കുലീനത നിലനിര്‍ത്തിയ നേതാവ്‌-കെ.എം. റോയ്‌


കുലീനത നിലനിര്‍ത്തിയ നേതാവ്‌
കെ.എം. റോയ്‌


ഒരു അനുശോചനക്കുറിപ്പിലോ പ്രമേയത്തിലോ ഒതുക്കേണ്ടതല്ല അദ്ദേഹത്തിന്റെ വേര്‍പാട്‌. വര്‍ത്തമാനകാല കേരള രാഷ്‌ട്രീയത്തില്‍ അദ്ദേഹത്തിനുള്ള പ്രസക്തി അത്ര വലുതാണ്‌. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ വക്താവെന്നത്‌ അദ്ദേഹത്തിന്റെ സവിശേഷതകളിലൊന്നുമാത്രമാണ്‌.
അധികാരത്തിനു വേണ്ടി എന്തു ആദര്‍ശവും പണയം വെക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും സ്വാര്‍ഥലാഭത്തിനു വേണ്ടി ഏതു നേര്‍വഴിയും ഉപേക്ഷിക്കാന്‍ നേതാക്കളും തയ്യാറാകുമ്പോള്‍ ജനങ്ങള്‍ക്ക്‌ രാഷ്‌ട്രീയ പ്രവര്‍ത്തനത്തോടുതന്നെ അവമതിപ്പുണ്ടാകുന്നു. കേരളത്തില്‍ അത്‌ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്‌.
ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോഴാണ്‌ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ മരണം കേരള രാഷ്‌ട്രീയത്തിന്‌ ഒരു വലിയ നഷ്‌ടമാണെന്ന്‌ ആര്‍ക്കും സമ്മതിക്കേണ്ടി വരുന്നത്‌. ഒരു അനുശോചനക്കുറിപ്പിലോ പ്രമേയത്തിലോ ഒതുക്കേണ്ടതല്ല അദ്ദേഹത്തിന്റെ വേര്‍പാട്‌. വര്‍ത്തമാനകാല കേരള രാഷ്‌ട്രീയത്തില്‍ അദ്ദേഹത്തിനുള്ള പ്രസക്തി അത്ര വലുതാണ്‌. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ വക്താവെന്നത്‌ അദ്ദേഹത്തിന്റെ സവിശേഷതകളിലൊന്നുമാത്രമാണ്‌.
ശിഹാബ്‌ തങ്ങളുടെ ഏറ്റവും വലിയ സവിശേഷത അദ്ദേഹം അധികാരത്തിന്റെ നേരെ മുഖം തിരിഞ്ഞുനിന്നു എന്നുള്ളതാണ്‌. ?സവിശേഷത? എന്നതിനു പകരം അതുല്യമായ ത്യാഗമനോഭാവം എന്നു പറയുന്നതാവും ശരി. ഒരു പക്ഷേ സമീപകാല ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ദൃശ്യമായ ഒരസാധാരണ പ്രതിഭാസം. ശിഹാബ്‌ തങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ നിഷ്‌പ്രയാസം സംസ്‌ഥാന നിയമ സഭാംഗവും മന്ത്രിയുമാകാമായിരുന്നു. അല്ലെങ്കില്‍ ഇന്ത്യയിലെ മാറിയ രാഷ്‌ട്രീയ പരിത:സ്ഥിതിയില്‍ പാര്‍ലമെന്റംഗവും കേന്ദ്രമന്ത്രിയുമാകാമായിരുന്നു. അതിന്‌ അദ്ദേഹം സന്നദ്ധനായില്ല. അല്ലെങ്കില്‍ അതിലദ്ദേഹം താല്‍പര്യം കാണിച്ചില്ല എന്നത്‌ ചരിത്രത്തിലെ അസാധാരണ സംഭവമാണ്‌.
മുസ്‌ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റ്‌ പദമെന്നത്‌ തീര്‍ച്ചയായും വലിയ പദവിയാണ്‌. പക്ഷെ സംസ്ഥാനത്തുടനീളം വളര്‍ന്നു നില്‍ക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷപദവി എത്രയോ ചെറുതാണെന്ന ്‌ സമീപകാല രാഷ്‌ട്രീയ ചരിത്രം തെളിയിച്ചു. കെ.പി.സി.സി പ്രസിഡന്റ്‌ പദത്തിലിരുന്ന കെ. മുരളീധരന്‍ ആ പദവി രാജിവെച്ചുകൊണ്ടാണ്‌ കഴിഞ്ഞ ഭരണകാലത്ത്‌ വൈദ്യുതി മന്ത്രിയായത്‌.

മന്ത്രിക്കസേരയിലിരിക്കാനുള്ള ആര്‍ത്തി പൂണ്ട ഈ രാഷ്‌ട്രീയ വൈകൃതത്തിന്‌ ഒരു മുന്‍ കെ.പി.സി.സി പ്രസിഡന്റ്‌ തയ്യാറായപ്പോഴാണ്‌ സംസ്ഥാനത്തെയും കേന്ദ്രത്തിലെയും മന്ത്രിപദം ഒരു തളികയിലെ കിരീടം പോലെ ശിഹാബ്‌ തങ്ങളുടെ മുന്നില്‍ വെച്ചുനീട്ടപ്പെട്ടപ്പോള്‍ അദ്ദേഹം അത്‌ നിരസിച്ചതെന്ന്‌ നാം ഓര്‍ക്കണം. ലഭ്യമാകാത്ത അധികാരത്തില്‍ തനിക്ക്‌ താല്‍പര്യമില്ലെന്ന്‌ ഒരു നേതാവ്‌ പറയുന്നതും അധികാരം കൈകുമ്പിളിലെത്തുമ്പോള്‍ അത്‌ നിരസിക്കുന്നതും തമ്മില്‍ എത്രയോ അന്തരമുണ്ട്‌.
ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ജയപ്രകാശ്‌ നാരായണ്‍ പ്രകടിപ്പിച്ച ത്യാഗമനോഭാവത്തില്‍ നിന്ന്‌ അല്‍പം പോലും വില കുറഞ്ഞതായി ശിഹാബ്‌ തങ്ങളുടെ ത്യാഗമനോഭാവത്തെ ഞാന്‍ കാണുന്നില്ല. അടിയന്തരാവസ്ഥക്കു ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി നയിച്ച കോണ്‍ഗ്രസിനെ തറപറ്റിച്ചുകൊണ്ട്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നു രൂപീകരിച്ച ജനതാപാര്‍ട്ടി മഹാഭൂരിപക്ഷം നേടിയപ്പോള്‍ ജയപ്രകാശ്‌ നാരായണിന്‌ ഇന്ത്യയുടെ രാഷ്‌ട്രപതി പദവും പ്രധാനമന്ത്രി പദവും ഒരു പോലെ ഏകകണ്‌ഠമായി വാഗ്‌ദാനം ചെയ്യപ്പെട്ടതാണ്‌. പക്ഷെ ആ രണ്ട്‌ പദവികളും ഒരു പോലെ നിരസിച്ച ജയപ്രകാശിന്റെ തീരുമാനം ഇന്ത്യാ ചരിത്രത്തിലെ തന്നെ അവിസ്‌മരണീയമായ ത്യാഗമായിരുന്നു.

ഇതിനു സമാനമായ ഒരു രാഷ്‌ട്രീയ ത്യാഗത്തില്‍ മാത്രം അവസാനിക്കുന്നില്ല ശിഹാബ്‌ തങ്ങളുടെ ധാര്‍മികത. അദ്ദേഹത്തിനു വേണമെങ്കില്‍ തന്റെ സഹോദരന്മാരെയോ മക്കളില്‍ ആരെയെങ്കിലുമോ നിയമസഭാംഗവും മന്ത്രിസഭാംഗവും ആക്കാമായിരുന്നു. പക്ഷെ അതിനുവേണ്ടി അവരെയാരെയും മത്സരരംഗത്തിറക്കാന്‍ അദ്ദേഹം തയ്യാറായില്ല എന്നതിലാണ്‌ ശിഹാബ്‌ തങ്ങളുടെ രാഷ്‌ട്രീയ കുലീനത കേരളം ദര്‍ശിച്ചത്‌. മക്കളെ എം.എല്‍.എയും എം.പിയുമാക്കാനും മന്ത്രിയാക്കാനും കേരളത്തിലെ പല നേതാക്കളും പെടാപാടുപെടുന്നത്‌ കാണുന്നിടത്താണ്‌ തങ്ങള്‍ വേറിട്ടുനില്‍ക്കുന്നത്‌. എന്നതുമാത്രമല്ല സ്വന്തം പുത്രനെ എങ്ങനെയെങ്കിലും അധികാരസ്ഥാനത്തെത്തിക്കാന്‍, നാലുതവണ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള കെ. കരുണാകരനെപ്പോലുള്ള ഒരു സീനിയര്‍ നേതാവ്‌ മുട്ടാവുന്ന വാതിലുകളിലൊക്കെ മുട്ടുന്ന ദയനീയ കാഴ്‌ചക്ക്‌ സാക്ഷ്യം വഹിച്ച കേരളത്തിന്റെ കണ്ണില്‍ ശിഹാബ്‌ തങ്ങള്‍ പ്രകടിപ്പിച്ച രാഷ്‌ട്രീയ മാന്യത ആദരണീയം തന്നെയാണ്‌.

തന്റെ പാര്‍ട്ടിയുടെ അധ്യക്ഷനെന്ന നിലയില്‍ ശിഹാബ്‌ തങ്ങള്‍ക്ക്‌ നല്‍കിയിരുന്ന ആദരവിന്‌ പ്രകടമായ തെളിവായിരുന്നു നാദാപുരം കലാപസമയത്ത്‌ അദ്ദേഹം പ്രകടിപ്പിച്ച ധൈര്യവും നിശ്ചയദാര്‍ഢ്യവും. നാദാപുരത്ത്‌ ലീഗ്‌ പ്രവര്‍ത്തകനായ വരയം കണ്ടി കുഞ്ഞുമുഹമ്മദ്‌ ഹാജി വെട്ടിക്കൊലപ്പെടുത്തപ്പെട്ടു. വിലാപയാത്രയായി കുഞ്ഞുമുഹമ്മദ്‌ ഹാജിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ലീഗ്‌ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. പക്ഷേ അന്നത്തെ ഇടതുമുന്നണി നാദാപുരത്ത്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ മൃതദേഹം വെട്ടേറ്റു മരിച്ച ഒരു മാടിനു തുല്യമായി ആരോരുമില്ലാതെ കൊണ്ടുപോയി സംസ്‌കരിക്കുകയോ? ശിഹാബ്‌ തങ്ങള്‍ക്ക്‌ അത്‌ ഊഹിക്കാന്‍ കഴിയുമായിരുന്നില്ല. സൗമ്യനും ശാന്തശീലനുമെന്ന്‌ പൊതുവെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന ശിഹാബ്‌ തങ്ങള്‍ നാദാപുരത്തെത്തി. നിരോധനാജ്ഞയും അറസ്റ്റുമൊന്നും വകവെക്കാതെ പോലീസ്‌ സേനയെ അവഗണിച്ചുകൊണ്ട്‌ ശിഹാബ്‌ തങ്ങള്‍ നയിച്ച ആ വിലാപയാത്രയാണ്‌ നാദാപുരത്ത്‌ ഏറ്റവും വലിയ സമാധാന സന്ദേശമായി മാറിയത്‌.

കടപ്പാട്: സത്യധാര ദൈവാരിക

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക