ശിഹാബ്‌ തങ്ങള്‍ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരെ അനുസ്മരിക്കുന്നു

പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഇ.കെ അബൂബക്കര്‍ മുസ്ലിയാരെ അനുസ്മരിക്കുന്നു.

അറബ്‌ ലോകത്തെ ഗുരുനാഥന്‍മാരുടെ ഗുരു

അറിവിന്റെ കലവറ തന്നെയായിരുന്നു ഇ.കെ.. വീണ്ടും ആ പഴയ പ്രയോഗം ഉപയോഗിക്കേണ്ടി വരുന്നു.ഇകെ യുടെ വിയോഗം കനത്ത നഷ്ടമാണെനിക്ക്‌. ഈ പ്രയോഗം പഴയതാണെങ്കിലും അത്‌ നൂറു ശതമാനം സത്യമാകുന്നു.

പണ്ഡിതന്‍മാരുടെ പണ്ഡിതനും ഗുരുനാഥന്‍മാരുടെ ഗുരുനാഥനുമായിരുന്നു ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍.അദ്ധേഹം എല്ലാ മതങ്ങളുടെയും വേദഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുള്ള ആളായിരുന്നു. ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ മാത്രമല്ല ഇതര സമുദായങ്ങളുടെ മതഗ്രന്ഥങ്ങളിലും പാണ്ഡിത്യം നേടിയിരുന്നു
 ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍

വിദേശത്തുള്ള പല പണ്ഡിതന്‍മാരും ഇ.കെ യുടെ പാണ്ഡിത്യത്തില്‍ മതിപ്പ്‌ പ്രകടിപ്പിച്ച്‌ എന്നോട്‌ സംസാരിച്ചിട്ടുണ്ട്‌.എന്റെ പിതാവ്‌ പൂക്കോയ തങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ധേഹം.എന്നെ പുത്രതുല്യം സ്നേഹിക്കുകയും ഗുരുനാഥനെ പോലെ ഉപദേശിക്കുകയും ചെയ്തിരുന്നു.എങ്കിലും വളരെ വിനയത്തോടും സ്നേഹത്തോടും കൂടിയേ പെരുമാറിയിരുന്നുള്ളൂ.അത്‌ അദ്ധേഹത്തിന്റെ മഹത്വം വെളിവാക്കുന്നു.

കരുത്തനായ നേതാവും ഭരണാധികാരിയുമായിരുന്ന ഇ.കെ . ഞാന്‍ പ്രസിഡണ്ടായ പട്ടിക്കാട്‌ ജാമിയ നൂരിയയില്‍ പ്രിന്‍സിപ്പലായിരുന്നു.അദ്ധേഹം മുറിയിലുണ്ടെങ്കില്‍ സ്ഥാപനം നിശ്ശബ്ദമായിരിക്കും. ശിഷ്യഗണങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അദ്ധേഹത്തോടുളള ബഹുമാനമാണ്‌ ഇത്‌ കാണിച്ചിരുന്നത്‌. തികഞ്ഞ ലാളിത്യവും എളിമയുമായിരുന്നു ഇ.കെയുടെ മുഖമുദ്ര.

ദക്ഷിണേന്ത്യയിലെ ഉന്നത മതപഠനകേന്ദ്രമായ ബാഖിയാത്തു സ്വലിഹാത്തില്‍ നിന്ന്‌ മതപഠനം അഭ്യസിച്ച്‌ അവിടെ തന്നെ പ്രഫസറായി സേവനമനുഷ്ടിക്കാന്‍ കഴിഞ്ഞ ആദ്യ മലയാളിയാണ്‌ ഇ.കെ.അറബ്‌ ലോകത്തെ പ്രശസ്ത പണ്ഡിതന്‍മാര്‍ ഇ.കെയുടെ പാണ്ഡിത്യത്തെ പലഘട്ടങ്ങളിലും പ്രശംസിച്ചിട്ടുണ്ട്‌.സുന്നത്ത്‌ ജമാ-അത്തിന്റെ വിശ്വാസത്തിലാണ്‍്‌ ദീനിന്റെ അടിത്തറ നിലകൊള്ളുന്നതെന്ന സത്യം മനസ്സിലാക്കികൊണ്ടുള്ളതായിരുന്നു അദ്ധേഹത്തിന്റെ പ്രവര്‍ത്തനം.

പട്ടിക്കാട്‌ ജാമിയ നൂരിയ കോളേജിന്റെ സംസ്ഥാപനം മുതല്‍ ഒട്ടനവധി പണ്ഡിത നിരയെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ അദ്ധേഹം അക്ഷീണം യത്നിച്ചു.കോളേജ്‌ പ്രിന്‍സിപ്പലായി 17 വര്‍ഷം പ്രവര്‍ത്തിച്ചു. മറ്റൊരു ഉന്നതമതപഠന കേന്ദ്രമായ നന്ദി ദാറുസലാം കോളേജിന്റെ പ്രിസിപ്പലായും പ്രശസ്തസേവനമനുഷ്ടിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ്‌ എന്നിവയുടെ ശക്തനായ അമരക്കാരനായിരുന്നു ഇ.കെ. ഖിബ്‌ല സംബന്ധിച്ച്‌ അദ്ധേഹത്തിന്റെ അറബിക്‌ ഗ്രന്ഥം ദിശ നിര്‍ണയിക്കുന്ന കാര്യത്തില്‍ ആധികാരികമായിരുന്നു.മതവിരുദ്ധപ്രചാരണങ്ങളെ ശാസ്ത്രീയമായി ഖണ്ഡിച്ചു കൊണ്ട്‌ അദ്ധേഹം നടത്തിയ പ്രഭാഷണങ്ങള്‍ ആയിരങ്ങളെ ആകര്‍ഷിച്ചിരുന്നു.

അനവധി ശിഷ്യഗണങ്ങള്‍ കേരളത്തിനകത്തും പുറത്തുമായുണ്ട്‌.ഇസ്ലാമിനും സുന്നത്ത്‌ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കുമെതിരെ ആരു രംഗത്ത്‌ വന്നാലും യാഥാര്‍ത്യത്തോടെ പഠിച്ചറിഞ്ഞ്‌ പൊതുജനങ്ങളെ ധരിപ്പിക്കുകയായിരുന്നു ആ പണ്ഡിതന്റെ ജീവിത ലക്ഷ്യം. സ്കൂളുകളില്‍ നിന്ന്‌ മതപഠനം എടുത്ത്‌ കളഞ്ഞ കാലഘത്തില്‍ മദ്രസ പഠനം പരിപോഷിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

പള്ളിത്തര്‍ക്കങ്ങളും മറ്റ്‌ പ്രശ്നങ്ങളും പരിഹരിക്കുന്നതിനു അനുരജ്ഞനത്തിന്റെ മാര്‍ഗമായിരുന്നു അദ്ധേഹം സ്വീകരിച്ചിരുന്നത്‌. ആരുടെയെങ്കിലും പ്രശംസയോ ആക്ഷേപമോ പരിഗണിക്കാതെ സത്യം തുറന്ന്‌ പറയുന്ന കാര്യത്തില്‍ മുന്‍പന്തിയിലുണ്ടാവും.കേരള മുസ്ലികളുടെ ചരിത്രത്തില്‍ മഖ്ദൂമുകളുടെ പങ്ക്‌ തിരിച്ചറിഞ്ഞ ചരിത്രപണ്ഡിതന്‍ കൂടിയായിരുന്നു ഇ.കെ. മലബാര്‍ കലാപത്തിനു ശേഷം കേരള മുസ്ലിം കളൂടെ മതപ്രചാരണ രംഗത്ത്‌ സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ച ഉലമാക്കളുടെ പാതയാണ്‌ ഇ.കെ പിന്തുടര്‍ന്നത്‌. മതത്തിന്റെ മൌലികതത്വങ്ങളിലോ അനുഷ്ടാനമുറകളിലോ ഭേതഗതി വരുത്തുന്ന യാതൊരു വിട്ട്‌വീഴ്ച്ചക്കും തയ്യാറായിരുന്നില്ല.

സമസ്ത കേരള ജം-ഇയ്യത്തുല്‍ ഉലമയുടെ വളര്‍ച്ചക്ക്‌ ഇ.കെ യുടെ സംഭാവനവിസ്മരിക്കാനവില്ല.ആത്മാര്‍ഥത കര്‍മങ്ങളുടെ ആത്മാവായാണ്‌ ഇസ്ലാം കാണുന്നത്‌. അല്ലാത്തകര്‍മങ്ങള്‍ അസ്വീകാര്യമാണെന്ന പ്രവാചകവചനം അദ്ധേഹത്തിന്റെ പ്രവര്‍ത്തനത്തിലുടനീളം പ്രകടമാക്കിയിരുന്നു.


പണ്ഡിതന്‍മാര്‍ യാത്ര പറയുമ്പോള്‍ തത്തുല്യരായ ഉലമാക്കളെ വാര്‍ത്തു വിടണമെന്ന സത്യം മനസിലാക്കിയാണ്‌ മതസ്ഥാപനങ്ങള്‍ക്ക്‌ അദ്ധേഹം വെള്ളവും വളവും നല്‍കിയത്‌. ആത്മീയചൈതന്യവും മതബോധവും തലമുറകള്‍ക്ക്‌ പകര്‍ന്ന്‌ കൊടുക്കാന്‍ അദ്ധേഹം അക്ഷീണം യത്നിച്ചു.

ഫാഷന്റെയും പുരോഗതിയുടെയും പേരില്‍ മതസ്ഥാപനങ്ങളെ അവഗണിക്കുന്നതും മഹത്മാക്കളോട്‌ അനാദരവ്‌ കാണിക്കുന്നതും അദ്ധേഹം ഒരു തരത്തിലും പൊറുപ്പിച്ചില്ല.
മതപരമായ കാര്യങ്ങളെ സംബന്ധിച്ച്‌ ആധികാരികമായി പറയാന്‍ കഴിവുള്ള പ്രശസ്ത പണ്ഡിതനായ ഇ.കെ യമനില്‍ നിന്നു വന്ന കുടുംബ പരമ്പരയിലെ പ്രധാന കണ്ണിയാണ്‌.
ആശയപരമായ പ്രതികരണശേഷി ഇദ്ധേഹത്തിന്റെ പ്രത്യേകതയായിരുന്നു.ഇംഗ്ലീഷ്‌,അറബി,ഉര്‍ദു, മലയാളം തമിഴ്‌ എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയത്‌ കൊണ്ട്‌ സുന്നത്ത്‌ ജമാഅത്തിന്റെ പ്രചരണം മുസ്ലിം ലോകത്ത്‌ വ്യാപകമാക്കാന്‍ ഇസ്ലാമിക പ്രബോധന രംഗത്ത്‌ അരനൂറ്റാണ്ട്‌ കാലം നിറഞ്ഞ്‌ നിന്ന ആ പണ്ഡിതനു കഴിഞ്ഞു.

തലമുറകളില്‍ ധാര്‍മികബോധം വളര്‍ത്താനും മതരംഗത്ത്‌ അച്ചടക്കം നിലനിര്‍ത്താനും ഇ.കെ വലിയ പങ്കുവഹിച്ചു.പണ്ഡിതന്‍മാര്‍ മണ്‍മറയുമ്പോള്‍ അവരെ പ്രതിനിധീകരിക്കാന്‍ കൊള്ളുന്നവര്‍ വിരളമായ കാലഘട്ടത്തില്‍ ഇ.കെ യുടെ വേര്‍പാട്‌ തീരാനഷ്ടമാണ്‌.


Manorama Daily
Photo: http://www.keralaislamicinstitutes.com
Shamsul Ulama EK.Aboobakkar Musliyar
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍

3 comments:

Sameer Thikkodi said...

നമ്മെയും നമ്മോട് ബന്ധപ്പെട്ടവരെയും അവരോടൊപ്പം റബ്ബ് സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ (ആമീൻ)

Basheer Pookkottur | ബഷീര്‍ പൂക്കോട്ടൂര്‍ said...

ആമീൻ.....

Anonymous said...

ആമീന്‍.........
ഒരു മഹാനെ തിരിച്ചറിഞ്ഞ മറ്റൊരു മഹാന്‍....അതാണ്‌ ശംസും ഷിഹാബും (ന:മ)

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക