പ്രതികാര ചിന്തയല്ല പ്രത്യാശ വളര്‍ത്തണം :ശിഹാബ്‌ തങ്ങള്‍


 • നന്മയുടെയും സമാധാനത്തിന്‍റെയും പരസ്പര സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയുംസന്ദേശമാണ് ഇസ്ലാം നല്‍കുന്നത്. ക്ഷമ,വിശ്വാസത്തിന്റെ അര്‍ദ്ധഭാഗമാണ് എന്ന്ഈ മതം പഠിപ്പിക്കുന്നു.സത്യത്തിന്‍റെ സാക്ഷികളും കാര്‍മ്മികരുമാകാനും മാനവികഏകത ലക്‌ഷ്യം വെക്കാനും ഇസ്ലാം ഓര്‍മ്മിപ്പിക്കുന്നു.   

 • സര്‍വ്വലോകത്തിനും കാലത്തിനും ജനതയ്ക്കും  വഴികാട്ടുകയാണ്  വിശുദ്ധ ഖുര്‍ആന്‍.ലോകത്തിന്‍റെ എല്ലാ അസ്വസ്ഥതകള്‍ക്കും ജീര്‍ണ്ണതകള്‍ക്കും ദു:ഖങ്ങള്‍ക്കുംഅന്വേഷണങ്ങള്‍ക്കും പരിഹാരം ഈ ഗ്രന്ഥത്തിലുണ്ട്. മനുഷ്യന്‍റെ ജീവിത വ്യവസ്ഥയെ നഖശിഖാന്തം നിയന്ത്രിക്കാനും സാമൂഹ്യാവസ്ഥയ്ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കാനും എല്ലാ സംശയങ്ങള്‍ക്കും തെളിഞ്ഞ ഉത്തരവുമായി ഖുര്‍ആന്‍ മുമ്പില്‍ നില്‍ക്കുന്നു.വിശ്വാസികള്‍ക്ക്‌ നേര്‍മാര്‍ഗ്ഗം ചൂണ്ടുന്ന ഈ വിശുദ്ധ മഹാഗ്രന്ഥം നല്‍കിയ വിശ്വപരിപാലകനായ അല്ലാഹുവിനെ സദാ സ്തുതിക്കുക.

 •  ഇളക്കം പറ്റാത്ത ദൈവവിശ്വാസത്തിന്‍റെ തെളിവ്‌, സ്വജീവിതം ഖുര്‍ആനികമാണോ എന്ന ആത്മപരിശോധനയാണ്. ഖുര്‍ആനും അന്ത്യപ്രവാചകന്‍ മുഹമ്മദി(സ)ന്‍റെ ജീവിതചര്യകളുമാണ്എല്ലാ ഇരുട്ടിലും നമുക്ക്‌ വെളിച്ചം പകരുന്നത്. ഈ അടിസ്ഥാനത്തില്‍ നിന്നാവണം ഭൌതിക,രാഷ്ട്രീയ സാഹചര്യങ്ങളെയും വിലയിരുത്തേണ്ടത്.   

 • മാനവ സമൂഹത്തിന് വേണ്ടി നിയോഗിതമായ ഉത്തമ സമുദായമാണ് എന്ന അഭിമാനബോധവും ഉത്തരവാദിത്വബോധവും  മുസ്ലിംകളില്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിവിധ തലത്തിലും രൂപത്തിലും നടന്നു വരുന്നുണ്ട്.മുസ്ലിംകളെ വിശ്വാസത്തില്‍ നിന്നകറ്റുകയാണ് മുഖ്യലക്ഷ്യം. ഇതുവഴി ഖുര്‍ആനിക-മല്ലാത്ത ഏത് ജീവിതരീതിയെയും തത്വസംഹിതകളെയും സ്വീകരിക്കാനും അപക്വവും അപകടകരവുമായ പ്രവണതകളില്‍ ഇഴുകിച്ചേരാനും മറ്റുള്ളവരെപ്പോലെ മുസ്ലിംകളില്‍പ്പെട്ടവരും പാകമാകുന്നു.അന്താരാഷ്ട്രതലത്തിലും വളരെ പ്രാദേശികമായും ആ ശ്രമങ്ങളുണ്ടെന്ന് കരുതണം.  

 •   മുസ്ലിംകള്‍ ഭീകരവാദികളും രാജ്യദ്രോഹികളുമാണെന്ന് സ്ഥാപിക്കാന്‍ ഇന്ത്യയിലും ചില സംഘങ്ങള്‍ കഠിനയത്നം നടത്തുന്നുണ്ട്. സ്വന്തം ചുറ്റുപാടുകളിലെ ജീവിതതകര്‍ച്ചയും അധ:സ്ഥിതിയും ക്രൂരതകളും മറച്ചുവെച്ച് ഇസ്ലാമിക ശരീഅത്തിനെ പ്രാകൃതമായി ചിത്രീകരിക്കുകയും അതോടൊപ്പം ഒരു പൊതുവ്യക്തി-നിയമത്തിന് കീഴില്‍ മുസ്ലിംകളെയും കൊണ്ടുവരണമെന്ന് ശഠിക്കുകയും ചെയ്യുന്നവരുടെ സഹചാരികള്‍ തന്നെയാണ് മുസ്ലിം ഭീകരതയുടെ പ്രചാരകരും. ഇന്ത്യയുടെ വിശാലമായ മതേതര സങ്കല്‍പ്പങ്ങള്‍ക്കകത്ത് ഈ പ്രചാരണം വിലപ്പോവില്ലെങ്കിലും മറ്റുള്ളവരില്‍ സംശയമുളവാക്കത്തക്കവിധം മുസ്ലിംകളിലാരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് ഫാഷിസ്റ്റ്‌ മനസ്സുകള്‍ക്ക്‌ ജോലി എളുപ്പമാക്കും. 

 •  തീവ്രവാദികളും ഭീകരവാദികളും രാജ്യത്തെ ജനാധിപത്യ വ്യവവസ്ഥിതിയെ ചോദ്യം ചെയ്യുന്നവരുമെല്ലാം മുസ്ലിംകളില്‍ നിന്നുണ്ടാകണമെന്നാണ് ഫാഷിസ്റ്റുകളുടെ ആഗ്രഹം.ഇത് പറഞ്ഞ് ഫലിപ്പിച്ചെങ്കില്‍ മാത്രമേ ഭൂരിപക്ഷത്തെ ഏകോപിപ്പിച്ച് അധികാരലബ്ധിക്ക് നിലമൊരുക്കാന്‍ ഫാഷിസ്റ്റുകള്‍ക്ക്‌ കഴിയൂ. ഇതിന് കാരണമുണ്ടാക്കി കൊടുക്കുക എന്ന അബദ്ധം മുസ്ലിംകളില്‍ നിന്നുണ്ടായിക്കൂടാ. ഇത്തരം അധികാര ലബ്ധി-യിലൂടെ ഏകസിവില്‍കോഡും ഏകസംസ്കാരവും നടപ്പാക്കുകയും മതേതരത്വവും ജനാധിപത്യവും മത-സ്വാതന്ത്ര്യവുമടക്കമുള്ള ഭരണഘടനാതത്വങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും. 

 • ന്യൂനപക്ഷങ്ങള്‍ ഭരണഘടനാപരമായി തന്നെ സംഘടിക്കുകയും മറ്റു മതേതര ജാനാധിപത്യകക്ഷികളുമായി ചേര്‍ന്ന് അവകാശങ്ങള്‍ നേടാനും സംരക്ഷിക്കാനുമുള്ള സാഹചര്യമൊരുക്കുകയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ അഭികാമ്യം.ഇതിന് പകരം തീവ്രവാദപരമായ നിലപാടിലൂടെ സായുധമായി സംഘടിച്ച് അവകാശങ്ങള്‍ നേടാന്‍ ഒരുമ്പെടുന്നത് ന്യൂനപക്ഷങ്ങള്‍ക്ക്‌ പൊതുവില്‍ ദോഷകരമായി ഭവിക്കും. 

 •   ആയുധത്തിന്റെ മാര്‍ഗ്ഗം പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഇസ്ലാമിന്‍റെ മാര്‍ഗ്ഗമല്ല ഈ തീവ്രവാദം.ഇത് മറ്റു സംസ്കാരങ്ങളുടെ അടിച്ചേല്‍പ്പിക്കലാണ്.വൈകാരിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കി മുസ്ലിം മനസ്സുകളെ പ്രകോപിപ്പിക്കുന്നതിലൂടെ ഇസ്ലാമിക സംസ്കാരത്തിന് തന്നെ കളങ്കമേല്‍ക്കുന്നു. 

 • നിരാശയും പ്രതികാരചിന്തയും വളര്‍ത്തുകയല്ല,ദിശാബോധവും പ്രത്യാശയുമുളവാക്കുകയാണ് ഒരു സമൂഹത്തിന്‍റെ പുരോഗതിക്ക്‌ വേണ്ടത്.പ്രക്ഷുബ്ധമായ അവസ്ഥയില്‍ സമുദായത്തിന്റെയും നാടിന്‍റെയും പുരോഗതി അസാധ്യമാകും.തീവ്രവാദചിന്ത പടരുമ്പോള്‍ നാട്ടില്‍ അസമാധാനമുണ്ടാകും.സ്വൈര്യമായി അന്തിയുറങ്ങാനും ആരാധന ചെയ്യാനുമുള്ള സ്വാസ്ഥ്യം നഷ്ടപ്പെടും.മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കാശ്മീര്‍ നല്‍കുന്ന ചിത്രം മറന്നുകൂടാ. കാശ്മീരിലെ മുസ്ലിം യൌവ്വനത്തെ നൂറില്‍പ്പരം ഗ്രൂപ്പുകളാക്കി ഭിന്നിപ്പിച്ചുനിര്‍ത്തിയത് തീവ്രവാദമാണ്.ഇന്ന് ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നഷ്ടപ്പെടുന്നത് ഇരുഭാഗത്തെയും ചോരത്തുടിപ്പാര്‍ന്ന അസംഖ്യം മുസ്ലിം യുവാക്കള്‍ തന്നെ.

 • ജിഹാദ്‌ എന്ന വിശുദ്ധമായ സങ്കല്‍പ്പത്തെ ദുരുപയോഗപ്പെടുത്തിയാണ് മുസ്ലിം യുവാക്കളെ ഈ വലയില്‍ അകപ്പെടുത്തുന്നത്.ഇസ്ലാം നിര്‍ദേശിച്ച ജിഹാദിന്റെ സ്ഥാനത്തല്ല ഈ പുതിയ ജിഹാദുകാരുള്ളത്.ഇത് മറ്റുചില താല്പര്യങ്ങളുടെ സൃഷ്ടിയാണ്.രഹസ്യ പ്രവര്‍ത്തനങ്ങളിലൂടെ സംഘടിപ്പിക്കേണ്ടതല്ല ഇസ്ലാം.ഖുര്‍ആനും നബിചര്യയും സമൂഹത്തില്‍ പരസ്യമായും സുവ്യക്തമായും ബോധ്യപ്പെടുത്തുകയും വ്യക്തിജീവിത മാതൃകയിലൂടെ കാണിച്ചു കൊടുക്കുകയും ചെയ്താണ് ഇസ്ലാമിനെ പ്രചരിപ്പിക്കേണ്ടത്.ഈ മാര്‍ഗ്ഗത്തില്‍ വരുന്ന എതിര്‍പ്പുകളോട് ആത്മസംയമനത്തിലൂടെ,ക്ഷമയിലൂടെ പ്രതികരിക്കാനും ശത്രുവിന്‍റെ മനസ്സു മാറ്റാനുമാണ് നമുക്ക്‌ മാതൃകയുള്ളത്. പ്രവാചക ചരിത്രത്തിലെ സന്ധികളും പ്രബോധനരംഗവും ഇത് വ്യക്തമാക്കുന്നു. 

 • ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ സംബന്ധിച്ചിടത്തോളം സ്വീകരിക്കാവുന്ന ഏറ്റവും മികച്ച പ്രതിരോധ മാര്‍ഗ്ഗം രാഷ്ട്രീയ ഐക്യവും ബാലറ്റുമാണ്. മുസ്ലിം സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വം എന്ന ലക്‌ഷ്യം നേടാന്‍ രാഷ്ട്രീയ ഐക്യം വഴി മാത്രമേ സാധ്യമാകൂ. ഇന്ത്യന്‍ ഭരണഘടനയും ജാനാധിപത്യ,മതേതര വ്യവസ്ഥയും ഇക്കാര്യത്തില്‍ന്യൂനപക്ഷങ്ങള്‍ക്ക്‌ അനുഗ്രഹമാണ്.ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മൌലികാവകാശമായുള്ള ഭരണഘടനയാണിത്. ഭരണഘടനയെ മാനിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്.   

 • ഭൂരിപക്ഷ സമുദായത്തെ മുഴുവന്‍ ശത്രുക്കളായി കാണുന്ന സമീപനം അഭിലഷണീയമല്ല. ബാബരി മസ്ജിദിന്‍റെ തകര്‍ച്ച മുസ്ലിംകളുടെ മാത്രം ദു:ഖമല്ല, ഇന്ത്യയുടെ മുഴുവന്‍ ഹൃദയവേദനയാണെന്ന് പറഞ്ഞ അമുസ്ലിം സഹോദരങ്ങളെയും നേതാക്കളെയും വിസ്മരിച്ചുകൂടാ. ഇസ്ലാമിക ശരീഅത്തിന്റെ സംരക്ഷണത്തിന് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ മുസ്ലിം മനസ്സുകള്‍ക്കൊപ്പം നിന്ന ഭൂരിപക്ഷ സമുദായാംഗങ്ങളെ മറക്കുന്നത് നന്ദികേടാണ്.മതത്തിന്‍റെ പേരിലുള്ള ഏത് തരം ധ്രുവീകരണവും ഫാഷിസ്റ്റുകള്‍ക്ക്‌ ഇവിടെ അനുകൂലമായിരിക്കും. ബാബരി മസ്ജിദ്‌ തകര്‍ച്ചയുടെ  അനന്തരഫലം തന്നെ ഇത് വ്യക്തമാക്കുന്നു.   

 • ആ കൊടുംദു:ഖത്തില്‍ ഒറ്റക്കെട്ടാവുന്നതിന് പകരം മുസ്ലിംകള്‍ ഭിന്നിക്കുകയായിരുന്നു.പള്ളി തകര്‍ത്ത ഫാഷിസ്റ്റുകളുടെ പക്ഷത്ത് ഏകോപനമുണ്ടായി. ഇത് തിരിച്ചറിയണം. 

 • സമൂഹത്തില്‍ വ്യാപിച്ച സാംസ്കാരിക വിനാശങ്ങള്‍ക്കെതിരെ യുവമനസ്സുണരണം. ഇസ്ലാമിക ശരീഅത്തിനെതിരായ സംഘടിത ആക്രമണത്തെ ചെറുക്കണം.അനിസ്ലാമികമായ ആചാര രീതികള്‍ക്ക്‌ പിറകെ പോകുന്നതും ഇസ്ലാം വിലക്കിയ കാര്യങ്ങള്‍ തലപൊക്കുന്നതും തടയണം.വിദ്യാഭ്യാസ,സാമൂഹ്യ,രാഷ്ട്രീയ വളര്‍ച്ച മുസ്ലിം സമൂഹത്തിന് ലഭ്യമാക്കണം.മുസ്ലിം യൌവ്വനത്തെ തീവ്രവികാരങ്ങളിലേക്ക് വഴിതിരിച്ചു വിടാതെ കുടുംബത്തിനും സമുദായത്തിനും നാടിനും ഉപകാരമുള്ളതാക്കണം. വിശുദ്ധ ഖുര്‍ആന്‍ നമുക്ക്‌ വഴി കാണിക്കും. സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ.                                                                                                                                        (1999)

3 comments:

shafeeq said...

insha allah..

ishaqh ഇസ്‌ഹാക് said...

സുഹൃത്തെ,തങ്ങള്‍ മരിച്ച ഉടനെ ഞാന്‍ വരച്ച ഒരുചിത്രമാണ് താങ്കള്‍ മുകളില്‍ കൊടുത്തത് എന്റെ പേരും അതിന്റെ ഇടത് വശത്ത് ഞാന്‍ എഴുതിയിരുന്നു അതും കാണാനില്ല,അങ്ങിനെ സംശയനിവാരണത്തിനു വേണ്ടിയാണ് ഇവിടെ വന്നത് ..ഭാവുകങ്ങള്‍.

Basheer Pookkottur | ബഷീര്‍ പൂക്കോട്ടൂര്‍ said...

ക്ഷമിക്കണം ഇസ്‌ഹാക് ....ഞാന്‍ മന:പൂര്‍വ്വം ഒഴിവാക്കിയതല്ല. ഫേസ്‌ബുക്കില്‍ നിന്ന് കിട്ടിയത് പോലെ കൊടുത്തതാണ്. ചിത്രത്തില്‍ ഞാനൊരു മാറ്റവും വരുത്തിയിട്ടില്ല. മുകളില്‍ ഫേസ്‌ബുക്ക് ലിങ്ക് കൊടുത്തിട്ടുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു. താഴെ ലിങ്ക് ശ്രദ്ധിക്കൂ
http://www.facebook.com/notes/mujeeb-poyilthazham

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക