ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ശിഹാബ് തങ്ങള്‍ ദേശീയ സെമിനാര്‍ നാളെ മുതല്‍

കൊച്ചി: മതേതര കേരളത്തിന്റെ കര്‍മ്മസാക്ഷ്യം എന്ന പ്രമേയത്തില്‍ യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ശിഹാബ്തങ്ങള്‍ ദേശീയ സെമിനാറിന് കൊച്ചി ഒരുങ്ങി. നാളെയും മറ്റന്നാളുമായി എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നടക്കുന്ന ദേശീയ സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചരിത്ര-സമകാലിക വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കുന്ന സെമിനാറില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ചരിത്ര ഗവേഷക വിദ്യാര്‍ത്ഥികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരടക്കം 1200 പ്രതിനിധികളാണ് സെമിനാറില്‍ പങ്കെടുക്കുക.

നാളെ രാവിലെ 8.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9 മണിക്ക് സെമിനാര്‍ നഗരിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സ്വാഗതസംഘം ചെയര്‍മാനുമായ വി.കെ ഇബ്രാഹിംകുഞ്ഞ് പതാക ഉയര്‍ത്തും. 10ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചരിത്രകാരനും ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയിലെ മുന്‍ വൈസ് ചാന്‍സലറുമായ പത്മശ്രീ മുഷീറുല്‍ ഹസന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സംസാരിക്കും.

11.30ന് ഇന്ത്യന്‍ മതേതരത്വവും 16ാം പാര്‍ലമെന്റിന്റെ രാഷ്ട്രീയവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച മന്ത്രി ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. വി.ഡി സതീശന്‍ എം.എല്‍.എ, ഡോ.സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. കെ.എന്‍.എ ഖാദര്‍, എം.ഐ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന കേരള രാഷ്ട്രീയത്തിന്റെ 56 വര്‍ഷങ്ങള്‍ എന്ന സെഷന്‍ കേന്ദ്രപ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും.

ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ബെന്നി ബെഹ്‌നാന്‍ എം.എല്‍.എ, ബിനോയ് വിശ്വം, സി.പി സൈതലവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകിട്ട് 4ന് വാര്‍ത്തയും സമൂഹവും പുതിയ കാലത്ത് എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. അബ്ദുസമദ് സമദാനി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ദി ഹിന്ദു ആന്റ് ഫ്രണ്ട്‌ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

പി.സി വിഷ്ണുനാഥ് എം.എല്‍.എ, ഗൗരിദാസന്‍ നായര്‍, ടി.ടി ശ്രീകുമാര്‍, വീണ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സെഷനില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹ്യ അജണ്ട എന്ന വിഷയത്തില്‍ ഡോ.അന്‍വര്‍ ആലം ന്യൂഡല്‍ഹി മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സെഷന്‍ ഉദ്ഘാടനം ചെയ്യും. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ സമാപന പ്രസംഗം നടത്തും. മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.എന്‍.പി ഹാഫിസ് മുഹമ്മദ്, ഡോ.സുലൈമാന്‍ മേല്‍പ്പത്തൂര്‍, പി.എ റഷീദ് തുടങ്ങിയവര്‍ സംസാരിക്കും.

25ന് രാവിലെ 10 മണിക്ക് ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം നടക്കും. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ ട്രഷററും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍, അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മന്ത്രിമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, കെ.ബാബു, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി, എം.എല്‍.എമാരായ ടി.എ അഹമ്മദ് കബീര്‍, കെ.എം ഷാജി, അഡ്വ.എന്‍ ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിക്കും. സംസ്ഥാന ഭാരവാഹികളായ അഡ്വ.എസ് കബീര്‍, പി.എ അഹമ്മദ് കബീര്‍, റഷീദ് ആലായന്‍, ജില്ലാ ഭാരവാഹികളായ അഡ്വ.വി.ഇ അബ്ദുല്‍ ഗഫൂര്‍, കെ.എ മുഹമ്മദ് ആസിഫ്, ദേശീയ സെമിനാര്‍ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ടി.കെ അഷ്‌റഫ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക