ശിഹാബ് തങ്ങളില്ലാതെ...

മലപ്പുറം: മൂന്നര പതിറ്റാണ്ടോളം മുസ്‌ലിംലീഗ് അധ്യക്ഷസ്ഥാനത്തിരുന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളില്ലാത്ത ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന് വിശ്രമമില്ലാതെ യത്‌നിച്ചാണ് തങ്ങള്‍ വിട വാങ്ങിയത്. തെരഞ്ഞെടുപ്പ് കാലം വരുമ്പോള്‍ ശിഹാബ് തങ്ങളും പാണക്കാട്ടെ കൊടപ്പനക്കല്‍ ഭവനവും എന്നും ശ്രദ്ധാകേന്ദ്രമായിരുന്നു.

തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും തുടര്‍ന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തുക കൈമാറുന്നതുമെല്ലാം നിര്‍വഹിച്ചത് ശിഹാബ് തങ്ങളായിരുന്നു. കൊടപ്പനക്കലിലെ വട്ടമേശക്ക് ചുറ്റും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും തിങ്ങി നിറയും. യുഡിഎഫിലെ മറ്റു സ്ഥാനാര്‍ത്ഥികളും ശിഹാബ് തങ്ങളുടെ അനുഗ്രഹം വാങ്ങാനെത്തുന്നത് പതിവായിരുന്നു.

പലരും കെട്ടിവെക്കാനുള്ള തുക തങ്ങളുടെ കരങ്ങള്‍ കൊണ്ട് ഏറ്റുവാങ്ങാന്‍ ആഗ്രഹിച്ചു. തിരക്കുകള്‍ക്കിടയിലും എല്ലാവരെയും ചായ കുടിക്കാന്‍ ഓര്‍മപെടുത്തിയും മധുര പലഹാരം നല്‍കിയും ശിഹാബ് തങ്ങള്‍ വിരുന്നൂട്ടി. അപ്പോഴെല്ലാം പതിവു പോലെ ശിഹാബ് തങ്ങളെ കാണാന്‍ വലിയ ജനക്കൂട്ടം കൊടപ്പനക്കലിലെ കോലായിലും മുറ്റത്തുമുണ്ടാകും.

തെരഞ്ഞെടുപ്പ് കാലത്ത് ശിഹാബ് തങ്ങളുടെ പര്യടനം ആവേശ കാഴ്ച്ചയായിരുന്നു. ഓരോ കേന്ദ്രത്തിലും തടിച്ചു കൂടിയത് വലിയ ആള്‍ക്കൂട്ടമായിരുന്നു. ശാന്തിമന്ത്രങ്ങളോതിയ ആ വാക്കുകള്‍ക്ക് മതേതര സമൂഹം കാതു കൂര്‍പ്പിച്ചു. മതമൈത്രിയും സമാധാനവും കാത്തുസൂക്ഷിക്കേണ്ടതിലേക്ക് വിരല്‍ ചൂണ്ടിയായിരുന്നു ഓരോ വാക്കുകളും. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ തങ്ങളുടെ സാന്നിധ്യവും പ്രസംഗവും തിളക്കമുറ്റി നിന്നു. ഓരോ തെരഞ്ഞെടുപ്പിലും പാണക്കാട്ടെ ബൂത്തില്‍ ആദ്യ വോട്ട് ചെയ്യാനായി ശിഹാബ് തങ്ങളെത്തുമായിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ടവരോട് പോളിങ് വിവരങ്ങള്‍ തിരക്കും.

2009-ല്‍ മലപ്പുറത്ത് ഇ അഹമ്മദിനെയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിനെയും മറ്റു മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെയും ഉജ്വല ഭൂരിപക്ഷത്തിന് വിജയിപ്പിക്കുന്നതില്‍ തങ്ങള്‍ വലിയ പങ്ക് വഹിച്ചു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും തങ്ങള്‍ എന്നും സ്‌നേഹപൂര്‍ണമായ ധൈര്യമായിരുന്നു. എതിരാളികളുടെ വാക്കുകളെ ശാന്തതയും സ്‌നേഹവും കൊണ്ട് തങ്ങള്‍ കീഴടക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗില്ലാത്ത പാര്‍ലമെന്റ് എന്ന പ്രചാരണത്തിനെതിരെ പുഞ്ചിരിയോടെയാണ് പ്രതികരിച്ചത്. ഫലം വന്നപ്പോള്‍ എതിരാളികളുടെ വാക്കുകള്‍ നിഷ്പ്രഭമാകുന്നതാണ് കണ്ടത്. വലിയ വിജയം കണ്‍നിറയെ കണ്ടാണ് ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിന് വിടപറഞ്ഞത്. ആ നഷ്ട സ്‌നേഹത്തെ പ്രവര്‍ത്തകര്‍ എന്നും മനസ്സില്‍ താലോലിക്കുന്നു.

പാണക്കാട് മസ്ജിദിലെ ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങളെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെയും ഉമറലി ശിഹാബ്തങ്ങളെയും സ്മരിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ 19ന് നാമനിര്‍ദേശ പത്രിക നല്‍കിയത്. പതിനാറാം ലോക്‌സഭയിലേക്ക് ചരിത്ര വിജയം ആവര്‍ത്തിക്കാന്‍ നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ ഓരോ വോട്ടറുടെയും മനസ്സില്‍ ശിഹാബ് തങ്ങള്‍ എന്ന മഹാമനീഷിയുടെ ഓര്‍മകള്‍ കൂടെയുണ്ട്.

ശിഹാബ് തങ്ങളുടെ സ്മരണ പാതയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ തെരഞ്ഞെടുപ്പ് ഗോദക്ക് നേതൃത്വം നല്‍കുന്നു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, മുഈനലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും ആവേശം വിതറുന്നു.

Chandrika
4/9/2014 2:12:43 AM

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക