പൂക്കോയ തങ്ങള്‍ സാമൂഹിക മാറ്റങ്ങള്‍ക്ക്‌ വഴിതെളിച്ച മഹാന്‍: ശശി തരൂര്‍


മലപ്പുറം . പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള പുരോഗമനപരമായ നിലപാടുകള്‍വഴി സാമൂഹിക മാറ്റങ്ങള്‍ക്കു വഴിതെളിച്ച മഹാനാണ്‌ പി.എം.എസ്‌.എ. പൂക്കോയ തങ്ങളെന്ന്‌ കേന്ദ്രമന്ത്രി ശശി തരൂര്‍. മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുശ്രദ്ധ കിട്ടാത്ത 1950കളില്‍ അവര്‍ എസ്‌എസ്‌എല്‍സി വരെയെങ്കിലും പഠിക്കണമെന്നു തങ്ങള്‍ നിര്‍ബന്ധിച്ചു. കുട്ടികളെ ശാസ്‌ത്രവും ഭാഷകളും പഠിപ്പിക്കുന്നതിനു പ്രത്യേക താല്‍പര്യം കാണിച്ചു. അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ ഈ തലമുറയും പിന്തുടരുന്നതു സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൂക്കോയ തങ്ങള്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരും ഏതെങ്കിലുംതരത്തില്‍ ന്യൂനപക്ഷമാണ്‌. ഏതു പക്ഷമായാലും ഇന്ത്യക്കാര്‍ എന്ന വിശേഷണമാണ്‌ അതിനെക്കാളെല്ലാം വലുത്‌. ഒരു സമുദായത്തിനും അവരുടെ സ്വത്വം ഭീഷണിയിലാണെന്നു തോന്നാന്‍ പാടില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌, എംഎല്‍എമാരായ ടി.എ. അഹമ്മദ്‌ കബീര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, കെ. മുഹമ്മദുണ്ണി ഹാജി, പി. ഉബൈദുല്ല, എഐസിസി അംഗം മംഗലം ഗോപിനാഥ്‌, ലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്‌, ടി.വി. ഇബ്രാഹിം, അരിമ്പ്ര മുഹമ്മദ്‌, പി.വി. മുഹമ്മദ്‌ അരീക്കോട്‌,
സി.പി. സെയ്‌തലവി, അഷ്‌റഫ്‌ കോക്കൂര്‍, പി. സെയ്‌തലവി, എം.കെ. ബാവ, സലീം കുരുവമ്പലം, കെ.പി. മുഹമ്മദ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ പുലാമന്തോള്‍, ആനക്കയം, തേഞ്ഞിപ്പലം പഞ്ചായത്തുകളും മലപ്പുറം നഗരസഭയും താനൂര്‍ ബ്ലോക്ക്‌ പഞ്ചായത്തും ഏറ്റുവാങ്ങി.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക