ശിഹാബ്‌ തങ്ങള്‍

പ്രസിദ്ധ അറബി നോവലിസ്റ്റായ നജീബ്‌ മഹ്‌ഫൂദിന്‌ നോബല്‍ സമ്മാനം ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം. ആദരണീയനായ സയ്യിദ്‌ മുഹമ്മദ്‌ അലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടകനായ ഒരു പരിപാടിയില്‍ ആശംസാ പ്രസംഗകനായി എത്തിയതായിരുന്നു ഞാന്‍. യോഗം ആരംഭിക്കുന്നതിനു മുമ്പ്‌ തങ്ങളുമായി സംസാരിക്കാന്‍ വീണുകിട്ടിയ വിലപ്പെട്ട കുറച്ചു നിമിഷങ്ങള്‍.

കൈറോവില്‍ പഠിക്കുന്ന കാലത്ത്‌ നജീബ്‌ മഹ്‌ഫൂദിനെ കാണാന്‍ അവസരമുണ്ടായിട്ടുണ്ടോ? -ഞാന്‍ ഭവ്യതയോടെ ചോദിച്ചു. മറുപടി വിശദമായ ഒരു വിവരണമായിരുന്നു: നജീബ്‌ മഹ്‌ഫൂദിന്റെ അല്‍ബിദായ വന്നിഹായ മുതല്‍ പ്രധാന ഗ്രന്ഥങ്ങളെയും വീക്ഷണഗതികളെയും പറ്റി അദ്ദേഹം കുറേയേറെ പറഞ്ഞു. തങ്ങളില്‍ ഒരു സാഹിത്യാസ്വാദകനുണ്ടെന്ന്‌ ഞാന്‍ നേരത്തെ മനസ്സിലാക്കിയിരുന്നു. അദ്ദേഹം കൈറോ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ആധുനിക അറബി സാഹിത്യത്തെപ്പറ്റി ചന്ദ്രിക വാരാന്തപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ നിന്നാണ്‌ ഹുസൈന്‍ ഹൈക്കലിന്റെ സൈനബ എന്ന നോവലിന്റെ പ്രാധാന്യം ഞാന്‍ കണ്ടെത്തുന്നത്‌. ഈ ലേഖനത്തെ പിന്നെ എഴുത്തിലും പ്രസംഗത്തിലും ഞാന്‍ പലപ്പോഴും ഉദ്ധരിക്കാറുണ്ടായിരുന്നു. മുസ്‌ലിം സമുദായത്തിന്റെ രാഷ്‌ട്രീയ നേതൃത്വവും ജനസേവനവും ഏറ്റെടുത്തതില്‍ പിന്നെ തന്റെ സാഹിത്യപ്രേമത്തെ ഉള്ളില്‍ അടിച്ചമര്‍ത്താന്‍ അദ്ദേഹം നിര്‍ബന്ധിതനായി എന്നുവേണം കരുതാന്‍. എങ്കിലും തങ്ങള്‍ അപ്പപ്പോഴായി എഴുതിയിരുന്ന അറബി ലേഖനങ്ങളില്‍ ഈ സാഹിത്യവിചാരം പ്രകടമായിരുന്നു.

അല്‍അസ്‌ഹര്‍-കൈറോ യൂനിവേഴ്‌സിറ്റികളിലെ ഒമ്പത്‌ വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി വന്ന തങ്ങള്‍ 1975ല്‍ പിതാവ്‌ പൂക്കോയ തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന്‌ മുസ്‌ലിംലീഗിന്റെ അധ്യക്ഷ പദം ഏറ്റെടുത്തപ്പോള്‍ ഞാന്‍ അറബിയില്‍ ഒരു അനുമോദന സന്ദേശം ടൈപ്പ്‌ ചെയ്‌ത്‌ അദ്ദേഹത്തിന്‌ അയച്ചു. ഇത്‌ ഒരുപക്ഷേ, അദ്ദേഹത്തെ ആകര്‍ഷിച്ചിട്ടുണ്ടാകാം. എന്റെ ഭാര്യാപിതാവ്‌, മുസ്‌ലിംലീഗ്‌ നേതാവ്‌ എന്‍ വി അബ്‌ദുസ്സലാം മൗലവി അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ഈ സന്ദേശത്തെപ്പറ്റി സന്തോഷത്തോടെ സംസാരിച്ചു. മൗലവിയുടെ ബയാനുല്‍ ഇഅ്‌റാബ്‌ എന്ന അറബി വ്യാകരണഗ്രന്ഥത്തിന്‌ അറബിയില്‍ അവതാരിക എഴുതിയത്‌ തങ്ങള്‍ അവര്‍കളാണ്‌.

കൊടപ്പനക്കല്‍ പലവട്ടം സന്ദര്‍ശനം നടത്തിയിട്ടുണ്ട്‌. ചൊവ്വാഴ്‌ചകളിലെ അവിടുത്തെ കാഴ്‌ച വിസ്‌മയജനകമാണ്‌. വരാന്തയും മുറ്റവും നിറയെ ജനം. പുരുഷന്മാരും സ്‌ത്രീകളും. വഴക്കുകളും പ്രശ്‌നങ്ങളും തീര്‍ത്തു ആശ്വാസം ലഭിക്കാന്‍ എത്തുന്നവര്‍ അധികം. ഒരു ചൊവ്വാഴ്‌ച രാത്രി 9 മണിക്ക്‌ ആശ്വാസം തേടിപ്പോയ ഒരു സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. ഫാറൂഖ്‌ കോളെജ്‌ കാമ്പസിന്‌ പരിസരത്ത്‌ താമസിക്കുന്നവരെ ഇരുട്ടിലാക്കി യൂനിവേഴ്‌സിറ്റിയിലുള്ളവര്‍ക്ക്‌ ഇരട്ടി വെളിച്ചംനല്‍കാന്‍ വൈദ്യുതി ബോര്‍ഡിന്റെ ശ്രമം. വീട്‌ വെക്കാന്‍ 10 സെന്റ്‌ വാങ്ങിയവരുടെ കണ്ണീര്‌. നിറയെ തെങ്ങുകളുള്ള പ്രദേശം തരിശുഭൂമിയായി മാറുന്നു. വര്‍ഷങ്ങള്‍ നീണ്ട ആവലാതി സമര്‍പ്പണങ്ങളും പ്രതിഷേധ പ്രകടനങ്ങളും ഒന്നും ഫലം ചെയ്‌തില്ല. പണം ഒരുപാട്‌ ചെലവഴിച്ചു. അവസാനമാണ്‌ പാണക്കാട്ടെ ആശ്വാസകേന്ദ്രത്തിലെത്തുന്നത്‌. തങ്ങള്‍ എല്ലാം ശ്രദ്ധിച്ചുകേട്ടു. രേഖകള്‍ പരിശോധിച്ചു, അനീതിയാണെന്ന്‌ ബോധ്യമായി. ഞങ്ങളുടെ മുമ്പില്‍ വെച്ചു തന്നെ ഫോണ്‍ ചെയ്‌തു. പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഇത്‌ ഒരനുഭവത്തിന്റെ മാതൃക. വര്‍ത്തമാനം തുടങ്ങുമ്പോള്‍ മുസ്‌ലിം സമുദായത്തിലെ ഒരു പത്രം എന്ന നിലക്ക്‌ തങ്ങളെ അറിയിക്കാന്‍ തീരുമാനിച്ചു. പുറത്ത്‌ വലിയ തിരക്ക്‌. അകത്തേക്ക്‌ വിളിച്ചിരുത്തി. എല്ലാം ശ്രദ്ധിച്ചുകേട്ടു. ഒറ്റ നിര്‍ദേശം മാത്രം. ചന്ദ്രികയെ ബാധിക്കരുത്‌. ഒരു ദിവസം രാത്രി ഇ അഹ്‌മദ്‌ സാഹിബിന്റെ ഫോണ്‍ -നിങ്ങള്‍ ഉടനെ തങ്ങളുമായി ഫോണില്‍ ബന്ധപ്പെടണം. കേന്ദ്രഗവണ്‍മെന്റിന്റെ സെന്‍സസ്‌ വിഭാഗം കേരളത്തിലെ പള്ളികളുടെ സ്ഥിതിവിവരം ശേഖരിക്കുന്ന കമ്മിറ്റിയില്‍ എന്നെ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്‌തിരിക്കുന്നു എന്ന്‌ തങ്ങള്‍ നേരിട്ട്‌ അറിയിക്കുകയായിരുന്നു.

റൗദത്തുല്‍ ഉലൂം അറബിക്കോളെജിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച അറബി സാഹിത്യ സെമിനാര്‍ അറബിയില്‍ പ്രസംഗിച്ച്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. അസീസ്‌ മൗലവി രോഗാവസ്ഥയിലായിരിക്കുമ്പോഴാണ്‌ തങ്ങള്‍ അദ്ദേഹത്തിന്റെ അവസാനത്തെ ഗ്രന്ഥം പ്രകാശനം ചെയ്‌തത്‌. `എന്നെ തങ്ങള്‍ മൂന്നുപ്രാവശ്യം സന്ദര്‍ശിച്ചു' -അദ്ദേഹം വികാരഭരിതനായി പറഞ്ഞു. പിന്നെ അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തിനും തങ്ങള്‍ നേതൃത്വം നല്‍കി.

പണ്ഡിതനായ രാഷ്‌ട്രീയ നേതാവ്‌. ആരോടും പകയില്ലാത്ത സ്‌നേഹസമ്പന്നമായ മനസ്സ്‌. മതജാതി ഭേദമന്യെ എല്ലാവര്‍ക്കും സമാദരണീയന്‍. വഴക്കുകളും തര്‍ക്കങ്ങളും തീര്‍ക്കുന്ന അനുരഞ്‌ജകന്‍. സത്യസന്ധതക്ക്‌ അനന്യമാതൃക. ഭക്ത്യുന്മുഖമായ തെളിഞ്ഞ ജീവിതം. ആരെങ്കിലും അദ്ദേഹത്തിന്‌ ആത്മീയ പരിവേഷം ചാര്‍ത്തിയെങ്കില്‍ അതില്‍ അദ്ദേഹം നിരപരാധി. മനുഷ്യര്‍ക്ക്‌ സേവനം ചെയ്‌തും ആശ്വാസം പകര്‍ന്നും ദൈവസാമീപ്യം തേടുകയായിരുന്നു തങ്ങള്‍. 2008ല്‍ അദ്ദേഹം അല്ലാഹുവിന്റെ സന്നിധിയിലേക്ക്‌ യാത്രയായി. എനിക്ക്‌ വ്യക്തിബന്ധമുള്ള മഹാന്മാരില്‍ ശിഹാബ്‌ തങ്ങള്‍ എന്നും മനസ്സില്‍ ഒരു മാമരമായി നിലകൊള്ളുന്നു.

പി മുഹമ്മദ്‌ കുട്ടശ്ശേരി

കടപ്പാട്: ശബാബ് വീക്ക്‍ലി
ശബാബ്  ഓണ്‍‌ലൈനില്‍ പ്രസിദ്ധീകരിച്ച പി.മുഹമ്മദ് കുട്ടശ്ശേരിയുടെ ശിഹാ‍ബ് തങ്ങള്‍ മുതല്‍ അബ്ദുല്ല സാഹിബ് വരെ എന്ന ലേഖനത്തില്‍ നിന്നും ശിഹാബ് തങ്ങളെ അനുസ്മരിക്കുന്ന ഭാഗം

1 comment:

munavar said...

nannayitund. Ashamsakal

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക