പാണക്കാട് പൂക്കോയ തങ്ങള്‍ അമൂല്യമായ രാഷ്ട്രീയ മാതൃക

പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ വേര്‍പിരിഞ്ഞിട്ട് ഇന്നേക്ക് 38 വര്‍ഷം പൂര്‍ത്തിയാവുകയാണ്. മുസ്‌ലിം കേരളത്തിന്റെ ആത്മീയ-ഭൗതിക നേതൃ രംഗത്ത് അതുല്യമായ സേവനമര്‍പ്പിച്ച മഹാവ്യക്തിത്വമാണ് പൂക്കോയ തങ്ങള്‍. അനിതര സാധാരണമായ ഇച്ഛാശക്തിയും കര്‍മ്മശേഷിയും നേതൃരംഗത്ത് പ്രകടിപ്പിച്ച അപൂര്‍വ്വ വ്യക്തിത്വങ്ങളിലൊരാള്‍. കൂടിയാലോചനകളിലൂടെ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്രതിസന്ധികളെ ഭയക്കാതെ പൂക്കോയ തങ്ങള്‍ കാണിച്ച ആര്‍ജവം കേരളാ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

മുസ്‌ലിംലീഗ് അതിന്റെ ചരിത്രത്തില്‍ വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ പാര്‍ട്ടിക്ക് നേതൃത്വം കൊടുത്ത പൂക്കോയ തങ്ങളുടെ ആദര്‍ശപരമായ ആര്‍ജവം എക്കാലത്തും പ്രചോദനമായി അവശേഷിക്കുന്നു. മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ഇന്നുള്ള കരുത്ത് ആ തുടര്‍ച്ചയാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. അഗാധമായ മതഭക്തിയും ചിട്ടയാര്‍ന്ന കര്‍മ്മ ജീവിതവും സമുദായത്തിന് സമര്‍പ്പിച്ചു പൂക്കോയങ്ങള്‍. സമുദായത്തിന്റെ ആത്മീയ-ഭൗതിക താല്‍പര്യങ്ങളെ കോര്‍ത്തിണക്കുന്ന ആ രാഷ്ട്രീയ നേതൃത്വത്തിന്റെ സാന്നിദ്ധ്യമാണ് ഇന്നും ശിഥിലമാകാതെ നില്‍ക്കുന്ന കേരളീയ മുസ്‌ലിം നേതൃത്വത്തിന്റെ സവിശേഷത.

ആത്മീയ-രാഷ്ട്രീയ ഇണക്കത്തില്‍ രൂപം പ്രാപിച്ച നമ്മുടെ നേതൃശക്തിയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ ആര്‍ക്കും സാധിക്കാത്തതാണ് സമുദായം അനുഭവിക്കുന്ന നന്മകളുടെ കാരണം. സമുദായം നേതൃത്വമില്ലാത്ത ആള്‍കൂട്ടമായിരുന്നെങ്കില്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ഒരു പതിപ്പായി നാം മാറുമായിരുന്നു.
കേരളീയ മുസ്‌ലിം സമൂഹത്തിന് കരുത്തുറ്റ നേതൃത്വത്തിന്റെ തണല്‍ സംവിധാനം ചെയ്യുന്നിടത്ത് പൂക്കോയ തങ്ങളുടെ പങ്ക് വളരെ വലുതാണ്. കുടുംബ പാഠശാലയില്‍ ചിട്ടയോടെ വളര്‍ത്തി വലുതാക്കിയ സന്താനങ്ങളില്‍ മുസ്‌ലിം നേതൃത്വത്തിന്റെ കടിഞ്ഞാണ്‍ ഏല്‍പിക്കാന്‍ സാധിച്ചത് പൂക്കോയ തങ്ങളുടെ ശിക്ഷണത്തിന്റെ പ്രത്യേകതയാണ്.

നമ്മുടെ ആത്മീയ-രാഷ്ട്രീയ നേതാക്കളില്‍ പലരും സ്വന്തം ജീവിത വീക്ഷണവും പ്രവര്‍ത്തനങ്ങളും മക്കളില്‍ വളര്‍ത്താന്‍ മറന്ന് പോകുന്ന ഇതൊക്കെ ജീവിത മാതൃകയാവേണ്ടതുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹമായി മുസ്‌ലിം കേരളത്തിന് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു നേതൃനിര തന്നെ പൂക്കോയ തങ്ങളുടെ സന്താന പരമ്പരയില്‍ കാണുന്നു. മുസ്‌ലിം സമുദായത്തിന്റെ മതവൈജ്ഞാനികരംഗത്ത് പ്രത്യേകം ശ്രദ്ധ പതിപ്പിക്കാനും അതിനാവശ്യമായ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കാനും പൂക്കോയ തങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പട്ടിക്കാട് ജാമിഅ:നൂരിയ്യയുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും തങ്ങളുടെ പങ്ക് വിലപ്പെട്ടതാണ്. ഇന്ന് ഈ സ്ഥാപനത്തിലൂടെ ആയിരക്കണക്കിന് മത പണ്ഡിതര്‍ പുറത്ത് വരികയും അവര്‍ വിവിധ മേഖലകളില്‍ മഹത്തായ ദീനീ സേവനങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നു. പള്ളി, മദ്രസകളുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും മുസ്‌ലിം മഹല്ലുകളുടെ ഐക്യത്തിലും സമുദായ സംഘടനകളുടെ ഐക്യത്തിലുമെല്ലാം പൂക്കോയ തങ്ങളുടെ മുദ്ര പതിഞ്ഞതായി കാണാം.

മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കളോടും പ്രവര്‍ത്തകരോടും പൂക്കോയ തങ്ങള്‍ കാണിച്ചിരുന്ന അതീവ താല്‍പര്യം അനുഭവിക്കാന്‍ സാധിച്ച പ്രവര്‍ത്തകനാണ് ഈയുള്ളവന്‍. യുവജനങ്ങളെ സംഘടിപ്പിക്കാന്‍ നിരന്തരം ആവശ്യപ്പെടുകയും അതിന് നേതൃത്വം കൊടുക്കുന്നവരെ നന്നായി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യാന്‍ പൂക്കോയ തങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരു ഘട്ടത്തില്‍ പൂക്കോയ തങ്ങളും സി.എച്ചും കൂടിയാലോചനകളിലൂടെ മുസ്‌ലിം യൂത്ത്‌ലീഗിന് നല്‍കിയ കര്‍മ്മപരിപാടികള്‍ കേരളത്തിലെ ശ്രദ്ധേയമായ യുവജന സംഘടനയായി വളര്‍ന്നുവരുന്നതിന് പ്രധാന പ്രചോദനങ്ങളായിരുന്നു.

കുറച്ച് ഉറങ്ങിയും കൂടുതല്‍ ഉണര്‍ന്നിരുന്നും സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ കഠിനാദ്ധ്വാനം ചെയ്യാനുള്ള സന്ദേശമാണ് സ്വന്തം ജീവിതത്തിലൂടെ പൂക്കോയ തങ്ങള്‍ നമുക്ക് നല്‍കുന്നത്. നാടും നഗരവും താണ്ടി ലീഗിന്റെ സന്ദേശം പ്രചരിപ്പിച്ച് മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്താന്‍ എത്ര വഴി ദൂരമാണ് തങ്ങള്‍ സഞ്ചരിച്ചത്. സംഘടനാ ഉത്തരവാദിത്വം ഒരു അലങ്കാരമായി മാറുന്ന പുതിയ കാലത്ത് അതൊരു വലിയ ഉത്തരവാദിത്വമാണെന്ന് പഠിപ്പിച്ച പൂര്‍വ്വീകരായ സാത്വിക നേതൃത്വത്തെ മാതൃകയാക്കാന്‍ സാധിക്കണം.

അറബി മലയാളത്തില്‍ നിന്ന് മലയാള ഭാഷയിലേക്ക് മുസ്‌ലിം സമുദായം കാലെടുത്തുവെക്കുന്ന ഘട്ടത്തില്‍ രംഗത്ത് വന്ന ചന്ദ്രികയെ നിലനിര്‍ത്തുന്നതില്‍ പൂക്കോയ തങ്ങള്‍ വലിയ പങ്ക് വഹിച്ചു. ചന്ദ്രികയെ പ്രചരിപ്പിക്കാനും പുരോഗതിയിലേക്ക് നയിക്കാനും അദ്ദേഹം പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചു. ചന്ദ്രികക്ക് ആവശ്യമായ ഭൗതിക ശേഷി സമാഹരിക്കുന്നതിലും സി.എച്ചിനെ പോലെയുള്ള പ്രതിഭകളെ ഈ രംഗത്ത് ഉപയോഗപ്പെടുത്തുന്നതിലും പൂക്കോയ തങ്ങള്‍ വലിയ താല്‍പര്യമാണ് കാണിച്ചത്.

സമുദായത്തിലും സംഘടനയിലും ഐക്യവും അച്ചടക്കവും നിലനിര്‍ത്തുന്നതില്‍ നിര്‍ബന്ധം പിടിച്ച നേതാവാണ് പൂക്കോയ തങ്ങള്‍. കൂടിയാലോചനകളിലൂടെ രൂപപ്പെടുന്ന തീരുമാനങ്ങളെ എന്ത് വില കൊടുത്തും നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് പൂക്കോയ തങ്ങള്‍ പ്രകടിപ്പിച്ചത്. താല്‍ക്കാലിക നഷ്ടങ്ങളെക്കാള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വിജയത്തിലേക്ക് ഉപകരിക്കുന്ന ദീര്‍ഘദൃഷ്ടിയുടെ ഉടമയായിരുന്നു തങ്ങള്‍.

മുസ്‌ലിംലീഗ് അതിന്റെ ആറരപ്പതിറ്റാണ്ട് പിന്നിട്ടെങ്കിലും പ്രതിയോഗികള്‍ ഇന്നും രംഗത്ത് സജീവമാണ്. പഴകിപ്പുളിച്ച ആരോപണങ്ങളുടെ ആവര്‍ത്തനങ്ങളാണ് കാണുന്നത്. അധികാരമുപയോഗപ്പെടുത്തി അനര്‍ഹമായത് നേടുകയാണെന്ന ദുഷ്പ്രചാരണത്തിലൂടെ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗീയ ധ്രുവീകരണ ശ്രമങ്ങളുടെ നടുവിലൂടെയാണ് നാം മുന്നോട്ട് പോകുന്നത്. ഇത്തരം ഘട്ടങ്ങളില്‍ പൂര്‍വ്വ സൂരികളായ നേതാക്കളുടെ മാതൃക പിന്തുടരാന്‍ ജാഗ്രത പാലിക്കണം.

എത്ര വലിയ പ്രകോപനമുണ്ടായാലും മതേതരത്വം സംരക്ഷിക്കുന്നതിലും മതമൈത്രിയുടെ വക്താക്കളായി നിലകൊള്ളുന്നതിലും മുസ്‌ലിം ഐക്യത്തിന്റെ മുന്നണിപോരാളികളായി കാലുറപ്പിച്ച് നില്‍ക്കുന്നതിലും സമുദായം ഒട്ടും പിന്നോട്ട് പോകാന്‍ പാടില്ല. കേരളീയ സമൂഹത്തിന്റെ മനസ്സില്‍ സ്വന്തം വ്യക്തിമുദ്രപതിപ്പിച്ച പാര്‍ട്ടിയെ നിഷ്‌കാസനം ചെയ്യാന്‍ ഒരാള്‍ക്കും സാധ്യമല്ല. ഈ രംഗത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ നാം സന്നദ്ധരായി രംഗത്ത് വരികയാണ് വേണ്ടത്.

നമ്മുടെ സാമൂഹിക ഇടപെടലുകളും ഇടമുറിയാത്ത സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും ഭരണരംഗത്തെ സാരഥികളുടെ സമര്‍പ്പണവും ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കാത്ത അജയ്യതയായി നിലനില്‍ക്കുന്നു. വ്യക്തിത്വവും വ്യതിരിക്തതയും ധാര്‍മ്മികബോധവും കൈവിടാതെ സൂക്ഷിക്കാനുള്ള സന്ദേശം ഏറ്റെടുക്കാനുള്ള പ്രചോദനമാകട്ടെ പൂക്കോയ തങ്ങളുടെ ഓര്‍മ്മയുടെ ഈ ദിനം.

പി.കെ.കെ ബാവ
(മുസ്‌ലിംലീഗ് സംസ്ഥാന ട്രഷററാണ് ലേഖകന്‍)


News @ Chandrika
7/6/2013 12:28:51 AM

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക