സ്നേഹ ചന്ദ്രിക - ശിഹാബ് തങ്ങളുമായി എം.കെ മുനീര്‍ നടത്തിയ അഭിമുഖം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ്‌ പദവിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുമായി  മലയാള മനോരമക്ക് വേണ്ടി യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം.കെ മുനീര്‍ എം.എല്‍.എ നടത്തിയ അഭിമുഖം. (മലയാള മനോരമ - 2001 ജനുവരി 28 ഞായര്‍)

എം.ഇ.എസ്‌ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്‌ കഴിഞ്ഞു യു.എ ഇയില്‍ നിന്നും തിരിച്ചെത്തിയതായിരുന്നു പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍.വെള്ളിയാഴ്ച്ച രാത്രി മൂന്ന്‌ മണിക്ക്‌ അബൂദാബിയില്‍ നിന്ന്‌ വിമാനം കയറിയതാണ്‌.വിമാനത്തിനകത്തും ഉറങ്ങാനായിട്ടില്ല.ഉറക്കച്ചടവ്‌ മുഖത്തുണ്ടെങ്കിലും ഉന്‍മേഷം വെടിയാതെ രാത്രി 11 മണിക്കും കൊടപ്പനക്കല്‍ തറവാടിന്റെ സജീവതയായി ശിഹാബ്‌ തങ്ങള്‍ സന്ദര്‍ശകര്‍ക്കിടയിലാണ്‌.
ഇടക്കിടെ ടെലഫോണ്‍ ശബ്ദിക്കുന്നു.ശിഹാബ്‌ തങ്ങള്‍ തന്നെ നേരിട്ട്‌ കോളുകള്‍ക്ക്‌ മറുപടി നല്‍കുന്നു.ഏറെ ഫോണുകളും നാദപുരത്ത്‌ നിന്നാണ്‌.അവരിലേക്ക്‌ സാന്ത്വനത്തിന്റെ തെളിനീരായി അദ്ധേഹത്തിന്റെ ആശ്വാസവാക്കുകള്‍: പെയ്തിറങ്ങുന്നു.

"വിഷമിക്കാതിരിക്കൂ.എല്ലാറ്റിനും സര്‍വ്വ ശക്തന്‍ വഴി കാണിച്ചുതരും ഞങ്ങള്‍ വേണ്ടുന്നതെല്ലാം ചെയ്യുന്നുണ്ട്‌."

ഫോണ്‍ വെച്ച ശേഷം ഞങ്ങളോടായി തങ്ങള്‍ പറഞ്ഞു."നാദാപുരത്ത്‌ നിന്ന്‌ ഒരു സഹോദരിയാണ'. അവള്‍ ആകെ ഭയന്നിരിക്കുന്നു.അവളുടെ ആങ്ങളമാരൊക്കെ ഗള്‍ഫിലണത്രേ.വീട്ടില്‍ സ്ത്രീകള്‍ തനിച്ചാണ്‌.അവര്‍ എന്നോട്‌ പൊട്ടിക്കരഞ്ഞു കൊണ്ട്‌ നൊമ്പരങ്ങള്‍ എണ്ണിപറയുകയായിരുന്നു.

അതിനിടെ തന്നെ കാണാന്‍ വന്ന എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നേതാവ്‌ സമദ്‌ പൂക്കോട്ടൂരുമായി അല്‍പസമയം ചിലവഴിക്കുന്നു. പിന്നീട്‌ അകത്തു പോയി സ്വന്തമായി ചായയും കയ്യിലെടുത്ത്‌ അരികില്‍ വന്നിരിക്കുന്നു.

"എന്താ മുനീര്‍ ഈ സമയത്ത്‌"

മലയാള മനോരമക്ക്‌ വേണ്ടി ഒരു അഭിമുഖം വേണം. അല്‍പം സ്വകാര്യനിമിഷങ്ങളെ കുറിച്ച്‌. പിന്നെ കുറച്ച്‌ പഴയകാല സ്മരണകളും. ബുദ്ധിമുട്ടാകുമോ ?

'ഹേയ്‌ ഇല്ല. എന്തൊക്കെയാ അറിയേണ്ടത്‌. പല മാസികകളിലുമായി കുറെയൊക്കെ വന്നതല്ലേ? ഇനി ആര്‍ക്കാണ്‌ ഈ വിഷയത്തിലൊക്കെ താല്‍പര്യം.
അങ്ങനെയല്ല. അങ്ങയെ കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക്‌ എന്നും സന്തോഷമാണ്‌. ആ അറിവുകള്‍ അവര്‍ക്ക്‌ വലിയ ഒരനുഭൂതി നല്‍കുന്നു.

അതൊക്കെ പോട്ടെ എന്നാല്‍ ചോദ്യത്തിലേക്ക്‌ കടന്നോളൂ. • ബഹുമാനപ്പെട്ട തങ്ങള്‍ ഒഴിവ്‌ കാലം എങ്ങനെ ചിലവഴിക്കുന്നു. പ്രത്യേക താല്‍പര്യങ്ങള്‍ ?


 • ഒഴിവ്‌ സമയം നന്നേ കുറവാണ്‌.പക്ഷേ അങ്ങനെ ലഭിച്ചാല്‍ കുടുംബവുമായി ചിലവഴിക്കും.- പിന്നെ വീടിന്റെ പിന്നില്‍ ഒരു പൂന്തോട്ടമുണ്ട്‌. അവിടെയാണ്‌ കുറേ സമയം.


 • പൂന്തോട്ടത്തില്‍ ഏതെല്ലാം ചെടികളുണ്ട്‌ ?


 • പല തരം പൂക്കളുണ്ട്‌. പിന്നെ ബോണ്‍സായിയും


 • ബോണ്‍സായിയെ കുറിച്ച്‌ എങ്ങനെ അറിഞ്ഞു ?


 • പണ്ട്‌ വയനാട്ടില്‍ ഉഷ നഴ്സറി നടത്തിയ ഒരു സുഹൃത്തുണ്ടായിരുന്നു. ഇന്ന്‌ ജീവിച്ചിരിപ്പില്ല. രണ്ട്‌ മക്കളൂണ്ട്‌. അദ്ധേഹത്തിന്റെ നഴ്സറിയിലാണ്‌ ഒരു ആല്‍ മരത്തിന്റെ ബോണ്‍സായി കണ്ടത്‌.ആല്‍ മരത്തിന്റെ ഒരു " മിനിയേച്ചര്‍" ഒരു ചട്ടിയില്‍ ഒതുങ്ങി നില്‍ക്കുന്നത്‌ ക്ണ്ടപ്പോള്‍ കൌതുകം തോന്നി. അന്ന്‌ തൂടങ്ങിയതാണ്‌ ബോണ്‍സായി ശേഖരിക്കാന്‍. ഇന്ന്‌ നാലഞ്ച്‌ ബോണ്‍സായി വീടിന്റെ പിന്നിലെ പൂന്തോട്ടത്തിലുണ്ട്‌.അതില്‍ 12 വര്‍ഷം വളര്‍ച്ചയെത്തിയ ഒരെണ്ണമുണ്ട്‌.


 • പൂക്കള്‍ ഇഷ്ടമാണോ ?


 • ഇഷടമാണെന്നോ ?നീലക്കുറുഞ്ഞി പൂത്തു എന്ന വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ അത്‌ തേടിപ്പോയിട്ടുണ്ട്‌.(ഇടുക്കിയില്‍ പൂത്ത്‌ നില്‍ക്കുന്ന പൂക്കള്‍ക്കിടയില്‍ ശിഹാബ്‌ തങ്ങള്‍ നില്‍ക്കുന്ന ഫോട്ടോ മുന്‍പ്‌ ഒരിക്കല്‍ അദ്ധേഹം കാണിച്ച്‌ തന്നപ്പോള്‍ ഞാനോര്‍ത്തു.)


 • ഈജിപ്തിലെ വിദ്യാര്‍ഥി ജീവിതത്തെ കുറിച്ച്‌ ?


 • ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്‌ കെയ്‌റൊവിലേത്‌.വിശ്വപ്രസിദ്ധമായ അല്‍ അസ്‌ ഹറിലും കെയ്‌റോ യൂണിവേര്‍സിറ്റിയിലും പഠിക്കാന്‍ അവസരമുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അവിടെ പഠിച്ചിരുന്നു.


 • സഹപാടികളിലെ പ്രമുഖര്‍ ആരൊക്കെയായിരുന്നു ?


 • മാലെ ദ്വീപ്‌ പ്രസിഡന്റ്‌ മാമൂസ അബ്ദുല്‍ ഖയ്യൂം, വിദേശകാര്യ മന്ത്രി ക്ഷഥ്‌ ജമാലും സഹപാടികളായിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമായുടെ സെക്രട്ടറിയായിരുന്ന മൌലാന പറവണ്ണയുടെ മകന്‍ മുഹമ്മദ്‌ ബഷീറടക്കമുള്ള കുറെ മലയാളി വിദ്യാര്‍ത്ഥികളും അവിടെ പഠിച്ചിരുന്നു.


 • അന്ന്‌ ഇഷടപെട്ട സാഹിത്യകാരന്‍ ആരായിരുന്നു ?


 • പ്രശസ്ഥ അറബി കാഥികനായ മുഹമ്മദ്‌ തൈമൂറിന്റെ കഥകള്‍ , അറബ്‌ ചിന്തകനായ അബാസ്‌ മഹമൂദ്‌ ഹഖാത്തിന്റെ പ്രശസ്ത അറബി പത്രമായ അല്‍ അഹ്‌റമിന്റെയും എഡിറ്റര്‍ മുഹമ്മദ്‌
  ഹൈഖലിന്റെയും പ്രതിവര ലേഖനങ്ങള്‍ എനിക്ക്‌ വളരെ ഇഷ്ടമായിരുന്നു.


 • ഈജിപ്തിലെ അവിസ്മരണീയമായ ഓര്‍മകള്‍ ?


 • ഒരിക്കല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഈജിപ്തില്‍ വന്നപോള്‍ ഇന്ത്യന്‍ എംബസ്സിയില്‍ വെച്ച്‌ പണ്ഡിറ്റ്ജിയെ കാണാന്‍ അവസരമുണ്ടായി. അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ ആര്‍.കെ നെഹ്രുവായിരുന്നു. ഞങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചെന്നപ്പോള്‍ അവിടെ നെഹ്രു മാത്രമല്ല, കേണല്‍ നാസറുമുണ്ട്‌. ചേരി രഹിത രാഷ്ട്ര സഖ്യത്തിന്റെ നായകരായി നെഹ്രു - നാസര്‍-ടിറ്റോ അച്ചു തണ്ട്‌ അന്ന്‌ ശക്തമാണ്‌. അവര്‍ ഉറ്റ സുഹൃത്തുക്കളായിരുന്നു. നെഹ്രുവിനും നാസറിനുമൊപ്പം ഞങ്ങള്‍ ഫോട്ടോ എടുത്തു. നെഹ്രുവിന്റെ ഓട്ടൊഗ്രാഫ്‌ അന്ന്‌ ഞാന്‍ വാങ്ങിയിരുന്നു.


 • പണ്ഡിറ്റ്ജിയുടെ പെരുമാറ്റത്തെ കുറിച്ച്‌ ?


 • വളരെ നല്ല പെരുമാറ്റമാണ്‌. കൊച്ചു കുട്ടികളോടപ്പം ഓടിച്ചാടി നടക്കും.അവരുടെ ചെവി പിടിച്ച്‌ തിരിച്ച്‌ തമാശയുണ്ടാക്കും.ഈജിപ്ഷ്യന്‍ പ്രസിഡന്റ്‌ നാസറിനോടപ്പം കാണുമ്പോള്‍ വളരെ റിലാക്സ്ഡ്‌ ആയി കാണപ്പെട്ടു. ഞങ്ങളോട്‌ സയന്‍സ്‌ കോഴ്സ്‌ കോളേജിലുണ്ടൊ എന്ന്‌ ചോദിച്ചു.സയന്‍സ്‌ വിഷയം അത്രയേറെ താല്‍പര്യമുള്ള വിഷയമായിരുന്നു. ഈജിപ്തില്‍ വെച്ച്‌ തന്നെയാണ്‌ പിന്നീട്‌ നമ്മുടെ രാഷ്ട്രപതിയായ സക്കീര്‍ ഹുസൈനെ ഞാന്‍ കാണുന്നത്‌.അന്ന്‌ അദ്ധേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നു. അന്നത്തെ വിദ്യാഭ്യാസമന്ത്രി ഹൂമയൂണ്‍ കബീറിനേയും കാണാന്‍ അവസരമുണ്ടായി.


 • ചെറുപ്പകാലത്ത്‌ ഏറെ എഴുതാറൂണ്ടായിരുന്നല്ലോ?


 • കുറേ ലേഖനങ്ങള്‍ എഴുതിയിരുന്നു. മലയാളത്തിലെ ചില ആനുകാലികങ്ങള്‍ അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈജിപ്തിലെ പത്രപ്രവര്‍ത്തനം, സൂയസ്‌ കനാലും നാസര്‍ പദ്ധതിയും,ലൈലാ ഖാലിദിന്റെ ആത്മകഥ, പിരമിഡുകള്‍,ഇബ്‌നു സീനയുടെയും അല്‍ ബറൂനിയുടേയും ജീവചരിത്രം തുടങ്ങിയ ലേഖനങ്ങള്‍ വിദ്യാര്‍ഥി ജീവിതകാലത്ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഖലീല്‍ ജിബ്രാന്റെ ഒരു കഥ പരിഭാഷപ്പെടുത്തിയിരുന്നു.


 • പിതാവ്‌ പി.എം.എസ്‌.എ തങ്ങള്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ വീട്ടില്‍ എന്ത്‌ ചെയ്യുമായിരുന്നു?


 • മാളിക മുകളിലെ നിലയില്‍ പുസ്തകങ്ങള്‍ വായിച്ചു കഴിയും. പല അറബ്‌ പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും ഞാന്‍ വരുത്താറുണ്ടായിരുന്നു. വീട്ടില്‍ പിതാവിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക്‌ ചായ കൊടുക്കുക എന്നതായിരുന്നു മറ്റൊരു ജോലി. അധിക സമയവും വായന തന്നെയായിരുന്നു.


 • ഒരിക്കല്‍ ഉസ്ബകിസ്ഥാന്‍ റേഡിയോയ്ക്ക്‌ പ്രബന്ധമയച്ചിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌?


 • വളരെ മുന്‍പ്‌, അന്ന്‌ ഞാന്‍ നന്നായി തയ്യാറെടുത്തിരുന്നു.മോസ്കോ ന്യൂസും മറ്റും വായിച്ച്‌ തയ്യാറാക്കിയ ലേഖനത്തിന്‌ സമ്മതം കിട്ടുകയുണ്ടായി.


 • മുമ്പൊരിക്കല്‍ മുസ്ലിം ലീഗ്‌ പ്രസിഡന്റാകുന്നതിനു മുമ്പ്‌, ഹജ്ജ്‌ വൊളണ്ടിയര്‍ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. അനുഭവങ്ങള്‍ ഒന്ന്‌ വിശദീകരിക്കാമോ?


 • അന്ന്‌ കപ്പലിലായിരുന്നു ഹജ്ജ്‌ യാത്ര. 700 ല്‍ പരം മലയാളി ഹാജിമാര്‍ കപ്പലിലുണ്ടായിരുന്നു. ഇവര്‍ക്ക്‌ ആവശ്യമുള്ള സഹായങ്ങള്‍ ചെയ്യലും, നിര്‍ദ്ദേശങ്ങള്‍ നല്‍കലുമായിരുന്നു ചെയ്യേണ്ടിയിരുന്നത്‌.അന്ന്‌ ആ കപ്പലില്‍ ഹജ്ജ്‌ വെല്‍ഫയര്‍ ഓഫീസറായിരുന്ന ഡോ.കരീമിനെ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം യാദൃശ്ചികമായി ഈയ്യിടെ കാണൂകയുണ്ടായി. മറ്റൊരു വെല്‍ഫയര്‍ ഓഫീസരൂണ്ടായിരുന്നു, ഒരു ഹൈദരബാദുകാരന്‍.യാത്രക്കാരില്‍ പലര്‍ക്കും പനി പിടിച്ചിരുന്നു. കടല്‍ ഇളകിയാടൂമ്പോള്‍ ചിലര്‍ക്ക്‌ ചര്‍ദ്ധി വരും. 700 പേരെ സഹായിക്കാന്‍ രണ്ട്‌ ഹജ്ജ്‌ വൊളണ്ടിയര്‍മാര്‍ ആണ് ഉണ്ടായിരുന്നത്‌.മറ്റൊരാള്‍ പരേതനായപി.കെ ഉമ്മര്‍ഖാന്‍. രോഗം ബാധിച്ചവരെ ഡോക്ടറുടെ അടൂത്തെത്തിക്കാനും മരുന്ന്‌ നല്‍കാനുമൊക്കെ ഞങ്ങള്‍ സഹായികളായി ഉണ്ടാകും. എട്ട്‌ ദിവസം കൊണ്ടാണ്‌ മുബൈയില്‍ നിന്നും കപ്പല്‍ ജിദ്ധ തുറമുഖത്തെത്തിയത്‌ രോഗം ബാധിച്ചു വിഷമിക്കുന്നവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും കഴിഞ്ഞു എന്നത്‌ ചാരിതാര്‍ത്ഥ്യജനകമായ ഓര്‍മ്മയായി നില്‍ക്കുന്നു.
 • രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം?


 • മുമ്പ്‌ ഏറനാട്‌ താലൂക്ക്‌ മുസ്ലിം ലീഗ്‌ പ്രസിഡന്റായിരുന്നു. പിന്നെ പിതാവിന്റെ വിയോഗത്തിനു ശേഷം ബി.വി അബ്ദുള്ളക്കോയയും, സി.എച്ച്‌ മുഹമ്മദ്‌ കോയയും നിര്‍ബന്ധിച്ചപ്പോള്‍ ഈ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.


 • ഏതെല്ലാം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.?


 • മിക്ക അറബ്‌-ഗള്‍ഫ്‌ രാജ്യങ്ങളും സന്ദര്‍ശിച്ചു. പിന്നെ ബ്രിട്ടന്‍, ഫ്രാന്‍സും.കിഴക്ക്‌ ഭാഗത്ത്‌ മലേഷ്യ - സിംഗപ്പൂര്‍.


 • ഈ രാജ്യങ്ങളില്‍ വെച്ച്‌ ഇഷ്ടപെട്ട രാജ്യം (സംസ്കാരം നോക്കുകയണെങ്കില്‍ )?


 • ഈജിപ്ത്‌ തന്നെ. കാരണം 5000 വര്‍ഷത്തെ പഴക്കമുള്ള സംസ്കാരമാണ്‌.


 • അങ്ങ്‌ കാറില്‍ യാത്ര ചെയ്യുന്ന ആളാണല്ലോ.സ്വന്തമായി എപ്പോഴെങ്കിലും ഡ്രൈവ്‌ ചെയ്തിട്ടുണ്ടോ ?


 • പണ്ട്‌ ഡ്രൈവിങ്ങ്‌ പഠിക്കാന്‍ തുടങ്ങിയതാണ്‌. പിന്നെ തുടര്‍ന്നില്ല.


 • സ്ഥിരമായ വ്യായാമം വല്ലതും ഉണ്ടോ ?


 • ഇപ്പോള്‍ ഒന്നിനും സമയം കിട്ടുന്നില്ല. പണ്ട്‌ നന്നായി നടക്കാറുണ്ടായിരുന്നു. ഊരകം മലയുടെ മുകളില്‍ നടന്നു കയറുക രസകരമായിരുന്നു. മലപ്പുറത്തെ കുന്നിന്‍ മുകളിലും പണ്ട്‌ എത്രയോ ഞാന്‍ നടന്നിട്ടുണ്ട്‌. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ (കോഴിക്കോട്‌ എം.എം സ്കൂളില്‍ ബാഡ്മിന്റണ്‍ കളിക്കാറുണ്ടായിരുന്നു.അന്നത്തെ ഞങ്ങളുടെ സ്കൂളിലെ ബാഡ്മിന്റണ്‍ താരവും കോച്ചുമായിരുന്നു എം. ഹസന്‍കോയ. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന്‌ റിട്ടയര്‍ ചെയ്ത അദ്ധേഹത്തെ ഈയിടെ വീണ്ടും കണ്ടുമുട്ടി.


 • വിവാഹം എങ്ങനെയാ നടന്നത്‌?


 • (ചിരിക്കുന്നു . ഉള്ള്‌ നിറഞ്ഞ ചിരി.ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയുടെ സൌന്ദര്യം ആ ചിരിയി്ല്‍ ഊറിവരുന്നു.) അത്‌ അങ്ങനെയങ്ങ്‌ നടന്നു.

  സൌദി അറേബ്യയില്‍ നിന്ന്‌ യമനിലേക്ക്‌ മാറി താമസിച്ച പ്രവാചക കുടുംബത്തില്‍ നിന്ന്‌, പിന്നീട്‌ കണ്ണൂരിലെ അറക്കല്‍ രാജവംശത്തില്‍ നിന്ന്‌ വിവാഹം ചെയ്ത്‌ വളപട്ടണത്ത്‌ താമസമാക്കിയ അലി ശിഹാബുദ്ധീന്‍, അദ്ധേഹത്തിന്റെ പൌത്രന്‍ സയ്യിദ്‌ മുഹളാര്‍ പാണക്കാട്ട്‌ താമസമാക്കി. ആ യമനി സയ്യിദന്‍മാരുടെ പൌരാണിക പാരമ്പര്യവും , നൈലിന്റെയും പിരമിഡിന്റെയും നാട്ടില്‍ നിന്ന്‌ ആര്‍ജ്ജിച്ച വിജ്ഞാനവും കിഴക്കും പടിഞ്ഞാറും രാജ്യങ്ങളില്‍ നിന്ന്‌ യാത്രകളിലൂടെ നേടിയ അനുഭവവും സമന്വസ്വമായി സമ്മേളിച്ചു ഒരു സംസ്കൃതിയുടെ സുഗന്ധം പരത്തി കൊടപ്പനക്കല്‍ തറവാട്ടില്‍ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പരിലസിക്കുന്നു.


  മലയാള മനോരമ
  2001 ജനുവരി 28 ഞായര്‍

  No comments:

  Post a Comment

  ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക