വലിയ മനുഷ്യര്‍ പൊതുസമ്പത്ത് - റഹ്മത്തുല്ല ഖാസിമി മൂത്തേടം


പൊലിമ പറയുന്നത് അല്ലാഹുവിന് ഇഷ്ടമില്ല. ജീവിച്ചിരിക്കുന്നവരുടെ അപദാനങ്ങള്‍ പറയുന്നത് അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള കാര്യമാണ്. അത്തരക്കാരുടെ മുഖത്തേക്ക് മണ്ണെറിയണമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. അനിവാര്യ ഘട്ടങ്ങളിലല്ലാതെ ഇതിന് അനുമതിയില്ല. നേതാക്കളുടെ മുഖത്തേക്ക് ചെളിവാരിയെറിയുന്നത് അധികരിച്ച ഈ കാലത്ത് അത്യാവശ്യത്തിനാവാമെന്നു മാത്രം. എന്നാല്‍, മരിച്ചുപോയവരെക്കുറിച്ച് നല്ലതു പറയുന്നത് പുണ്യമാണ്. അമ്പിയാക്കളെകുറിച്ച് പറഞ്ഞാല്‍ അത് സല്‍ക്കര്‍മമാണ്. സ്വാലിഹീങ്ങളെക്കുറിച്ച് പറഞ്ഞാല്‍ അത് ദോഷം പൊറുക്കാന്‍ കാരണമാവുമെന്നാണ് പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചത്. വിശുദ്ധ റമസാനിലെ അവസാനത്തെ പത്തില്‍ മഹാ വ്യക്തികളെ ഓര്‍ത്തുകൊണ്ടുള്ള അനുസ്മരണ സമ്മേളനങ്ങള്‍ ദോഷം പൊറുപ്പിക്കാന്‍ കാരണമാവുമെന്നത് വിശ്വാസികള്‍ ഓര്‍ത്തുവെക്കേണ്ട കാര്യമാണ്.

രണ്ടാമത്, അവരില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാമെന്നതാണ്. നമ്മളെപ്പോലെ അവരും ശുദ്ധരായാണ് പിറന്നു വീണത്. അവര്‍ക്ക് നേടാന്‍ കഴിഞ്ഞ പലതും നമുക്ക് നേടാന്‍ കഴിഞ്ഞില്ലല്ലോ. ഇതെന്തുകൊണ്ടെന്ന് ചിന്തിക്കുന്നിടത്താണ് അനുസ്മരണ പ്രഭാഷണങ്ങളുടെ മര്‍മ്മം. വിശുദ്ധ ഖുര്‍ആന്‍ സൂറത്ത് അഹ്‌സാബിലെ 23-ാമത്തെ വചനത്തിന്റെ സാരാംശമിതാണ്. 'ആത്മാക്കളുടെ ലോകത്ത് വെച്ച് അല്ലാഹുവുമായി ചെയ്ത കരാര്‍ അവര്‍ ഭൂമിയില്‍ പ്രാവര്‍ത്തികമാക്കും. അതില്‍ ഊഴം തീര്‍ത്തവരുണ്ട്. ഊഴത്തിന് വേണ്ടി കാത്തുനില്‍ക്കുന്നവരുമുണ്ട്. സമൂഹത്തില്‍ എന്ത് മാറ്റമുണ്ടായാലും അവര്‍ അതിന് കൂട്ടാക്കില്ല. അവര്‍ക്ക് കൃത്യമായ വിശ്വാസവും നിഷ്ഠയുമുണ്ട്. അവര്‍ കാറ്റിലും കോളിലും പെടാത്ത ശക്തമായ വൃക്ഷത്തെപോലെയാണ് '. സമൂഹത്തിനനുസരിച്ച് മാറാന്‍ തയാറാവാതെ അല്ലാഹുവുമായി ഉണ്ടാക്കിയ കരാറില്‍ ഉറച്ചുനില്‍ക്കുന്ന ഇവരെയാണ് ഉത്തമരായി പരിചയപ്പെടുത്തുന്നത്. സമൂഹത്തെ അവരിലൂടെ മാറ്റുകയാണ് ചെയ്യുക. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചെയ്തതും അതാണ്.

ക്ഷേത്ര പ്രശ്‌നങ്ങളിലെ അവസാന തീര്‍പ്പിന് അവകാശമുള്ളവരാണ് ആതവനാട്ടെ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍. മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ ശേഷം, തന്റെ മനയിലെത്തിയ മുസ്‌ലിം ശ്രേഷ്ഠരോട് ശിഹാബ് തങ്ങളെക്കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മഹത്വത്തെകുറിച്ചുള്ള വാചാലതക്ക് അടിവരയിട്ട് ഒടുവില്‍ തമ്പ്രാക്കള്‍ പറഞ്ഞത് ''അദ്ദേഹം ഒരു മനുഷ്യനായിരുന്നു'' എന്നാണ്. ജാതിക്കും മതത്തിനും വേര്‍തിരിച്ചു നിര്‍ത്താനാവാത്ത 'മനുഷ്യന്‍'. ഇമാം ബൂസൂരി(റ) പ്രവാചകന്‍ (സ)യെ വര്‍ണ്ണിച്ച് വര്‍ണ്ണിച്ച് അവസാനം ഇതേപോലെ പറയുന്നതായി കാണാം.

അഗാധമായ പാണ്ഡിത്യവും ലോകോത്തര പ്രതിഭകളുമായുള്ള സൗഹൃദവുമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ കൈമുതല്‍. അറബ് ലോകത്ത് നോബല്‍ സമ്മാനം ലഭിച്ച ഒരേയൊരാള്‍ ഡോ.നജീബ് മഹ്ഫൂളാണ്. ശിഹാബ് തങ്ങള്‍ക്ക് ഇദ്ദേഹവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഈജിപ്തിലെ കൈറോയില്‍ പഠിക്കുന്ന കാലത്ത് നജീബ് മഹ്ഫൂളിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനുമായിരുന്നു. ഈജിപ്ത് വിദ്യാഭ്യാസ മന്ത്രിയും ആധുനിക അറബി സാഹിത്യത്തിലെ കുലപതിയുമായ ഡോ.താഹാ ഹുസൈനുമായും വളരെ അടുത്ത ബന്ധമാണ് തങ്ങള്‍ക്കുണ്ടായിരുന്നത്. ഇങ്ങനെ ലോകത്തിന്റെ വിവിധ കോണുകളിലെ ഒട്ടേറെ പ്രമുഖരുമായി നിരന്തരം സംവദിച്ചു തങ്ങള്‍. ഒരു മലയാളിക്കും അവകാശപ്പെടാനില്ലാത്തത്ര, വിദേശ സാഹിത്യകാരന്മാരുമായി അടുത്ത സൗഹൃദം ഉണ്ടാക്കാനും കാത്തുസൂക്ഷിക്കാനും ശിഹാബ് തങ്ങള്‍ക്കായി.

സി.പി.ഐ നേതാവായിരുന്ന കൊളാടി ഗോവിന്ദന്‍കുട്ടിയുടെ വിയോഗ ശേഷം അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ശിഹാബ് തങ്ങള്‍, എല്ലാവര്‍ക്കുമായി സലാം പറഞ്ഞു. മടക്കത്തില്‍ കൂടെയുള്ള ചിലര്‍ അവര്‍ അമുസ്‌ലിംകളല്ലെ എന്ന് സൂചിപ്പിച്ചപ്പോള്‍ കനപ്പിച്ചുതന്നെയായിരുന്നു മറുപടി. ''ഹിന്ദുവായാലും മുസ്‌ലിമായാലും അവരുടെയും രക്ഷിതാവ് അല്ലാഹുവല്ലെ. അവര്‍ക്കും അല്ലാഹു കാരുണ്യം ചെയ്താല്‍ നിങ്ങള്‍ക്കെന്താ എന്നായിരുന്നു.'' ഇങ്ങനെ പറയാന്‍ ധൈര്യപ്പെട്ട കേരളത്തിലെ ഒരേയൊരു പണ്ഡിതനും നേതാവും ശിഹാബ് തങ്ങളാണ്.

ജ്ഞാനപീഠം ജേതാവ് എസ്.കെ പൊറ്റെക്കാട്ട് അദ്ദേഹത്തിന്റെ ദേശത്തിന്റെ കഥയില്‍ ഒരു സംഭവം പറയുന്നുണ്ട്. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലൂടെ പിതാവിനൊപ്പം നടക്കുമ്പോള്‍ ശൈഖ് പള്ളിയിലെ കാണിക്ക വഞ്ചിയില്‍ പണം ഇടുന്നു. ശേഷം തന്റെ കൈവശം പണം തന്ന് അതിലിടാന്‍ പറയുന്നു. അത് മുസ്‌ലിംകളുടെ പള്ളിയല്ലെ എന്ന തന്റെ ചോദ്യത്തിന് പിതാവിന്റെ ഉത്തരം ഇതായിരുന്നു: അവിടെ വലിയൊരാള്‍ മരിച്ചു കിടക്കുന്നുണ്ട്. അദ്ദേഹം പണിത പള്ളിയായതിനാലാണ് ശൈഖിന്റെ പള്ളിയെന്ന് അറിയപ്പെടുന്നത്. വലിയ മനുഷ്യരൊന്നും ഹിന്ദുവുമല്ല, മുസ്‌ലിമുമല്ല, നമ്മുടെ പൊതു സമ്പത്താണ്.

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്മാരായ ടി.പത്മനാഭന്‍, എം.ടി വാസുദേവന്‍ നായര്‍ തുടങ്ങിയവരെല്ലാം ആ വ്യക്തിത്വത്തെ അംഗീകരിക്കുന്നുണ്ട്. ശിഹാബ് തങ്ങളുടെ കാലത്ത് ജീവിക്കാനായി എന്നത് വലിയ ഭാഗ്യമാണെന്നാണ് നടന്‍ മമ്മുട്ടി പറഞ്ഞത്. തങ്ങള്‍ക്കായി ഒരു ഫ്രൈമുണ്ട്. ആയിരമായിരം പേര്‍ ചേര്‍ന്നാലും ആ ഫ്രൈമിനടുത്ത് വരില്ല. വിജ്ഞാനവും പേഴ്‌സണാലിറ്റിയും ഒത്തിണങ്ങിയ അപൂര്‍വ പ്രതിഭ എന്നതോടൊപ്പം ആര്‍ദ്രതയുള്ളൊരു മനസ്സാണ് അദ്ദേഹത്തെ ഇത്രയേറെ സ്വീകാര്യനാക്കിയത്.

എടവണ്ണപ്പാറയിലെ ഒരു സഹോദരി കരഞ്ഞുകൊണ്ടൊരു സംഭവം പറയുന്നുണ്ട്. അവിടെ അടുത്തൊരു വീട്ടിലെത്തിയ തങ്ങള്‍ കാറില്‍ നിന്നിറങ്ങി ആ വീട്ടില്‍ പോയി മടങ്ങിയത് അവരുടെ വീടിന് മുറ്റത്തുകൂടിയായിരുന്നു. പോവുമ്പോള്‍ തങ്ങളോടൊന്ന് പ്രാര്‍ത്ഥിക്കാന്‍ പറയണമെന്ന് കൂടെയുള്ളവരോട് പറയുന്നു. എന്താണ് പറയുന്നതെന്ന് ഒപ്പമുള്ളവരോട് തിരക്കിയ ശിഹാബ് തങ്ങള്‍ നേരെ വീട്ടില്‍ക്കയറി പ്രാര്‍ത്ഥിക്കുന്നു. ഇന്നുണ്ടായ എല്ലാ അഭിവൃദ്ധിക്കും കാരണം ആ പ്രാര്‍ത്ഥനയാണെന്ന അവരുടെ വിശ്വാസത്തിനപ്പുറം ഒരു നിമിഷംപോലും ആലോചിക്കാതെ അതിന് മഹാമനസ്‌കത കാട്ടിയ ശിഹാബ് തങ്ങളുടെ വലുപ്പം കാണാതിരിക്കാനാവുമോ.

വളാഞ്ചേരി കിഴക്കേകരയില്‍ കുലീന വീട്ടില്‍ ചടങ്ങിനെത്തിയ തങ്ങള്‍, ഒരു മമ്മദിനെ തിരക്കുന്നു. ആര്‍ക്കുമറിയില്ല. ഒടുവില്‍ അവരൊരു 'ഭ്രാന്തന്‍ മമ്മദിനെ'ക്കുറിച്ച് പറയുന്നു. തന്റെ വീടിന്റെ കുടിയിരിക്കല്‍ പാണക്കാട് തങ്ങള്‍ വരുന്ന ദിവസമാവുമെന്ന് പറയാറുള്ള ജനങ്ങളുടെ ദൃഷ്ടിയില്‍ വെറും ഭ്രാന്തനായ മമ്മദ്. ടാര്‍പാളിന്‍ ഷീറ്റ് വലിച്ചുകെട്ടി നിര്‍മിച്ച ചെറ്റക്കുടിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരിച്ച തങ്ങള്‍, അവിടുന്ന് നല്‍കിയ ചായയും പൊറോട്ടയും കഴിച്ച് ദീര്‍ഘമായി പ്രാര്‍ത്ഥനയും നിര്‍വഹിച്ചാണ് മടങ്ങിയത്. ധനാഢ്യന്റെ വീട്ടില്‍ നിന്ന് വേണ്ടത്ര ഭക്ഷണം കഴിച്ചിട്ടും മമ്മദ്, പഴകിപ്പൊളിഞ്ഞ പാത്രത്തില്‍ നല്‍കിയ പൊറോട്ടയും തണുത്താറിയ ചായയും കഴിച്ച് നിറപുഞ്ചിരിയോടെ മടങ്ങുന്ന ശിഹാബ് തങ്ങള്‍ക്ക് പകരം വെക്കാന്‍ മറ്റേത് നേതാവുണ്ട്. ആ സ്‌നേഹത്തിന്റെ ആഴവും ഔന്നിത്യവും അളക്കാന്‍ ആര്‍ക്കാണ് കഴിയുക.

വായനയുടെയും ചിന്തയുടെയും ആത്മീയതയുടെയും ലോകത്ത് വിരാചിച്ച തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വഴിതെറ്റിവന്നതാണെന്ന നിരീഷണം പ്രസക്തമാണ്. അദ്ദേഹം എഴുതിയ കനപ്പെട്ട അവതാരികകളും ലേഖനങ്ങളും ആരെയും മോഹിപ്പിക്കുന്നതായിരുന്നു. അപാരമായിരുന്നു നിരീക്ഷണ പാടവം. സദ്ദാം ഹുസൈന്‍ വധിക്കപ്പെട്ടതിന്റെ മൂന്നാം നാള്‍ നടത്തിയ പ്രസംഗത്തില്‍ 'ബുഷിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി' എന്ന ശാപംപോലെയുള്ള പ്രഖ്യാപനം പുലരുന്നത് നമ്മളും കണ്ടതാണ്. വാചാലമായ മൗനം പ്രവാചകന്റെയും ഗുണമായിരുന്നു. കുറഞ്ഞ വാക്കുകള്‍ പ്രയോഗിക്കുകയും അവയത്രയും ചിന്താപരമായിരിക്കുകയും ചെയ്യുന്നത് വലിയ സിദ്ധിയാണ്.

ഉപ്പുപോലെ എല്ലാവര്‍ക്കുമായി ജീവിക്കുകയായിരുന്നു തങ്ങള്‍. ഭക്ഷണത്തിന് രുചിയുടെ പൂര്‍ണത നല്‍കിയതുപോലെ സമൂഹത്തിന്റെ രുചിയായി അദ്ദേഹം. അവര്‍ക്കായി ഉരുകി ലയിച്ചു. ആരുടെതുമല്ലാതെ എല്ലാവരുടേതുമായി ജീവിച്ചു അദ്ദേഹം. തികഞ്ഞ വിശ്വാസിയും നിറഞ്ഞ ജ്ഞാനിയും ആയി എല്ലാവരുടേതുമാകാന്‍ അദ്ദേഹത്തിനായി. ഹിന്ദുവിനും ക്രിസ്ത്യനും മുസ്‌ലിമിനുമെല്ലാം ഒരുപോലെ സ്വീകാര്യനായി. വിശാലമായ സ്‌നേഹവും കാരുണ്യവും പാണക്കാട് കുടുംബത്തിന്റെ മുഖമുദ്രയാണ്. രാജ്യ സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും വിവേകം കൊണ്ട് ഭാരതത്തെ പൂങ്കാവനമാക്കാന്‍ പരിശ്രമിച്ചു. മുസ്‌ലിമിന്റെ, നമ്മുടെ റോള്‍മോഡലുകളാവാന്‍ ഇരുവര്‍ക്കുമായെന്നത് നമ്മുടെയും സുകൃതമാണ്.

(മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുഹമ്മദലി ശിഹാബ്തങ്ങള്‍- ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം.
തയാറാക്കിയത്: ലുഖ്മാന്‍ മമ്പാട്)

News @chandrika
8/2/2013 12:45:59 AM

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക