ജനമനസ്സുകളില്‍ തങ്ങള്‍ക്കുള്ള സ്ഥാനത്തിന്‌ കാരണം അറിവും സ്നേഹവും പകര്‍ന്നുനല്‍കാനുള്ള ശ്രമങ്ങള്‍

മലപ്പുറം: അറിവും സ്നേഹവും പകര്‍ന്നുനല്‍കുന്നതില്‍ ശിഹാബ്‌ തങ്ങള്‍ നടത്തിയ പരിശ്രമമാണ്‌ ജനമനസ്സുകളില്‍ അദ്ദേഹത്തിനുള്ള സ്ഥാനമെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍ പറഞ്ഞു. എസ്‌വൈഎസ്‌ ജില്ലാ കമ്മിറ്റി പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ഉറൂസ്‌ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതവിഷയങ്ങളില്‍ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്നുള്ള ചര്‍ച്ചകള്‍ക്ക്‌ വഴിയൊരുക്കുന്ന പള്ളി ദര്‍സുകളെ ശിഹാബ്‌ തങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും അതിന്റെ പുരോഗതിക്കുവേണ്ടി ജീവിതകാലം മുഴുവനും പ്രവര്‍ത്തിക്കുകയും ചെയ്‌തു. തങ്ങളുടെ മതപഠനവും പള്ളി ദര്‍സുകളിലൂടെയായിരുന്നുവെന്ന കാരണത്താലാണ്‌ മികച്ച മുദരിസിനുള്ള പുരസ്കാരം ശിഹാബ്‌ തങ്ങളുടെ പേരില്‍ നല്‍കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

എസ്‌വൈഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. മികച്ച മുദരിസിനുള്ള ശിഹാബ്‌ തങ്ങള്‍ പുരസ്കാരം മാമ്പുഴ പി. സൈതലവി മുസല്യാര്‍ക്ക്‌ ഹൈദരലി തങ്ങള്‍ സമ്മാനിച്ചു. അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. കെ. ആലിക്കുട്ടി മുസല്യാര്‍, കോട്ടുമല ടി.എം. ബാപ്പു മുസല്യാര്‍, കെ.എ. റഹ്മാന്‍ ഫൈസി, കെ. മമ്മദ്‌ ഫൈസി, പി.പി. മുഹമ്മദ്‌ ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.

നേരത്തേ നടന്ന മൌലീദ്‌ പാരായണത്തിന്‌ എം.ടി. അബ്ദുല്ല മുസല്യാര്‍, എസ്‌.എം. ജിഫ്‌രി തങ്ങള്‍ കക്കാട്‌, എം.കെ. മൊയ്‌തീന്‍കുട്ടി മുസല്യാര്‍, പി. കുഞ്ഞാണി മുസല്യാര്‍, ടി.പി. ഇപ്പ മുസല്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാണക്കാട്‌ മഖാമില്‍ നടന്ന സിയാറത്തിന്‌ കോഴിക്കോട്‌ ഖാസി മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക