കോയക്ക് മുന്നില്‍ മായുന്നില്ല തങ്ങളുടെ സ്‌നേഹത്തണല്‍

മലപ്പുറം: ബത്തേരി കോയയുടെ മലപ്പുറംയാത്ര തുടങ്ങിയിട്ട് വര്‍ഷം 35 കഴിഞ്ഞു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന സ്‌നേഹമരത്തിന്റെ തണല്‍ തേടിയായിരുന്നു ചുരമിറങ്ങിയ ആദ്യയാത്ര.
27 -ാം വയസ്സില്‍ തുടങ്ങിയ ആ യാത്ര തന്നെയാണ് കോയയുടെ ജീവിതവും. എഴുന്നേറ്റ് നടക്കാന്‍ ശേഷിയുള്ള എല്ലാ ചൊവ്വാഴ്ചയും അദ്ദേഹം പാണക്കാട്ടെത്തുന്നു. പാണക്കാട്ട് എല്ലാ തങ്ങള്‍മാരും ഉണ്ടാകുന്ന ദിവസമാണ് ചൊവ്വാഴ്ച. ശിഹാബ് തങ്ങളില്‍ തുടങ്ങിയ ആത്മബന്ധം പാണക്കാട് കുടുംബത്തിലേക്കും വളരുകയായിരുന്നു.
1978 ലാണ് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചുണ്ടപ്പുറത്ത് അഹമ്മദ് കോയ ശിഹാബ് തങ്ങളെ പരിചയപ്പെട്ടത്. ബാംഗ്ലൂരില്‍ നിന്ന് മടങ്ങുംവഴി ബത്തേരി ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കുകയായിരുന്നു തങ്ങള്‍. മുട്ടില്‍ യത്തീംഖാന സെക്രട്ടറി മുഹമ്മദ് ജമാലാണ് തങ്ങളെ പരിചയപ്പെടുത്തിയത്. ചില്ലറ കച്ചവടങ്ങളുമായി കഴിഞ്ഞിരുന്ന തന്റെ ജീവിതം അതോടെ മാറുകയായിരുന്നുവെന്ന് കോയ അഭിമാനത്തോടെ പറയുന്നു.
ചൊവ്വാഴ്ച വീട്ടിലേക്ക് വരണമെന്ന തങ്ങളുടെ ക്ഷണം കോയയില്‍ ആഹ്ലാദം പടര്‍ത്തി. കടലുണ്ടിപ്പുഴയുടെ ഓരംചാരി നില്‍ക്കുന്ന പാണക്കാട്ടേക്കുള്ള ആദ്യയാത്ര ഇന്നും മായാതെ മനസ്സിലുണ്ട്. നൂറുകൂട്ടം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയെത്തിയ ആള്‍ക്കൂട്ടത്തിന് നടുവിലായിരുന്നു തങ്ങള്‍. അതിനിടയില്‍ ചൂളിനിന്ന ആ ചെറുപ്പക്കാരനെ ശിഹാബ് തങ്ങള്‍ തിരിച്ചറിഞ്ഞു. 'ബത്തേരി കോയ അല്ലേ, അകത്തേക്ക് വരൂ'. അന്ന് മുതലാണ് അഹമ്മദ് കോയ 'ബത്തേരികോയ' ആയത്.
തുടര്‍ന്നുള്ള എല്ലാ ചൊവ്വാഴ്ചകളിലും കോയ പാണക്കാട്ടെത്തി. ശിഹാബ് തങ്ങളുടെ മരണശേഷവും അദ്ദേഹം യാത്രമുടക്കിയില്ല. കഴിഞ്ഞ ആഴ്ചയും അദ്ദേഹം പാണക്കാട്ടെ സ്‌നേഹമരച്ചുവട്ടിലെത്തി. പെരുന്നാള്‍ ആയതിനാല്‍ ഇത്തവണ തിങ്കളാഴ്ച ആയിരുന്നുവെന്ന് മാത്രം.
എന്തിന് ഇത്രദൂരം യാത്രചെയ്ത് പാണക്കാട്ടെത്തുന്നുവെന്ന് പലരും കോയയോട് ചോദിക്കാറുണ്ട്. 'എനിക്കിത് വലിയ മനസ്സമാധാനമാണ്. ഓരോ യാത്രയും എന്നെ കൂടുതല്‍ ആരോഗ്യവാനാക്കുന്നു. അത് നല്‍കുന്ന ഊര്‍ജമാണ് എന്റെ ജീവിതം' - അറുപത്തിമൂന്നാം വയസ്സിലും കോയക്ക് ഒരേ മറുപടി. പാണക്കാട്ട് തങ്ങള്‍മാരുടെ സാന്നിദ്ധ്യം ആസ്വദിച്ച്, സന്ദര്‍ശകര്‍ക്ക് സഹായമൊരുക്കി അയാള്‍ ആനന്ദം കണ്ടെത്തുകയാണ്.
മൂന്ന് പതിറ്റാണ്ടിനിടെ തങ്ങളുടെ പല യാത്രകളിലും സഹായിയും സഹകാരിയുമായി കോയ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ തങ്ങളും കുടുംബവും പല തവണ വിരുന്നുകാരായി. ചെറ്റക്കുടില്‍ മാറ്റിപ്പണിയാന്‍ ശിഹാബ് തങ്ങള്‍ സഹായം നീട്ടിയപ്പോഴെല്ലാം കോയ ഒഴിഞ്ഞുമാറി. പണം വാങ്ങുമ്പോള്‍ ബന്ധം മുറിയുമോ എന്നായിരുന്നു അയാളുടെ ഉള്ളില്‍.
എന്നിട്ടും കോയക്ക് പലപ്പോഴും തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. മൂന്ന് പെണ്‍മക്കളുടെ കല്യാണത്തിനും ആദ്യ ആഭരണം നല്‍കിയത് തങ്ങളുടെ ഭാര്യയായിരുന്നു. കല്യാണത്തിന് രണ്ടും മൂന്നും ദിവസം മുമ്പുതന്നെ അവര്‍ വീട്ടിലെത്തിയത് കോയക്ക് മറക്കാനാകില്ല.
ശിഹാബ് തങ്ങള്‍ നല്‍കിയ ഓരോ സമ്മാനങ്ങളും കോയ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. വാച്ചും പേനയും പണവുമെല്ലാം. ഒരിക്കല്‍ തങ്ങള്‍ കൊടുത്ത അഞ്ഞൂറ് രൂപയാണ് തന്റെ ചെറ്റക്കുടിലിനെ ഇരുനില വീടാക്കിയതെന്ന് കോയ വിശ്വസിക്കുന്നു.
പത്താംക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ബത്തേരി കോയയുടെ പള്ളിയും പള്ളിക്കൂടവുമെല്ലാം ശിഹാബ് തങ്ങളാണ്. എത്ര വലിയവനായി വളര്‍ന്നാലും ഇത്രമേല്‍ ലളിതമായി ജീവിക്കാന്‍ കഴിയുമെന്ന് തിരിച്ചറിയുകയായിരുന്നു ആ സാധാരണക്കാരന്‍.

News @ Mathrubhumi
01 Aug 2014

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക