ശിഹാബ് തങ്ങള്‍ കേരള രാഷ്ട്രീയത്തെ വിവേകപൂര്‍ണമായി നയിച്ച വ്യക്തിത്വം: വയലാര്‍ രവി

കൊച്ചി: കേരള രാഷ്ട്രീയത്തിന്റെ നിര്‍ണായക നിമിഷങ്ങളില്‍ ഐക്യ ജനാധിപത്യ മുന്നണിയെ ഒരുമിപ്പിച്ച് വിവേകപൂര്‍ണമായി നയിച്ച വ്യക്തിത്വമാണ് ശിഹാബ്തങ്ങളുടേതെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ശിഹാബ്തങ്ങള്‍ ദേശീയ സെമിനാറിലെ 'കേരള രാഷ്ട്രീയത്തിന്റെ 56 വര്‍ഷങ്ങള്‍' എന്ന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിരവധി സംഘര്‍ഷാത്മക സാഹചര്യങ്ങളെ ശിഹാബ് തങ്ങള്‍ സംയമനത്തോടെ സമീപിച്ചു. ജനങ്ങളെ ധ്രുവീകരിക്കുന്നതിനാണു ഹിന്ദു വര്‍ഗീയവാദികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്. എന്നാല്‍ അമര്‍ഷം ഉള്ളിലൊതുക്കി ജനങ്ങളുടെ ഐക്യത്തിനു കോട്ടം തട്ടാതിരിക്കാന്‍ തങ്ങളും ലീഗും പരിശ്രമിച്ചു.

ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു തന്നെ ദേശീയ ബോധം അണികള്‍ക്കു പകര്‍ന്നു നല്‍കാനും തങ്ങള്‍ക്ക് സാധിച്ചു. ബാബരി മസ്ജിദ് ധ്വംസനം വര്‍ഗീയ സംഘര്‍ഷത്തിലേക്കു വരാതിരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെ ചരിത്രം അടയാളപ്പെടുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യ മൂല്യങ്ങളെ ഉള്‍ക്കൊള്ളാതിരുന്നതാണ് ആദ്യ ഇടതു മന്ത്രിസഭയുടെ തകര്‍ച്ചക്കു കാരണം. അണികളെ നിയന്ത്രിക്കാന്‍ സാധിക്കാത്തതു മൂലമുള്ള ജനങ്ങളുടെ ഭീതിയാണ് അന്നത്തെ സര്‍ക്കാരിന്റെ നാശത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസുകാരനാണെങ്കിലും താന്‍ ഇ.എം.എസിന്റെ വ്യക്തി പ്രഭാവത്തെയോ സ്വാധീനത്തെയോ കുറച്ചു കാണുന്നില്ല. എന്നാല്‍ അന്നത്തെ ഇ.എം.എസ് സര്‍ക്കാരിന്റെ ഭരണ പരാജയമാണ് വിമോചന സമരത്തിലേക്കെത്തിച്ചത്.

പിന്നീടുള്ള കാലഘട്ടങ്ങളില്‍ ലീഗിന്റെ കൂടി പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തി. സംസ്ഥാനത്ത് നിയമവാഴ്ച നിലനിര്‍ത്താനും വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വരുത്താനും മുസ്‌ലിം ലീഗിന് സാധിച്ചു. സി എച്ച് മുഹമ്മദ് കോയയിലൂടെ സംസ്ഥാനത്തിന് ഒരു മികച്ച മുഖ്യമന്ത്രിയെ സംഭാവന നല്‍കാന്‍ കഴിഞ്ഞുവെന്നത് കേരളരാഷ്ട്രീയത്തില്‍ ലീഗിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നുവെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.

പി കെ ഫിറോസ് അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് മേധാവി ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.സി വിഷ്ണുനാഥ് എംഎല്‍എ, മുന്‍മന്ത്രി ബിനോയ് വിശ്വം, യൂത്ത് ലീഗ് സംസ്ഥാനപ്രസിഡന്റ് പി.എം സാദിഖലി, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സി.എച്ച് ഇക്ബാല്‍ സംസാരിച്ചു.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക