ശിഹാബ് തങ്ങള്‍ ബഹുമുഖ വ്യക്തിത്വം

ജിദ്ദ: ഒരേ സമയം ഇരുത്തം വന്ന പണ്ഡിതനും ധിഷണാശാലിയായ രാഷ്ട്രീയ നേതാവും ആധ്യാത്മിക ചിന്തകനായ സൂഫിവര്യനുമായ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് എസ്.വൈ.എസ് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.എം അലി മൗലവി നാട്ടുകല്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ല കെ.എം.സി.സി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണവും ഫലസ്തീന്‍ ഐക്യദാര്‍ഢ്യസംഗമവും പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരള രാഷ്ട്രീയത്തില്‍ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ തങ്ങളുടെ പ്രസ്താവനകള്‍ എന്നും നല്ല ഫലങ്ങള്‍ ഉളവാക്കിയിരുന്നതായി പിന്നീട് എതിരാളികള്‍ പോലും സമ്മതിച്ചതാണ്. തങ്ങളെപ്പോലെയുള്ള നേതാക്കളുടെ അഭാവമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദുരവസ്ഥക്ക് കാരണം. അസ്ഹറിലെയും കയ്‌റോവിലെയും പഠനത്തിനുശേഷം അറബ് ലോകത്തെ ഒരു പണ്ഡിതനാകാനായിരുന്നു തങ്ങളുടെ ആഗ്രഹം. പക്ഷെ പാണക്കാട് പൂക്കോയ തങ്ങളുടെ മരണശേഷം അദ്ദേഹം രാഷ്ട്രീയത്തിലേക്ക് അവരോധിക്കപ്പെടുകയായിരുന്നു. സമൂഹത്തെ അഭിവൃദ്ധിപ്പെടുത്തുന്നതോടൊപ്പം അവര്‍ക്ക് അപകടങ്ങള്‍ വരുന്നതിന്റെ സൂചനകള്‍ മനസിലാക്കി അതിനെ തടഞ്ഞുനിര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും തങ്ങള്‍ക്ക് കഴിഞ്ഞിരുന്നുവെന്ന് അലി മൗലവി സ്മരിച്ചു.

ജില്ല പ്രസിഡണ്ട് സി.കെ അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് ജനറല്‍ സെക്രട്ടറി നാസര്‍ എടവനക്കാട്, ലത്തീഫ് മുസ്‌ലിയാരങ്ങാടി, അബ്ദുല്‍മജീദ് ഖുന്‍ഫുദ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമത്തില്‍ അബ്ദുല്ലത്തീഫ് കളരാന്തിരി പ്രമേയം അവതരിപ്പിച്ചു. ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം അന്താരാഷ്ട്രസമൂഹവും ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരും സംഭവത്തില്‍ പ്രതിഷേധപ്രമേയം പോലും അവതരിപ്പിക്കാതെ കുറ്റവാളികള്‍ക്ക് ഊര്‍ജം പകരുന്ന നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ അമര്‍ഷം രേഖപ്പെടുത്തുകയും ചെയ്തു.

ഇസ്രാഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും പ്രമേയം ആഹ്വാനം ചെയ്തു. സിദ്ദീഖ് കൊയിലാണ്ടി ഖിറാഅത്ത് നടത്തി. ആക്ടിങ് ജനറല്‍ സെക്രട്ടറി സുബൈര്‍ വാണിമേല്‍ സ്വാഗതവും സെക്രട്ടറി വഹാബ് കോട്ടക്കല്‍ നന്ദിയും പറഞ്ഞു.
News @ Chandrika
8/13/2014

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക