കൈത്തറിയില്‍ ശിഹാബ് തങ്ങളുടെ ചിത്രം നെയ്ത മനോഹരന് സ്വപ്നസാഫല്യം

മലപ്പുറം: കണ്ണൂര്‍ കൂടാളിയിലെ വാടി മനോഹരന് ഇത് സ്വപ്‌നസാഫല്യം, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് മനസ്സില്‍ കോറിയിട്ട ചിത്രം കൈത്തറിയില്‍ വര്‍ണങ്ങളില്‍ നെയ്ത് പാണക്കാട്ട് കൊടപ്പനക്കല്‍ തറവാട്ടില്‍ കൊണ്ടുവന്നപ്പോള്‍ മനോഹരന് ആത്മനിര്‍വൃതി.

കണ്ണൂരില്‍ നിന്ന് തീവണ്ടി മാര്‍ഗം കൊണ്ടു വന്ന മനോഹര ചിത്രം വൈകീട്ടോടെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ഒന്നര മീറ്റര്‍ വലിപ്പത്തിലുള്ള ചിത്രം മുപ്പത് ദിവസമെടുത്താണ് മനോഹരന്‍ സ്വന്തമായി നെയ്തത്.

തങ്ങളെ കുറിച്ച് ധാരാളം കേട്ടിട്ടുള്ള മനോഹരന്‍ നേരില്‍ കണ്ടിട്ടില്ല. പക്ഷേ ആ നല്ല മനസ്സിനെ കുറിച്ച് മനോഹരന്‍ വാചാലനാണ്. മതസൗഹാര്‍ദത്തിനും പാവങ്ങള്‍ക്കും വേണ്ടി ശിഹാബ് തങ്ങള്‍ നയിച്ച ജീവിതം എക്കാലവും സ്മരിക്കപ്പെടുമെന്ന് മനോഹരന്‍ പറഞ്ഞു.

മതമൈത്രിയുടെ പ്രതീകമായിരുന്നു തങ്ങള്‍. ആ ചിത്രങ്ങള്‍ തെളിഞ്ഞു നില്‍ക്കേണ്ടത് അനിവാര്യമാണ് -അതിനാലാണ് ഈ ദൗത്യമെന്ന് മനോഹരന്‍.

കണ്ണൂര്‍ തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ പ്രോജക്ട് ട്രെയിനര്‍ കൂടിയാണ് മനോഹരന്‍. തങ്ങള്‍ മരണപ്പെടുന്നതിന് തൊട്ടു മുമ്പുള്ള ഒരു ചിത്രത്തെ അടിസ്ഥാനമാക്കിയാണ് കോട്ടണ്‍ നൂലില്‍ ചിത്രമെടുത്തത്.

ഹാന്റ്‌ലൂമിലെ പാവിലയുടെ അടിയില്‍ ചിത്രം വെച്ച് നൂലില്‍ കളര്‍ ചേര്‍ത്ത് അണിയിച്ചാണ് വലിയ ചിത്രം ഒരുക്കിയതെന്ന് മനോഹരന്‍ 'ചന്ദ്രിക'യോട് പറഞ്ഞു. കറുപ്പ്, ഓറഞ്ച്, ബ്രൗണ്‍, തുടങ്ങിയ കളറിലാണ് ചിത്രം നെയ്തത്.

മുപ്പത് വര്‍ഷമായി നെയ്ത്തില്‍ കഴിവ് തെളിയിച്ച മനോഹരന് 2007-ല്‍ മികച്ച നെയ്ത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നെയ്ത്തില്‍ കലാവര്‍ണങ്ങള്‍ കോറിയിടുന്നതില്‍ പ്രശസ്തനായ മനോഹരന്‍ നേരത്തെ എപിജെ അബ്ദുല്‍ കലാമിന്റെ ചിത്രം തയ്യാറാക്കിയിരുന്നു.

ശിഹാബ് തങ്ങളുടെ ഫ്രെയിമിലാക്കിയ ഈ കൈത്തറി ചിത്രം കാഴ്ചക്കാരില്‍ കൗതുകമുളവാക്കുന്നു. നെയ്ത്തില്‍ ഇത്തരം ചിത്രങ്ങള്‍ ദുര്‍ലഭമാണെന്ന് മനോഹരന്‍ പറഞ്ഞു.

തുണികള്‍ അലക്കുന്നത് പോലെ അലക്കാനും മറ്റും ഈ കൈത്തറി ചിത്രത്തിന് കഴിയും. രണ്ട് ചിത്രങ്ങളാണ് മനോഹരന്‍ നെയ്തത്. ഒരെണ്ണം കണ്ണൂരിലെ ജില്ലാ മുസ്‌ലിംലീഗ് ഓഫീസില്‍ സ്ഥാപിച്ചാണ് പാണക്കാട്ടേക്ക് തിരിച്ചത്. കൂടെ കണ്ണൂരിലെ കെ ഉമര്‍ഫാറൂഖുമുണ്ടായിരുന്നു. ചിത്രവുമായെത്തിയ മനോഹരനെ മുനവ്വറലി തങ്ങള്‍ ആശിര്‍വദിച്ചു.

തങ്ങളെ ആശ്ലേഷിച്ചാണ് മനോഹരന്‍ കൊടപ്പനക്കലില്‍ നിന്നിറങ്ങിയത്. ഇത് തന്റെ ജീവിതത്തിലെ അപൂര്‍വ നിമിഷമാണെന്ന് മനോഹരന്‍ സാക്ഷ്യപ്പെടുത്തി.


ഇഖ്ബാല്‍ കല്ലുങ്ങല്‍
Chandrika Daily
6/5/2013

1 comment:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക