കൊടപ്പനക്കല്‍: സ്ഫടികത്തലപ്പാവുള്ള വീട്‌...

സ്ഫടികത്തലപ്പാവുള്ള വീട്‌...
സീനാ ടോണി ജോസ്‌

എന്തുകൊണ്ടാണ്‌ ഒരു കുടുംബം നൂറ്റാണ്ടുകളായി ആളുകള്‍ക്ക്‌ അഭയവും ആശ്രയവുമായി നിലനില്‍ക്കുന്നത്‌? ദൈവികമായ എതോ ഊര്‍ജം അവരില്‍ ഇതള്‍വിരിഞ്ഞു നില്‍ക്കുമോ എന്നും? വേദനകളെ തഴുകിത്തലോടി അകറ്റുന്ന സൌമ്യവും ആര്‍ദ്രവുമായ സാന്നിധ്യമാകാന്‍ എന്നും എങ്ങനെ കഴിയുന്നു അവര്‍ക്ക്‌?

ചോദ്യങ്ങള്‍ ഉള്ളില്‍ പമ്പരം ചുറ്റി ചുറ്റി ഒരു മയക്കത്തിലേക്കു വഴുതി വീഴ്ത്തി. ഉണരുമ്പോള്‍ വണ്ടി കടലുണ്ടിപ്പുഴയുടെ കുറുകെ കടക്കുന്നു. നനുക്കെ ചാറിക്കൊണ്ടിരുന്ന മഴയെ കാണാനേയില്ല. നിബിഡമായ കവുങ്ങിന്‍ തോപ്പുകള്‍ക്കു മേലെ മഞ്ഞ നിറമുള്ള വെയിലിന്റെ പ്രസാദം. പിടിച്ചു വലിക്കും പോലെ വണ്ടി പെട്ടെന്നു വലത്തോട്ടു തിരിഞ്ഞ്‌ ഇരമ്പി നിന്നു.

പാണക്കാട്‌ കൊടപ്പനയ്ക്കല്‍ തറവാട്‌. പാണക്കാട്‌ സയ്യിദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങളും മകന്‍ സയ്യിദ്‌ മുഹമ്മദവി ശിഹാബ്‌ തങ്ങളും പരത്തിയ പ്രകാശം ഈ വീടിനുമേല്‍ നേര്‍മയോടെ പൊതിഞ്ഞു നില്‍ക്കും പോലെ. പ്രകാശത്തിന്റെ സ്ഫടികത്തലപ്പാവുള്ള വീട്‌. അവിടെ ഒറ്റയടിവച്ചു മൃദുവായി മാത്രമേ നടക്കാവൂ എന്നു തോന്നി.

നൂറിലധികം ആളുകള്‍ കൊടപ്പനയ്ക്കലെ വരാന്തയിലും മുറ്റത്തുമെല്ലാം ചിതറി നില്‍ക്കുന്നുണ്ട്‌. പലതരം വ്യാധികളാലും പ്രശ്നങ്ങളാലും മനസു ചിതറിയവരാണ്‌. കൊടപ്പനയ്ക്കലെ തങ്ങള്‍ പ്രാര്‍ഥനയോടെ നല്‍കുന്നതെന്തും അവര്‍ക്ക്‌ സര്‍വപ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ്‌.

മോള്‍ടെ കുട്ടിക്ക്‌ എന്നും വയറുവേദനന്നെ...മരുന്നു കഴിച്ചിട്ടും മാറണില്ല...ഇവിടുന്നുള്ള ഒരു നോട്ടം മതി, എല്ലാ വേദനേം മാറും കൊയിലാണ്ടിയില്‍ നിന്നു വന്ന നഫീസുമ്മ പ്രതീക്ഷയോടെ പറഞ്ഞു.

മൂന്നു പെണ്‍മക്കളുടെ ഉമ്മയായ ആമിന വന്നിരിക്കുന്നത്‌ മക്കളുടെ കല്യാണം ശരിയാവാത്തതിന്റെ നൊമ്പരവുമായിട്ടാണ്‌. വരാന്തയിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന്‌ അവര്‍ പറയുന്നു. ന്റെ കണ്ണീര്‌ ഇവിടുന്നു പോവുമ്പോ മാറും.

രോഗം മാറാത്ത ആട്ടിന്‍കുഞ്ഞുമായി തൃശൂരില്‍ നിന്ന്‌ കുടുംബസമേതം ജീപ്പിലെത്തിയിരിക്കുകയാണ്‌ ഉസ്മാന്‍. അടക്കിപ്പിടിച്ച വേദനകളുടെ നിശബ്ദ മര്‍മരം ഇപ്പോള്‍ കേള്‍ക്കാനാവുന്നുണ്ട്‌. തീര്‍ഥാടനത്തിനെന്ന പോലെയാണ്‌ ഓരോ കണ്ണുകളും. നിറഞ്ഞ്‌, എന്നാല്‍ തുളുമ്പാതെ.

സാന്ത്വനം കുറിക്കുമ്പോള്‍


വരാന്തയിലെ പഴയ അഞ്ചു പലകയുടെ വട്ടമേശയ്ക്കരികിലിരുന്നു സാന്ത്വനം കുറിക്കുകയാണ്‌ പാണക്കാട്‌ സയ്യിദ്‌ മുനവറലി ശിഹാബ്‌ തങ്ങള്‍. മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ഇയള പുത്രന്‍. ചെറുപ്പം മുതല്‍ കാണുന്നത്‌ ജാതിമതഭേദമി ല്ലാതെ എല്ലാവര്‍ക്കുമായി തുറന്നു കിടക്കുന്ന ഈ വാതിലുകളാണ്‌. സങ്കടം പറയാന്‍ എത്തുന്നവര്‍ക്കായിരുന്നു ഇവിടെ എന്നും പ്രഥമ പരിഗണന.

വല്യുപ്പ (പൂക്കോയ തങ്ങള്‍) ഉണ്ടായിരുന്നപ്പോള്‍ പാതിരാത്രി കഴിഞ്ഞു പോലും ആളുകള്‍ വന്ന്‌ വിളിച്ചുണര്‍ത്തുമായിരുന്നു. ദൂരദേശങ്ങളില്‍ നിന്നു വരുന്നവര്‍ക്കു താമസവും ഭക്ഷമവുമെല്ലാം അന്നു നല്‍കിയിരുന്നു. ഈ ഓര്‍മകള്‍ നിലനിറുത്തിക്കൊണ്ട്‌ എല്ലാ ചൊവ്വാഴ്ചയും ഇവിടെ വരുന്നവര്‍ക്കു കഞ്ഞി നല്‍കുന്നുണ്ട്‌, ഇപ്പോഴും.

മനസിന്റെ ഭ്രാന്തന്‍ വേദനകള്‍ ശമിച്ചതിനു കുടകിലെ ഒരു മരപ്പണിക്കാരന്‍ വല്യുപ്പയ്ക്കു സമ്മാനിച്ച വിശേഷ പണിയുള്ള വട്ടമേശമേല്‍ വിരലോടിച്ച്‌ മുനവറലി തങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു. അന്ന്‌ ഈ മേശയും ഈ വരാന്തയും ചിലപ്പോള്‍ ആശുപത്രി, ചിലപ്പോള്‍ കോടതി ചിലപ്പോള്‍ രാപകലില്ലാതെ നീളുന്ന രാഷ്ട്രീയ ചര്‍ച്ചകളുടെ വേദി....

മനസുകളെ മാറ്റുന്ന ശക്തി


വ്യക്തിപ്രഭാവവും ആജ്ഞാശക്തിയും കൊണ്ടു നിമിഷങ്ങള്‍ക്കുള്ളില്‍ ആളുകള്‍ക്കു മനപരിവര്‍ത്തനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്ന ആളായിരുന്നു അഹമ്മദ്‌ പൂക്കോയ തങ്ങള്‍. ഒരിക്കല്‍ ഒരു തിരഞ്ഞെടുപ്പു കാലം. ഇവിടെ തിരക്കിട്ട്‌ രാഷ്ട്രീയ ചര്‍ച്ച നടക്കുകയായിരുന്നു. മുനവറലിയുടെ ജ്യേഷ്ഠന്‍ ബഷീര്‍ അലി തങ്ങള്‍ വല്യുപ്പയെ ക്കുറിച്ച്‌ കേട്ടറിവുള്ള ഒരു കഥ പറഞ്ഞു. വലിയ നേതാക്കള്‍ എല്ലാം എത്തിയിട്ടുണ്ടാ യിരുന്നു ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കിടയില്‍ മുറ്റത്തുനിന്ന്‌ നിലവിളി കേട്ടു. അച്ഛനും ജ്യേഷ്ഠന്‍മാരും അടക്കിപ്പിടിച്ചിട്ടും കുതറിച്ചാടുന്ന മാനസിക രോഗിയായ മകന്‍. ആരോ ഇക്കാര്യം വല്യുപ്പയെ അറിയിച്ചു.

വല്യുപ്പ ചുറ്റും നടക്കുന്നതില്‍ നിന്ന്‌ പെട്ടെന്ന്‌ ഉള്‍വലിഞ്ഞിട്ടെന്ന പോലെ പ്രാര്‍ഥനകള്‍ മന്ത്രിച്ചു തുടങ്ങി. പിന്നെ നടന്നു പൂമുഖത്തെ കസേരയില്‍ വന്നിരുന്നു. ബഹളക്കാരനായ രോഗി ശാന്തനായി പതിയെ നടന്നു വല്യുപ്പയുടെ അടുത്തെത്തി. വല്യുപ്പ മന്ദഹസിച്ച്‌ അയാളുടെ വിരലുകളില്‍ തഴുകി ചോദിച്ചു. ഇനി
എന്താണ്‌ വേണ്ടത്‌? ഒന്നും വേണ്ട അയാള്‍ പറഞ്ഞു. അവരെ യാത്രയാക്കി ഒന്നും സംഭവിക്കാത്ത പോലെ വല്യുപ്പ മുറിയിലെത്തി ചര്‍ച്ച തുടര്‍ന്നു.

അവിശ്വസനീയം എന്നു തോന്നുന്നത്ര അദ്ഭുതകരമായ സംഭവങ്ങളുടെ കൊടപ്പനയ്ക്കല്‍ തറവാടിന്റെ മുറ്റത്തു നടന്നിട്ടുണ്ട്‌. ഒരിക്കല്‍ മൂര്‍ഖന്‍ കാലില്‍ ചുറ്റിയ പെണ്‍കുട്ടിയുമായി ബന്ധുക്കള്‍ നിലവിളിച്ചു കൊണ്ടുവന്നു. എത്ര ശ്രമിച്ചിട്ടും പാമ്പ്‌ ഇറങ്ങുന്നില്ല. വല്യുപ്പ പൂമുഖത്തുവന്നു പെണ്‍കുട്ടിയെ കണ്ടു. എങ്കില്‍ പിന്നെ കീരി വരട്ടെ എന്ന്‌ ഉറക്കെ ആജ്ഞാപിച്ചു. എവിടെനിന്നെന്നറിയില്ല കീരി എത്തുകയും പാമ്പിനെ കടിച്ചു കുടയുകയും ചെയ്തു. കേള്‍ക്കുമ്പോള്‍ കെട്ടുകഥയെന്നു തോന്നാം. എന്നാല്‍, ഈ സംഭവത്തിനു സാക്ഷികളായവര്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്‌. ബഷീറലി പറയുന്നു.

എല്ലാത്തിനും തീര്‍പ്പു കല്‍പിക്കുന്ന വീട്‌

കുടുംബപ്രശ്നങ്ങളും അതിരു തര്‍ക്കങ്ങളും സ്വത്തു തര്‍ക്കങ്ങളുമെല്ലാം പരിഹരിക്കപ്പെടുന്ന കോടതിയായി ഇടയ്ക്കു മാറുമായിരുന്നു കൊടപ്പനയ്ക്കല്‍ തറവാട്‌. പൂക്കോയ തങ്ങളും പിന്നീടു മുഹമ്മദലി തങ്ങളും ഇരുകൂട്ടരുടെയും വാദഗതികള്‍ നിശബ്ദമായി കേള്‍ക്കും. പിന്നെ എടുക്കുന്ന തീരുമാനം നല്ലതാവട്ടെ എന്ന പ്രാര്‍ഥന. അതിനു ശേഷമാണ്‌ തീരുമാനം കല്‍പിക്കുക. വലിയ കേസുകളാണെങ്കില്‍ തന്റെ വിശ്വസ്തരെ അതാതു സ്ഥലങ്ങളില്‍ വിട്ട്‌ അന്വേഷിപ്പിച്ച ശേഷമേ തീരുമാനം എടുക്കൂ. കോടതികളില്‍ നടക്കുന്ന കേസുകള്‍ പോലും കൊടപ്പനയ്ക്കല്‍ ഒത്തുതീര്‍പ്പിന്‌ എത്താറുണ്ടായിരുന്നു. ഇരു വിഭാഗത്തിന്റെയും പൂര്‍ണ സംതൃപ്തിയോടെ കേസ്‌ ഒത്തുതീര്‍പ്പാക്കി ഒപ്പ്‌ രേഖപ്പെടുത്തിയ രജിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും.

ജനങ്ങള്‍ക്കു വല്യുപ്പയെ വിശ്വാസമായിരുന്നു.

തങ്ങള്‍ പറഞ്ഞാല്‍ അതിനപ്പുറം ഒന്നുമില്ല എന്നു കരുതുന്ന അവര്‍ക്കു വേണ്ടി മാത്രമാണ്‌ വല്യുപ്പ രാഷ്ട്രീയത്തിലെത്തുന്നതും മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം വരെ ഏറ്റെടുത്തതും. 1975ല്‍ മുസ്ലിം ലീഗ്‌ പിളര്‍ന്നപ്പോള്‍ ജനങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി പൂക്കോയ തങ്ങള്‍ക്കൊപ്പം നിന്നു. അതേ വര്‍ഷം തന്നെയാണ്‌ പൂക്കോയ തങ്ങള്‍ രോഗബാധിതനാവുന്നതും മരണപ്പെടുന്നതും. പൂക്കോയ തങ്ങളുടെ മരണശേഷം മൂത്തമകനായ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ കൊടപ്പനയ്ക്കല്‍ വീടിന്റെ ചൈതന്യമായി. വല്യുപ്പയെക്കുറിച്ച്‌ കേട്ടറിവാണു കൂടുതലെങ്കില്‍ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ മക്കള്‍ക്കു സ്വയം ഒരു ഭൂപടമായി മാറി. ശരികള്‍ കണ്ടെത്താന്‍ വഴികാട്ടുന്ന ഭൂപടം.

പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കിനിടയിലും ഞങ്ങളുടെ ഓരോ ആവശ്യങ്ങളും ഉപ്പ അറിയുമായിരുന്നു. മുനവര്‍ അലി പറഞ്ഞു. കുട്ടികളായിരുന്നപ്പോ പലപ്പോഴും യാത്രയില്‍ കൂടെക്കൂട്ടും. കൊയിലാണ്ടി വഴിയുള്ള യാത്രയാണെങ്കില്‍ ഞങ്ങളെ ഉമ്മാന്റെ വീട്ടിലിറക്കും. ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ്‌. യാത്രയ്ക്കിടയില്‍ ടെലിഫോണ്‍ ബൂത്തിനരികില്‍ വണ്ടി നിര്‍ത്തി എന്നെ ഫോണ്‍ ചെയ്യാനയച്ചു. ഫോണ്‍ ചെയ്തു തിരിഞ്ഞു നോക്കുമ്പോള്‍ ബാപ്പ തൊട്ടു പിന്നില്‍. എനിക്കു മാത്രമല്ല. ആദ്യമായി കാണുന്നവര്‍ക്കു പോലും താന്‍ കൂടെയുണ്ടെന്ന തോന്നല്‍ ബാപ്പ നല്‍കിയിരുന്നു.

മുസ്ലിം ലീഗിന്റെ പ്രശസ്ത നേതാവായിരുന്ന സയ്യിദ്‌ അബ്ദുള്‍ റഹ്മാന്‍ ബാഫഖി തങ്ങളുടെ മകള്‍ ഷെരീഫാ ഫാത്വിമ ബീവിയെയാണ്‌ ശിഹാബ്‌ തങ്ങള്‍ വിവാഹം ചെയ്തത്‌. സുഹ്‌റാ ബീവി, സമീറ ബീവി, സയ്യിദ്‌ മുനവര്‍ അലി ശിഹാബ്‌ തങ്ങള്‍ ഇങ്ങനെ അഞ്ചുമക്കളായിരുന്നു ഈ ദമ്പതിമാര്‍ക്ക്‌. ഒരു വലിയ കൂട്ടുകുടുംബമായിരുന്നു ഈ തറവാട്‌. ബാപ്പയുടെ അഞ്ചു സഹോദരങ്ങളും അവരുടെ മക്കളും. ഒരു പാട്‌ കുട്ടികള്‍ ചിരിച്ചും തിമര്‍ത്തും ഓടി നടക്കും. എല്ലാത്തിനും ചുക്കാന്‍ പിടിച്ച്‌ ഉമ്മയും.

വേദനകളിലേക്കു ക്ഷണം


അല്‍പം കൂടി മുതിര്‍ന്നപ്പോള്‍ പൂമുഖത്ത്‌ വിഷമം പറയുന്നവരുടെ ഒപ്പമിരിക്കാന്‍ ശിഹാബ്‌ തങ്ങള്‍ ആണ്‍മക്കളേയും ക്ഷണിച്ചു. ഒരു നിവൃത്തിയുമില്ലാതാവുമ്പോഴാണ്‌ പലരും കെടപ്പനയ്ക്കലെ മുറ്റം കടന്നെത്തുന്നത്‌. ആരോടും പങ്കുവയ്ക്കാനാവാത്ത കാര്യങ്ങള്‍ ദൈവത്തോടു പറയും പോലെയാണ്‌ അവര്‍ ഒഴുക്കുക.

സങ്കടപ്പുഴയുടെ തീരത്ത്‌ ഏറെനേരമിരിക്കാനാവാതെ വീര്‍പ്പുമുട്ടുമ്പോള്‍ ബാപ്പയുടെ മുഖത്തേക്കു നോക്കും. ഭാവഭേദമില്ലാതെ നിശബ്ദനായിരുന്നു മനസുകൊണ്ട്‌ സംവദിക്കുന്നതായി തോന്നും. മലേഷ്യന്‍ നാഷനല്‍ യൂണിവേഴ്സിറ്റിയിലാണ്‌ മുനവര്‍ അലി തങ്ങള്‍ പഠിച്ചത്‌. ഇന്റര്‍നാഷനല്‍ റിലേഷന്‍സ്‌ പഠിക്കണമെന്നും രാജ്യാന്തര തലത്തില്‍ അറിയപ്പെടണമെന്നും അന്ന്‌ ആഗ്രഹിക്കുമായിരുന്നു. അതു തെറ്റാണെന്ന്‌ പിന്നെ മനസിലായി. ലോകത്തെ ഏറ്റവും നല്ല പ്രൊഫഷനേക്കാള്‍ മികച്ചതാണ്‌ ഈ വീടും ജീവിതവും.

അനുഗ്രഹങ്ങള്‍ തേടി


മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ സഹോദരങ്ങളും തറവാടിന്‌ അരികെ തന്നെയുണ്ട്‌. പൂക്കോയ തങ്ങളുടെ മൂന്നാമത്തെ പുത്രനും മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റുമായ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ വീട്ടിലെത്തുമ്പോള്‍ അവിടെ അനുജന്‍മാരായ സ്വാദിഖലി ശിഹാബ്‌ തങ്ങളും അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങളുമുണ്ട്‌. സന്ദര്‍ശിക്കാനും അനുഗ്രഹം തേടാനുമായി മുറ്റം നിറയെ ആളുകളും.

സഹോദരങ്ങളുടെയെല്ലാം പേരില്‍ അലി അലിഞ്ഞു ചേര്‍ന്നതിന്റെ രഹസ്യം പറഞ്ഞത്‌ ഹൈദരലി ശിഹാബ്‌ തങ്ങളാണ്‌. ഞങ്ങളുടെ പിതാവ്‌ പൂക്കോയ തങ്ങളുടെ ചെറുപ്പത്തില്‍ അദ്ദേഹത്തിന്റെ ബാപ്പ മരിച്ചു. വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം പിതൃസഹോദരനായ അലി പൂക്കോയ തങ്ങളാണ്‌. മക്കളില്ലാതിരുന്ന അദ്ദേഹമാണ്‌ കൊടപ്പനയ്ക്കല്‍ തറവാട്‌ സഹോദരപുത്രനു നല്‍കിയത്‌. അലി പൂക്കോയ തങ്ങളുടെ ഓര്‍മനിലനിറുത്താനാണ്‌ മക്കളുടെയെല്ലാം പേരുകള്‍ക്കൊപ്പം ബാപ്പ അലി എന്നു ചേര്‍ത്തത്‌.

മുഹമ്മദ്‌ നബിയുടെ പേരമകനായ ഇമാം ഹുസൈനിന്റെ പിന്‍മുറക്കാരനാണ്‌ പാണക്കാട്‌ തങ്ങള്‍ വംശം. അറബ്‌ നാട്ടില്‍ നിന്നും കച്ചവടത്തിനായി വളപട്ടണത്തെത്തിയ സയ്യിദ്‌ ശിഹാബുദ്ദീന്‍ അലിയ്യുല്‍ ഹള്‌റമിയുടെ പിന്‍മുറക്കാര്‍ മലപ്പുറത്തു വന്നു. സ്വാതന്ത്യ്രസമരസേനാനി കൂടിയായ സയ്യിദ്‌ ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ ശിഹാബുദ്ദീന്‍ വഴിയാണ്‌ ശിഹാബ്‌ കുടുംബം പാണക്കാട്‌ എത്തുന്നത്‌. സ്വാദിഖലി കുടുംബത്തിന്റെ ചരിത്രം വിശദമാക്കി.

ചരിത്ര പുരുഷന്‍മാര്‍


പിതാമഹന്‍മാരില്‍ പലരും ചരിത്രത്തില്‍ ഇടംപിടിച്ചവരാണ്‌. പാണക്കാട്‌ ആറ്റുക്കോയ തങ്ങള്‍ ബ്രിട്ടീഷ്‌ വിരുദ്ധ പോരാളിയായിരുന്നു. മാപ്പിള ആക്ടിന്റെ പേരില്‍ നൂറുകണക്കിനുപേരെ നാടുകടത്തുകയും പിഴ ചുമത്തുകയും ചെയ്ത ബ്രിട്ടീഷുകാര്‍ക്കെതിരെ ശ്കതമായ നിലപാടു സ്വീകരിച്ച അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്ത്‌ വെല്ലൂര്‍ ജയിലില്‍ കൊണ്ടുപോയി.

യാത്രാ മധ്യേ ആറ്റക്കോയ തങ്ങള്‍ നിസ്കരിക്കാനാഗ്രഹിച്ചപ്പോള്‍ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. പക്ഷേ, ഭാരതപ്പുഴയ്ക്കരികിലെത്തിയപ്പോള്‍ ട്രെയിന്‍ തനിയെ നിന്നു. ഉദ്യോഗസ്ഥര്‍ കിണഞ്ഞു ശ്രമിച്ചിട്ടും വണ്ടി മുന്നോട്ടു നീങ്ങിയില്ലത്രെ. തങ്ങള്‍ പുഴക്കരികില്‍ ഇറങ്ങി, അംഗശുദ്ധി വരുത്തി, നിസ്കരിച്ച്‌ തിരിച്ചു കയറിയശേഷം മാത്രമാണ ട്രെയിന്‍ ഓടിത്തുടങ്ങിയത്‌. ഈ സ്ഥലമാണ്‌ പിന്നീട്‌ ലക്കിടി റയില്‍വേസ്റ്റേഷനായി മാറിയതെന്നു പറയപ്പെടുന്നു. ജയില്‍വാസക്കാലത്ത്‌ ധാരാളം പേരെ സന്‍മാര്‍ഗികളാക്കിയ ആറ്റക്കോയ തങ്ങളുടെ ജീവന്‍ ജയിലിനുള്ളില്‍ തന്നെ പൊലിയുകയായിരുന്നു.

ജനസമ്മതി ഉണ്ടെങ്കിലും കുടുംബത്തില്‍ നിന്ന്‌ ആരും ഇതുവരെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. ചിരിയോടെ അബ്ബാസ്‌ അലി പറയുന്നു. അതു ബാപ്പയുടെ തീരുമാനമായിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കുറച്ചുപേരെങ്കിലും മറു ചേരിയിലാകും. ജയിച്ചാലും തോറ്റാലും അവര്‍ക്കു നമ്മുടെ മനസില്‍ ശത്രുക്കളുടെ സ്ഥാനമാണ്‌. അതുവേണ്ട, നമുക്കു മിത്രങ്ങളും സ്നേഹിതരും മാത്രം മതി.

യാത്രയാക്കുമ്പോള്‍ ഹൈദരലി തങ്ങള്‍ ഇത്രകൂടി പറഞ്ഞു. ഒരു വിളക്കു കൊളുത്തി വച്ചിട്ട്‌ അണയാതെ നോക്കണം എന്നു, പറയാതെ പറഞ്ഞാണ്‌ പൂര്‍വികരെല്ലാം മണ്‍മറഞ്ഞത്‌. ജനങ്ങളുടെ സ്നേഹവും വിശ്വാസവും നിലനില്‍ക്കുന്നത്‌ അവരുടെ അനുഗ്രഹം കൊണ്ടു കൂടിയാണ്‌.

മടങ്ങും മുമ്പ്‌ ഒരിക്കല്‍ കൂടി കൊടപ്പനയ്ക്കലെത്തി. സൌമ്യവും ആര്‍ദ്രവും ചാന്ദ്രപ്രഭയുള്ളതുമായ ആരുടെയൊക്കെയോ സാന്നിധ്യം അവിടെയുണ്ട്‌. നിഗൂഢമായ ലിപിയില്‍ അവര്‍ എഴുതിയ ഭാഷ ഇപ്പോള്‍ വായിക്കാനാവുന്നുണ്ട്‌. എന്നിട്ടും എന്തൊക്കെയോ ഇനിയും കേള്‍ക്കാനും അറിയാനും ബാക്കിയുണ്ടെന്ന തോന്നല്‍. തിരികെ സഞ്ചരിക്കേണ്ട വഴികളെ ഓര്‍മിച്ചു വാഹനം മൂളിത്തുടങ്ങി. എന്നിട്ടും ബാല്യത്തിന്റെ ദുശാഠ്യത്തോടെ അല്‍പനേരം കൂടി അവിടെ നിന്നു. കാണാത്ത പൂക്കളുടെ സുഗന്ധം അതെത്ര മനോഹരമാണ്‌.

Copyright: Malayala Manorama
Link: Click Here

1 comment:

കാസിം തങ്ങള്‍ said...

പാണാക്കാട് കുടുംബം മുസ്‌ലിം കൈരളിക്ക് ഒരനുഗ്രഹം തന്നെയാണ്.

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക