കാരുണ്യം പകര്‍ന്ന്‌ ബൈത്തുറഹ്മ ഭവന പദ്ധതി മുന്നോട്ട്‌

പാണക്കാട്‌ . പാവപ്പെട്ടവര്‍ക്ക്‌ വീട്‌ നിര്‍മിച്ചു നല്‍കുന്ന മുസ്ലിം ലീഗ്‌ ജില്ലാ കമ്മിറ്റിയുടെ ബൈത്തുറഹ്മ പദ്ധതി നൂറുകണക്കിനു വീടുകളുമായി വീണ്ടും മുന്നോട്ട്‌. പദ്ധതിക്കു കീഴില്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ തിരൂര്‍ ബിപി അങ്ങാടി സയ്യിദ്‌ ശിഹാബ്‌ റിലീഫ്‌ സെല്‍ നിര്‍മിക്കുന്ന 101 വീടുകളില്‍ മൂന്നെണ്ണത്തിന്റെ നാമഫലകം കൈമാറ്റം പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു. റമസാനിലെ ചര്‍ച്ചകള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കുംശേഷം പ്രവാസി, സര്‍വീസ്‌, തൊഴിലാളി, വനിതാ സംഘടനകളെല്ലാം ബൈത്തുറഹ്മ പദ്ധതിയുമായി സജീവമാവുകയാണ്‌.

പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ വിയോഗത്തിന്‌ അഞ്ചുവര്‍ഷം തികയുന്ന ഇന്നലെ പാണക്കാട്ടെ സയ്യിദ്‌ കുടുംബത്തിന്റെ വസതിയാണ്‌ ചടങ്ങിനു സാക്ഷ്യംവഹിച്ചത്‌. മറ്റു വീടുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. രാഷ്ട്രീയപ്രവര്‍ത്തനത്തിനൊപ്പം ജീവകാരുണ്യരംഗത്തും മാതൃകാപരമായ മുന്നേറ്റമാണ്‌ ബൈത്തുറഹ്മ വഴി സാധ്യമായതെന്ന്‌ ഹൈദരലി തങ്ങള്‍ പറഞ്ഞു. ശിഹാബ്‌ തങ്ങളുടെ സ്നേഹവും കാരുണ്യബോധവും അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷവും സമൂഹത്തിനു ലഭ്യമാക്കാന്‍ ബൈത്തുറഹ്മയ്ക്കു കഴിഞ്ഞതായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സയ്യിദ്‌ ശിഹാബ്‌ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌-ഹോംകെയര്‍ പദ്ധതിയുടെ പ്രഖ്യാപനം അബ്ബാസലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു. പദ്ധതിരേഖ ബഷീറലി ശിഹാബ്‌ തങ്ങള്‍ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌
പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. മുനവ്വറലി ശിഹാബ്‌ തങ്ങള്‍, ജില്ലാ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്‌, അബ്ദുറഹിമാന്‍ രണ്ടത്താണി എംഎല്‍എ, പാറപ്പുറത്ത്‌ മൊയ്തീന്‍കുട്ടി, കെ.പി. മുഹമ്മദ്‌ കുട്ടി, പുത്തൂര്‍ റഹ്മാന്‍, പി.എ. ഇബ്രാഹീം, ഇബ്രാഹീം എളേറ്റില്‍, ഇ. സാദിഖലി, എം.കെ.എം. ബാവ, ഷറഫുദ്ദീന്‍ കണ്ണേത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

പലസ്തീന്‍ ജനതയ്ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പാണക്കാട്ട്‌ നടന്ന ബൈത്തുറഹ്മ പരിപാടിയില്‍ പലസ്തീന്‍ ജനതയ്ക്ക്‌ ഐക്യദാര്‍ഢ്യ പ്രഖ്യാപനം. മുസ്ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി. പലസ്തീന്‍ ജനതയ്ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനയും നടന്നു. ലീഗ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ചായിരുന്നു പരിപാടി.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക