മാനവികതയുടെ കൊടപ്പനക്കൽ‌

'കൊടപ്പനക്കല്‍ തറവാട് ' എന്ന നാമം പോലും ചരിത്രത്തില്‍ നാളെ വായിക്കപ്പെടുന്നത് ഇരുട്ടിന്റെ അധിനിവേശത്തെ ചെറുത്തുനിന്ന ഒരു അമ്പിളിക്കലയുടെ നിലാ സാന്നിധ്യത്തിന്റെ പേരിലായിരിക്കും. അവര്‍ക്കു വെളിച്ചമാകാതിരിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അവര്‍ ഉള്ളില്‍ നിലാവുമായി പിറന്നു വീണവരാണ്. വെളിച്ചത്തിന്റെ ഉടല്‍ രൂപമായ അവധൂതനില്‍ നിന്നത്രേ അവരുടെ പരമ്പരയുടെ പ്രകാശ പ്രവാഹം ഉറവയെടുക്കുന്നത്.

കപ്പല്‍ വന്നണയാന്‍ സൗകര്യമുള്ള തീരങ്ങളില്‍ വാസമുറപ്പിച്ചവരായിരുന്നു അവര്‍ക്കു മുന്‍പുവന്ന ഓരോ അറേബ്യന്‍ സഞ്ചാരികളും. കടല്‍മാര്‍ഗമുള്ള ചരക്കു ഗതാഗതത്തിന്റെയും ക്രയവിക്രയങ്ങളുടെയും സാധ്യതകളെ അടിസ്ഥാനമാക്കിയാണ് അവരെല്ലാം വാസസ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്. എന്നാല്‍ യമനില്‍ നിന്നെത്തിയ സയ്യിദുമാര്‍ എങ്ങനെയാണ് ഉള്‍പ്രദേശമായ പാണക്കാട് എന്ന അവികസിത ഗ്രാമ പ്രദേശത്ത് എത്തിപ്പെട്ടതെന്ന സംശയത്തില്‍ നിന്നുതന്നെ തുടങ്ങണം കൊടപ്പനക്കല്‍ തറവാടിന്റെ ചരിത്രത്തെകുറിച്ചുള്ള അന്വേഷണം. ആ ചരിത്രാന്വേഷണത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് 'കൊടപ്പനക്കല്‍ തറവാട് ' എന്ന ഡോക്യുഫിക്ഷന്‍.കൊടപ്പനക്കല്‍ തറവാടിനെ കുറിച്ചൊരു ദൃശ്യാവിഷ്‌കാരം ചെയ്യുക എന്നത് ഒട്ടും പുതുമയുള്ള കാര്യമല്ല. അവരുടെ ജീവിതത്തിന്റെ മഹത്വ കീര്‍ത്തനങ്ങളും ആത്മീയ സ്പര്‍ശമുള്ള അത്ഭുത കഥകളും സാമൂഹിക മണ്ഡലത്തില്‍ ഈ തറവാടിന്റെ പ്രസക്തിയും ഒരുപാടു തവണ, ഒരുപാടു തരത്തില്‍ പലമാധ്യമങ്ങളില്‍ ആവിഷ്‌കരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. കൊടപ്പനക്കല്‍ തറവാട് എന്ന ഡോക്യുഫിക്ഷന്‍ അവയില്‍ നിന്നെല്ലാം ഒരു വേറിട്ട വായനയാണ്. ഇങ്ങനെ ഒരു പ്രൊജക്റ്റ് ചെയ്യുന്നതിനെ കുറിച്ചു സംവിധായകന്‍ ആരിഫ് വെള്ളയില്‍ സാദിഖലി ശിഹാബ് തങ്ങളോടു സംസാരിക്കാന്‍ ചെന്നപ്പോള്‍ ഒട്ടും താല്‍പര്യത്തോടെയല്ല ആദ്യം അദ്ദേഹം പ്രതികരിച്ചത്.

'പലരും ചെയ്ത പോലെ എന്റെ കുടുംബത്തെ വാഴ്ത്തിയും പുകഴ്ത്തിയും ഉള്ള അത്ഭുതകഥകളുടെ മഹത്വ കീര്‍ത്തനങ്ങള്‍ തന്നെ ആണെങ്കില്‍ അത് ചെയ്യേണ്ടതില്ല' എന്നതായിരുന്നു ആദ്യ പ്രതികരണം. എന്നാല്‍ ഒരുപാടു നാളത്തെ ചരിത്രാന്വേഷണത്തിന്റെ ഭാഗമായി തയാര്‍ ചെയ്ത വസ്തുതകളുടെ നേര്‍ക്കാഴ്ച്ചകളും ചരിത്രകാരന്മാരുടെ വിശദീകരണങ്ങളും ചരിത്ര

സംവിധായകന്‍
<<<ആരിഫ് വെള്ളയില്‍

സ്മൃതികളുടെ പുനരാഖ്യാനവുമാണു ദൃശ്യവല്‍ക്കരിക്കുന്നതെന്നും അതോടൊപ്പം കൊടപ്പനക്കല്‍ തറവാടിലെ ഇളം തലമുറ പുതിയ കാലത്തോട് എങ്ങനെ സംവദിക്കുന്നുവെന്നതുകൂടിയാണു ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വിശദീകരിച്ചപ്പോള്‍ സന്തോഷത്തോടെ അതിനെ സ്വീകരിക്കുകയായിരുന്നു തങ്ങള്‍.

വാമൊഴിയും വരമൊഴിയുമായി പടരുന്ന കഥകളിലും കേട്ടുകേള്‍വികളിലും യഥാര്‍ഥ ചരിത്രം തിരയുന്നതില്‍ അര്‍ഥമില്ലെന്നു മനസിലാക്കി ചരിത്രകാരന്മാരെയും പഴയ തലമുറയിലെ കാരണവന്മാരെയും മാധ്യമ പ്രവര്‍ത്തകരെയും കാണുകയും ഇവരില്‍ നിന്നെല്ലാം ലഭിച്ച അറിവുകള്‍ വച്ചു ചരിത്ര പശ്ചാത്തലമുള്ള പ്രദേശങ്ങളെയും നേരറിവുകള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന വ്യക്തികളെയും തിരഞ്ഞ് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു സംവിധായകനും രചയിതാവുമായ ആരിഫ്. ആ ശ്രമം വെറുതെയായില്ല. വര്‍ഷങ്ങള്‍ ചെലവഴിച്ചാണ് ഇതിന്റെ സ്‌ക്രിപ്റ്റിനു രൂപംകൊടുത്തത്. ഒരേ വിഷയം തന്നെ പലയിടത്തു നിന്നായി കേട്ടറിഞ്ഞപ്പോള്‍ പലതിലും പരസ്പര വൈരുധ്യങ്ങളുണ്ടായിരുന്നതിനാല്‍ പലപ്പോഴും അന്വേഷണങ്ങളുടെ വഴി അടഞ്ഞുപോവുകയായിരുന്നു. അപ്പോഴെല്ലാം കൊടപ്പനക്കല്‍ തറവാടുമായി നിരന്തരം ബന്ധപ്പെട്ടു ചരിത്രത്തിന്റെ ആധികാരികത ഉറപ്പുവരുത്തിയിരുന്നു.


സ്‌ക്രിപ്റ്റ് തയാറായപ്പോള്‍ നിര്‍മാണം തന്നെയായിരുന്നു പ്രധാന വെല്ലുവിളി. സമാന മനസ്‌കരായ ഒരു സംഘത്തെ ഒരുമിച്ചു ചേര്‍ക്കാനായതു കൊണ്ടുമാത്രമാണ് ഉദ്ദേശിച്ച അതേ നിലവാരത്തില്‍ ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഒരു മുഖ്യധാരാ സിനിമ ചെയ്യുന്ന അതേ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചു തന്നെയാണ് ഷൂട്ടിങ് ആരംഭിച്ചത്. ഒരു ദിവസം 40,000 രൂപ ചെലവു വരുന്ന യൂനിറ്റ് ഉപയോഗിച്ചു രണ്ടര വര്‍ഷമെടുത്താണു ചിത്രം പൂര്‍ത്തിയാക്കിയത്. ഷൂട്ടിങിന് എറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങള്‍ തന്നെ ഉപയോഗിക്കണം എന്നും ക്വാളിറ്റിയില്‍ യാതൊരു ഒത്തുതീര്‍പ്പിനും നില്‍ക്കരുതെന്നതും സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ബന്ധമായിരുന്നു. അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഈ പ്രൊജക്റ്റ് തങ്ങളുടെ സ്വപ്ന പദ്ധതിയായി എറ്റെടുത്തു പ്രതിഫലം പറ്റാതെയാണു പൂര്‍ത്തിയാക്കാന്‍ വിയര്‍പ്പൊഴുക്കിയത്.

പാണക്കാട് കുടുംബത്തെ അകലെനിന്നു മാത്രം നോക്കിക്കണ്ടവര്‍ രൂപപ്പെടുത്തിയ പൊതുബോധത്തില്‍ നിന്നുതന്നെയാണു ചിത്രം ആരംഭിക്കുന്നത്. കഥയുടെ തുടക്കത്തില്‍ തന്നെ ജോണ്‍ ബ്രിട്ടാസ് ഒരു ഇന്റര്‍വ്യൂവില്‍ താന്‍ മുഹമ്മദലി ശിഹാബ് തങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതിനെ കുറിച്ചാണു പറയുന്നത്. ആത്മീയ ചികിത്സയെയും ആഭിചാരത്തെയുമെല്ലാം പറഞ്ഞ് അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും സൗമ്യമായ മറുപടികളിലൂടെ തന്നെ കീഴ്‌പ്പെടുത്തിയ തങ്ങളുടെ സ്വഭാവരീതിയെ ബ്രിട്ടാസ് ഓര്‍ത്തെടുക്കുന്നു. അധികാരത്തിന്റെ സോപാനങ്ങളിലേക്കു കയറാനുള്ള ചവിട്ടുപടികളുണ്ടായിട്ടും സാധാരണക്കാരായ ജനങ്ങളെ സേവിക്കുന്ന ജീവിതരീതി തന്നെ പിന്തുടര്‍ന്ന അവരുടെ കുടുംബത്തിന്റെ മഹത്വത്തെ അദ്ദേഹം എടുത്തുപറയുകയും ചെയ്യുന്നുണ്ട്. എം.ജി.എസും കെ.കെ.എന്‍ കുറുപ്പുമെല്ലാം അവര്‍ അടുത്തറിഞ്ഞ തങ്ങള്‍ കുടുംബത്തെ കുറിച്ചുള്ള ദീപ്തസ്മരണകള്‍ പങ്കുവയ്ക്കുമ്പോള്‍ ചരിത്രകാരനായ ഹുസൈന്‍ രണ്ടത്താണിയുടെ നിരീക്ഷണം അവയില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുകയാണ്. പാണക്കാട് എന്ന പ്രദേശം തങ്ങളുടെ വാസസ്ഥലമായി തിരഞ്ഞെടുത്തതില്‍ തന്നെയുണ്ട് പാണക്കാട് കുടുംബത്തിന്റെ അടിസ്ഥാന വര്‍ഗത്തോടുള്ള കൂറും ആതുര സേവനത്തിന്റെ ആഴവും എന്നാണ് അദ്ദേഹം സമര്‍ഥിക്കുന്നത്.


നഗര പ്രദേശങ്ങളും കടല്‍ത്തീരവും വിട്ട് പാണന്മാര്‍ തിങ്ങിത്താമസിക്കുന്ന ഒരു ഊരിലേക്ക് ഈ കുടുംബം വന്നത് അവരോടു കൂടെ ചേര്‍ന്നു ജീവിക്കാന്‍ തന്നെയായിരുന്നു. സമൂഹത്തിന്റെ താഴെ തട്ടില്‍ അവഗണിക്കപ്പെട്ടു ജീവിച്ച, ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ഗതിയില്ലാത്ത പട്ടിണിപ്പാവങ്ങളുടെ ഇടയിലേക്ക് അവര്‍ ഇറങ്ങിച്ചെന്നു. അന്നുമുതല്‍ കൊടപ്പനക്കല്‍ തറവാട് അവര്‍ക്കു പലതുമായി. അവരുടെ അന്നവും വെളിച്ചവും തണലുമായിരുന്നു ആ തറവാടിന്റെ പൂമുഖം. അവര്‍ തങ്ങളുടെ നീറുന്ന വേദനകള്‍ അവിടെ ഇറക്കിവച്ചു. അവരുടെ സ്വപ്നങ്ങള്‍ പങ്കുവച്ചു. അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞു. സ്‌നേഹത്തിന്റെ മന്ത്ര തീര്‍ഥം കുടിച്ച്, സുരക്ഷിതത്വത്തിന്റെ ചരടുകള്‍ ബന്ധിച്ചു സമാധാനത്തോടെ മടങ്ങി. എപ്പോഴും സ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാനുള്ള ഒരു വീടായിമാറി അവര്‍ക്ക് കൊടപ്പനക്കല്‍ തറവാട്. പാണക്കാടിന് ആ പേരുവരാനും ആ സ്ഥലം തന്നെ ശിഹാബ് തങ്ങള്‍ കുടുംബം തിരഞ്ഞെടുക്കാനുമുള്ള കാരണം ചേര്‍ത്തു വായിക്കുന്നിടത്തു തന്നെ തുടങ്ങുന്നുണ്ട് പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യത്തിന്റെ മഹത്വം.

കൊടപ്പനക്കല്‍ കുടുംബത്തിന്റെ ആത്മീയതയുടെ കൈവഴികളെ കുറിച്ചും അവര്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചുമാണ് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ വിശദീകരിക്കുന്നത്. ശിഹാബ് എന്നത് ദീനിന്റെ പ്രഭയാണെന്നും അതുകൊണ്ടുതന്നെ ശിഹാബ് തങ്ങള്‍ കുടുംബം എന്നതു പൊതുസമൂഹത്തിന്റെ അഭിമാനത്തിന്റെ വെളിച്ചമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ആത്മീയ ദര്‍ശനങ്ങളും ഭൗതിക കര്‍മശാസ്ത്രവും ജീവിതത്തില്‍ സമന്വയിപ്പിച്ച പാണക്കാട് സയ്യിദുമാരുടെ ജീവിതരീതിയെ കുറിച്ചാണ് റഹ്മതുല്ലാ ഖാസിമി വാചാലനാകുന്നത്. വിരുദ്ധാഭിപ്രായങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ ഇടത്തെ കുറിച്ച് ശൈഖ് മുഹമ്മദ് കാരക്കുന്നും സമാധാനപൂര്‍ണമായൊരു സഹവര്‍തിത്വത്തിന്റെ പാതയെ കുറിച്ച് അഡ്വ. ശ്രീധരന്‍ പിള്ളയും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു.

മഹാത്മാക്കളില്‍ ഒറ്റപ്പെട്ട വ്യക്തിത്വങ്ങളുടെ ഒരുപാട് ഉദാഹരണങ്ങള്‍ നമുക്കു കാണാന്‍ കഴിയും. എന്നാല്‍ ഒരു കുടുംബം മുഴുവന്‍ പാരമ്പര്യമായി ഒരേ വഴിയിലൂടെ സേവനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടു ജീവിക്കുന്നതു ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒന്നാണെന്ന് മുസ്തഫ മുണ്ടുപാറ ശ്രദ്ധേയമായ ഒരു നിരീക്ഷണം മുന്നോട്ടുവയ്ക്കുന്നു. ഒരുപക്ഷേ ഇനിയും ഒരുപാട് പഠനങ്ങള്‍ക്കു വഴിതുറക്കുന്ന ഒന്നാകും ആ വിഷയം.

ഒരു ചരിത്രാഖ്യാനത്തിന്റെ അലസഗമനമില്ലാതെ തന്നെ സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ഈ ചിത്രത്തിനു കഴിയുന്നു എന്നിടത്താണു കൊടപ്പനക്കല്‍ തറവാടിന്റെ ആഖ്യാനത്തിന്റെ വിജയം. ചരിത്രത്തില്‍ നിന്നു വര്‍ത്തമാനത്തിലെത്തുമ്പോള്‍ നിലവില്‍ പൊതുബോധം രൂപപ്പെടുത്തിയ കൊടപ്പനക്കല്‍ തറവാടിലെ അംഗങ്ങളില്‍ പലരുടേയും ഇമേജുകള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഫുട്‌ബോള്‍ പ്രാക്ടീസ് ചെയ്യുന്ന സാദിഖലി ശിഹാബ് തങ്ങള്‍, പൊതുജനങ്ങളോട് എത്ര സൗമ്യപ്രകൃതം പുലര്‍ത്തുമ്പോഴും നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന ഉപ്പയെ ഓര്‍ത്തെടുക്കുന്ന റഷീദലി ശിഹാബ ്തങ്ങള്‍ എന്നു തുടങ്ങി അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരെല്ലാം വേറിട്ട വിശേഷങ്ങളോടെ ഫ്രെയിമില്‍ നിറയുന്നു.

519_0927_01 016

സംഗീത രംഗത്തെ പുതിയ വാഗ്ദാനമായ രഞ്ജിന്‍ രാജ് വര്‍മ ചെയ്ത പശ്ചാത്തല സംഗീതമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മൗലാ എന്നു തുടങ്ങുന്ന സൂഫീ സംഗീതധാരയിലെ പതിഞ്ഞ താളം നമ്മെ കാഴ്ചയില്‍ നിന്ന് ഉയര്‍ത്തി ഒരു ആധ്യാത്മിക പ്രപഞ്ചത്തിന്റെ അനുഭൂതിയിലെത്തിക്കും. ചരിത്രത്തിന്റെ പുരാതന സ്മൃതികളില്‍ നിന്നു വര്‍ത്തമാനത്തിലേക്കു ചിത്രം വികസിക്കുമ്പോള്‍ സംഗീതത്തിനുണ്ടാകുന്ന പരിണാമവും ഏറെ ശ്രദ്ധിക്കപ്പെടും.
കൈതപ്രം നമ്പൂതിരിയുടെ 'നന്മകള്‍ പച്ച വിരിച്ച വഴി' എന്നു തുടങ്ങുന്ന ഗാനം കൊടപ്പനക്കല്‍ തറവാടിന്റെ ആത്മാവിനെ തൊടുന്ന വരികളാണ്. ഒരു തറവാട്ടുമുറ്റം എങ്ങനെ മത, ജാതി, വര്‍ണ വ്യത്യാസങ്ങളുടെ അതിരടയാളങ്ങള്‍ മായ്ച്ചുകളയുന്നുവെന്ന് കൈതപ്രം വരികളിലൂടെ വ്യക്തമാക്കുന്നുണ്ട്. മറ്റൊരു ഗാനം എഴുതിയ മുഹമ്മദലി ചെറൂപ്പയുടെ വരികള്‍ മലബാറിന്റെ തനതു സംസ്‌കാരത്തെ ചേര്‍ത്തുപിടിക്കുന്നതാണ്.


ഈ ഡോക്യുഫിക്ഷനിലുടനീളം ചരിത്രത്തെയും വ്യക്തികളെയും തേടിയിറങ്ങി നിറഞ്ഞുനില്‍ക്കുന്നതു ദൃശ്യമാധ്യമ പ്രവര്‍ത്തകനായ കൃഷ്ണദാസാണ്. മികച്ച ഷോര്‍ട്ട് ഫിലിമിനു ദേശീയ പുരസ്‌കാരം നേടിയ 'മാരി'യുടെ സംവിധായകനായ ആരിഫിനൊപ്പം അതേ സിനിമക്ക് കാമറ ചലിപ്പിച്ച ഹാരിസ് മഡോണ്‍ കൂടെയുണ്ട്. നിരവധി സിനിമകള്‍ക്കു പിറകില്‍ പ്രവര്‍ത്തിച്ച താജുവാണ് എഡിറ്റര്‍. കളറിങ് ഷാഫി, ആര്‍ട് ബൈജി എരുമേലി തുടങ്ങിയവരാണ് അണിയറയില്‍. ലോര്‍ഡ് സ്റ്റാര്‍ മീഡിയയാണ് ഫിലിം പുറത്തിറക്കുന്നത്. 'കൊടപ്പനക്കല്‍ തറവാട് ' ഇന്ത്യയിലും വിദേശത്തുമായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. അതോടൊപ്പം പ്രമുഖ മലയാള ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഡോക്യുഫിക്ഷന്റെ സമ്പൂര്‍ണ പതിപ്പ് 50 എപ്പിസോഡുകളിലായി പിന്നീട് സംപ്രേഷണം ചെയ്യും. മലയാളത്തിനു ശേഷം അറബി, ഇംഗ്ലീഷ് തുടങ്ങിയ മറു ഭാഷകളില്‍ കൂടി 'കൊടപ്പനക്കല്‍ തറവാട് ' പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍.


അലിഫ് ഷാഹ്
സുപ്രഭാതം

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക