ശിഹാബ് തങ്ങള്‍ ജനനന്മക്കായി ജീവിതം നല്‍കി: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്റെ മതേതരത്വത്തിന് പോറലേല്‍ക്കാതിരിക്കാന്‍ അഹോരാത്രം പ്രയത്‌നിച്ച നേതാവായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശിഹാബ്തങ്ങള്‍ അനുസ്മരണത്തിന്റെ ഭാഗമായി നന്ദാവനം പാണക്കാട് ഹാളില്‍ സംഘടിപ്പിച്ച മതമൈത്രി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിനും സാമുദായിക സൗഹാര്‍ദത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനമാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. വിടപറഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടെന്ന അനുഭവമാണ് സമൂഹത്തിനുള്ളത്.

അദ്ദേഹത്തെ കുറിച്ച് ഇന്നും നിലനില്‍ക്കുന്നത് ജീവിക്കുന്ന ഓര്‍മകള്‍ മാത്രമാണ്. സമൂഹത്തിന്റെ നന്മ ആഗ്രഹിച്ച്, കഴിവുകളെല്ലാം അതിനായി വിനിയോഗിച്ച മഹാനാണ് ശിഹാബ് തങ്ങളെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങളെന്ന് സി.പി.എം നേതാവും മുന്‍ സ്പീക്കറുമായ എം.വിജയകുമാര്‍ പറഞ്ഞു. പരിഷ്‌കൃത സമൂഹത്തിലേക്കുള്ള മാറ്റത്തില്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ നമുക്ക് പ്രചോദനമാകും. ആത്മീയതയും രാഷ്ട്രീയവും ഒന്നിച്ചുചേര്‍ന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.

ആത്മീയതയും രാഷ്ട്രീയവും പരസ്പര പൂരകങ്ങളാണെന്ന് ജീവിതത്തിലൂടെ തെളിയിച്ച നേതാവാണ് ശിഹാബ് തങ്ങളെന്ന് ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് അനുസ്മരിച്ചു. മതത്തിന്റെ ആചാരങ്ങള്‍ ശരിയായ രൂപത്തില്‍ ജീവിതത്തില്‍ പകര്‍ത്തുന്നവരെയാണ് ആത്മീയ ആചാര്യന്‍ എന്ന് വിശേഷിപ്പിക്കുന്നത്. ശിഹാബ് തങ്ങള്‍ ആത്മീയ ആചാര്യന്‍ ആയിരുന്നുവെന്നതില്‍ സംശയമൊന്നും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങാടിപ്പുറം തളി ക്ഷേത്ര വാതിലില്‍ സാമൂഹ്യദ്രോഹികള്‍ കൊളുത്തിയ തീ അഗ്നിശമനസേന അണച്ചപ്പോള്‍ പതിനായിരക്കണക്കായ വിശ്വാസികളുടെ മനസിലുണ്ടായിരുന്ന രോഷാഗ്‌നി അണച്ചത് ശിഹാബ് തങ്ങളായിരുന്നു.

തങ്ങള്‍ ന്യായാധിപനായ പാണക്കാട് കൊടപ്പനക്കലെ കോടതി പറയുന്ന വിധിയില്‍ വാദിയും പ്രതിയും ഒരു പോലെ സംതൃപ്തരായിരുന്നുവെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് അധ്യക്ഷത വഹിച്ചു. ശാന്തിഗരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര, പാളയം ഇമാം ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി, മുസ്‌ലിംലീഗ് സംസ്ഥാന ട്രെഷറര്‍ പി.കെ.കെ ബാവ,

സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കുട്ടിഅഹമ്മദ് കുട്ടി, അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പ്രൊഫ.തോന്നയ്ക്കല്‍ ജമാല്‍ സ്വാഗതവും ട്രഷറര്‍ നിസാര്‍ മുഹമ്മദ് സുല്‍ഫി നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ അഡ്വ.എസ്.എന്‍.പുരം നിസാര്‍, അബ്ദുല്‍ഹാദി അല്ലാമ, അഡ്വ.കണിയാപുരം ഹലീം, എം.എ കരീം, അഡ്വ.പാച്ചല്ലൂര്‍ നുജുമുദ്ദീന്‍ എസ്.എ വാഹിദ്, ചാന്നാങ്കരഎം.പി കുഞ്ഞ്, വിഴിഞ്ഞം റസ്സാക്ക്, ആറ്റിങ്ങല്‍ സലാം, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മണ്‍വിള സൈനുദ്ദീന്‍, എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജി.മാഹീന്‍ അബൂബക്കര്‍, എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട്, ഷഹീര്‍.ജി.അഹമ്മദ്, ഹാരിസ് കരമന, കരമന മാഹീന്‍, കലാപ്രേമി ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക