അണയാതെ പ്രകാശഗോപുരം


പ്രകാശഗോപുരം ഇനിയും വെളിച്ചം ചൊരിഞ്ഞു കൊണ്ടേയിരിക്കും. സംസ്ഥാന രാഷ്ട്രീയത്തിലെ ശാന്തമായ പൂമുഖത്തുനിന്നു മറയുന്ന പാണക്കാട്‌ ?സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഒാ‍ര്‍മകളുടെ അനന്തവിഹായസിലൊരു ചന്ദ്രക്കലയായി എല്ലാ കണ്ണുകളെയും തന്നിലേക്കു തന്നെ പിടിച്ചു നിര്‍ത്തും.

മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ കേരളത്തിന്‌ എന്തെല്ലാമെന്തെല്ലാമായിരുന്നു. മുസ്‌ലിം ലീഗിന്റെ ഹൃദയം. മുന്നണിയിലെ വലിയ തങ്ങള്‍. കക്ഷി രാഷ്ട്രീയത്തിലെ സത്യസന്ധന്‍. മതേതര ജനാധിപത്യത്തിന്റെ തേജോമയ മുഖം. അശരണരായ ആയിരങ്ങള്‍ക്കു സാന്ത്വനം പകര്‍ന്ന അഭയകേന്ദ്രം. തങ്ങള്‍ പറഞ്ഞതേ ചെയ്‌തുള്ളൂ. ചെയ്‌തതൊന്നും പറഞ്ഞു നടന്നതുമില്ല. ഇതുകൊണ്ടു തന്നെ, തങ്ങള്‍ പറയുന്നതെന്തും ചെവിയോര്‍ത്തവരില്‍ സമുദായ ഭേദമുണ്ടായിരുന്നില്ല.

കേരളം വെല്ലുവിളി നേരിട്ട സന്ദര്‍ഭങ്ങളിലെല്ലാം ശിഹാബ്‌ തങ്ങള്‍ പറഞ്ഞ വാക്കുകളും നടത്തിയ ചര്‍ച്ചകളും സംസ്ഥാന രാഷ്ട്രീയത്തിലും സമൂഹത്തിലും നിര്‍ണായക സ്വാധീനം ചെലുത്തി. 1992ല്‍, ബാബറി മസ്ജിദ്‌ തകര്‍ക്കപ്പട്ടപ്പോള്‍, കേരളത്തെ ശാന്തമായും ശാന്തിഭൂമിയായും നിര്‍ത്തിയത്‌ അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു. ആത്മസംയമനം പാലിക്കാനും യുഡിഎഫ്‌ സര്‍ക്കാരിനു പിന്തുണ തുടരാനും ശിഹാബ്‌ തങ്ങള്‍ ആഹ്വാനം ചെയ്‌തു. അന്ന്‌, ഈ തീരുമാനത്തെ പലരും വിമര്‍ശിച്ചു. പക്ഷേ, പാര്‍ട്ടിയുടെ രക്‌തസാക്ഷി പരിവേഷമോ അതുവഴി ലഭിക്കുമായിരുന്ന പിന്തുണയോ വോട്ടുകളോ ആയിരുന്നില്ല ശിഹാബ്‌ തങ്ങളുടെ മനസ്സില്‍. സാമുദായിക സൌഹാര്‍ദമായിരുന്നു. ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടതിന്റെ എല്ലാ ദുഃഖവും കടിച്ചമര്‍ത്തി, ശിഹാബ്‌ തങ്ങള്‍ അന്നെടുത്ത തീരുമാനത്തിന്റെ ആഴവും പരപ്പും പിന്നീടാണു മറ്റുള്ളവര്‍ മനസ്സിലാക്കിയത്‌. അന്നു വിമര്‍ശിച്ചവര്‍ പിന്നീട്‌ ശിഹാബ്‌ തങ്ങളുടെ തീരുമാനത്തിനു മുന്നില്‍ ശിരസു നമിച്ചു. ഇന്നും കേരളം തങ്ങളുടെ തീരുമാനത്തിന്റെ സുരക്ഷയനുഭവിക്കുന്നു.

മലപ്പുറം ജില്ലയിലെ തീരപ്രദേശത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്കും തങ്ങളുടെ വാക്കുകളാല്‍ അയവു വന്നു. അങ്ങാടിപ്പുറം തളി ക്ഷേത്രഗോപുരവാതിലിന്‌ അക്രമികള്‍ തീയിട്ടപ്പോള്‍, സ്ഥലം സന്ദര്‍ശിച്ച ശിഹാബ്‌ തങ്ങളുടെ വാക്കുകള്‍ ഇതര സമുദായക്കാര്‍ക്കും പഥ്യമായി. ക്ഷേത്രവാതില്‍ പുനര്‍നിര്‍മാണത്തിനു തങ്ങള്‍ നേതൃത്വം നല്‍കുകയും ചെയ്‌തു. തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും മാധ്യമങ്ങളോടു പ്രതികരിക്കുമ്പോഴും പൊതുചടങ്ങുകളില്‍ പ്രസംഗിക്കുമ്പോഴും അദ്ദേഹം തുടങ്ങിയതു മതസൌഹാര്‍ദത്തിലായിരുന്നു. കൊടപ്പനക്കല്‍ തറവാട്ടിലെ എന്നും തുറന്നു കിടക്കുന്ന വാതിലുകള്‍ കടന്ന്‌, അഭയം തേടിയെത്തിവരില്‍ മുസ്‌ലിംകള്‍ മാത്രമല്ല, ഹിന്ദുക്കളും ക്രിസ്‌ത്യാനികളുമുണ്ട്‌. വന്നവരോട്‌ ജാതിയോ മതമോ ചോദിച്ചില്ല. മുസ്‌ലിംകള്‍ മുത്താന്‍ കൊതിക്കുന്ന കൈകള്‍, അഭയം തേടിയെത്തിയ മറ്റുള്ളവരെ തലോടി. ആരെയും കൈവിട്ടില്ല. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചു. തറവാട്ടിനു പിറകിലൂടെ ശാന്തമായൊഴുകുന്ന കടലുണ്ടിപ്പുഴ പോലെ, എല്ലാ പരാതികളും കേട്ടു.

ഹൈക്കോടതിയില്‍ പോലും തീരുമാനമാകാത്ത കേസുകള്‍ പാണക്കാട്ടെ പൂമുഖത്ത്‌ ഒത്തുതീര്‍ന്നിട്ടുണ്ട്‌. കാരണം, ശിഹാബ്‌ തങ്ങളുടെ തീര്‍പ്പ്‌ തെറ്റില്ല. ആ തീര്‍പ്പുകളില്‍ അപ്പീല്‍ കൊടുക്കേണ്ട ആവശ്യവുമില്ല. പൂമുഖത്തെ വട്ടമേശയ്ക്കെതിര്‍വശത്ത്‌, രാഷ്ട്രീയക്കാരനെയും മന്ത്രിമാരെയും നാട്ടുകാരനെയും സ്നേഹിതരെയും ഒരു പോലെ കണ്ട കാരണവരാണു പടിയിറങ്ങിയത്‌. ആവര്‍ത്തിക്കാത്ത ചരിത്രം പോലെ, പുനര്‍ജനിയില്ലാത്ത വിപ്ലവജന്‍മം പോലെ, പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ചരിത്രത്തിലേക്കു മടങ്ങി. നിലച്ചത്‌, സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ സ്വന്തം മിടിപ്പുകളാക്കിയ ഹൃദയമാണ്‌. സംസ്ഥാന രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങള്‍ രണ്ടു ദിവസം നിലച്ചു പോയതും മറ്റൊന്നും കൊണ്ടല്ല.

കെ. ജയപ്രകാശ്‌ ബാബു
Manorama Daily

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക