ഹൃദയങ്ങള്‍ കീഴടക്കിയ ജനകീയനേതാവ്‌

മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലേക്ക്്‌ തികച്ചും അവിചാരിതമായി കടന്നുവരേണ്ടിവന്നുവെങ്കിലും പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ നേതൃഗുണം പഠിച്ചത്‌ ഒരു സുപ്രഭാതത്തിലായിരുന്നില്ല. നേതൃഗുണം രക്‌തത്തിലലിഞ്ഞിട്ടുണ്ടെന്ന്‌ കുട്ടിക്കാലത്തുതന്നെ അദ്ദേഹം തെളിയിച്ചു. മറ്റുള്ളവര്‍ അതു കണ്ടെത്തി എന്നു പറയുന്നതാകും കൂടുതല്‍ ശരി.

എന്തു പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്ന വലിയൊരു മനസ്സ്‌ അദ്ദേഹത്തിനുണ്ടെന്ന്‌ ആദ്യം തിരിച്ചറിഞ്ഞത്‌ അദ്ദേഹത്തിന്റെ കളിക്കൂട്ടുകാര്‍തന്നെയായിരുന്നു. സ്കൂളില്‍ പന്തുകളിത്തര്‍ക്കങ്ങളില്‍ അവസാനവാക്ക്‌ എന്നും മുഹമ്മദലി ശിഹാബ്‌ എന്ന സൌമ്യനായ വിദ്യാര്‍ഥിയുടേതായിരുന്നു. പതിഞ്ഞ ശബ്ദത്തിലുള്ള വിധിപ്രഖ്യാപനം സ്വന്തം ടീമിന്‌ അനുകൂലമായാലും പ്രതികൂലമായാലും പിന്നെയാരും തര്‍ക്കത്തിനില്ല.

പാണക്കാട്‌ പി.എം.എസ്‌.എ. പൂക്കോയ തങ്ങളുടെ മൂത്ത മകന്‍ മുഹമ്മദലി ശിഹാബ്‌ പില്‍ക്കാലത്ത്‌ കേരള മുസ്‌ലിംകളുടെ ആത്മീയനേതാവും മുസ്‌ലിം ലീഗിന്റെ എതിര്‍വാക്കില്‍ളാത്ത ശബ്ദവുമാകുമെന്ന്‌ അന്ന്‌ സഹപാഠികള്‍ സങ്കല്‍പിച്ചിട്ടേയില്ല . 'എന്നാല്‍, അദ്ദേഹത്തിലെ മധ്യസ്ഥനെ ഞങ്ങള്‍ അന്നേ കണ്ടെത്തിയിരുന്നു.' കോഴിക്കോട്‌ ഗുരുവായൂരപ്പന്‍ കോളജിലെ സോഷ്യോളജി വിഭാഗം മുന്‍ മേധാവി പ്രഫ. പി.എം. ഷിയാലിക്കോയ ഓര്‍ക്കുന്നു.


ഉപ്പ രാഷ്ട്രീയ സാമൂഹികരംഗത്ത്‌ ജ്വലിച്ചു നിന്നപ്പോഴും മുഹമ്മദലി ശിഹാബ്‌ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുമെന്ന്‌ ആരും കരുതിയിരുന്നില്ല. പൊതുവേ ഒതുങ്ങിക്കൂടുന്ന പ്രകൃതം ക്ലാസിലെ ഡിബേറ്റുകളില്‍ ഓരോ വിദ്യാര്‍ഥിയും എന്തെങ്കിലും പരിപാടി അവതരിപ്പിക്കണം. പ്രസംഗത്തിന്‌ ശിഹാബിനെ കിട്ടി ല്ല . പകരം, പ്രബന്ധം അവതരിപ്പിച്ചു തടിയൂരും. ക്ലാസിലെ  ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കൊന്നും പിടികൊടുക്കാതെ ശിഹാബ്‌ നടന്നു. പകരം, ലൈബ്രറിയിലും ബാഡ്മിന്റന്‍ കോര്‍ട്ടിലും നിത്യസാന്നിധ്യമായി അദ്ദേഹം. സ്വന്തമായി ബാഡ്മിന്റന്‍ റാക്കറ്റ്‌ ഉള്ള വിരലിലെണ്ണാവുന്നവരിലൊരാള്‍ ശിഹാബ്‌ തങ്ങളായിരുന്നു. കളിയില്‍ ആദ്യ ഊഴം സ്വന്തം റാക്കറ്റ്‌ ഉള്ളവര്‍ക്കാണ്‌. പിന്നീട്‌, മറ്റു വിദ്യാര്‍ഥികള്‍ക്ക്‌ കൈമാറണം. കോര്‍ട്ടില്‍ ബാക്ക്‌ പൊസിഷനിലായിരുന്നു ശിഹാബ്‌ തിളങ്ങിയത്‌.

ഇന്ത്യയ്ക്കു സ്വാതന്ത്യ്രം കിട്ടിയ വര്‍ഷത്തിലാണ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്ടുനിന്നു പഠനത്തിന്‌ കോഴിക്കോട്‌ എം.എം. ഹൈസ്കൂളിലെത്തുന്നത്‌. സംഘടനാ പ്രവര്‍ത്തനത്തിനൊന്നും തങ്ങളെ കിട്ടില്ല . വ്യാഴാഴ്ചകളിലായിരിക്കും സംഘടനായോഗം. മദ്‌റസത്തുല്‍ മുഹമ്മദിയ്യ (എം.എം) സ്കൂളില്‍ അന്ന്‌ വെള്ളിയും ശനിയുമാണ്‌ അവധി. വ്യാഴാഴ്ച പുലരുമ്പോഴേക്കും ശിഹാബ്‌ തങ്ങളുടെ മനസ്സ്‌ കല്ലായിപുഴയും ചാലിയാറും കടന്ന്‌ കടലുണ്ടിപ്പുഴയുടെ തീരത്ത്‌ പാണക്കാട്ടെത്തും. കൂട്ടിക്കൊണ്ടുപോകാന്‍ ഉച്ചയാകുമ്പോള്‍ത്തന്നെ പാണക്കാട്ടുനിന്ന്‌ ആരെങ്കിലും എത്തിയിട്ടുണ്ടാകും. ചിലപ്പോള്‍ ഉപ്പതന്നെ. യോഗത്തിലേക്ക്‌ അറസ്റ്റ്ചെയ്‌തു കൊണ്ടുപോകാനെത്തുന്നവരെ പുഞ്ചിരികൊണ്ടു നേരിട്ട്‌ ശിഹാബ്‌ തങ്ങള്‍ തടവുചാടും.

പഠനകാലത്ത്‌ ശിഹാബ്‌ തങ്ങള്‍ താമസിച്ചിരുന്ന കോഴിക്കോട്ടെ ബന്ധുവീട്‌ സ്കൂളിന്‌ തൊട്ടടുത്തായിരുന്നു. ഉച്ചയ്ക്ക്‌ ഭക്ഷണം കഴിഞ്ഞ്‌ വേഗം തിരിച്ചെത്തി ലൈബ്രറിയിലേക്കു കയറും. മദ്രാസില്‍നിന്നുള്ള മംഗലാപുരം മെയിലിലെത്തുന്ന ഇംഗിഷ്‌ പത്രം ലൈബ്രറിയിലുണ്ടാകും. അന്ന്‌ സ്ഥിരമായി ഇംഗിഷ്‌ പത്രം വായിച്ചിരുന്ന വിദ്യാര്‍ഥി ശിഹാബ്‌ ആയിരുന്നു.

ക്ലാസിലെ സഹപാഠികളിലൊരാള്‍ ഉച്ചഭക്ഷണത്തിനു പോകുന്നില്ലെന്നു ശ്രദ്ധയില്‍പ്പെട്ടത്‌ ആയിടെയാണ്‌. പത്തു കിലോമീറ്ററിലേറെ ദൂരെയാണ്‌ അയാളുടെ വീട്‌. ഹോട്ടലില്‍നിന്നു കഴിക്കാന്‍ സാമ്പത്തികശേഷിയുമില്ല . ക്ലാസിലെ അധ്യാപകനെ വിവരമറിയിച്ചു. ഭക്ഷണം കഴിക്കാന്‍ ഓരോ ദിവസവും ഓരോരുത്തര്‍ പണം നല്‍കുകയെന്നതായിരുന്നു അധ്യാപകന്റെ നിര്‍ദേശം. ശിഹാബ്‌ തങ്ങള്‍ മറുനിര്‍ദേശവുമായി രംഗത്തെത്തി: പണം നല്‍കേണ്ട. പകരം, അയാളെ ഓരോ ദിവസം ഓരോരുത്തര്‍ അതിഥിയായി വീട്ടിലേക്ക്‌ ക്ഷണിക്കുക. ദരിദ്രനായ ആ വിദ്യാര്‍ഥിക്ക്‌ ഭക്ഷണം നല്‍കേണ്ട ദിവസം ഓരോ വീട്ടിലും വിഭവങ്ങള്‍ ഏറെയൊരുക്കി. വൈകുന്നേരങ്ങളില്‍ കൂട്ടുകാരുടെ വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു ശിഹാബിന്റെ ഹോബി. അങ്ങനെ അദ്ദേഹം ഓരോ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായി. അന്നത്തെ വെക്കേഷന്‍ ടൂര്‍ പാണക്കാട്ടേക്കായിരുന്നു. ക്ലാസിലെ വിദ്യാര്‍ഥികള്‍ ഒരുമിച്ച്‌ പാണക്കാട്ടു പോയി താമസിക്കും. വിഭവസംഋദ്ധമായ ഭക്ഷണം, കടലുണ്ടിപ്പുഴയിലെ നീരാട്ട്‌.... അജന്‍ഡകള്‍ അങ്ങനെയങ്ങനെ.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്‌ 1948ല്‍ നിലവില്‍ വന്നതോടെ കോഴിക്കോട്ടും പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അന്ന്‌, കോഴിക്കോട്‌ നഗരത്തില്‍ മുസ്‌ലിം ലീഗിനൊപ്പം മുസ്‌ലിം വിദ്യാര്‍ഥിസംഘടനയ്ക്കും കമ്മിറ്റി രൂപവല്‍ക്കരിച്ചു.

പിന്നീടു മന്ത്രിയായ പി.എം. അബൂബക്കര്‍ ആയിരുന്നു പ്രസിഡന്റ്‌. പി.എം. ഷിയാലിക്കോയ വൈസ്‌ പ്രസിഡന്റും സഹപാഠി ഹംസത്ത്‌ സെക്രട്ടറിയും. മെംബര്‍ഷിപ്പ്‌ ക്യാംപയിനുമായി സ്കൂളിലെത്തിയവരില്‍നിന്നു ശിഹാബ്‌ തങ്ങളും നാലണ മെംബര്‍ഷിപ്പ്‌ വാങ്ങി . മുസ്‌ലിം ലീഗില്‍ ശിഹാബ്‌തങ്ങളുടെ ആദ്യ അംഗത്വമായിരുന്നു അത്‌. പിന്നീട്‌ ഒട്ടേറെപ്പേര്‍ക്ക്‌ അംഗത്വം നല്‍കാനുള്ള നിയോഗം ശിഹാബ്‌ തങ്ങള്‍ക്ക്‌ ഉണ്ടായി, ഒട്ടേറെപ്പേരുടെ ഹൃദയങ്ങളില്‍ ജീവിക്കാനും...

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക