെങ്കിലും വിവാഹദിവസം അസുഖം മൂലം തങ്ങള്‍ എറണാകുളത്ത്‌ ആശുപത്രിയിലായിരുന്നു. മകന്‍ ബഷീറലിയെ കല്യാണത്തിന്‌ അയച്ചതിനു പുറമെ ആശുപത്രിയില്‍ നിന്ന്‌ എന്നെ ഫോണില്‍ വിളിച്ച്‌ കല്യാണത്തിനു വരാന്‍ കഴിയാത്തതിന്റെ കാരണം തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.
തങ്ങളുടെ ആഗ്രഹം ആത്മാര്‍ഥമായിരുന്നു. അതുകൊണ്ടുതന്നെ സുന്നീഐക്യം സഫലമാകണം. ശിഹാബ്‌ തങ്ങളുടെ അനുയായികള്‍ ഇക്കാര്യത്തില്‍ നേതാവിന്റെ ആഗ്രഹം സഫലമാക്കാന്‍ രംഗത്തുവരുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. അല്ലാഹു ആ മഹാനുഭാവനു നിത്യശാന്തി നല്‍കട്ടെ, ആമീന്‍.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക