കാരുണ്യത്തിന്‍െറ ആയിരം സ്നേഹപ്പടവുകള്‍


കാരുണ്യത്തിന്‍െറ ആയിരം സ്നേഹപ്പടവുകള്‍; വേലുക്കുട്ടി ആശാരിക്കൊരു ‘വലിയ വീട്’
കെ.പി.എം. റിയാസ്

മലപ്പുറം: കോരിച്ചൊരിയുന്ന കര്‍ക്കടകമഴ തുള്ളിയൊഴിയാതെ വീടിനകത്തേക്ക് പെയ്തിരുന്ന കാലം മോങ്ങം ചെരിക്കക്കാട് കിഴക്കത്തേലക്കല്‍ വേലുക്കുട്ടി ആശാരിയെയും കുടുംബത്തെയും വിട്ടകന്നിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. രോഗികളായ ഭാര്യയെയും മക്കളെയും നോക്കി നെടുവീര്‍പ്പിടുമ്പോഴും അനാരോഗ്യം അലട്ടുന്ന ഈ 64കാരന്‍െറ മുഖത്ത് ആശ്വാസത്തിന്‍െറ നിഴലാട്ടം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ മുസ്ലിംലീഗും പോഷക സംഘടനകളും സംസ്ഥാനത്ത് നിര്‍മിച്ച് നല്‍കിയ ആയിരത്തോളം ബൈത്തുറഹ്മ (കാരുണ്യഭവനം) വീടുകളിലൊന്നിന്‍െറ അവകാശികളാണിവര്‍. ശിഹാബ് തങ്ങളുടെ വേര്‍പാടിന് വെള്ളിയാഴ്ച അഞ്ചുവര്‍ഷം തികയുമ്പോള്‍ ഒരു കൂരയെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട സന്തോഷത്തില്‍ വേലുക്കുട്ടി പറയുന്നു: ‘നിങ്ങള്‍ക്കിതൊരു ചെറിയ വീടായി തോന്നുന്നുണ്ടാവാം. എന്നെ സംബന്ധിച്ചിടത്തോളം ഇത് വലുതാണ്. ഇതിലും വലിയൊരു കാര്യം എനിക്കിനിയില്ല’.
2013 ഫെബ്രുവരി 13ന് അന്നത്തെ മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമനാണ് വീട് വേലുക്കുട്ടിക്ക് കൈമാറിയത്. ഭാര്യ രാധാമണി കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. മൂന്ന് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുണ്ട് ഇവര്‍ക്ക്. ആണ്‍മക്കളില്‍ ഇളയവര്‍ ഇരട്ടകളാണ്. പ്ളസ് ടുവിന് പഠിക്കുമ്പോള്‍ ഇരുവര്‍ക്കും മാനസികാസ്വാസ്ഥ്യം ബാധിച്ചു. ഒരാളെ കൊല്ലത്തെ സാന്ത്വനകേന്ദ്രത്തിലാക്കിയിരിക്കുകയാണ്. രണ്ടാമത്തവന്‍ ആളുകളെ കണ്ടാല്‍ ഓടിയൊളിക്കും. ഇവര്‍ താമസിച്ചിരുന്ന മണ്‍കുടിലിന് ടാര്‍പോളിന്‍ ഷീറ്റായിരുന്നു മേല്‍ക്കൂര. ദുരവസ്ഥ കണ്ട് മോങ്ങം ടൗണ്‍ മുസ്ലിംലീഗ് കമ്മിറ്റിയുടെ ആദ്യ ബൈത്തുറഹ്മ ഈ കുടുംബത്തിന് ലഭിച്ചു.
ശിഹാബ് തങ്ങളുടെ മരണത്തിന് രണ്ടുവര്‍ഷം കഴിഞ്ഞ് 2011 ആഗസ്റ്റ് അഞ്ചിന് റമദാനിലെ ആദ്യ വെള്ളിയാഴ്ചയാണ് ബൈത്തുറഹ്മ പദ്ധതിക്ക് തുടക്കം കുറിച്ചത്. മലപ്പുറം ജില്ലയില്‍ 150 വീടുകള്‍ നിര്‍മിക്കുകയായിരുന്നു ആദ്യലക്ഷ്യം. പഞ്ചായത്ത് കമ്മിറ്റികള്‍ ഓരോന്നും മുനിസിപ്പല്‍ കമ്മിറ്റികള്‍ രണ്ട് വീതവും. ബാക്കി വീടുകളുടെ നിര്‍മാണം പോഷക സംഘടനകളും ഏറ്റെടുത്തു. ഒക്ടോബര്‍ 23ന് വിഭവസമാഹരണം നടത്തി ഒരു കോടിയിലധികം രൂപ ലഭിച്ചതോടെ പദ്ധതി പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു. 2012 മേയ് ഒന്നിനായിരുന്നു ആദ്യ താക്കോല്‍ദാനം. പ്രവര്‍ത്തകര്‍ കാണിച്ച വലിയ ഉത്സാഹവും പദ്ധതിയുടെ ഗുണവും മനസ്സിലാക്കിയപ്പോള്‍ ഒരു വര്‍ഷത്തേക്ക് തീരുമാനിച്ച പദ്ധതി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. മലപ്പുറം ജില്ലയില്‍ മാത്രം 700ലധികം വീടുകള്‍ ഇതിനകം നിര്‍മാണം പൂര്‍ത്തിയായതായി ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് പറഞ്ഞു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍, അശരണര്‍, നിത്യരോഗികള്‍ തുടങ്ങിയവരാണ് പ്രയോജനം ലഭിച്ചവരിലധികവും. മതിയായ രേഖകളില്ലാത്തതിന്‍െറ പേരില്‍ സര്‍ക്കാര്‍ തലത്തില്‍ ഭവനസഹായം ലഭ്യമാക്കാന്‍ കഴിയാത്ത കുടുംബത്തെ പദ്ധതിയിലുള്‍പ്പെടുത്തിയ അനുഭവവുമുണ്ട്. മലപ്പുറത്തിന്‍െറ മാതൃക മറ്റ് ജില്ലകളും പിന്തുടര്‍ന്നപ്പോള്‍ എണ്ണം 1000 കടന്നു.

News @ madhyamam

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക