ഒരു ചെറുപുഞ്ചിരിയില്‍ ജനതയെ അണച്ചുനിര്‍ത്തിയ നായകന്‍


മുസ്‌ലിംസമുദായത്തിന്റെ ദു:ഖങ്ങള്‍ക്കുമേല്‍ സാന്ത്വനത്തിന്റെ ചെറുചിരിയായി നിറഞ്ഞുനിന്ന ജനനേതാവായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. കൊടുങ്കാറ്റുകള്‍ക്കിടയില്‍ ആ ശാന്തത ഒരു ജനതക്ക് പകര്‍ന്നുനല്‍കിയത് തുല്യതയില്ലാത്ത സുരക്ഷിതത്വബോധമാണ്. അനാഥമായ ഒരു സമൂഹത്തിന് തന്റെ ചിറകിനുള്ളില്‍ അഭയം നല്‍കുമ്പോഴും ആ വലിയ മനുഷ്യന്‍ അതിരുകള്‍ക്കപ്പുറത്തേക്ക് എത്തിനോക്കിയില്ല. അന്യസമുദായങ്ങളുടെ സര്‍വ്വാദരങ്ങളും ശിഹാബ് തങ്ങളെ തേടിയെത്തിയത് ഇതുകൊണ്ടായിരുന്നു.

ശിഹാബ് തങ്ങള്‍ മുസ്‌ലിംസമുദായത്തിന്റെ മാത്രമായിരുന്നില്ല. കൊടപ്പനക്കല്‍ തറവാട്ടിലെ വാതിലുകള്‍ ഒരാള്‍ക്കു മുമ്പിലും കൊട്ടിയടച്ചിട്ടുമില്ല. ആ വാതിലുകള്‍ പോലെ ശിഹാബ് തങ്ങളുടെ മനസ്സും ലോകത്തിലേക്ക് തുറന്നിട്ടതായിരുന്നു. പരിഭവങ്ങളുമായി വന്നവരും ദു:ഖങ്ങള്‍ താണ്ടിയെത്തിയവരും ദുരിതങ്ങളുടെ ഭാണ്ഡങ്ങളുമായി ആ പടി കടന്നവരും ശിഹാബ് തങ്ങള്‍ക്ക് മുന്നില്‍ ഭാരങ്ങളിറക്കി വെച്ചു. ശരീരം മനസ്സിനോടൊപ്പം സഞ്ചരിക്കാത്ത അവസാനകാലത്തും ആ മനസ്സിന്റെ വാതിലുകള്‍ ആലംബഹീനര്‍ക്ക് വേണ്ടി തുറന്നുവെച്ചു.

പാണക്കാട്ടെ പടികടന്നെത്തുന്ന ആര്‍ക്കും അന്യതാബോധം തോന്നിയിരുന്നില്ല ഒരിക്കലും. കോലായിലും സിറ്റിംഗ് റൂമിലും മാത്രമല്ല ജനങ്ങള്‍ നിറഞ്ഞുകവിഞ്ഞത്. അകത്തെ മുറികളോരോന്നും കടന്ന് ശിഹാബ് തങ്ങളുടെ കിടപ്പുമുറിയോളം സന്ദര്‍ശകര്‍ എത്തുമ്പോഴും അരുതെന്ന് ആരെയും വിലക്കിയില്ല. ആരോഗ്യം തകര്‍ന്ന ഘട്ടത്തിലും തങ്ങള്‍ ദു:ഖിതരുടെ തണല്‍മരമായി പടര്‍ന്നുനിന്നു. എല്ലാ വേദനകള്‍ക്കും പരിഹാരത്തിന്റെ കൂട്ടുകള്‍ നല്‍കാന്‍ ശിഹാബ് തങ്ങള്‍ക്ക് സാധിച്ചു.

രാഷ്ട്രീയത്തിന്റെ, സാമുദായികതയുടെ കള്ളികളിലൊതുങ്ങാതെ മാനവികതയുടെ ആകാശത്തോളം ഉയര്‍ന്നുനിന്നു ശിഹാബ് തങ്ങള്‍. പ്രതിസന്ധി നിറഞ്ഞ രാഷ്ട്രീയഭൂകമ്പങ്ങള്‍ക്കിടയിലും ശിഹാബ് തങ്ങള്‍ നല്‍കിയ സുരക്ഷിതത്വത്തിന്റെ കൈത്താങ്ങ് സമുദായം ആവോളം ആസ്വദിക്കുകയായിരുന്നു.

ശിഹാബ് തങ്ങള്‍ മുസ്‌ലിംകള്‍ക്ക് ഒരു മതനേതാവ് മാത്രമായിരുന്നില്ല. അവരുടെ ആഗ്രഹങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കിയ നവോത്ഥാനനായകനായിരുന്നു. അക്ഷരമുപേക്ഷിച്ചവരുടെ മണ്ണില്‍ അറിവിന്റെ വിത്തുവിതച്ച് അതിന്റെ ഫലം കൊയ്തുകാണിച്ച വിദ്യാഭ്യാസ വിചക്ഷണനായിരുന്നു തങ്ങള്‍ .

ചരിത്രം അവസാനിച്ചു, മലയാളത്തിന്റെ നന്മകളെ പ്രകാശമാക്കി നിര്‍ത്തിയ ഒരു സുവര്‍ണ്ണദശ അസ്തമിച്ചു. ശിഹാബ് തങ്ങള്‍ പകര്‍ന്നുനല്‍കിയ സ്‌നേഹത്തിന്റെ കാലം ഓര്‍മ്മകളുടെ അവസാനം വരെയും കേരളീയസമൂഹം സൂക്ഷിച്ചുവെക്കുമെന്നുറപ്പാണ്. ആദരങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴും മണ്ണിന്റെ ഗന്ധം മറന്നിരുന്നില്ല തങ്ങള്‍.

ലോകത്തോളമുയര്‍ന്ന് നിന്ന ആ വലിയനേതാവിന്റെ ചുറ്റും എപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരായിരുന്നു. അല്‍ അസ്ഹറില്‍ നിന്ന് നേടിയ ഭാഷാ പാണ്ഡിത്യവും സാഹിത്യതല്‍പരതയും ഉണര്‍ത്തിയ ഒരു സര്‍ഗമനസ്സ് ശിഹാബ്തങ്ങള്‍ എന്നും സൂക്ഷിച്ചുവെച്ചിരുന്നു.
മലയാളികള്‍ക്ക് ശിഹാബ് തങ്ങള്‍ ഒരു വ്യക്തിയായിരുന്നില്ല. നന്മകളുടെയും വിശുദ്ധിയുടെയും ഒരു ഭാവമായിരുന്നു. ശിഹാബ് തങ്ങള്‍ കേരളത്തിന് ഒരു രാഷ്ട്രീയനേതാവായിരുന്നില്ല, നറുനിലാവ് പോലെ രാഷ്ട്രീയത്തിന്റെ സംഘര്‍ഷങ്ങള്‍ക്ക് മേല്‍ ഒഴുകിപ്പരന്ന ഒരനുഭവമായിരുന്നു.

 നജീബ് കാന്തപുരം
News @ Chandrika
6/19/2013 

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക