തലമുറകളുടെ സ്നേഹത്തണലില്‍ കൊടപ്പനയ്ക്കലില്‍ പെരുനാള്‍ മധുരം

ചെറിയ പെരുനാള്‍ ദിനത്തില്‍ കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ സ്നേഹവിരുന്നിനെത്തിയവര്‍ക്കൊപ്പം പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, മുനവ്വറലി ശിഹാബ്‌ തങ്ങള്‍, സാദിഖലി തങ്ങള്‍, ബഷീറലി തങ്ങള്‍, റഷീദലി തങ്ങള്‍ എന്നിവര്‍. കുടുംബസമേതമാണ്‌ എല്ലാവരുമെത്തിയത്‌.
മലപ്പുറം . ചെറിയ പെരുനാള്‍ ദിനത്തില്‍ സ്നേഹസന്ദേശങ്ങള്‍ കൈമാറി കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ തലമുറകളുടെ സംഗമം. ശാന്തിയുടെയും സാഹോദര്യത്തിന്റെയും പുണ്യവുമായി എത്തിയ ഈദുല്‍ ഫിത്‌റിനെ വരവേല്‍ക്കാന്‍ പാണക്കാട്ടെ മുതിര്‍ന്നവര്‍ക്കും പൈതലുകള്‍ക്കുമൊപ്പം പ്രദേശത്തെ പ്രമുഖരും എത്തിയപ്പോള്‍ സ്നേഹവിരുന്ന്‌ സൌഹാര്‍ദവേദിയായി.

അബ്ബാസലി തങ്ങളുടെ മകന്‍ ഒന്‍പതുമാസം പ്രായമുള്ള ആഹിലായിരുന്നു കൂട്ടത്തിലെ ബേബി. എല്ലാത്തിനും നേതൃത്വം നല്‍കി കാരണവരുടെ റോളില്‍ ഹൈദരലി ശിഹാബ്‌ തങ്ങള്‍. കൊടപ്പനയ്ക്കലെ ആതിഥേയനായി നിറചിരിയോടെ മുനവ്വറലി ശിഹാബ്‌ തങ്ങളും. സാദിഖലി തങ്ങള്‍, ബഷീറലി തങ്ങള്‍, റഷീദലി തങ്ങള്‍ എന്നിവരും സ്നേഹവിരുന്നില്‍ പങ്കെടുക്കാനെത്തി. ഇടയ്ക്കു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട്‌ കുടുംബാംഗങ്ങള്‍ക്കു സ്നേഹാംശസകള്‍ നേരാനെത്തി.

പലകുറി ജനത്തിരക്കേറെ കണ്ട കൊടപ്പനയ്ക്കല്‍ തറവാട്ടുമുറ്റം ഇന്നലെ രാവിലെ അങ്ങനെ വീണ്ടുമൊരിക്കല്‍ക്കൂടി സ്നേഹത്തിരക്കില്‍ മുങ്ങി. മക്കളായ ഷാഹിന്‍ അലി ശിഹാബ്‌, യാമിന്‍ അലി ശിഹാബ്‌ എന്നിവരെയും കൂട്ടിയാണു സാദിഖലി തങ്ങളെത്തിയത്‌. ആഹിലിനു പുറമേ മക്കളായ റാജിഹ്‌ അലി ശിഹാബ്‌, റസാന്‍ അലി, മുഹമ്മദ്‌ സിദ്ഖ്‌ അലി ശിഹാബ്‌ എന്നിവര്‍ക്കൊപ്പമാണ്‌ അബ്ബാസലി തങ്ങള്‍ കൊടപ്പനയ്ക്കലേക്കെത്തിയത്‌.

റഷീദലി തങ്ങളുടെ മക്കളായ നാജിഹ്‌ അലി ശിഹാബ്‌, ഫിസാന്‍ ഉമര്‍ അലി ശിഹാബ്‌ എന്നിവരും ബഷീറലി തങ്ങളുടെ മക്കളായ മുഹമ്മദ്‌ അലി
ഇഷാം, ദില്‍ദാര്‍ എന്നിവരും ഹമീദലി തങ്ങളുടെ മകന്‍ മുഹമ്മദ്‌ മിയാസ്‌ അലിയും പെരുനാള്‍ ആഘോഷിക്കാന്‍ കൊടപ്പനയ്ക്കലെ സ്നേഹത്തണലില്‍ ഒത്തുകൂടി. ഇവര്‍ക്കെല്ലാമിടയിലൂടെ ഓടിനടന്ന്‌ മുനവ്വറലി തങ്ങളുടെ പുത്രന്‍ മുഹമ്മദലി ശിഹാബും. ഹൈദരലി തങ്ങളുടെ മക്കളായ നയീം അലി ശിഹാബ്‌, മുഈന്‍ അലി ശിഹാബ്‌ എന്നിവരും സ്നേഹവിരുന്നില്‍ പങ്കാളികളായി. പാണക്കാട്ടെ മക്കളും മരുമക്കളും ആദ്യവസാനം പരിപാടിയില്‍ സജീവമായി. ഉംറയ്ക്കു പോയ ഹമീദലി തങ്ങള്‍ മാത്രമായിരുന്നു ഏക അസാന്നിധ്യം.

വാപ്പയുടെ മരണശേഷമാണ്‌ ചെറിയ പെരുനാളിനു വിവിധ വീടുകളിലായി കൂടാന്‍ തുടങ്ങിയതെന്നു പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ പുത്രന്‍ മുനവ്വറലി പറഞ്ഞു. കഴിഞ്ഞവര്‍ഷം ഹൈദരലി തങ്ങളുടെ സഹോദരിയുടെ വീട്ടിലായിരുന്നു. അതിനു മുന്‍പ്‌ ഹൈദരലി തങ്ങളുടെ വീടായ ദാറുന്നയീമിലായിരുന്നു കൂട്ടായ്മ. അടുത്തതവണ ബഷീറലി തങ്ങളുടെ വീട്ടിലായിരിക്കും പെരുനാള്‍ സംഗമം

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക