ഒറ്റക്കുനിന്ന് പൊരുതിയ ശുജാഇയുടെ പേരായിരുന്നു പൂക്കോയ

കരിമൂര്‍ഖനും കൊമ്പനാനയും മേയുന്ന കൊടുംകാടുകളില്‍, കടുവയും ചെന്നായയും ഇരതേടിയിറങ്ങുന്ന നെടുംപാതിരകളില്‍, നെറ്റിയില്‍ ഘടിപ്പിച്ച ഹെഡ്‌ലൈറ്റിന്റെ വെട്ടത്തില്‍ ലക്ഷ്യത്തിലേക്കു കുതിക്കുന്ന ഒരു ശിക്കാരിയുടെ ഉന്നവും ഊക്കും ശൗര്യവുംപോലെ, ജീവിതത്തെ കടഞ്ഞെടുത്ത 'ശുജാഇ' യുടെ പേരാണ് കെ.വി.കെ പൂക്കോയ തങ്ങള്‍.

അഭിമാനം ആര്‍ക്കുമുന്നിലും പണയപ്പെടുത്താതെ, ആര്‍ക്കും തോറ്റുകൊടുക്കാതെ, ഏത് സംഘത്തോടും ഒറ്റക്കു പൊരുതാനുള്ള ചങ്കുറപ്പുമായി ഒളിയാറക്കലെ പൂക്കോയ കൈവീശി നടന്നു. അതിനുരാവും പകലും ഭേദമില്ലായിരുന്നു. സംസാരത്തിന്റെ ചടുലത പോലെ ഗതിവേഗമുള്ള നടത്തം. ആ കൂസലില്ലായ്മ പലരെയും കുഴക്കി. പണവും പത്രാസും അധികാരവും ആള്‍ബലവും കാണിച്ച് പൂക്കോയയെ വിരട്ടാന്‍ വരേണ്ടെന്ന് ഏത് വമ്പനോടും പറയാന്‍ മടിച്ചില്ല. അതിന്റെ ലാഭ, നഷ്ടങ്ങള്‍ നോക്കിയുമില്ല.

ഒരു നിര്‍വചനത്തിലും ഒതുങ്ങാത്ത അസാധാരണ വ്യക്തിത്വം. പുകള്‍പെറ്റ സയ്യിദ് കുടുംബത്തില്‍ ജനനം. പിതാവ് കുറുവ പഴമള്ളൂരിലെ ഒളിയാറക്കല്‍ കെ.വി ഇമ്പിച്ചിക്കോയ തങ്ങള്‍. കോഡൂര്‍ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ്. ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പിറന്ന വീട്ടില്‍ അമ്മാവന്റെ പുത്രനായി പൂക്കോയ തങ്ങളും. സഹോദരീ സഹോദരന്‍മാരുടെ മൂത്ത സന്തതികളായി ഇരുവരും ചേര്‍ന്ന ബാല്യം. സമപ്രായക്കാരനായി സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍. ഈ മുതിര്‍ന്നവരുടെ കൂട്ടത്തില്‍ ചേരാന്‍ പ്രായമായിട്ടില്ലാത്ത ഇളമുറക്കാരന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമുന്നത മുസ്‌ലിംലീഗ് നേതാവും പിതൃസഹോദരീ ഭര്‍ത്താവുമായ പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിരുന്നുവരവ്. സവിശേഷമായ പലഹാരപ്പൊതികള്‍. തേന്‍മാവുകള്‍ നിറഞ്ഞ ആ മുറ്റത്ത് നിന്ന് പട്ടിക്കാട് ജാമിഅ: നൂരിയ്യയിലേക്ക് പോകുമ്പോള്‍ സഹപാഠിയായി മച്ചുനന്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങളും. ശംസുല്‍ ഉലമയും കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരും ഉള്‍പ്പെടെയുള്ള മഹാരഥന്‍മാരായ ഗുരുക്കന്‍മാര്‍. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും കണ്ണിയത്ത് ഉസ്താദും നല്‍കിയ തലോടല്‍.

1969ല്‍ സനദ് നേടി ഫൈസിയായി ഇറങ്ങിച്ചെന്നത് രാഷ്ട്രീയത്തിന്റെ ഉഷ്ണത്തിലേക്ക്. പാണക്കാട് മേഖലയില്‍ മുസ്‌ലിംലീഗ് വളണ്ടിയര്‍ കോറുണ്ടാക്കി മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തിനിറങ്ങിത്തിരിച്ച സഹപാഠി ഉമറലി ശിഹാബ് തങ്ങള്‍ക്കൊത്ത തുണയായി പറഞ്ഞുറപ്പിച്ചുവെച്ച പോലെ കുറുവ മേഖലയില്‍ പൂക്കോയ തങ്ങളും.

1970കളുടെ ആദ്യപാദം. രാഷ്ട്രീയ രംഗത്ത് അഭിപ്രായഭിന്നതയുടെ കരിനിഴല്‍. സംഘര്‍ഷം നിറഞ്ഞ രാഷ്ട്രീയ രംഗം. വാഗ്വാദങ്ങള്‍ ഏറ്റുമുട്ടലില്‍ കലാശിക്കുന്നു. സാധാരണക്കാരായ പ്രവര്‍ത്തകര്‍ അങ്കലാപ്പില്‍. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ കൊടിവാഹകനായി കെ.വി.കെ പൂക്കോയ തങ്ങള്‍ എന്ന ഉരുക്കു മനുഷ്യന്‍ മേഖലയിലെ സംഘാടനത്തിനു മുന്നില്‍ നിന്നു. സ്വാഭാവികമായും എതിര്‍പ്പിന്റെ പരിക്കുകള്‍ ഏറ്റവുമേല്‍ക്കേണ്ടിവന്നതും മുന്നിലെ ആള്‍ക്കു തന്നെ. ഇരുപക്ഷത്തും ആസ്പത്രിയും പൊലീസ് സ്റ്റേഷനും കേസും കോടതിയും ജാമ്യവും.

പാര്‍ട്ടിയുടെ നിലനില്‍പ്പിന് സമ്പത്തും ശരീരവും അനിവാര്യമായ ആ നേരത്ത് മുന്‍പിന്‍ നോക്കാതെ അതിനായി സ്വജീവിതം തന്നെ എറിഞ്ഞുകൊടുത്തു പൂക്കോയ. പച്ചപ്പതാക കാക്കാന്‍ മഞ്ഞും മഴയുമുള്ള പാതിരാത്രികളില്‍ പോലും വേഷപ്രച്ഛന്നനായി പാടത്തെ നീര്‍ച്ചാലുകളില്‍ ഉറക്കമിളച്ച് പതുങ്ങിക്കിടന്ന കെ.വി.കെ പൂക്കോയ തങ്ങളെ മറക്കാനാവില്ല ഒരു തലമുറക്കും. തറയില്‍ യൂസുഫ് ഹാജി, പുളിക്കല്‍ കുഞ്ഞു, പാലോളി അബ്ദുപ്പ, മുല്ലപ്പള്ളി ബീരാന്‍കുട്ടി, മക്കരപറമ്പിലെ കുറ്റിപ്പുളിയന്‍ മൊയ്തീന്‍ തുടങ്ങിയ ഒരു വലയമായിരുന്നു പൂക്കോയ തങ്ങളുടെ കരുത്ത്.

1977ലെ ചരിത്രപ്രസിദ്ധമായ സംസ്ഥാന മുസ്‌ലിംലീഗ് സമ്മേളനത്തിലേക്ക് സ്വന്തം സഹോദരന്‍മാരെ വരെ യൂണിഫോമണിയിച്ചിറക്കി കരുത്തുറ്റ ഒരു വളണ്ടിയര്‍ കോറിനെയും, സാധാരണ പ്രവര്‍ത്തകരുടെ വന്‍വ്യൂഹത്തെയും നയിച്ചു പൂക്കോയ തങ്ങള്‍. ഭിന്നതകള്‍ പെയ്‌തൊഴിഞ്ഞ് സംഘടന ഒന്നായി തീര്‍ന്നപ്പോള്‍ പഴയ കൂട്ടുകാരെ തിരിച്ചു കിട്ടിയ ആഹ്ലാദവുമായി ഐക്യത്തിന്റെ ജാഥ നയിക്കാനും അദ്ദേഹം മുന്നില്‍ നിന്നു.

ഒരു കളരിയഭ്യാസിയുടെ ഉരുക്ക് ദൃഢതയാര്‍ന്ന ദേഹപ്രകൃതിയും ഏത് കാലാവസ്ഥയോടും പൊരുതിനില്‍ക്കാനുള്ള മനക്കരുത്തും അസാധാരണ ബുദ്ധികൂര്‍മതയും പൂക്കോയ തങ്ങളില്‍ താനുദ്ദേശിച്ചത് നടപ്പില്‍ വരുത്താനുള്ള പ്രാപ്തി പകര്‍ന്നു.

ഒറ്റനോട്ടത്തില്‍ പരസ്പര ബന്ധമില്ലാത്തതായിരുന്നു അദ്ദേഹത്തിന്റെ കര്‍മമേഖല. പഠിച്ചത് മതവിദ്യാഭ്യാസത്തിലെ ഉന്നത പദവിയായ ഫൈസി ബിരുദം. വിനോദം സുഹൃത്തുക്കളുമൊത്ത് വേട്ടക്കു പോകുന്നത്. പ്രവര്‍ത്തന മേഖല പൊതുവിദ്യാഭ്യാസ രംഗം. കുറുവ പഞ്ചായത്തില്‍ പ്രീപ്രൈമറി തൊട്ട് കോളജ് വരെയുള്ള വിദ്യാഭ്യാസ സമുച്ചയത്തിന്റെ സ്ഥാപകനും നായകനും. ആറായിരത്തില്‍പരം വിദ്യാര്‍ത്ഥികളും ഇരുനൂറ്റമ്പതില്‍ പരം ജീവനക്കാരുമായി നഴ്‌സറി മുതല്‍ ചെറുകുളമ്പ് ഐ.കെ.ടി ഹയര്‍സെക്കന്ററി, ആര്‍ട്‌സ് - സയന്‍സ് കോളജ് വരെയും ഇംഗ്ലീഷ് സ്‌കൂള്‍, ബോര്‍ഡിങ് മദ്രസ, മസ്ജിദ് ഉള്‍പ്പെടെയും നിറഞ്ഞുനില്‍ക്കുന്ന അല്‍ഇര്‍ശാദ് എജുക്കേഷണല്‍ ട്രസ്റ്റിന്റെ സാരഥി. കോളജുകളില്‍ പ്രീഡിഗ്രി നിലനില്‍ക്കുമ്പോള്‍ കാല്‍ നൂറ്റാണ്ടപ്പുറം തന്റെ സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് ആരംഭിക്കാന്‍ കാണിച്ച ദീര്‍ഘദൃഷ്ടി.

മികച്ച വിദ്യാഭ്യാസ സേവനത്തിനു ലഭിച്ച പോലെ കാര്‍ഷിക രംഗത്തെ വൈവിധ്യത്തിനും സംസ്ഥാനതല പുരസ്‌കാരങ്ങള്‍. സ്വദേശിയും വിദേശിയുമായ വിത്തുകളുടെയും വിളകളുടെയും പഴങ്ങളുടെയും പക്ഷിമൃഗാദികളുടെയും പറുദീസയായ വീട്ടുവളപ്പും, കൃഷിയിടവും കൗതുകങ്ങളുടെ ലോകമായി, ഒരു കാര്‍ഷിക സര്‍വകലാശാലയായി പലകുറി മാധ്യമങ്ങളില്‍ നിറഞ്ഞു. അവിടെ പരീക്ഷണങ്ങളില്‍ കമ്പം കയറിയ കര്‍ഷകശ്രീയായി പൂക്കോയ തങ്ങള്‍ മുണ്ടുമാറ്റി നിന്നു. വിവിധ ദിക്കുകളില്‍ പരന്നുകിടക്കുന്ന വ്യാപാര സംരംഭങ്ങള്‍. അതിനിടയില്‍ ലോകസഞ്ചാരം. സിയാറത്ത് ടൂറുകള്‍ ഒരു പ്രസ്ഥാനമാകുന്നതിനും ദശകങ്ങള്‍ മുമ്പ് കൂട്ടുകാരുമൊത്ത് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സംഘടിത യാത്ര.

അപകടങ്ങള്‍ ഒരു സഹയാത്രികനെ പോലെ പലപ്പോഴും പൂക്കോയ തങ്ങളെ അനുഗമിച്ചു. അപകട സ്ഥലവും വാഹനത്തിന്റെ കിടപ്പും കണ്ടാല്‍ ജീവന്റെ ഒരു തരി പോലും ബാക്കിയില്ലെന്ന് തോന്നും. പക്ഷേ ഒരു ചെറു പുഞ്ചിരിയോടെ ആസ്പത്രിക്കിടക്ക വിട്ട്, കൂടുതല്‍ കരുത്തോടെ പൂക്കോയ വീണ്ടും കളത്തിലിറങ്ങും.

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍. തനിക്കു ശരിയെന്നു തോന്നുന്നതിനായി അന്ത്യം വരെ പൊരുതുന്ന ശീലം. പക്ഷേ തന്നെ വിശ്വസിച്ചിറങ്ങിയവര്‍ക്കായി ജീവന്‍ നല്‍കാനും തയ്യാര്‍. കഷ്ടപ്പെടുന്നവരിലേക്കു അതീവ രഹസ്യമായി നീണ്ടു ചെന്നു ആ കാരുണ്യത്തിന്റെ കൈകള്‍. ജീവിതമുടനീളം കാത്തുസൂക്ഷിച്ചു ദൈവഭക്തി. സംശുദ്ധമായ വ്യക്തിജീവിതം. ഒന്നിലും കുറഞ്ഞുകൊടുത്തില്ല പൂക്കോയ തങ്ങള്‍. തഖ്‌വയില്‍ പോലും.

തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു ശരാശരി മലപ്പുറത്തുകാരന്റെ ചിട്ടകളുമായി അദ്ദേഹം സഞ്ചരിച്ചു. അതിനിടയില്‍ പള്ളികളും പള്ളിക്കൂടങ്ങളും പടുത്തുയര്‍ത്തി. സ്‌നേഹിക്കുന്നവര്‍ക്ക് തണലും.

സി.പി. സൈതലവി
Chandrika 4/25/2014

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക