മതസൌഹൃദത്തിന്റെ ചാന്ദ്രശോഭ

ഹൃദയമിടിപ്പുകളെല്ലാം മതേതരത്വത്തിനു വേണ്ടി മാറ്റി വച്ച, സൌമ്യതയും പുഞ്ചിരിയുംകൊണ്ട്‌ മലയാളമണ്ണില്‍ നിലാവു പരത്തിയ നേതാവായിരുന്നു ഇന്നലെ അന്തരിച്ച പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍.

പ്രവാചക കുടുംബത്തിന്റെ പുണ്യവും ജനപിന്തുണയുടെ കരുത്തുമായിരുന്നു തങ്ങളുടെ സവിശേഷത. ഒരേസമയം ആത്മീയ നേതാവും രാഷ്ട്രീയനേതാവുമായിരുന്ന തങ്ങള്‍ പൊതുജീവിതത്തിനു വിശുദ്ധിയുടെ നിറം നല്‍കി. കുടുംബമഹിമയും ഉന്നതവിദ്യാഭ്യാസവും മാത്രമല്‍ള, സമാനതകളില്‍ളാത്ത സ്വഭാവഗുണവും തങ്ങളുടെ മഹത്വമായിരുന്നു.
പാണക്കാട്‌ പി.എം.എസ്‌.എ. പൂക്കോയ തങ്ങളുടെ മകന്‍ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ 34 വര്‍ഷം മുന്‍പ്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റായി അവരോധിതനായപ്പോള്‍ 39 വയസ്സു മാത്രമായിരുന്നു . പിന്നീടിന്നുവരെ ലീഗിന്റെ അനിഷേധ്യ നേതാവായി തുടര്‍ന്ന അദ്ദേഹത്തിന്‌ അന്നത്തെ വിനയം കൂടിയതേയുള്ളൂ. എതിര്‍പ്പിന്റെ ശബ്ദം ആരും ഉയര്‍ത്തില്‍ളെന്ന്‌ ഉറപ്പുള്ള ഘട്ടത്തില്‍ പോലും ശിഹാബ്‌തങ്ങള്‍ ഏകാധിപതിയായില്‍ള.

മതസൌഹാര്‍ദത്തിനായി സമര്‍പ്പിച്ച പുരുഷായുസ്സായിട്ടായിരിക്കും കേരള ചരിത്രത്തില്‍ ശിഹാബ്‌തങ്ങളുടെ നാമം ആലേഖനം ചെയ്യപ്പെടുക. ശിഹാബ്‌ തങ്ങളുടെ വാക്കുകൊണ്ടു മുറിവേറ്റ ഒരാളും ഉണ്ടാകില്‍ള. ഒരു ഘട്ടത്തിലും പ്രകോപിതനാകാത്ത നേതാവ്‌, ഒരാള്‍ക്കുമുന്നിലും ഇരുളാത്ത മുഖം. സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ക്കായി നിലകൊള്ളുമ്പോഴും മറ്റൊരു സമുദായത്തെയും ഒരിക്കല്‍പ്പോലും നോവിച്ചിട്ടില്‍ള, ശിഹാബ്‌ തങ്ങള്‍. രാഷ്ട്രീയമായും മറ്റും വ്യത്യസ്‌ത അഭിപ്രായങ്ങളുള്ളളവരും ശിഹാബ്‌ തങ്ങളുടെ ഇൌ‍ വിശുദ്ധിയെ എന്നും ആദരിച്ചിട്ടേയുള്ളൂ.
ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ട ഘട്ടത്തില്‍ സംഘര്‍ഷം മുറ്റിനിന്നപ്പോള്‍ അദ്ദേഹത്തിന്റെ വിവേകത്തോടെയുള്ള വാക്കുകളാണ്‌ കേരളത്തെ രക്ഷിച്ചതെന്ന്‌ ആര്‍ക്കും നിസ്സംശയം പറയാം. അന്ന്‌ ശിഹാബ്‌ തങ്ങളുടെ നിലപാടിനെ രാഷ്ട്രീയമായി എതിര്‍ത്തവരെല്‍ളാം പിന്നീടത്‌ അംഗീകരിച്ചു.
ആര്‍ക്കു മുന്നിലും അടച്ചിടാത്തതായിരുന്നു ശിഹാബ്‌ തങ്ങളുടെ ഹൃദയവാതില്‍; പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാടിന്റെ കവാടങ്ങളും ഒരിയ്ക്കലും അടയ്ക്കാറില്‍ളായിരുന്നു. ഇൌ‍ വീടിന്റെ പൂമുഖത്ത്‌, എട്ടുകോണുള്ള മേശയ്ക്കുപിന്നില്‍ നാടിന്റെ നായകന്‍ ഇനിയില്‍ള. പകരം, ജനഹൃദയങ്ങളിലെ സിംഹാസനത്തില്‍ മായാത്ത പുഞ്ചിരിയോടെ അദ്ദേഹമുണ്ടാകും; എന്നും.

മുഖപ്രസംഗം
മലയാള മനോരമ

1 comment:

Anonymous said...

Shia sunni love seen all over the world. They express love through bomb, guns and rockets!

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക