വിശുദ്ധിയുടെ വെള്ളിനക്ഷത്രത്തിന്‌ യാത്രാമൊഴി

പാണക്കാട്ടെ കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ കപ്പലിന്റെ ഒരു മാതൃക ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട്‌. ആഴക്കടലിന്റെ ഭീകരത അറിയിക്കാതെ യാത്രക്കാരെ പ്രതീക്ഷയുടെ മറുകരയിലേക്കു നയിക്കുന്ന കപ്പല്‍ പോലെയാണ്‌ കൊടപ്പനയ്ക്കല്‍ തറവാടും.

സാരമില്ലെന്ന സാന്ത്വനത്തില്‍ ജീവിതസാഗരത്തിലെ വാന്‍ ക്ഷോഭങ്ങളെ ശാന്തമാക്കുന്ന ഈ തറവാടിന്റെ തലവന്‍തന്നെയായിരുന്നു കേരളത്തിലെ മുസ്‌ലിംകളുടെ വലിയ കപ്പിത്താന്‍ - പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍.

പ്രതിഷേധത്തിന്റെ ഒരു തീപ്പൊരി വീണാല്‍ നാട്‌ കത്തിച്ചാമ്പലായേക്കുമായിരുന്ന വിദ്വേഷങ്ങളുടെ കാലത്തും സംയമനത്തിന്റെ നൂല്‍പാലത്തിലൂടെ കേരള ജനതയെ കൈപിടിച്ചു നടത്തിയ ശിഹാബ്‌ തങ്ങള്‍ ആ അര്‍ഥത്തില്‍ മുസ്‌ലിം സമുദായത്തിന്റെ മാത്രമല്ല, കേരള ജനതയുടെതന്നെ സമാനതകളില്ലാത്ത നേതാവാകുന്നു. സമന്വയത്തിന്റെ വക്‌താവായിരുന്നു ശിഹാബ്‌ തങ്ങള്‍. പ്രസംഗത്തിലും പ്രവൃത്തിയിലും നിറഞ്ഞുനില്‍ക്കുന്നത്‌ തലമുറകള്‍ പകര്‍ന്നുനല്‍കിയ ശാന്തസ്വഭാവം.

ഇമാം ഹുസൈനിലൂടെ മുഹമ്മദ്‌ നബിയില്‍ എത്തിനില്‍ക്കുന്നു പാണക്കാട്‌ തങ്ങള്‍മാരുടെ കുടുംബ വേരുകള്‍. പി.എം.എസ്‌.എ. പൂക്കോയ തങ്ങളുടെയും ആയിശ ബീവിയുടെയും മകനായി 1936 മേയ്‌ നാലിന്‌ ശിഹാബ്‌ തങ്ങള്‍ ആ മഹത്തായ പാരമ്പര്യത്തില്‍ കണ്ണിയായി.
അക്ഷര ലോകത്തേക്കു തങ്ങള്‍ പിച്ചവച്ചത്‌ ജന്‍മനാടായ പാണക്കാട്ടുനിന്നുതന്നെയാണ്‌. പാണക്കാട്‌ ഡി.എം.ആര്‍.ടി. സ്കൂളിലും കോഴിക്കോട്‌ എം.എം. ഹൈസ്കൂളിലുമായായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

1953ല്‍ എസ്‌.എസ്‌.എല്‍.സി. പൂര്‍ത്തിയാക്കിയശേഷം തോഴന്നൂര്‍, തലക്കടത്തൂര്‍ എന്നിവിടങ്ങളിലായി അഞ്ചു വര്‍ഷത്തെ ദര്‍സ്‌ പഠനം. ഉപരിപഠനത്തിനായി ശിഹാബ്‌ തങ്ങള്‍ 1958ല്‍ ഈജിപ്‌തിലേക്കു പോയി. 1958 മുതല്‍ 1961 വരെ അല്‍ അഷര്‍ സര്‍വകലാശാലയിലും 1961 മുതല്‍ 1966 വരെ കയ്‌റോ സര്‍വകലാശാലയിലുമായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്‌.

1966ല്‍ തിരികെ നാട്ടിലെത്തി. അതേ വര്‍ഷം നവംബര്‍ 24ന്‌ സയ്യിദ്‌ അബ്ദുറഹ്മാന്‍ ബാഫക്കി തങ്ങളുടെ പുത്രി ശരീഫാ ഫാത്തിമ ബീവി തങ്ങളുടെ ജീവിതസഖിയായി കടന്നുവന്നു. 2006 ഏപ്രില്‍ 21ന്‌ അവര്‍ അന്തരിച്ചതിനുശേഷവും തങ്ങള്‍ കര്‍മ്മരംഗത്തു സജീവമായിരുന്നു.
തങ്ങള്‍ക്ക്‌ അഞ്ചു മക്കളാണ്‌ -സുഹറ, ഫൈറൂസ്‌, സമീറ, സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ എന്നിവര്‍.

മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന പിതാവ്‌ പാണക്കാട്‌ പൂക്കോയ തങ്ങളുടെ മരണത്തെത്തുടര്‍ന്ന്‌ 1975 സെപ്റ്റംബര്‍ ഒന്നിന്‌ ശിഹാബ്‌ തങ്ങള്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി. ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ഏറ്റവും കൂടുതല്‍ കാലം പൂര്‍ത്തിയാക്കിയെന്ന റെക്കോര്‍ഡും ശിഹാബ്‌ തങ്ങള്‍ക്കുതന്നെയാണ്‌.

34 വര്‍ഷത്തോളം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടും ആരോപണങ്ങള്‍ ഒന്നുപോലും ഏല്‍ക്കേണ്ടിവന്നിട്ടില്ലാത്ത ഈ സംശുദ്ധ വ്യക്‌തിത്വത്തിന്റെ മാതൃക സ്വീകരിച്ച്‌ സഹോദരന്‍മാരായ ഉമറലി ശിഹാബ്‌തങ്ങള്‍, ഹൈദരലി ശിഹാബ്‌തങ്ങള്‍, സാദിഖലി ശിഹാബ്‌ തങ്ങള്‍, അബ്ബാസലി ശിഹാബ്‌ തങ്ങള്‍ എന്നിവരും പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്‌. രാഷ്ട്രീയ എതിരാളികളുടെപോലും പ്രശംസ പിടിച്ചുപറ്റിയ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ജീവിക്കുന്നത്‌ കേരള ജനതയുടെ മനസ്സിലാണ്‌. നക്ഷത്രശോഭയുടെ ആ മഹാസാന്നിധ്യത്തെ അവിടെനിന്നു കുടിയിറക്കാന്‍ കാലത്തിനുപോലും കഠിനാധ്വാനം ചെയ്യേണ്ടിവരും.

അംജത്‌ പി. ബഷീര്‍
Manorama

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക