ശിഹാബ് തങ്ങള്‍ സെമിനാറിന് പ്രൗഢോജ്വല തുടക്കം

കൊച്ചി: മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ ദേശീയ സെമിനാറിന് കൊച്ചിയില്‍ പ്രൗഢോജ്വല തുടക്കം. ദേശീയ സെമിനാറിന്റെ ആദ്യ ദിനമായ ഇന്നലെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. രാവിലെ 11.30ന് നടന്ന ഇന്ത്യന്‍ മതേതരത്വവും 16ാം പാര്‍ലമെന്റിന്റെ രാഷ്ട്രീയവും എന്ന വിഷയത്തിലുള്ള ചര്‍ച്ച മന്ത്രി ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. ഡോ.സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. കെ.എന്‍.എ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വരാനിരിക്കുന്ന 16ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ചര്‍ച്ചകളാണ് ആദ്യ സെഷനില്‍ നടന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണി ക്ഷീണിച്ചാല്‍ അതിന്റെ ഗുണഫലം അനുഭവിക്കുന്നത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയ ഫാസിസ്റ്റ് മുന്നണിയായിരിക്കുമെന്ന് സെമിനാര്‍ വിലയിരുത്തി. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് ദേശീയ രാഷ്ട്രീയത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയില്ല. എന്നാല്‍ കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുന്ന അജണ്ട ബി.ജെപിക്കായിരിക്കും ഗുണം ചെയ്യുകയെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. ഉച്ചക്ക് 2 മണിക്ക് നടന്ന കേരള രാഷ്ട്രീയത്തിന്റെ 56 വര്‍ഷങ്ങള്‍ എന്ന സെഷന്‍ കേന്ദ്രപ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു. ജി.ഗോപകുമാര്‍, ബിനോയ് വിശ്വം, സി.പി സൈതലവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വൈകിട്ട് 4ന് വാര്‍ത്തയും സമൂഹവും പുതിയ കാലത്ത് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച അബ്ദുസമദ് സമദാനി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദി ഹിന്ദു ആന്റ് ഫ്രണ്ട്‌ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പി.സി വിഷ്ണുനാഥ് എം.എല്‍.എ, ഗൗരിദാസന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകിട്ട് അറിന് ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹ്യ അജണ്ട എന്ന വിഷയത്തില്‍ ഡോ.അന്‍വര്‍ ആലം ന്യൂഡല്‍ഹി മുഖ്യപ്രഭാഷണം നടത്തി. സെഷന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരായ വി കെ ഇബ്രാഹിം കുഞ്ഞ്, ഡോ. എം കെ മുനീര്‍, എംഎല്‍എമാരായ കെ എന്‍ എ ഖാദര്‍, കെ എം ഷാജി, ഹൈബി ഈഡന്‍, ദി ഹിന്ദു അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ഡോ. അന്‍വര്‍ ആലം (ഡല്‍ഹി), ഡോ.സെബാസ്റ്റ്യന്‍ പോള്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലിം, ജില്ലാ പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി കെ എം അബ്ദുല്‍ മജീദ്, സുലൈമാന്‍ ഖാലിദ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല കുഞ്ഞി ചേര്‍ക്കള, കെ പി താഹിര്‍, സി പി എ അസീസ്, റഷീദ് ആലായന്‍, സി എച്ച് ഇഖ്ബാല്‍, സെക്രട്ടറിമാരായ പി കെ ഫിറോസ്, ജലാല്‍ പൂതക്കുഴി, കെ എം അബ്ദുല്‍ ഗഫൂര്‍, കെ എ മുജീബ്, അഷ്‌റഫ് മടാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ആസിഫ് എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. എസ് കബീര്‍ നന്ദിയും പറഞ്ഞു. രാവിലെ സ്വാഗതസംഘം ചെയര്‍മാനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞ് പതാക ഉയര്‍ത്തിയതോടെയാണ് സെമിനാറിന് തുടക്കമായത്.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക