ശിഹാബ് തങ്ങള്‍ അനുസ്മരണവും ബൈത്തുര്‍റഹ്മ പ്രഖ്യാപനവും നാളെ

കോഴിക്കോട്: കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ- സാമൂഹിക ജീവിതത്തില്‍ നിന്ന് പാറിപ്പോയ രണ്ട് ഏടുകള്‍... വിധിയുടെ കൈകളില്‍ അതെത്തിനിന്നത് ഇടവിട്ട ഒരു വര്‍ഷത്തിന്റെ ഒരേ ദിവസത്തില്‍. മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ ആയിരിക്കെ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ മരണപ്പെട്ടത് 2008 ഓഗസ്റ്റ് ഒന്നിന്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ടായിരിക്കെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞത് തൊട്ടടുത്ത വര്‍ഷം ഇതേദിവസം -2009 ഓഗസ്റ്റ് ഒന്ന്.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമര്‍ ബാഫഖി തങ്ങളുടെയും അനുസ്മരണ സമ്മേളനങ്ങള്‍ വിവിധ പരിപാടികളോടെ നാളെ കോഴിക്കോട്ട് ഒരേ വേദിയില്‍, ടൗണ്‍ഹാളില്‍ നടക്കുകയാണ്. രാഷ്ട്രീയ- സാമൂഹിക ജീവിതത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ പരിപാടികളില്‍ സംബന്ധിക്കും. ശിഹാബ് തങ്ങളുടെ പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ആശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ കാല്‍വെപ്പുകള്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ തുടക്കം കുറിച്ച ബൈത്തുര്‍റഹ്മ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനവും മൂന്നു വീടുകളുടെ തറക്കല്ലിടലും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ 9 മണിക്ക് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും പ്രഭാഷകനുമായ റഹ്മത്തുല്ലാ ഖാസിമി അനുസ്മരണ പ്രഭാഷണം നടത്തും

News @ Chandrika.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക