തര്‍ക്കത്തിലെന്നും അലവിയെ ജയിപ്പിച്ചു

പാണക്കാട്ടു വരുന്നവരോട് ചായ വേണ്ടേ എന്നു ചോദിക്കാന്‍ പാടില്ല. കൊടുത്തിരിക്കണം. ചെറുപലഹാരവും. രാജ്യം ഭരിക്കുന്ന ആള്‍ മുതല്‍ വീടും നാടുമില്ലാതെ അലഞ്ഞുനടക്കുന്നവര്‍ വരെ ആര്‍ക്കായാലും. അതാണ് കൊടപ്പനക്കലെ നിയമം. അതു തെറ്റിച്ചാല്‍ "കോയക്കാക്ക' ദേഷ്യപ്പെടും. അതിനേ ദേഷ്യപ്പെടൂ. പാണക്കാട്ടെ സല്‍ക്കാരത്തിന്റെ മുഖവുരയായ അലവിക്കയുടെ ജോലി ആ നിയമം നടപ്പാക്കലായിരുന്നു.

"അലവ്യേ... ഇവര്‍ക്ക് ചായ കൊടുത്തോ' എന്ന് ഇടക്കിടെ ഉയര്‍ന്നു കേട്ടിരുന്ന വിളി 2009 ഓഗസ്റ്റ് ഒന്നിന് ദൂരെ മറഞ്ഞു. "ആ, കൊടുത്തു' എന്ന് വിളിക്കുത്തരം നല്‍കിയിരുന്നവന്‍ 2011 ഓഗസ്റ്റ് ഏഴിന് പുലര്‍ച്ചെയും കടന്നുപോയി. കൊടപ്പനക്കലെ കൊട്ടാരത്തില്‍ സുല്‍ത്താനെക്കാള്‍ പദവിയിലായിരുന്നു എന്നും ആ പരിചാരകന്‍.

ഒറ്റയ്ക്കാവുമ്പോള്‍ ഇരുവരും തര്‍ക്കിക്കും. ചെറിയ കാര്യത്തിനാവും. എപ്പോഴും ജയിക്കുക അലവിയായിരിക്കും. ആ ജയം കാണുമ്പോള്‍ ശിഹാബ് തങ്ങളുടെ മുഖത്തൊരു ചിരിവിരിയാനുണ്ട്. അലവി ജയിക്കുന്നത് കാണാന്‍ മാത്രമായിരുന്നു ആ തര്‍ക്കമെന്ന് അതിന്റെ നിസ്സാരതകൊണ്ട് ബോധ്യമാവും.
പാണക്കാട്ടെ തിരക്കിന്റെ മൂര്‍ധന്യമുള്ള ഒരു പകല്‍. നൂറുകണക്കിനു പേര്‍ പല ആവശ്യങ്ങള്‍ക്കായി തങ്ങളെ കാണാന്‍ മുറ്റത്തും വരാന്തയിലുമുണ്ട്. ചായക്കൂജയുമായി അലവി ഓടിക്കൊണ്ടിരിക്കുകയാണ്. അതിനിടെ തങ്ങളുടെ വിളി "അലവ്യേ ഇവര്‍ക്ക് ചായ കൊടുത്തോ.' "ആ... കൊടുത്തോളാം' എന്ന് മറുപടി. കുറച്ചുകഴിഞ്ഞ് തങ്ങള്‍ വീണ്ടും: "അലവ്യേ, ഇവര്‍ക്ക് ചായ കൊടുത്തോ'. "ആ... കൊടുത്തോളാം' എന്ന് മറുപടിയും. മൂന്നാമതും തങ്ങള്‍ അതേ ചോദ്യം. അലവിക്കയുടെ പ്രതികരണം ഉടന്‍ വന്നു: "ഇങ്ങള്‍ ഇങ്ങളെ പണിയെടുത്തോളീ. ന്റെ പണി ഞാനെടുത്തോളാ'. ആ സമയം ചുറ്റും നില്‍ക്കുന്നവരുടെ മുഖത്ത് നോക്കി ചിരിയൊതുക്കാനാവാതെ തങ്ങള്‍: "ഇന്ന് മൂപ്പര് കുറച്ചു ചൂടിലാണെന്നു തോന്നുന്നു'. അതായിരുന്നു ശിഹാബ് തങ്ങള്‍. തങ്ങള്‍ക്ക് അങ്ങനെയായിരുന്നു അലവി. ഒരു ചരിത്രത്തിലും കേട്ടുകാണില്ല ലോകം ആദരിക്കുന്ന ഒരു സുല്‍ത്താനോട് ഈ വിധം തര്‍ക്കിക്കുന്ന പരിചാരകന്റെ കഥ. പരിചാരകന്റെ തര്‍ക്കുത്തരംകേട്ട് അഭിമാനപൂര്‍വം കുലുങ്ങിച്ചിരിക്കുന്ന സുല്‍ത്താന്റെയും. നഷ്ടപ്പെട്ടുപോയി ഇരുവരും ഈ കാലത്തിന്.

പാണക്കാട്ടെ ചെറുവാരത്ത് കുഞ്ഞയമ്മദിന്റെ മകന്‍ അലവി കൊടപ്പനക്കലെ അലവിയായി ദിക്കെങ്ങും അറിയപ്പെട്ടു. വെറുമൊരു സാധാരണക്കാരന്‍. അഞ്ചാംതരം വരെയെ സ്കൂളില്‍ പോയുള്ളൂ. ഒരു പദവിയും വഹിച്ചില്ല. പണവും പത്രാസുമില്ല. നാലാള്‍ കൂടിനില്‍ക്കുന്നിടത്ത് തലയിടാനും പോയില്ല. ജോലിയെന്നു പറയാനുള്ളത് ആ "വലിയ' വീട്ടില്‍ വരുന്നവര്‍ക്ക് ചായ നല്‍കല്‍. എന്നിട്ടും കീര്‍ത്തിയില്‍ മുന്നിലെത്തി. ഒരു ചായക്കച്ചവടക്കാരനും ഇത്രയധികം പേര്‍ക്ക് സ്വന്തം കൈകൊണ്ട് ആയുസ്സില്‍ ചായ പകര്‍ന്നിട്ടുണ്ടാവില്ല. ശരാശരി 300 മുതല്‍ ആയിരം പേര്‍ വരെ വന്നുപോകുന്ന ദിവസങ്ങള്‍. മാസപ്പിറവി, തെരഞ്ഞെടുപ്പ്, സമ്മേളനങ്ങള്‍, മറ്റു വിശേഷാവസരങ്ങള്‍ എന്നിവയാകുമ്പോള്‍ കൊടപ്പനക്കലെ സദസ്സ് പരസഹസ്രമാകും. അപ്പോഴും മടുപ്പില്ലാതെ ചായപ്പാത്രവുമായി അലവി എല്ലാവര്‍ക്കു മുന്നിലുമെത്തും. അലവിയുടെ കയ്യില്‍ നിന്നു ചായ വാങ്ങിക്കുടിച്ചവരുടെ എണ്ണം അതിശയോക്തിയില്ലാതെ പറയാം ജനലക്ഷങ്ങളാണെന്ന്. ശരിക്കും ഒരു ലോക റിക്കാര്‍ഡായിരിക്കും. ഗിന്നസ് ബുക്കില്‍ വരേണ്ടത്. മൂന്നര പതിറ്റാണ്ടു കാലം അതായിരുന്നല്ലോ അലവിക്കയുടെ പ്രധാന ഡ്യൂട്ടി.

മുമ്പൊരു അലൂമിനിയം കൂജ. പിന്നീട് വലിയ ഫ്ളാസ്കിനു വഴിമാറി. മുന്തിയ ഇനം തേയിലകൊണ്ട് ഏലക്കായ പൊടിച്ചിട്ട് തിളപ്പിച്ച ചായ. പാണക്കാട്ടെ ചായ. അലവിക്കയുടെ സല്‍ക്കാരം രുചിച്ചവരില്‍ അറബ് ഭരണാധികാരികളും പില്‍ക്കാലം ഇന്ത്യന്‍ രാഷ്ട്രപതിയായ കെ.ആര്‍. നാരായണനും ഇന്തോനോഷ്യന്‍ മുന്‍ പ്രസിഡണ്ട് അബ്ദുറഹിമാന്‍ വാഹിദും മുതല്‍ നിരവധി സംസ്ഥാന മുഖ്യമന്ത്രിമാരും മുന്‍ ഗവര്‍ണര്‍മാരും സുപ്രീംകോടതി ജഡ്ജിമാരും മന്ത്രിമാരും മതപണ്ഡിതരും സാഹിത്യ നായകരും ചലച്ചിത്ര നടന്മാരും പരമസാധുക്കളായ ആലംബഹീനരായ ജനലക്ഷങ്ങളുമുണ്ട്.
എല്ലാവര്‍ക്കും ഒരേ ബഹുമാനം നല്‍കി. ആരോടും അധികം അടുക്കാന്‍ പോയില്ല. അകന്നു നില്‍ക്കാനും. ഒന്നു തൊടാന്‍ ജനം കൊതിച്ച ദേശാന്തരപ്രശസ്തരായ വ്യക്തികള്‍ക്കൊപ്പം മണിക്കൂറുകള്‍ ചെലവിടുമ്പോഴും ഒരുമിച്ചൊരു ഫോട്ടോയെടുക്കാന്‍പോലും അലവിക്ക മുതിര്‍ന്നില്ല. ആ ബന്ധങ്ങളും പരിചയങ്ങളും വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തിയതുമില്ല. പക്ഷേ, ഏത് പൊതു പ്രവര്‍ത്തകനെക്കാളും വലിയ സേവനയജ്ഞങ്ങള്‍ സ്വകാര്യമായി ചെയ്തു. പാണക്കാട്ടുനിന്ന് ലഭിച്ച ബന്ധങ്ങളിലൂടെ അലവിക്ക നിരവധി പേര്‍ക്ക് സഹായങ്ങള്‍ വാങ്ങിക്കൊടുത്തു. വീടും വിവാഹ സഹായവും ചികിത്സാ ചെലവുമെല്ലാം. ദരിദ്രരായ നൂറുകണക്കിന് പേര്‍ക്ക് നിര്‍ധനനായ അലവിക്ക ഇരുചെവിയറിയാതെ ആശ്വാസം പകര്‍ന്നു. സ്വന്തം കാര്യമല്ല, മറ്റുള്ളവരുടെ ജീവിത ദുരിതങ്ങള്‍ തന്റെ തനത് ഭാഷയില്‍ അവതരിപ്പിച്ചു. ഒരു കല്‍പന പോലെ അതനുസരിക്കാന്‍ ഏത് നേതാവും പൊതു പ്രവര്‍ത്തകനും സേവന മനസ്കരും സന്നദ്ധരായി. അലവിയോളം പാണക്കാട്ടെ സ്വകാര്യ ചര്‍ച്ചകള്‍ കാതില്‍പെടാനിടയായ മറ്റൊരാളുണ്ടാവില്ല. മാധ്യസ്ഥ ചര്‍ച്ചകളുടെ കോടതിയായ കൊടപ്പനക്കല്‍ ഒരാള്‍ വന്ന് മറ്റൊരാള്‍ക്കെതിരെ ആവലാതികളുന്നയിക്കുക സ്വാഭാവികമാണ്. പക്ഷേ അതിലൊരു വരിപോലും ചോര്‍ന്നുപോയില്ല. അതിന്റെ പേരില്‍ നാട്ടിലൊരു കുഴപ്പവുമുണ്ടായില്ല. പാണക്കാട് സയ്യിദ് കുടുംബത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന അളവറ്റ കൂറിന്റെയും അര്‍പ്പണ മനസ്സിന്റെയും തെളിവായിരുന്നു അത്.

ശിഹാബ് തങ്ങളെ മനസ്സുകൊണ്ട് സ്നേഹിക്കുന്നവരെ അലവിയും മനസ്സറിഞ്ഞു സ്നേഹിച്ചു. നിസ്വാര്‍ത്ഥരും സാധാരണക്കാരുമായവരെ തങ്ങള്‍ക്കു മുമ്പാകെ പ്രത്യേകം പരിചയപ്പെടുത്തി. അപകടകരമായ സാന്നിധ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും മടിച്ചില്ല. പന്തികേട് തോന്നുന്നവരോട് നേരിട്ട് തന്നെ പ്രകടിപ്പിക്കും. ""അതൊന്നും ഇവിടെ നടക്കൂല. വിട്ടോ വേഗം.'' അതായിരുന്നു അലവിയുടെ രീതി. ഇതെല്ലാം തന്റെ വ്യക്തിപരമായ നിരീക്ഷണത്തിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന അറിവുകള്‍ വെച്ചായിരുന്നു ചെയ്തത്. അതിനെല്ലാമുള്ള അധികാരം കൊടപ്പനക്കല്‍ വീടിന്റെ അകത്തും പുറത്തുമായി അലവിക്ക് പതിച്ചുനല്‍കിയിരുന്നു പാണക്കാട് കുടുംബം. കല്‍പിക്കാനും കേള്‍ക്കാനുമെല്ലാമുള്ള അവകാശത്തോടെ. എല്ലാ കാര്യങ്ങളുടെയും നടത്തിപ്പുകാരന്റെ ചുമതലയിലായിരുന്നു അലവി കൊടപ്പനക്കല്‍ വീട്ടില്‍. ശിഹാബ് തങ്ങളുടെ മക്കളും സഹോദരങ്ങളും ഒരു കൂടപ്പിറപ്പിനെപ്പോലെ അലവിയെ കണ്ടു. എല്ലാ പരിഗണനയും മരണംവരെ ആ നിലയില്‍ തന്നെ.
ശ്വാസകോശ സംബന്ധമായ രോഗം നേരത്തെയുള്ളതാണ്. അല്‍പം പ്രയാസം തോന്നുമ്പോഴേക്ക് കൊടപ്പനക്കലെ കുടുംബം കൂട്ടത്തോടെ ഓടിയെത്തും. ആസ്പത്രിയില്‍, വീട്ടില്‍ എല്ലായിടത്തും അവരുടെ ശ്രദ്ധയുണ്ടായി. ഒരു സംസ്ഥാന നേതാവിനുള്ള ബഹുമതിയാണ് അലവിക്ക് മരണത്തിലും ലഭിച്ചത്.

പാണക്കാട്ടെ കുട്ടികളെല്ലാം മുന്‍വരിയില്‍ നിന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മയ്യിത്ത് നമസ്കാരവും സംസ്കരണവും. വ്യവസായ വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അനുസ്മരണ ലേഖനം ചന്ദ്രികയില്‍. "കൊടപ്പനക്കലെ സ്നേഹവും അധികാരവും' അലവിക്കയില്‍ എത്രമാത്രം നിക്ഷിപ്തമായിരുന്നുവെന്ന് ഇതെല്ലാം തെളിയിച്ചു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ ആത്മബന്ധമായി അലവിക്ക കൂടെയുണ്ടായിരുന്നെങ്കിലും മരണത്തിനു രണ്ടാഴ്ച മുമ്പാണ് ഒരു "അഭിമുഖം' നടത്തണമെന്ന് തോന്നിയത്. ഇടക്കിടെയുള്ള ആസ്പത്രി വാസത്തിന്റെ ഇടവേളയിലായിരുന്നു. മുഴുവനായൊന്നും പറയാതെ, മറ്റൊരിക്കലേക്ക് ബാക്കിവെച്ച കൂടിക്കാഴ്ചക്ക് അലവിക്ക ഇനിയുണ്ടാവില്ല. പാതിയില്‍ മുറിഞ്ഞുപോയ ആ നാട്ടു വര്‍ത്തമാനത്തില്‍ അറുപത്തെട്ടാം വയസ്സിന്റെ മുറ്റത്തിരുന്ന് പഴയ കാലങ്ങളോരോന്നോര്‍ത്തെടുത്തു അദ്ദേഹം:

"പതിനഞ്ചു വയസ്സു മുതല്‍ കൊടപ്പനക്കലുണ്ട്. പൂക്കോയ തങ്ങള്‍പ്പാപ്പാന്റെ കൂടെ. തേങ്ങ ഇടീക്കലും അടക്ക പറിക്കലുമായിരുന്നു അന്നു പണി. അന്നു മുതല്‍ ഇന്നു വരെ ഒരു ശമ്പളക്കാരനായിട്ടല്ല. എനിക്കു വേണ്ടത് അവിടെനിന്നു തരും. എന്റെ വീടും കുട്ടികളും കല്യാണവും കാര്യവും ചികിത്സയും എല്ലാം കൊടപ്പനക്കല്‍ നിന്നാണ് നടത്തി തരുന്നത്. എനിക്കതു പോരെ. ഒരു കുറവും വരാതെ അവര്‍ നോക്കുന്നുണ്ട്. എന്റെ ഭാഗ്യം കൊടപ്പനക്കലെ ജീവിതമാണ്. അവര്‍ക്കാര്‍ക്കും ഒരു വെറുപ്പിനും ഇടയാക്കിയിട്ടില്ല. പൂക്കോയ തങ്ങള്‍പ്പാപ്പാക്കൊപ്പം രാത്രി പരിപാടികള്‍ക്ക് കൂടെ പോയിരുന്നു. ശിഹാബ് തങ്ങളുടെ കൂടെ ഒരുപാട് ദീര്‍ഘയാത്ര പോയിട്ടുണ്ട്. ഒഴിഞ്ഞു നില്‍ക്കുമ്പോള്‍ പോരുന്നോ എന്ന് ചോദിക്കും. കോയമ്പത്തൂരും മംഗലാപുരവും പാലക്കാടുമൊക്കെപോവും. കാര്‍ പോവാത്തിടത്ത് മഞ്ചലിലാണ് പൂക്കോയതങ്ങള്‍ പോയിരുന്നത്. മഞ്ചല്‍ ചുമക്കാന്‍ അഞ്ചെട്ടു പേരുണ്ടാവും. അവര്‍ക്കൊക്കെ തങ്ങള്‍ നല്ല പൈസ കൊടുക്കും. ഭക്ഷണം അവര്‍ക്കാദ്യം കൊടുക്കണമെന്നു പറയും. അടുത്ത കാലം വരെ പഴയ മഞ്ചല്‍ കൊടപ്പനക്കലുണ്ടായിരുന്നു.

മാധ്യസ്ഥ്യത്തിനുള്ള കക്ഷികളുടെ അടുത്തേക്ക് തങ്ങളുടെ കത്തുമായി പോയിരുന്നത് തോണിക്കടവത്ത് വല്യയമ്മദ് കാക്കയാണ്. വലിയ കഷ്ടപ്പാടാണ് ആ യാത്ര. ഒരു പാട് നടക്കണം. ഒരിക്കല്‍ എന്നോട് പോവാന്‍ പറഞ്ഞു. "അതിന് എന്നെക്കൊണ്ടാവില്ല' എന്ന് പറഞ്ഞു.
പനങ്ങാട്ട് അഹമ്മദാജിയായിരുന്നു പൂക്കോയ തങ്ങളുടെ എല്ലാം. പിന്നെ ശിഹാബ് തങ്ങളുടെയും. സര്‍ക്കാര്‍ ജോലി രാജിവെച്ച് തങ്ങളോടൊപ്പം വന്നതാണ്. തങ്ങളെ പരിപാടി കൊടുക്കലൊക്കെ മൂപ്പരാണ്. സ്റ്റേജില്‍ പറ്റാത്തവരുണ്ടെങ്കില്‍ പോവണ്ട എന്ന് പറയും. അയാള് പറഞ്ഞാ പിന്നെ ആ ഒതുക്കും കല്ലിറങ്ങില്ല. അയാള്‍ യഥാര്‍ത്ഥം പറയും. മുത്തുമോന്‍ (ഉമറലി ശിഹാബ് തങ്ങള്‍) വല്യ ധൈര്യവാനാണ്.ആ മാതിരി നാട്ടില്‍ വേറെ കാണില്ല. വലിയ സുഖക്കേടായിരുന്നു. എന്നിട്ടും മരിക്കുന്ന അന്ന് പറമ്പില്‍ പോയി. പള്ളിയുടെ മുകളില്‍ കയറി. എയര്‍പോര്‍ട്ടില്‍ പോയി മകളെകൊണ്ടുവന്നു. കൊടപ്പനക്കലുള്ളവരെ കൊണ്ടല്ലേ ആ പള്ളി നടന്നിരുന്നത്. പറമ്പിലെ പള്ളി മുത്തുമോന്റെ സ്വന്തം ചെലവിലാണ്. മുത്തുമോനും ഞാനും ഒപ്പമുള്ളവരാണ്.

ആറ്റപ്പു (ഹൈദരലി ശിഹാബ് തങ്ങള്‍)വിന് അലിവുള്ള മനസ്സാണ്. ചെറിയ കുട്ടിയാകുമ്പോഴാണ് ഉമ്മ മരിച്ചത്. പൂക്കോയ തങ്ങളെ ചെറിയ പെങ്ങളും കട്ടിപാത്തുംതാത്തയുമാണ് ആറ്റപ്പുവിനെ നോക്കിയത്. ആറ്റപ്പു ചെറിയ കുട്ടിയാവുമ്പോള്‍ പൂക്കോയ തങ്ങള്‍ എവിടെപ്പോയാലും വേഗം വീട്ടിലെത്തും. വീട്ടിലാവുമ്പോള്‍ കുട്ടി എപ്പോഴും മടിയിലുണ്ടാവും. കുടുംബത്തിലൊക്കെ പോവുമ്പോള്‍ കൂടെ കൊണ്ടുപോകും. കോയമ്പത്തൂരിലെ ആസ്പത്രിയിലായിരുന്നു ബീത്താത്താക്ക് (പൂക്കോയ തങ്ങളുടെ ഭാര്യ ആയിശ ചെറുകുഞ്ഞി ബീവി) ചികിത്സ. പെരിന്തല്‍മണ്ണ ഡോ. ബാലഗോപാലന്റെ ആസ്പത്രി ഉദ്ഘാടനം ചെയ്യാന്‍ അവിടെനിന്നാണ് പൂക്കോയ തങ്ങള്‍ വന്നത്. സാദിഖ്മോനും അബ്ബാസ് മോനും ചെറിയ കുട്ടികളാവുമ്പോഴാണ് പൂക്കോയ തങ്ങള്‍ മരണപ്പെട്ടത്.

ആദ്യകാലം സ്വന്തം കാളവണ്ടിയുണ്ടായിരുന്നു. കോഴിക്കോടും പാലക്കാടുമൊക്കെ അതില്‍ പോകും. കുടമണി കിലുക്കി കൂറ്റന്‍ കാളകള്‍. കോഴിയും മുതിരയും ചേര്‍ന്നാണ് ഭക്ഷണം. നുകത്തിനു പിടിക്കാന്‍ രണ്ടാള്‍. വല്യയമ്മദ് കാക്കാന്റെ ബാപ്പ കുഞ്ഞയമ്മദാണ് തെളിക്കാരന്‍.
അഞ്ചു ദിവസമായിരുന്നു കോയമോന്റെ (ശിഹാബ് തങ്ങള്‍) കല്യാണം. കൊടപ്പനക്കലെ മൂത്ത കുട്ടിയല്ലേ. അരിക്കു ക്ഷാമമായതിനാല്‍ ചായയും പൊറോട്ടയുമായിരുന്നു. 22 പോത്തറുത്ത് ഇറച്ചിയുണ്ടാക്കി. അന്ന് മലപ്പുറത്തെ ഹോട്ടലുകളിലൊന്നും പൊറോട്ടയില്ല. കൊയിലാണ്ടിയില്‍നിന്ന് കല്യാണം കഴിച്ചാല്‍ അവിടെ നില്‍ക്കണമെന്നാണ്. അത് പറ്റില്ലാന്ന് മുത്തുമോന്റെ കരാറാണ്. ബാഫഖി തങ്ങള്‍ സമ്മതിച്ചു. എല്ലാവരുടെ കാര്യത്തിലും മുത്തുമോനത് പറയും.
ബാഫഖി തങ്ങള്‍ ഇടക്കൊക്കെ പാണക്കാട്ട് വരും. ഒരു ദിവസം ബാഫഖി തങ്ങള്‍ അഹമ്മദാജിയോട് പറഞ്ഞു. "ഹാജിയാരേ, പൂക്കോയാനെ കാര്യമില്ലാത്തതിന് ഇറക്കരുത്. മൂപ്പര് സാധാരണ തങ്ങളല്ല. നമ്മള്‍ പോകുന്നമാതിരി എപ്പളും കൊണ്ടുനടക്കാന്‍ പാടില്ല'. ബാഫഖി തങ്ങള്‍ വലിയ വിവരമുള്ള മനുഷ്യനല്ലേ, അതുകൊണ്ട് തുറന്നുപറഞ്ഞു.

മലപ്പുറം പട്ടാള ക്യാമ്പില്‍ ഒരു സിക്കുകാരന്‍ മേജര്‍ ആറു മാസം അനക്കമില്ലാതെ കിടന്നു. ബന്ധുക്കള്‍ കുഴികുത്തി കാത്തിരുന്നു. അലക്കുകാരന്‍ പറഞ്ഞു, പൂക്കോയ തങ്ങളുടെയടുത്ത് കൊണ്ടുപോകാന്‍. തങ്ങള്‍ ഒരു ഗ്ലാസ് വെള്ളം കൊടുത്തു. പട്ടാളക്കാരന്‍ എണീറ്റിരുന്നു. വണ്ടിയില്‍ ചാരിയിരുന്നു തിരിച്ചുപോയി. ഞങ്ങളൊക്കെ അപ്പോ അടുത്തുണ്ട്. പാണക്കാട്ട് നിന്ന് സ്ഥിരമായി പിരിവ് കൊടുക്കുന്ന കുറെ സ്ഥാപനങ്ങളുണ്ട്. തിരൂരങ്ങാടി യതീംഖാന പോലെ. ശിഹാബ് തങ്ങളായിട്ടും ബാക്കിയുള്ളവരായിട്ടും അതൊക്കെ തുടര്‍ന്നുപോരുന്നു. പെരുന്നാളായാല്‍ സാധുക്കള്‍ക്കും ജോലിക്കാര്‍ക്കുമെല്ലാം പുതുവസ്ത്രം കൊടുക്കും. ബഷീര്‍ മോനും മുനവ്വര്‍ മോനുമെല്ലാം എന്നെ മക്കളെ പോലെ സ്നേഹിക്കുന്നുണ്ട്. ആറ്റപ്പുവും സാദിഖ്മോനും അബ്ബാസ്മോനും എല്ലാ കാര്യവും അന്വേിക്കും. കുഞ്ഞാപ്പ (പി.കെ. കുഞ്ഞാലിക്കുട്ടി) വേണ്ടത് ചോദിച്ചറിഞ്ഞ് ചെയ്യും.

2009 ഓഗസ്റ്റ് ഒന്നിനാണ് കോയക്കാക്കയും ഞാനും ഒടുവില്‍കണ്ടത്. മരിക്കുന്ന അന്ന്. എനിക്ക് നല്ല ശ്വാസംമുട്ടുണ്ടായിരുന്നു. ആസ്പത്രിയില്‍ കാണാന്‍ ചെന്നപ്പോള്‍ പറഞ്ഞു: "എന്തിനാ പോന്നത്, ഇങ്ങനെ ശ്വാസം മുട്ടുമ്പോള്‍ ഇളകാന്‍ പാടുണ്ടോ? വീട്ടിലിരുന്നൂടായിരുന്നില്ലേ?' ഞാന്‍ പറഞ്ഞു: അവിടെ ഒറ്റക്കിരിക്കാന്‍ വയ്യ. മുണ്ടു നനച്ചുപിഴിഞ്ഞ് മുഖം തുടച്ചുകൊടുത്തു.
അതുവരെ കട്ടിലിലിരിക്കുകയായിരുന്നു. കാല് കട്ടിലിലേക്ക് കയറ്റിവെച്ചുകൊടുക്കാന്‍ പറഞ്ഞു. അങ്ങനെ ചെയ്തുകൊടുത്തു. "ഇനി വരേണ്ട, ഞാനങ്ങോട്ടു വന്നോളാം' എന്നു പറഞ്ഞ് വീട്ടിലേക്കു തന്നെ തിരിച്ചയച്ചു.'' ഇവിടെയാണ് അലവിക്കയുടെ വാക്കുകള്‍ മുറിഞ്ഞത്. മറ്റൊരിക്കല്‍ പറയാനായി മാറ്റിവെച്ചതും.

സി.പി സൈതലവി
ചന്ദ്രിക -13.08.2011

1 comment:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക