ശിഹാബ് തങ്ങളുടെ ലേഖനങ്ങള്‍ -01

നോമ്പ്‌: നമ്മളും സ്രഷ്‌ടാവും മാത്രമറിയുന്ന ആരാധന

വ്രതാനുഷ്‌ഠാനം പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെ സംബന്ധിച്ചിടത്തോളം കേവലം വ്യക്തിനിഷ്‌ഠം മാത്രമല്ല, വ്രതാനുഷ്‌ഠാനത്തിലൂടെ മനസ്സിനെ സംതൃപ്‌തമാക്കുന്നതോടൊപ്പം അദ്ദേഹം ആശ്വാസപ്രവര്‍ത്തനങ്ങളിലൂടെ അനുഷ്‌ഠാനത്തിന്‍െറ പുണ്യം സമൂഹത്തിന്‌ പകര്‍ന്നുനല്‌കുകയും ചെയ്യുന്നു.

എഴുപതുവയസ്സുള്ള ശിഹാബ്‌തങ്ങള്‍ ഓര്‍മവെച്ച കാലം മുതല്‍ക്കേ വ്രതമനുഷ്‌ഠിക്കുന്നു. അതുണ്ടാക്കുന്ന സംതൃപ്‌തിയും അനുഭൂതിയും അളവറ്റതാണ്‌. തങ്ങളുടെ തന്നെ വാക്കുകള്‍: ``നോമ്പനുഷ്‌ഠിക്കുമ്പോള്‍ മനസ്സിന്‌ സംതൃപ്‌തിയുണ്ട്‌. ദൈവത്തോടുള്ള ആരാധന ആത്മാര്‍ഥമായി ചെയ്യുന്നുണ്ട്‌ എന്ന ബോധം നമ്മളില്‍ വളര്‍ന്നുവരും. നോമ്പ്‌ നമ്മളും സ്രഷ്‌ടാവും മാത്രമറിയുന്ന ആരാധനയാണ്‌. അതുകൊണ്ടുതന്നെ വളരെ പ്രത്യേകതയുണ്ട്‌. `നോമ്പ്‌ എനിക്കുള്ളതാണ്‌, അതിനുള്ള പ്രതിഫലം നല്‌കുന്നതും ഞാനാണ്‌' എന്ന്‌ അല്ലാഹു പറയുന്നുണ്ട്‌. അല്ലാഹു നല്‌കുന്ന ആ പ്രതിഫലം അപാരമാണ്‌.''

വ്രതത്തിന്‍െറ പകലും പ്രാര്‍ഥനയുടെ രാവുമാണ്‌ ഇക്കാലം. റംസാന്‍ മാസത്തില്‍ പ്രത്യേക ആരാധനയുണ്ട്‌. അതാണ്‌ തറാവീഹ്‌ നമസ്‌കാരം.

ആശ്വാസപ്രവര്‍ത്തനം ഏറ്റവും ഉദാരമായ സേവനമായി കരുതുന്നു. കഴിവില്ലാത്തവര്‍ക്ക്‌ വസ്‌ത്രം, ധാന്യം തുടങ്ങിയവ നല്‌കുന്നു.

വ്രതമാസകര്‍മങ്ങള്‍ വഴി സമൂഹത്തിന്‌ നല്‌കുന്ന സന്ദേശമെന്താണ്‌?

``സമുദായ മൈത്രി നിലനിര്‍ത്തുക. ഞങ്ങള്‍ ചെയ്യുന്ന റിലീഫ്‌ പ്രവര്‍ത്തനം മുസ്‌ലിങ്ങള്‍ മാത്രമല്ല മറ്റുള്ളവരും പ്രയോജനപ്പെടുത്താറുണ്ട്‌. സമുദായ സൗഹാര്‍ദം തന്നെയാണ്‌ മുഖ്യമായ സന്ദേശം.''

നോമ്പു തുറക്കുന്നേരം മനസ്സില്‍ നിറയുന്ന ഭാവമെന്താണ്‌?

``അല്ലാഹുപറഞ്ഞത്‌ രണ്ട്‌ സന്തോഷമാണ്‌ നോമ്പുകാലത്ത്‌ എന്നാണ്‌. ഒന്ന്‌ നോമ്പു തുറക്കുമ്പോള്‍, രണ്ട്‌ അല്ലാഹുവിനെ കാണുമ്പോള്‍. അല്ലാഹുവിനെ കാണുന്നതിനുള്ള മാര്‍ഗമാണ്‌ വ്രതാനുഷ്‌ഠാനം. ഇതുവഴി ശരീരവും മനസ്സും ശുദ്ധീകരിക്കപ്പെടുന്നു. നോമ്പ്‌ ഒരു പരസ്യപ്രവര്‍ത്തനമല്ല. അത്‌ അനുഷ്‌ഠിക്കുന്നയാളും ദൈവവും മാത്രമറിയുന്ന ഒരു കര്‍മമാണ്‌. വ്രതം അനുഷ്‌ഠിക്കുമ്പോള്‍ മറ്റുള്ളവരുടെ കഷ്‌ടപ്പാടുകളും വേദനയും നാം അനുഭവിക്കുന്നു. അങ്ങനെ സമൂഹത്തിന്‍െറ സത്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരം ലഭിക്കുന്നു. മനുഷ്യന്‍ എല്ലാ ദുര്‍വൃത്തികളില്‍നിന്നുമകന്ന്‌ നില്‍ക്കുകയും ദാനധര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും വേണം. രാഷ്ര്‌ടീയം ശുദ്ധീകരിക്കണമെങ്കിലും അത്മീയത വേണം. ഇവരണ്ടും അകന്നു നില്‍ക്കുന്നവയല്ല.''-അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക