ശിഹാബ് തങ്ങളുടെ വിയോഗത്തിന് മൂന്നാണ്ട്

ശിഹാബ് തങ്ങളുടെ വിയോഗത്തിന് മൂന്നാണ്ട്; ഓര്‍മകളുടെ തണലില്‍ കൊടപ്പനക്കല്‍ 


മലപ്പുറം: കര്‍ക്കടകത്തിലെ ഒരു ഉച്ചവെയിലില്‍ പാണക്കാട്ടെ കൊടപ്പനക്കലിലെത്തുമ്പോള്‍ ഓര്‍മകളുടെ മുറ്റത്ത് നിറഞ്ഞ കണ്ണുകള്‍ പലതും കണ്ടു. മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് മൂന്നാണ്ട് തികയുമ്പോഴും കൊടപ്പനക്കല്‍ തറവാട്ടില്‍ ആശ്വാസത്തിന്റെ തണല്‍തേടി ഒരുപാട് പേര്‍ വന്നുകൊണ്ടിരുന്നു.


 ഒരുപാട് നഷ്ടങ്ങളുടെ ഓര്‍മകളാണ് ഇവിടെ പെയ്തിറങ്ങുന്നത്. ഇളംപുഞ്ചിരി, മൃദുസ്​പര്‍ശം, സ്‌നേഹം നിറഞ്ഞ നോട്ടം, പിതൃതുല്യമായ വാത്സല്യം, സാന്ത്വനമേറിയ സാന്നിധ്യം.... പറഞ്ഞാല്‍ തീരാത്ത വിശേഷണങ്ങളുടെ ലോകമായിരുന്നു ശിഹാബ്തങ്ങള്‍.'' ഇക്കാക്കയുടെ വിയോഗം എത്രമാത്രം വലിയ നഷ്ടമാണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ പുഞ്ചിരി പൊഴിയുന്ന മുഖം മനസ്സില്‍നിന്ന് ഒരിക്കലും മായാറില്ല. ഇക്കാക്കയുടെ ജീവിതം സമൂഹത്തിന് എത്ര വലിയ തണല്‍വൃക്ഷമായിരുന്നെന്ന് ഇവിടെ വരുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു...'' പാണക്കാട്ടെ പൂമുഖത്തിരുന്ന് ഹൈദരലി ശിഹാബ്തങ്ങള്‍ സഹോദരന്റെ ഓര്‍മച്ചിത്രങ്ങള്‍ വരച്ചിട്ടു

.  ശിഹാബ് തങ്ങള്‍ക്ക് ഒരുപാട് പ്രിയപ്പെട്ട വസ്തുക്കള്‍ സൂക്ഷിച്ച ചില്ലലമാരയുടെ ചാരത്തിരുന്ന് സംസാരിക്കുമ്പോള്‍ മകന്‍ ബഷീറലി ശിഹാബ്തങ്ങളുടെ കൈകള്‍ ഒരു ഘടികാരത്തെ തഴുകുകയായിരുന്നു.'' ബാപ്പ തന്ന സമ്മാനമാണ് സൗദി അറേബ്യയില്‍ നിന്നുള്ള ഈ ഘടികാരം.

ബാപ്പയുടെ ഓര്‍മകള്‍ ഒരിക്കലും മരിക്കുന്നില്ല. അദ്ദേഹത്തിന്റെ പേരില്‍ ഒട്ടേറെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നാടൊട്ടുക്കും നടക്കുകയാണ്. ബൈത്തുറഹ്മ ഭവനപദ്ധതിപോലെ ലോകത്തിനുതന്നെ മാതൃകയായ കാരുണ്യപ്രവര്‍ത്തനങ്ങളാണ് ബാപ്പയുടെ ഓര്‍മകള്‍ മരിക്കുന്നില്ല എന്നതിന്റെ സാക്ഷ്യപത്രം.'' ബഷീറലി തങ്ങള്‍ പറയുമ്പോള്‍ സ്വീകരണമുറിയിലെ ടീപ്പോയില്‍ ബൈത്തുറഹ്മ പദ്ധതി ഉദ്ഘാടനച്ചടങ്ങിന്റെ കുറേ നോട്ടീസുകള്‍ കിടപ്പുണ്ടായിരുന്നു.

 കാരുണ്യത്തിന്റെ തണല്‍തേടി ഒരുപാട് പേര്‍ കൊടപ്പനക്കലിലേക്ക് വന്നുകൊണ്ടിരിക്കുന്ന കാലമാണ് റംസാന്‍. മായാത്ത നീതിയുടെ ഓര്‍മച്ചിത്രമായി പാണക്കാട്ടെ പൂമുഖത്ത് പഞ്ചഭുജാകൃതിയിലുള്ള ആ കോടതി പീഠം.

 അതില്‍ ഇറ്റുവീണ കണ്ണീര്‍ച്ചാലുകള്‍ ഒരിക്കലും അളന്നെടുക്കാനായിരുന്നില്ല. ശിഹാബ് തങ്ങളുടെ മൗനംപോലും ഒരാശ്വാസമായിരുന്നു. ആ പടി കടന്നുവന്ന ഒരാളും നിരാശനായി മടങ്ങിയിരുന്നില്ല. അവസാനത്തെ ആളും പടികടന്ന് മറയുന്നതുവരെ പാതിരാവിലും ആ മിഴികള്‍ അടഞ്ഞിരുന്നില്ല. ഇന്നും എന്നും പാണക്കാട്ടെത്തുന്നവരുടെ മുന്നില്‍ ആശ്വാസത്തിന്റെ ആ മിഴികള്‍ ഒരിക്കലും അടയുന്നില്ല.

സിറാജ് കാസിം
News @ Mathrubhumi
31.07.2012

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക