മാറാട് :ശാന്തിയിലോക്കൊരു രഹസ്യദൌത്യം


ശാന്തിയിലോക്കൊരു രഹസ്യദൌത്യം
മഹേഷ്‌ ഗുപ്തന്‍


നന്‍മയും തിന്‍മയും തുല്യമാകുകയില്ല.
താങ്കള്‍ തിന്‍മയെ ഏറ്റവും ഉല്‍കൃഷ്ടമായ നന്‍മ കൊണ്ട്‌ പ്രതിരോധിക്കുക.
അപ്പോള്‍ താങ്കളോട്‌ വൈരത്തില്‍ പ്രവര്‍ത്തിക്കുന്നവന്‍ ആത്മമിത്രമായി തീരുന്നത്‌ താങ്കള്‍ക്കു കാണാം.
ക്ഷമ അവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല.
മഹാഭാഗ്യവാന്‍മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല.
( സൂറത്ത്‌ യാസീന്‍ 21-ാ‍ം ആയത്ത്‌)


2003 മേയ്‌.

കോഴിക്കോട്ട്‌ മാറാട്‌ കലാപം കത്തിനിന്നൊരു രാത്രി. ചോരപ്പാടുകള്‍ക്കു പകരം സ്നേഹപ്പൂക്കള്‍ വിരിയിച്ചെന്ന്‌ ചരിത്രം രേഖപ്പെടുത്തേണ്ടൊരു ദൌത്യവുമായി മലബാറില്‍ ഒരു ദൂതനെ കാലം നിയോഗിച്ചു. എട്ടുവര്‍ഷമായി രഹസ്യമാക്കിവച്ച സത്യം ഇപ്പോള്‍ ആ ദൌത്യത്തിലെ പങ്കാളികളായ രണ്ടുകൂട്ടരും സമ്മതിച്ചതോടെ ആദ്യമായി പരസ്യമാവുകയാണ്‌. ആ ദൌത്യത്തിന്‌ കേരളത്തിന്റെ മതസൌഹാര്‍ദചരിത്രപുസ്തകത്തില്‍ സ്വര്‍ണനിറമാണെന്നും ഇപ്പോള്‍ നാം തിരിച്ചറിയുന്നു.

മുസ്ലിംലീഗിന്റെയും മുസ്ലിം സമുദായത്തിന്റെയും നേതാവായിരുന്ന പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ വേര്‍പാടിന്‌ രണ്ടാണ്ടു പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹമെടുത്ത ധീരമായ ഒരു നിലപാടിന്റെയും വിട്ടുവീഴ്ചയുടേയും രഹസ്യമാണ്‌ ഇന്നു ലോകമറിയുന്നത്‌.

മാറാട്‌ സമാധാനം വീണ്ടെടുക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങളില്‍ ഏറ്റവും നിര്‍ണായക ഇടപെടലായിരുന്നു അത്‌. പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ തന്റെ ദൂതുമായി ഇളയസഹോദരന്‍ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങളെ അന്നു ബിജെപി പ്രസിഡന്റ്‌ ആയിരുന്ന പി. എസ്‌. ശ്രീധരന്‍പിള്ളയുടെ വീട്ടിലേക്കാണ്‌ അയച്ചത്‌. കലാപഭൂമിയില്‍ സൌഹൃദം തിരിച്ചെത്താന്‍ വഴിയൊരുക്കിയ ആ നീക്കത്തെപ്പറ്റി സാദിഖലി ശിഹാബ്‌ തങ്ങളും പി.എസ്‌.ശ്രീധരന്‍പിള്ളയും എട്ടാണ്ടുകള്‍ക്കു ശേഷം മനസ്സു തുറക്കുന്നു.

ആ രഹസ്യചര്‍ച്ചയുടെ കഥ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞുതുടങ്ങുന്നു:

"മാറാട്ട്‌ കലാപം കത്തിപ്പടരുകയായിരുന്നു. സര്‍ക്കാരിന്റെ ഇടപെടലുകള്‍ കൊണ്ട്‌ കലാപം അവസാനിക്കുന്നില്ലെന്നു തോന്നിത്തുടങ്ങിയപ്പോഴാണ്‌ ഒരു ദിവസം വൈകിട്ട്‌ വല്യാക്ക എന്നെ കൊടപ്പനയ്ക്കലേക്കു വിളിപ്പിക്കുന്നത്‌. ബിജെപി പ്രസിഡന്റ്‌ ശ്രീധരന്‍പിള്ളയെ കോഴിക്കോട്ടു ചെന്നു കാണണമെന്നായിരുന്നു നിര്‍ദേശം. 'കലാപം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. അതിനു വേണ്ടതെന്താണെങ്കിലും നമുക്കു ചെയ്തുകൊടുക്കാം. ഇനിയും നമ്മള്‍ ഇടപെടാതിരുന്നതാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും എന്നായിരുന്നു വല്യാക്ക പറഞ്ഞതിന്റെ സാരം.

തീയതി ഏതാണെന്ന്‌ ഓര്‍മയില്ല. ഞാന്‍ അന്ന്‌ സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ്‌ ഫെഡറേഷന്‍ (എസ്കെഎസ്‌എസ്‌എഫ്‌) സംസ്ഥാന പ്രസിഡന്റാണ്‌. സാഹചര്യ സമ്മര്‍ദങ്ങളെത്തുടര്‍ന്ന്‌ സംഘടന മാറാട്‌ റാലി പ്രഖ്യാപിച്ച സമയമായിരുന്നു അത്‌. ഞാന്‍ പെട്ടെന്നു തന്നെ കോഴിക്കോട്ടേ്‌ക്കു തിരിച്ചു. കോഴിക്കോട്‌ തിരുത്തിയാടുള്ള ശ്രീധരന്‍പിള്ളയുടെ ഭാര്യയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഞങ്ങളുടെ സുഹൃത്തായ ഡോ. പിയൂഷും കൂടെയുണ്ടായിരുന്നു.

മാറാട്‌ സമാധാനം പുനഃസ്ഥാപിക്കാന്‍ എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ ഒരുക്കമാണെന്ന വല്യാക്കയുടെ സന്ദേശം ഞാന്‍ ശ്രീധരന്‍പിള്ളയെ അറിയിച്ചു. വല്യാക്കയും ശ്രീധരന്‍പിള്ളയും തമ്മില്‍ ഏറെക്കാലമായി നല്ല ബന്ധമുണ്ടായിരുന്നു. നമ്മള്‍ ഒന്നിച്ചുനിന്നില്ലെങ്കില്‍ നാടിനാണ്‌ ആപത്താണെന്ന വല്യാക്കയുടെ ഓര്‍മപ്പെടുത്തല്‍ അര്‍ഹിക്കുന്ന ഗൌരവത്തില്‍ തന്നെ ശ്രീധരന്‍പിള്ളയും ഉള്‍ക്കൊണ്ടു. ബിജെപിയും മാറാട്‌ റാലി പ്രഖ്യാപിച്ചിരുന്നു. റാലി മാറ്റിവയ്ക്കാന്‍ ഞങ്ങളും അവരും തയാറായി.

എന്നാല്‍, തീരുമാനം ഇങ്ങനെയൊരു ചര്‍ച്ചയെത്തുടര്‍ന്നാണെന്ന്‌ വരരുതെന്ന്‌ വല്യാക്ക നിശ്ചയിച്ചിരുന്നു. അതിന്റെ ക്രെഡിറ്റ്‌ ഏറ്റെടുക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല എന്നു പറയുന്നതാകും കൂടുതല്‍ ശരി. തൊട്ടുപിന്നാലെ റാലി മാറ്റണമെന്ന്‌ സമസ്തയുടെ നിര്‍ദേശം വന്നു. മാറാട്‌ കലാപം അവസാനിപ്പിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമായ ഇടപെടലായിരുന്നു വല്യാക്ക നടത്തിയതെന്നു തോന്നുന്നു. പക്ഷേ, ചര്‍ച്ചയുടെ കാര്യം അന്നത്തെ സാഹചര്യത്തില്‍ അതീവരഹസ്യമായിത്തന്നെ സൂക്ഷിക്കണമെന്ന്‌ വല്യാക്ക നിരന്തരം ഓര്‍മിപ്പിച്ചിരുന്നു.

രഹസ്യചര്‍ച്ചയുടെ കഥ ശ്രീധരന്‍പിള്ള ഓര്‍ക്കുന്നു:

"ശിഹാബ്‌ തങ്ങളുമായി തൊണ്ണൂറുകളുടെ ആദ്യം മുതല്‍ എനിക്കു
വ്യക്തിപരമായി അടുപ്പമുണ്ട്‌. 2003 മേയ്‌ മൂന്നിനാണു മാറാട്‌ സംഭവം. ആറിനാണ്‌ മുഖ്യമന്ത്രി വരുന്നതും പ്രശ്നബാധിതമേഖലയിലേക്ക്‌ അദ്ദേഹത്തെ പോകാന്‍ അനുവദിക്കാതിരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതും. ഈ ദിവസങ്ങളിലൊന്നിലാണ്‌ ശിഹാബ്‌ തങ്ങളുടെ സന്ദേശമെത്തിയത്‌. പ്രശ്നം എങ്ങനെയെങ്കിലും തീര്‍ക്കേണ്ടതുള്ളതുകൊണ്ട്‌ ഉടന്‍ സമ്മതിച്ചു. സാദിഖലി തങ്ങള്‍ കോഴിക്കോട്ടേക്കു വരുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ തിരുത്തിയാട്ടുള്ള വീട്ടിലാണു സൌകര്യമൊരുക്കിയത്‌. സാദിഖലി തങ്ങളുമായും നേരത്തെ മുതല്‍ക്കു തന്നെ നല്ല അടുപ്പമുണ്ടായിരുന്നു.

ശിഹാബ്‌ തങ്ങളുടെ നിലപാടുകള്‍ സാദിഖലി തങ്ങള്‍ അറിയിച്ചു. മതത്തിന്റെ അതിരുകള്‍ മറികടക്കാതെ തന്നെ മതേതരത്വത്തിനായി പോരാടിയ നേതാവായിരുന്നു ശിഹാബ്‌ തങ്ങള്‍.

മാറാട്‌ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരുകൂട്ടരും യോജിപ്പിന്റെ പാതയിലെത്തണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്‌. ഞങ്ങള്‍ക്ക്‌ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. റാലികള്‍ മാറ്റിവയ്ക്കാന്‍ ഞങ്ങളും അവരും തീരുമാനിച്ചു.

സമാധാനശ്രമങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം നല്‍കിയത്‌ സത്യത്തില്‍ ഈ കൂടിക്കാഴ്ചയായിരുന്നു. തങ്ങളെപ്പോലൊരാള്‍ കൂടെയുള്ളത്‌ ശരിക്കും ആശ്വാസമായിരുന്നു. പിന്നീടുണ്ടായ സംഭവങ്ങളെല്ലാം എല്ലാവര്‍ക്കുമറിയാം.

ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിന്റെയും കോടതിയുടെയും ഹിന്ദു-മുസ്ലിംസംഘടനകളുടെയും ഇടപെടലിലൂടെ മാറാട്‌ സമാധാനതീരമായി.

ഒരേയൊരു തങ്ങള്‍

1992ല്‍ ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍ കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിനുള്ള പിന്തുണ തുടരാന്‍ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ തീരുമാനിക്കുകയായിരുന്നു. തീരുമാനം പാര്‍ട്ടിയെ പിളര്‍ത്തിയെങ്കിലും മതസൌഹാര്‍ദത്തിന്റെ പേരില്‍ അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു.

പാര്‍ട്ടിക്കുള്ളില്‍ പോലും അദ്ദേഹത്തിന്റെ തീരുമാനത്തില്‍ എതിര്‍പ്പുള്ളവരുണ്ടായിരുന്നു. പക്ഷേ, തങ്ങളുടെ തീരുമാനം എത്രമാത്രം ശരിയാണെന്ന്‌ കാലം തെളിയിച്ചു. അദ്ദേഹത്തെ വിമര്‍ശിച്ചവര്‍ സ്വന്തം തെറ്റുകള്‍ തിരിച്ചറിഞ്ഞു തങ്ങള്‍ തന്നെയാണു ശരിയെന്ന്‌ അവര്‍ ഒന്നടങ്കം ഏറ്റുപറഞ്ഞു.

നാലുവര്‍ഷം മുന്‍പ്‌ അങ്ങാടിപ്പുറത്ത്‌ തളി മഹാദേവക്ഷേത്രഗോപുരവാതില്‍ സാമൂഹികവിരുദ്ധര്‍ കത്തിച്ചപ്പോള്‍ ആദ്യമോടിയെത്തിയവരില്‍ ശിഹാബ്‌ തങ്ങളുമുണ്ടായിരുന്നു. ജില്ലയുടെ മതസൌഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ശിഹാബ്‌ തങ്ങള്‍ ചെയ്ത കാര്യങ്ങള്‍ അന്നത്തെ സാഹചര്യത്തില്‍ മാത്രമല്ല പ്രസക്തമാകുന്നത്‌. അദ്ദേഹത്തിന്റെ നിലപാടുകള്‍ വരുംകാലത്തേക്ക്‌ ഏതൊരു സമൂഹത്തിനും വഴിവിളക്കുകള്‍ കൂടിയാണ്‌.

നിങ്ങള്‍ പരസ്യമായി ധര്‍മം ചെയ്യുകയാണെങ്കില്‍ അതു നല്ലതുതന്നെ. എങ്കിലും ഗോപ്യമായി അതു ചെയ്യുകയാണെങ്കില്‍ അതാണ്‌ ഏറെ ഉല്‍കൃഷ്ടം.

(സൂറത്തുല്‍ ബകറ, 271-ാ‍ം ആയത്ത്‌)


News:Manorama
17.07.2011 Sunday

marad,shihab thangal,sadiqu ali shihab thangal,sreedaran pilla,muslim league,bjp,skssf

2 comments:

Anonymous said...

paanakkaate koyi biriyaani orupaad kazhichittundo basheerkkaa

Anonymous said...

qooloo..thakbeer.... ALLAHU AKBAR

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക