സൗഹൃദം പുതുക്കി മെത്രാപ്പോലീത്ത പാണക്കാട്ട്

മലപ്പുറം: റംസാന്‍ നിലാവ് കാണുന്ന സന്ധ്യക്ക് മുമ്പത്തെ പകലില്‍ മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത പാണക്കാട്ടെത്തുമ്പോള്‍ പ്രാര്‍ഥനകള്‍ക്ക് നടുവിലായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. രോഗശാന്തിയും സമാധാനവും തേടിയെത്തിയവര്‍ക്ക് ചികിത്സാവിധികളടങ്ങിയ കിത്താബിലെ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന തങ്ങളുടെ കരം കവര്‍ന്ന് മെത്രാപ്പോലീത്ത പൂമുഖത്തേക്ക് കയറുമ്പോള്‍ ആദ്യം ചോദിച്ചതും ആരോഗ്യത്തെക്കുറിച്ചായിരുന്നു. പരസ്​പരം കുശലാന്വേഷണങ്ങളുമായി ഇരുവരും അല്‍പനേരം ചെലവഴിച്ചപ്പോള്‍ പാണക്കാട്ടെ വീട്ടില്‍ റംസാന് മുമ്പത്തെ ഒരു സൗഹൃദ ഇഫ്താര്‍ തന്നെയായി അത്.

കോഴിക്കോട്ടുനിന്ന് നന്നംമുക്കിലെ സ്‌കൂള്‍ കെട്ടിട ഉദ്ഘാടനച്ചടങ്ങിന് പോകുന്ന വഴിയാണ് മെത്രാപ്പോലീത്ത പാണക്കാട്ട് സൗഹൃദ സന്ദര്‍ശനത്തിനെത്തിയത്. 'ഞാന്‍ കോഴിക്കോട് സെന്റ്‌പോള്‍സ് പള്ളിയില്‍ ഏറെക്കാലം വികാരിയായിരുന്നു. ആ സമയത്ത് മുസ്‌ലിംലീഗിലെ അവുക്കാദര്‍കുട്ടി നഹ അടക്കമുള്ള പല പ്രമുഖ നേതാക്കളുമായി സൗഹൃദം സ്ഥാപിക്കാനുള്ള ഭാഗ്യമുണ്ടായി. മുസ്‌ലിം സഹോദരന്‍മാരുമായുള്ള നല്ല ബന്ധം എല്ലാക്കാലത്തും നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ന് പാണക്കാട്ടെ തങ്ങളെ കാണാനെത്തിയതും ആ ബന്ധത്തിന്റെ തുടര്‍ച്ചയാണ്...' പാണക്കാട്ടെ സ്വീകരണമുറിയിലിരുന്ന് സംസാരിക്കുമ്പോള്‍ ആ വാക്കുകളുടെ സാക്ഷ്യപത്രംപോലെ ഹൈദരലി തങ്ങള്‍ നല്‍കിയ ബൊക്കെ മെത്രാപ്പോലീത്തയുടെ കൈകളിലുണ്ടായിരുന്നു.

ന്യൂനപക്ഷ സ്ഥാപനങ്ങളെക്കുറിച്ചൊക്കെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിന് വിവാദങ്ങളില്‍ താത്പര്യമില്ലെന്ന മറുപടിനല്‍കിയ മെത്രാപ്പോലീത്ത അരമണിക്കൂറിലേറെ പാണക്കാട്ട് ചെലവഴിച്ചു. ചായസല്‍ക്കാരത്തിന് ഹൈദരലി തങ്ങള്‍ ക്ഷണിച്ചപ്പോള്‍ ചായയ്ക്ക് മധുരം വേണ്ടെന്ന് പറഞ്ഞ മെത്രാപ്പോലീത്ത നോമ്പിനെക്കുറിച്ചും അല്‍പ്പനേരം സംസാരിച്ചു.' ഇന്ന് റംസാന്‍ തുടങ്ങിയിരുന്നെങ്കില്‍ പാണക്കാട്ടുനിന്ന് നോമ്പ് തുറക്കാമായിരുന്നു. ഇഫ്താര്‍ സംഗമങ്ങള്‍ എന്നും സൗഹൃദങ്ങളുടെ വേദിയാണ്. ചായയ്ക്ക് മധുരം വേണ്ടെന്ന് പറഞ്ഞത് ഷുഗര്‍ ഉള്ളതുകൊണ്ടല്ല. എല്ലാത്തിനും ഒരു മുന്‍കരുതല്‍ നല്ലതല്ലേ...' ഡൈനിങ് റൂമിലേക്ക് നടക്കുമ്പോള്‍ മെത്രാപ്പോലീത്ത പറഞ്ഞതുകേട്ട് ഹൈദരലി തങ്ങള്‍ ചിരിച്ചു.

കുന്നംകുളം മലബാര്‍ ഭദ്രാസനാധിപന്‍ ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ്, റവ. ജോസ് പുനമഠം, ഡോ. ജോര്‍ജ് വര്‍ഗീസ്, സിന്‍ഡിക്കേറ്റംഗം ഡോ. എബ്രഹാംമാത്യു, എഹ്രഹാം പുളിന്തിട്ട എന്നിവരും മെത്രാപ്പോലീത്തയോടൊപ്പമുണ്ടായിരുന്നു. മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ ഇസ്ഹാഖ് കുരിക്കള്‍, ഡോ. സുബൈര്‍ മേടമ്മല്‍ എന്നിവരും മെത്രാപ്പോലീത്തയെ സ്വീകരിക്കാനെത്തിയിരുന്നു.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക