വിമര്‍ശകര്‍ അദ്ദേഹത്തെ അറിയാത്തവരാണ്‌

വിമര്‍ശകരെ എങ്ങനെ സ്നേഹംകൊണ്ടു കീഴടക്കാം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു ഇന്നലെ വരെ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍. മാസപ്പിറവി ഉറപ്പിക്കലുമായി ബന്ധപ്പെട്ടാണു പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ എന്ന പേര്‌ എന്റെ ഓര്‍മയുടെ നടുമുറ്റത്തു സ്ഥാനം നേടിയത്‌. നാളെ പെരുന്നാളാണോ എന്നറിയാന്‍ നാട്ടിന്‍പുറത്തെ ഗ്രാമീണ റേഡിയോവിനു മുമ്പില്‍, വായനശാലയുടെ മുറ്റത്ത്‌ മണിക്കൂറുകള്‍ മേല്‍പ്പോട്ട്‌ നോക്കിനില്‍ക്കവേ മാസപ്പിറവി കണ്ട അറിയിപ്പു വരുമ്പോള്‍ അതിന്റെ തുടക്കം ഒട്ടുമിക്കപ്പോഴും പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ പേരുണ്ടായിരിക്കും. മാസപ്പിറവി കണ്ടതായി അദ്ദേഹം സ്ഥിരീകരിച്ചാല്‍ പിറ്റേന്ന്‌ ഉല്‍സവമാണ്‌. ജീവിതത്തില്‍ അപൂര്‍വമായി വന്നെത്തുന്ന പെരുന്നാള്‍സുദിനങ്ങള്‍. ആഘോഷങ്ങള്‍ ജീവിതവസന്തങ്ങളുടെ പുനരാവിഷ്കാരങ്ങളാകയാല്‍ അതിന്റെ കാര്‍മികന്‌ എപ്പോഴും മനസ്സില്‍ മഹനീയസ്ഥാനമുണ്ടാവുക സ്വാഭാവികമാണല്ലോ. യാഥാസ്ഥിതികത്വത്തോട്‌ കടുത്ത അലര്‍ജിയും വിരോധവുമുള്ള ജീവിതപരിസരത്തു ജനിച്ചുവളര്‍ന്ന, ജമാഅത്തെ ഇസ്ലാമി പശ്ചാത്തലത്തോടു കൂടിയ എന്നെപ്പോലുള്ളവര്‍ക്ക്‌ ശിഹാബ്‌ തങ്ങളോട്‌ ഹൃദയത്തിന്റെ ഒരു മൂലയില്‍ ആദരവും സ്നേഹവും ഒളിഞ്ഞുനില്‍ക്കാന്‍ പെരുന്നാള്‍ മാസപ്പിറവി സംബന്ധിച്ച മധുരം ചൊരിയുന്ന അറിയിപ്പ്‌ ഒരു കാരണമായിട്ടുണ്ടാവുമോ- തീര്‍ത്തുപറയുക സാധ്യമല്ല.

എന്റെ അടുത്ത കൂട്ടുകാരനും സ്നേഹിതനുമായിരുന്ന മലര്‍വാടി എഡിറ്റര്‍ പരേതനായ ഇ വി അബ്ദുസാഹിബ്‌ ശിഹാബ്‌ തങ്ങളോടൊപ്പം പള്ളി ദര്‍സില്‍ കിതാബ്‌ ഓതിയിരുന്നു. ദര്‍സിലെ 'ശരീഖ'ന്‍മാരായിരുന്നുവത്രെ ഇരുവരും. ഇടയ്ക്കിടെ സി എച്ച്‌ മുഹമ്മദ്‌ കോയ ശിഹാബ്‌ തങ്ങളെ കാണാന്‍വേണ്ടി മാത്രം ദര്‍സില്‍ വരുന്നതും വന്നാല്‍ ചുറ്റിക്കറങ്ങാന്‍ അവര്‍ ഇരുവരും ഒന്നിച്ചുപോവുന്നതിനെക്കുറിച്ചുമെല്ലാം അബ്ദു പറയുമായിരുന്നു. ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാരുടെ ജ്യേഷ്ഠന്റെ മകനായിരുന്നു ഇ വി. നല്ല ബുദ്ധിമാന്‍. ഒരിക്കല്‍ ഞാന്‍ ചോദിച്ചു: "താങ്കളും ശിഹാബ്‌ തങ്ങളും ഒന്നിച്ച്‌ ഒരേ പാഠം പഠിക്കുമ്പോള്‍ ശിഹാബ്‌ തങ്ങള്‍ താങ്കളോടൊപ്പം നടന്നെത്തുമായിരുന്നോ." ബുദ്ധിമാനും നന്നായി പഠിക്കുന്നയാളുമാണ്‌ അദ്ദേഹം എന്നായിരുന്നു ഇ വിയുടെ മറുപടി. ശിഹാബ്‌ തങ്ങളുടേത്‌ വേഷംകെട്ടലോ അദ്ദേഹത്തിന്റെ വ്യക്തിത്വം ഏച്ചുകെട്ടപ്പെട്ടതോ അല്ലെന്നു ഞാന്‍ മനസ്സിലാക്കുന്നത്‌ ഇ വിയുടെ വിശദീകരണത്തിലൂടെയാണ്‌. കടുത്ത യാഥാസ്ഥിതിക വിരോധിയായതുകൊണ്ടാവണം, എന്നിട്ടും ഖാലിദുബ്നുല്‍ വലീദിന്റേതിനു തുല്യമായ ആശയക്കുഴപ്പത്തിലായിരുന്നു എന്റെ മനസ്സ്‌. എതിരാളിയെ അംഗീകരിക്കാന്‍ വല്ലാത്ത വിസ്സമ്മതം. പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെ നേര്‍ച്ചക്കാളയെപ്പോലെ സുന്നി യാഥാസ്ഥിതികര്‍ പച്ചപ്പുതപ്പണിയിച്ചു മുമ്പില്‍ നടത്തിക്കുകയാണെന്നും സര്‍ഗാത്മകമെന്നോ സ്വതസിദ്ധമെന്നോ പറയാവുന്ന യാതൊരുവിധ യോഗ്യതയും അദ്ദേഹത്തിന്‌ ഇല്ലെന്നുമുള്ള, പരിസരത്തു നിന്നു പകര്‍ന്നുകിട്ടിയ ധാരണ തിരുത്താന്‍ പിന്നെയും സമയമെടുത്തു. ഞാനുള്‍പ്പെട്ട പാളത്തിന്റെ വിമര്‍ശനം ശിഹാബ്‌ തങ്ങള്‍ക്കെതിരേ രൂക്ഷമായിരുന്നു.
അങ്ങനെയിരിക്കെ ഒരുദിവസം ഇറാന്‍ അംബാസഡര്‍ കോഴിക്കോട്ടു വന്നു. പ്രത്യേകം ക്ഷണിക്കപ്പെട്ടവരുടെ സദസ്സില്‍ ഈ ലേഖകനുമുണ്ടായിരുന്നു. ഇ അഹമ്മദും ശിഹാബ്‌ തങ്ങളുമായിരുന്നു പ്രസംഗകര്‍. രണ്ടു പ്രസംഗങ്ങളും ഇംഗ്ലീഷില്‍. രണ്ടും ഒന്നിനൊന്നു മെച്ചപ്പെട്ടത്‌. ലബ്നാന്‍ അസംബ്ലി സ്പീക്കര്‍ ശിയാ-സുന്നി ബന്ധത്തെ അധികരിച്ചു ദോഹയില്‍ നടത്തിയ പ്രസംഗമാണ്‌ ശിഹാബ്‌ തങ്ങളുടെ പ്രസംഗം ഓര്‍മയില്‍ ഉണര്‍ത്തിയത്‌. ഇറാനുമായുള്ള ഇന്ത്യയുടെ പൂര്‍വികബന്ധവും ആ ബന്ധം അരക്കിട്ടുറപ്പിക്കുന്നതില്‍ ഇസ്ലാം വഹിച്ച മഹത്തായ പങ്കും വിവരിച്ചുകൊണ്ടുള്ള തങ്ങളുടെ പ്രസംഗം എല്ലാ അര്‍ഥത്തിലും പ്രൌഢവും അങ്ങേയറ്റം കാര്യമാത്രപ്രസക്തവുമായിരുന്നു.

കാലം നീങ്ങി. മുസ്ലിംലീഗും മാധ്യമവും തമ്മിലുള്ള കോഴിപ്പോര്‌ മുറുകിയും അയഞ്ഞുംകൊണ്ടിരുന്നു. ഒരിക്കല്‍ ഒരു വാര്‍ത്തയ്ക്കു ശീര്‍ഷകമെഴുതവേ സ്ഥലം മതിയാവാത്തതിനാല്‍ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ എന്നതിനു പകരം തങ്ങള്‍ എന്ന വാക്ക്‌ ഒഴിവാക്കി വെറും മുഹമ്മദലി ശിഹാബ്‌ എന്നെഴുതേണ്ടിവന്നു. പിറ്റേന്നു കാലത്തു തൊട്ടു വന്നു തങ്ങളനുകൂലികളുടെ അമര്‍ഷ പ്രകടനം. സംഭവത്തെ ഒരു പുതിയ ചുവടുവയ്പായി കണ്ടവരുടെ വക അഭിനന്ദനപ്രവാഹം-
ധീരമായ പത്രപ്രവര്‍ത്തനം, ധൈര്യസമേതം മുന്നോട്ട്‌. അങ്ങനെയിരിക്കെ ഒരുദിവസം വ്യവസായപ്രമുഖനായ ഗള്‍ഫാര്‍ മുഹമ്മദലി മാധ്യമം ഓഫിസില്‍ വന്നു. ഞാന്‍ അദ്ദേഹത്തെ ചേന്ദമംഗലൂരിലെ ഞങ്ങളുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചു.

എന്നാല്‍ പിറ്റേന്നു കാലത്ത്‌ പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെ വസതിയില്‍ നിന്ന്‌ അദ്ദേഹത്തെ വന്നു കൂടെ കൂട്ടണമെന്നായിരുന്നു നിബന്ധന. ഞാന്‍ വല്ലാണ്ടായി. മാധ്യമം പത്രം മുസ്്ലിംലീഗിനെയും അതിന്റെ അമരത്തുള്ളവരെയും നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കെ പാണക്കാട്‌ തങ്ങളുടെ വീട്ടിലേക്കു പോവുകയോ? എന്തുചെയ്യും ദൈവമേ! പോവണോ അതോ വല്ലതും പറഞ്ഞ്‌ ഒഴിയണോ. പോയില്ലെങ്കില്‍ നഷ്ടം സ്ഥാപനങ്ങള്‍ക്ക്‌. ഗള്‍ഫാറിനെ പോയി കൂട്ടിക്കൊണ്ടുവന്നാല്‍ അദ്ദേഹം സ്ഥാപനങ്ങളെ കൈയയഞ്ഞു സഹായിക്കുമെന്നത്‌ മൂന്നുതരം. രാത്രി ഉറങ്ങാന്‍ കിടന്നു. ഉറക്കം ശരിയാവുന്നില്ല. പോവുകയോ? ആരൊക്കെയാവും പാണക്കാട്‌ തങ്ങളുടെ ചുറ്റുമുണ്ടാവുക? അവിടെ പി കെ കുഞ്ഞാലിക്കുട്ടി ഉണ്ടാവാതിരിക്കുമോ? എങ്ങനെയാവും തന്റെ നേരെ അവരുടെയൊക്കെ പെരുമാറ്റം? അവരൊക്കെയും എന്റെ ലേഖനം വായിച്ചിരിക്കുമെന്നതു തീര്‍ച്ചയാണ്‌. അക്കാലത്തെ അറിയപ്പെടുന്ന ലീഗ്‌ വിമര്‍ശകനായിരുന്നല്ലോ ഞാന്‍. അവര്‍ക്ക്‌ എന്നോടു നല്ല ദേഷ്യം കാണുമെന്നു തീര്‍ച്ച. പോവേണ്ട. പോണാല്‍ പോവട്ടും ഗള്‍ഫാറിന്റെ പണം.

നേരം പുലര്‍ന്നു. സുഭ്‌ നമസ്കാരം കഴിഞ്ഞപ്പോള്‍ മനസ്സു പറഞ്ഞു: നിര്‍ബന്ധമായും പോവണം. അന്നേരം പാണക്കാട്‌ തങ്ങളെക്കുറിച്ചു മറ്റു പലരും പറയാറുള്ളത്‌ മനസ്സിലേക്കുവന്നു. അദ്ദേഹം നല്ല മനുഷ്യനാണ്‌. കെറുവോ പകയോ ആരോടുമില്ലാത്ത പട്ടുപോലുള്ള പെരുമാറ്റം. അപൂര്‍വമാണ്‌ ആ മാതിരിയുള്ള ആളുകള്‍. വിമര്‍ശനത്തെ അദ്ദേഹം സ്വാഗതം ചെയ്യുന്നു. ആയിടെ മങ്കട അബ്ദുല്‍ അസീസ്‌ മൌലവി പറഞ്ഞതോര്‍ത്തു: ശിഹാബ്‌ തങ്ങളുടെ വിമര്‍ശകര്‍ ഒരിക്കല്‍പ്പോലും അദ്ദേഹവുമായി ഇടപെടാത്തവരാണ്‌. ഒരിക്കലെങ്ങാനും അവര്‍ അദ്ദേഹവുമായി ഇടപെട്ടാല്‍ അതോടെ അവസാനിക്കും അവരുടെ വിമര്‍ശനം. വരുന്നതു വരട്ടെ. രണ്ടും കല്‍പ്പിച്ചു പാണക്കാട്ടേക്ക്‌ പുറപ്പെടുക തന്നെ. മാധ്യമത്തിന്റെ മലപ്പുറം ബ്യൂറോ ലേഖകനോട്‌, തനിക്കു പാണക്കാട്‌ തങ്ങളുടെ വസതിയറിയാമോ എന്ന ചോദ്യത്തിന്‌, തങ്ങളുടെ വീടറിയാത്തവര്‍ മലപ്പുറം ജില്ലയിലുണ്ടാവുമോ എന്നായിരുന്നു മറുപടി. പോവുമ്പോള്‍ ഞാന്‍ പറഞ്ഞു: "ഞാന്‍ തങ്ങളുടെ വീട്ടിലേക്കു കയറിവരില്ല. ഞാന്‍ കാറിലുള്ള വിവരം നീ തങ്ങളോട്‌ പറയരുത്‌. ഞാന്‍ കാറില്‍ത്തന്നെയിരിക്കും. നീ പോയി ആരും കേള്‍ക്കാതെ ഗള്‍ഫാറിനോട്‌ ഞാന്‍ കാറില്‍ കാത്തിരിക്കുന്നതായി പറയണം." കാര്‍ പാണക്കാട്‌ കടന്നുപോവുകയാണ്‌. റോഡരികില്‍ കണ്ട ഒരു വീട്‌ കാണിച്ച്‌ അതാവും തങ്ങളുടെ വീടെന്നു പറഞ്ഞപ്പോള്‍ മേപ്പടി ലേഖകന്‍ പറഞ്ഞു: "അല്ല, വീട്‌ വരാനിരിക്കുന്നതേയുള്ളൂ." കാര്‍ കുറേനേരം മുന്നോട്ടുപോയി. അതു പാണക്കാട്‌ പിന്നിട്ടു. വണ്ടി തിരിക്കാന്‍ പറഞ്ഞതനുസരിച്ചു ഡ്രൈവര്‍ തിരിച്ചോടിച്ചു. ഞാന്‍ ചൂണ്ടിക്കാട്ടിയതായിരുന്നു വീട്‌. ഞങ്ങളിറങ്ങി. ബ്യൂറോ ലേഖകന്‍ വീടിന്‌ അകത്തേക്കു പോയി. ഞാന്‍ തൊട്ടടുത്ത ചായക്കടയിലേക്കും. വിചിത്രമെന്നു പറയട്ടെ, ബ്യൂറോ ലേഖകന്‍ അകത്തേക്കു പോയ അതേ വേഗത്തില്‍ തിരിച്ചുവരുന്നു. ടിയാന്‍ പറഞ്ഞു: "നിങ്ങളെ പാണക്കാട്‌ തങ്ങള്‍ വിളിക്കുന്നു. കുഞ്ഞാലിക്കുട്ടി സാഹിബുമുണ്ട്‌ കൂടെ. അദ്ദേഹവും ചെല്ലാന്‍ പറഞ്ഞിരിക്കുന്നു." ഞാന്‍ കാറിലുള്ള വിവരം നീ അദ്ദേഹത്തോട്‌ പറഞ്ഞോ എന്ന ചോദ്യത്തിന്‌, അതെ എന്നായിരുന്നു വളച്ചുകെട്ടില്ലാത്ത മറുപടി. ഞാനകത്തേക്കു പോയില്ല. ലേഖകനോട്‌ തിരിച്ചുപോവാന്‍ പറഞ്ഞു. ചായകുടി തുടര്‍ന്നു. ലേഖകന്‍ അതാ വീണ്ടും മടങ്ങിവരുന്നു: "നിങ്ങളെ തങ്ങള്‍ കാത്തിരിക്കുന്നു. ഉടനെ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്‌." ഞാന്‍ പോയില്ല. കുഞ്ഞാലിക്കുട്ടി, കെ എസ്‌ അബ്ദുല്ല തുടങ്ങിയ എല്ലാ ലീഗ്‌ വന്‍തോക്കുകളും കാത്തിരിക്കുന്നതായി ലേഖകനറിയിച്ചപ്പോള്‍ വീട്ടിലേക്ക്‌ എന്തായാലും കയറില്ലെന്ന ദൃഢനിശ്ചയത്തിലായി ഞാന്‍. ലേഖകന്‍ മൂന്നാമതും തിരിച്ചുപോയി. ഇത്തവണ അകത്തുനിന്നു പുറത്തേക്കു വന്നത്‌ ശിഹാബ്‌ തങ്ങളുടെ സ്വന്തം പരിചാരകനാണ്‌. അയാള്‍ പറഞ്ഞു: "വലിയ തങ്ങള്‍ ചായ കുടിച്ചിട്ടില്ല. നിങ്ങളെ കാത്തിരിക്കുകയാണ്‌." വഴങ്ങുകയല്ലാതെ ഗത്യന്തരമുണ്ടായിരുന്നില്ല. ഞാന്‍ കാരണത്താല്‍ തങ്ങള്‍ അടക്കമുള്ളവരുടെ പ്രഭാതഭക്ഷണം മുടങ്ങുന്നു. ഞാന്‍ എന്റെ മുന്‍വിധിയെ
ശപിച്ചു. അകത്തേക്കു കയറി സലാം പറയേണ്ട താമസം, ശിഹാബ്‌ തങ്ങള്‍ ആലിംഗനം ചെയ്തു. ആ ആലിംഗനത്തിന്റെ ഊഷ്മളതയില്‍ എന്റെ മുന്‍വിധികളും തെറ്റിദ്ധാരണകളും ആവിയായിപ്പോയി. എന്തൊരു നിഷ്കളങ്കത! എന്തൊരു പ്രതിപക്ഷബഹുമാനം! ഇങ്ങനെയുമുണ്ടാവുമോ ഒരു മനുഷ്യന്‍. മങ്കട അബ്ദുല്‍ അസീസ്‌ മൌലവി പറഞ്ഞത്‌ വീണ്ടും ഓര്‍മയിലേക്കു വന്നു- അദ്ദേഹത്തിന്റെ വിമര്‍ശകര്‍ അദ്ദേഹത്തെ അടുത്തറിയാത്തവരാണ്‌.
ഒ. അബ്ദുല്ല

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക