പൂക്കോയ തങ്ങള്‍ പറഞ്ഞാല്‍ ജീവനും കൊടുക്കും

കോഴിക്കോട് ബിഷപ്പ്, പാണക്കാട് കൊടപ്പനക്കലേക്ക് കയറി ചെല്ലുമ്പോള്‍ വലിയ പ്രതീക്ഷയൊന്നും മനസ്സിലുണ്ടായിക്കാണില്ല. വിഷയം അത്രക്കു സങ്കീര്‍ണമാണ്. എന്നാലും അറ്റ കൈക്ക് പൂക്കോയ തങ്ങളെ കൂടി ഒന്നു കണ്ടു സഹായമഭ്യര്‍ത്ഥിക്കുക. ആയാലായി. മലപ്പുറം ഒരു ജില്ലയായപ്പോള്‍ ആസ്ഥാന പഞ്ചായത്തിനു നഗരസഭാ പദവി കൈവരിക സ്വാഭാവികം. ജില്ലയിലെ ജനസംഖ്യയില്‍ 69 ശതമാനം വരുന്ന മുസ്‌ലിംകള്‍ കഴിച്ചാല്‍ തൊട്ടടുത്തത് ഹിന്ദു മതവിശ്വാസികള്‍. നേര്‍ത്തൊരു വിഭാഗമേ ക്രൈസ്തവര്‍ വരൂ. പക്ഷേ ജില്ലാ തലസ്ഥാന നഗരിയിലെ കണ്ണായ സ്ഥലമെല്ലാം ക്രൈസ്തവ മതസ്ഥാപനങ്ങളുടെയും ബാക്കി സര്‍ക്കാരിന്റെയും കൈവശമാണ്. അത് ബ്രിട്ടീഷ് ഭരണത്തിന്റെ തിരുശേഷിപ്പ്.

പുതിയ നഗരസഭക്ക് സ്വന്തമായൊരു ഓഫീസ് കെട്ടിടം പണിയാന്‍ പ്രഥമ ചെയര്‍മാന്‍ ഡോ. എം. അബൂബക്കറിന്റെ നേതൃത്വത്തില്‍ സ്ഥലം തേടിയപ്പോള്‍ ക്രിസ്ത്യന്‍ പള്ളിയിലെ ഫാദര്‍ സന്മനസ്സോടെ നല്‍കാമെന്നേറ്റു. നല്ല വില വേണമെന്നും. ചര്‍ച്ചിനോട് ചേര്‍ന്നുള്ള ഒന്നര ഏക്കര്‍ അക്വയര്‍ ചെയ്യുന്നതിന്റെ മോഹവില കണക്കാക്കി തീരുമാനമെടുത്തു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കി. കെട്ടിടത്തിന്റെ പ്ലാനും പദ്ധതിയുമായി. നഗരസഭയും നാട്ടുകാരും ആവേശത്തോടെ മുന്നോട്ടുപോയി. പക്ഷെ, മലപ്പുറം ജില്ലക്കു പുറത്ത് പത്രങ്ങള്‍ പണി തുടങ്ങിക്കഴിഞ്ഞിരുന്നു. 'നഗരസഭക്കു കെട്ടിടമുണ്ടാക്കാന്‍ പള്ളിസ്ഥലം ബലമായി പിടിച്ചെടുത്തു' എന്ന തരത്തിലായി പ്രചാരണം.

തെക്കന്‍ ജില്ലകളില്‍ വിഷയം നന്നായി കത്തി. ഫാദറും പള്ളി ബന്ധുക്കളും നിസ്സഹായരായി. അവരാരുമറിയാത്ത വിധത്തില്‍ വിഷയം വര്‍ഗീയമായിത്തീര്‍ന്നു. ഓഫീസ് നിര്‍മാണത്തിന്റെ പദ്ധതികളുമായി നഗരസഭ ബഹുദൂരമെത്തിയിരുന്നു.
സമുദായത്തിനകത്തെ ഭിന്നത ശമിപ്പിക്കാന്‍ കൂടിയാണ് കോഴിക്കോട് ബിഷപ്പ് പാണക്കാട്ടേക്കു ചെന്നത്. പൂക്കോയ തങ്ങള്‍ അന്നു മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റാണ്. ബിഷപ്പ് പറഞ്ഞു: ''കരാറുകളെല്ലാം ശരി. ഇരുവശത്തും സദുദ്ദേശ്യത്തോടെ ചെയ്തതുമാണ്. പക്ഷേ ഇപ്പോള്‍ വിഷയം കൈവിട്ടിരിക്കുന്നു. 'പള്ളി സ്ഥാപിക്കാന്‍ കരുതിയിരുന്ന സ്ഥലം' എന്ന ആവശ്യം മുന്‍നിറുത്തി നഗരസഭയെ കൊണ്ട് എന്തെങ്കിലുമൊരു വിട്ടുവീഴ്ച ചെയ്യിക്കാന്‍ തങ്ങള്‍ ഇടപെടണം.'' ഭരണപരമായ കാര്യങ്ങളുടെ നാലയലത്തു പോലും ചെല്ലാനിടഷ്ടപ്പെടാത്ത തങ്ങള്‍ ഇതിലെന്തു ചെയ്യും. പ്രത്യേകിച്ച് നടപടികളെല്ലാം തീര്‍ന്നു കഴിഞ്ഞ ഒന്നില്‍.
എന്തായാലും സഹായം തേടി കൊടപ്പനക്കല്‍ വന്നവര്‍ക്ക് കൈക്കുടന്ന നിറയെ കൊടുത്ത് ശീലിച്ച തങ്ങള്‍ ബിഷപ്പിനും നല്‍കി ഒരാശ്വാസ വചനം. 'നമുക്ക് നോക്കാം'. പിന്നെ ഇടതടവില്ലാതെ ചര്‍ച്ചകളായിരുന്നു. കൗണ്‍സിലര്‍മാരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാന്‍ പൂക്കോയ തങ്ങള്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു.

മുസ്‌ലിംലീഗിനു ഭൂരിപക്ഷമുള്ള കൗണ്‍സിലാണ്. യോഗത്തില്‍ തങ്ങളും പങ്കെടുത്തു. അദ്ദേഹം പ്രശ്‌നത്തിന്റെ ഗൗരവം ബോധിപ്പിച്ചു. 'ആരെയും വേദനിപ്പിച്ചു കൊണ്ട് ഒരു വികസനം നമുക്ക് വേണ്ട.' തങ്ങള്‍ ഉപദേശിച്ചു. കൗണ്‍സില്‍ അനുസരിച്ചു. ഔദ്യോഗികമായി യോഗം ചേര്‍ന്ന് ആ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തു. പ്രഥമ നഗരസഭയുടെ കടിഞ്ഞൂല്‍ വികസന ശിശുവിനെ മൈത്രിയുടെ മാര്‍ഗത്തില്‍ ബലി നല്‍കി. ഇക്കഥ ഒരു വൈകുന്നേര വര്‍ത്തമാനത്തില്‍ ഡോ. അബൂബക്കര്‍ സാഹിബ് പങ്കുവെച്ചപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു. അതിനു കാരണം പറഞ്ഞത്: ''പൂക്കോയ തങ്ങള്‍ പറഞ്ഞാല്‍ ജീവന്‍ കൊടുക്കാനും തയ്യാറുള്ളവരാണ് അനുയായികള്‍. പിന്നെന്ത് വികസനം. ആ വാക്കിനാണ് വില.''

ഇവ്വിധമൊരു തീരുമാനം ബിഷപ്പ് പോലും പ്രതീക്ഷിച്ചു കാണില്ല. കുറച്ചു സ്ഥലം തിരികെ കിട്ടിയാലായി എന്നേ അദ്ദേഹവും കരുതിക്കാണൂ. പക്ഷേ തങ്ങള്‍ പരിഗണിച്ചത്; ദേവാലയത്തിന്റെ ഭൂമി എന്ന വിശുദ്ധിയില്‍ മറ്റൊരു വിട്ടുവീഴ്ചയും വേണ്ടെന്ന്. രാഷ്ട്രീയ ലാഭത്തിന്റെ ഗണിതം വെച്ചാല്‍ സാമുദായികാടിസ്ഥാനത്തില്‍ മലപ്പുറത്തെ ഒരു ശതമാനം ജനസംഖ്യയെ പോലും പ്രീതിപ്പെടുത്താന്‍ ഈ തീരുമാനം ഉപകരിക്കില്ല. പക്ഷേ, എക്കാലത്തേക്കുമുള്ള മൈത്രിയുടെ മഹത്തായ സന്ദേശമാണ് പൂക്കോയ തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്. 'പള്ളി സ്ഥലം കയ്യേറിയെന്ന് യഥേഷ്ടം വിഷയം കത്തിച്ച പത്രങ്ങള്‍ ഒത്തുതീര്‍പ്പ് വാര്‍ത്തക്ക് ഇടം നല്‍കുന്നതില്‍ പിശുക്കരായത് അതിന്റെ വിത്തുഗുണം. അന്നേയുണ്ട് 'മഹത്തായ പത്രധര്‍മ'മെന്നര്‍ത്ഥം.

മുസ്‌ലിംലീഗിനു വര്‍ഗീയ മുദ്ര പതിക്കുന്ന സഖാവ് എം.എ. ബേബിക്ക് ഇക്കഥയറിയില്ലായിരിക്കാം. പക്ഷേ മെത്രാന്‍ - ബാവ തര്‍ക്കം തെരുവിലേറ്റുമുട്ടുമ്പോള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമാധാനശ്രമത്തിനു മുന്നിട്ടിറങ്ങിയ വാര്‍ത്ത വായിച്ചിട്ടുണ്ടാവും ബേബി സഖാവ്. മേല്‍പറഞ്ഞ പൂക്കോയ തങ്ങളുടെ സന്തതിയാണത്. പാണക്കാട് പൂക്കോയ തങ്ങള്‍ തീരുമാനമെടുക്കുമ്പോള്‍ രണ്ടു കാര്യങ്ങളേ ശ്രദ്ധിച്ചുള്ളൂ. സത്യാസത്യ വിവേചനവും മനുഷ്യ നന്മയും. ബാക്കി കാര്യങ്ങളൊക്കെ വിധിക്കു വിടും. നഷ്ടം സ്വയം ഏറ്റെടുത്തു. പടച്ചവനെയല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാത്ത അസാധാരണമായ ഉള്‍ക്കരുത്താണ് പൂക്കോയ തങ്ങള്‍ക്ക് ഇതിനെല്ലാം പ്രേരണയായത്.

ഒറ്റക്കായവന്റെ കരുത്ത് എന്നൊന്നുണ്ട്. ബാല്യം തൊട്ടേ പൂക്കോയ തങ്ങളെ തലോടിപ്പോയിട്ടുണ്ട് ഈ ഒറ്റപ്പെടല്‍. കുഞ്ഞുന്നാളില്‍ പിതാവിന്റെ വേര്‍പാട്. ഉമ്മയുടെ മരണം. ആ അനാഥത്വത്തില്‍ കൈപിടിച്ച പിതൃസഹോദരന്‍ സയ്യിദ് അലി പൂക്കോയ തങ്ങള്‍ക്ക് ഇരു കണ്ണിനും കാഴ്ചയില്ലായിരുന്നു. അന്ധതയുടെ ബാഹ്യമായ ഇരുട്ടിലും അകവെളിച്ചത്തില്‍ സഹോദര സന്തതിയെ നേര്‍പുത്രനായി കണ്ട് സംരക്ഷിച്ചു. അവര്‍ പരസ്പരം ഊന്നുവടികളായി. ശിഹാബ് തങ്ങള്‍ പറയാറുണ്ടായിരുന്നു; ബാപ്പയുടെ ബാല്യം, ബാപ്പയില്‍ നിന്നു കേട്ടത്. ''രഹസ്യമായി പുക വലിക്കും. എളാപ്പ ഇതെങ്ങനെയോ മനസ്സിലാക്കി. പിന്നെ കാല്‍പ്പെരുമാറ്റം കേട്ടാല്‍ വിൡക്കും. പൂക്കോയക്കുട്ടിയല്ലേ, ഇവിടെ വരീ', അടുത്ത് ചെന്നാല്‍ വാ പൊളിച്ച് എളാപ്പാന്റെ മുഖത്തേക്ക് ശ്വാസം വിടാന്‍ പറയും. ബീഡിപ്പുകയുടെ ഗന്ധമുണ്ടോ എന്നറിയാന്‍. ഉണ്ടെങ്കില്‍ ഉപദേശിക്കും. അടി വാങ്ങുമെന്ന് പറയും. അടിക്കില്ല. അന്ധതക്കുള്ളിലും പൊന്നുപോലെ കാത്ത മകന്റെ ഭാവിയോര്‍ത്തുള്ള സൂക്ഷ്മത. ആ ഒറ്റപ്പെടലിന്റെ കരുത്ത് നല്‍കിയ ജീവിത ശിക്ഷണം തന്റെ വഴികളില്‍ നിര്‍ഭയനായി, വീറോടെ നടന്നുപോവാന്‍ പൂക്കോയ തങ്ങള്‍ക്ക് ഇന്ധനമായി. വള്ളുവനാട്ടിലെ ഒരു ജന്മിയുടെ ബന്ധുക്കളുള്‍പ്പെട്ട പാണന്‍ മര്‍ദ്ദന കേസില്‍ അകാരണമായി പൂക്കോയ തങ്ങളെ പ്രതിചേര്‍ക്കാന്‍ ശ്രമം നടന്നു. ആ ബന്ധുക്കളില്‍ ചിലര്‍ തങ്ങളെ കാണാന്‍ വരാറുണ്ട് എന്നതായിരുന്നു കുറ്റം. തങ്ങള്‍ നിര്‍ഭയനായി നിന്നു. കേസ്സെടുക്കാന്‍ പൊലീസിനു ധൈര്യം വന്നില്ല.

1852ല്‍ പൂക്കോയ തങ്ങളുടെ പിതാമഹന്‍ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളെ ബ്രിട്ടീഷ് പട്ടാളം മരണപര്യന്തം നാടുകടത്തിയത് ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ മാപ്പിളപ്പോരാളികള്‍ക്ക് പ്രേരണയും ഫത്‌വയും നല്‍കി എന്ന കുറ്റമാരോപിച്ചായിരുന്നു അതേ ബ്രിട്ടീഷ് ഭരണത്തിന്റെ പൊലീസായിരുന്നു പൗത്രനെയും പിന്തുടര്‍ന്നത്.

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇടന്തടിച്ചു നിന്ന നാട്ടുരാജ്യമായ നൈസാമിന്റെ ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ 1948ല്‍ നടന്ന ആക്ഷന്റെ പേരിലും വന്നു മലബാറിലുള്ള പൂക്കോയ തങ്ങള്‍ക്ക് ഭരണകൂട നടപടി. എം.പി.എം ഹസ്സന്‍കുട്ടി കുരിക്കള്‍, എന്‍.വി. അബ്ദുസ്സലാം മൗലവി, ഇ.എസ്.എം. ഹനീഫ ഹാജി തുടങ്ങിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം 17 ദിവസം നീണ്ട ജയില്‍ വാസം. മുസ്‌ലിംലീഗ് കമ്മിറ്റി പിരിച്ചുവിട്ടെന്നോ പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചെന്നോ എഴുതിക്കൊടുത്താല്‍ ഒഴിവാക്കാവുന്ന ശിക്ഷ. പക്ഷെ, ജയിലറ ഭയന്ന് ആത്മാഭിമാനമുപേക്ഷിക്കുന്ന ഭീരുവായിരുന്നില്ല പൂക്കോയ തങ്ങള്‍. ബ്രിട്ടീഷ് സൈനിക സന്നാഹങ്ങള്‍ക്കെതിരെ സന്ധിയില്ലാതെ പൊരുതിയ ധീരപിതാക്കന്മാരുടെ മഹാനായ പൗത്രന്‍ രാജ്യസ്വാതന്ത്ര്യത്തിന്റെ ഒന്നാം വര്‍ഷം തന്നെ ആദര്‍ശപാതയില്‍ ജയില്‍ വാസം ഏറ്റുവാങ്ങിയത് ജീവിതപുണ്യമായി കരുതിക്കാണും.
സുബ്ഹി വെട്ടത്തില്‍ പൊലീസ് വണ്ടിയില്‍ കയറിപ്പോകുന്ന ആ മുപ്പതുകാരനു പിന്നില്‍ കൊടപ്പനക്കലെ കോലായില്‍ പെരുവഴിയില്‍ ഒറ്റപ്പെട്ട പോലെ പകച്ചുനില്‍ക്കുകയായിരുന്നു മാരകരോഗം ബാധിച്ച ഭാര്യയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളും. ഇളയമക്കള്‍ ഉണര്‍ന്നിട്ടു പോലുമില്ലായിരുന്നു ആ നേരം. മൂത്ത മകന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് അന്നു പ്രായം പന്ത്രണ്ടായിട്ടില്ല. ഉമ്മയുണ്ടാക്കി കൊടുത്ത പലഹാരപ്പൊതിയുമായി നല്ല മഴക്കോളുള്ള ഒരു വൈകുന്നേരം ജയിലില്‍ പിതാവിനെ കാണാന്‍ പോയ മകന്റെ നെഞ്ചു പതക്കുന്നതും ആ കൂടിക്കാഴ്ചയുടെ നേരം ബാപ്പയുടെ കരള്‍ പിടയുന്നതും അറുപത്തേഴു വര്‍ഷം ഇപ്പുറത്തിരുന്നും കേള്‍ക്കാം. അവഗണിക്കപ്പെട്ടവരുടെ സംഘശക്തിക്കായി ജീവിതം നല്‍കിയതിനു ആ കുടുംബം തലമുറകളിലൂടെ അനുഭവിച്ച കണ്ണീരു തോരാത്ത യാതന. ഉള്ളുലയുമ്പോഴും മുഖത്ത് ധീരത സ്ഫുരിക്കുന്ന മന്ദഹാസവുമായി ജയിലഴികള്‍ പിടിച്ചു മകനു മുന്നില്‍ നില്‍ക്കുന്ന പിതാവ്.


1937ലെ മദ്രാസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ പ്രചാരകനായി ഇരുപതാം വയസ്സില്‍ രാഷ്ട്രീയ പ്രവേശം. അന്നു ഏറനാട്ടില്‍ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനം വ്യവസ്ഥാപിതമായി വന്നിട്ടില്ല. വിപ്ലവകാരികളുടെ തലമുറ അബ്ദുറഹ്മാന്‍ സാഹിബിനൊപ്പം. കിഴിശ്ശേരി ചേക്കു സാഹിബ് (പെരിന്തല്‍മണ്ണ) മുസ്‌ലിംലീഗ് അനുഭാവമുള്ളവരുടെ സ്ഥാനാര്‍ത്ഥി. ബ്രിട്ടീഷ് സര്‍ക്കാരുമായി സഹകരിച്ചു പോകണമെന്ന പക്ഷക്കാരുടെ പിന്തുണ ഖാന്‍ ബഹദൂര്‍ കല്ലടി ഉണ്ണിക്കമ്മു സാഹിബിന്. രാഷ്ട്രീയ പ്രവേശത്തില്‍ ആദ്യം കോണ്‍ഗ്രസിലും തുടര്‍ന്ന് മുസ്‌ലിം ലീഗിലും പൂക്കോയ തങ്ങളുടെ അടുത്ത സഹപ്രവര്‍ത്തകന്‍ പില്‍ക്കാലം പ്രസിദ്ധ പ്രഭാഷകനും മുജാഹിദ് പണ്ഡിതനും മുസ്‌ലിംലീഗ് നേതാവുമായ ടി.എം. ഇസ്ഹാഖ് മൗലവി. ഇരുവരും സമപ്രായക്കാര്‍.
എന്നും വിപ്ലവ പക്ഷത്ത് നിന്നതാണ് പൂക്കോയ തങ്ങളുടെ രാഷ്ട്രീയം. സംഘടനക്കുള്ളിലും സമുദായത്തിലും വിപ്ലവകരമായ നിലപാടുകളുടെ സഹയാത്രികനായി അദ്ദേഹം.

പണ്ഡിതനും പ്രഭാഷകനുമായിരുന്ന മമ്പാട് കെ.പി.കെ തങ്ങള്‍ മലപ്പുറത്തെ ഈദ് ഗാഹ് വിവാദത്തെ കുറിച്ച് എഴുതി: '1970 കാലം. മലപ്പുറത്ത് ഇദം പ്രഥമമായി ഒരു ഈദ് ഗാഹ് സംഘടിപ്പിച്ചു. കോട്ടപ്പടി മൈതാനിയില്‍. ആളുകള്‍ക്കിടയില്‍ അതിന്റെ പുതുമയും ആഘോഷവും പടര്‍ന്നു നില്‍ക്കെ ഒരു പുതിയ പ്രശ്‌നം പൊട്ടിപ്പുറപ്പെട്ടു. ഈദ് ഗാഹില്‍ ആര് നേതൃത്വം നല്‍കും? സമുദായത്തില്‍ ഭിന്നത രൂക്ഷമായി. പ്രകടമല്ലെങ്കിലും ഉള്ളില്‍ നീറുന്ന സംഘര്‍ഷമായി. ഈ പെരുന്നാള്‍, പ്രശ്‌നത്തില്‍ കലാശിക്കുമെന്നുറപ്പായി. വിവരം പാണക്കാട്ടെത്തി. തങ്ങളുടെ മധ്യസ്ഥതയില്‍ ചര്‍ച്ചക്കായി വിവിധ വ്യക്തികളും സംഘടനാ പ്രതിനിധികളും വിളിച്ചുചേര്‍ക്കപ്പെട്ടു. അഭിപ്രായങ്ങളെല്ലാം പുഞ്ചിരിയോടെ കേട്ടു. തങ്ങള്‍ പറഞ്ഞു: 'ഇതിന്റെ നേതൃത്വം എന്നെ ഏല്‍പിക്കുക'. എല്ലാവര്‍ക്കും സമ്മതമായി. ജനം ഈദ് ഗാഹില്‍ നിറഞ്ഞു. പൂക്കോയ തങ്ങള്‍ ഈദ് ഗാഹിലെത്തി. സമയമായപ്പോള്‍ അദ്ദേഹം എഴുന്നേറ്റ് നമസ്‌കാരത്തിനു നേതൃത്വം നല്‍കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച ഈ ലേഖകന്‍ (കെ.പി.കെ. തങ്ങള്‍) അറബിയില്‍ ആരംഭിച്ച ശേഷം, പെരുന്നാള്‍ സുദിനത്തിന്റെ മാഹാത്മ്യങ്ങളും മറ്റും മാതൃഭാഷയില്‍ വിവരിച്ചു കൊണ്ടുള്ള ഖുതുബയും നിര്‍വഹിച്ചതോടെ എല്ലാം ശുഭമായി കലാശിച്ചു.'

1968 സപ്തംബര്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് കെ. കേളപ്പന്റെ നേതൃത്വത്തില്‍ ഒരു പ്രക്ഷോഭം ആരംഭിച്ചു. ഒഴിഞ്ഞുകിടക്കുന്ന പറമ്പില്‍ വിഗ്രഹമുണ്ടെന്നും ക്ഷേത്രം നിര്‍മിക്കണമെന്നുമായിരുന്നു ആവശ്യം. നിര്‍ദ്ദിഷ്ട ക്ഷേത്ര നിര്‍മാണ പദ്ധതി പള്ളിയിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്ന വിധമായതിനാല്‍ എതിര്‍പ്പുകളുയര്‍ന്നു. സ്ഥലത്തിന്റെ ഉടമാവകാശവും തര്‍ക്കമായി.
രാജ്യത്തിന്റെ പല ഭാഗത്തു നിന്നും വന്ന ആര്‍.എസ്.എസ്, ജനസംഘം വളണ്ടിയര്‍മാരുടെ സാന്നിധ്യത്തില്‍ സപ്തം. 29ന് ഭജന തുടങ്ങി. വര്‍ഗീയ സംഘര്‍ഷത്തിന്റെ തീ പടര്‍ന്നു. ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന അന്തരീക്ഷം. ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ഇടപെട്ടു. പൂക്കോയ തങ്ങള്‍ പള്ളിക്കമ്മിറ്റിയെയും പരിസരത്തെ മുസ്‌ലിം സഹോദരന്‍മാരെയും വിളിച്ചു നിരന്തര സംഭാഷണത്തിലൂടെ ശാന്തരാക്കി. പള്ളിയുടെ അരികെ തളി ക്ഷേത്രമുയര്‍ന്നു. മലബാര്‍ കലാപത്തിനു ശേഷവും മലപ്പുറം സംഘര്‍ഷഭരിതമാണെന്നു സ്ഥാപിക്കാനുള്ള ജനസംഘം - ആര്‍.എസ്.എസ് പദ്ധതി തകര്‍ക്കപ്പെട്ടത് തദ്ദേശീയരില്‍ പാണക്കാട് തങ്ങള്‍ക്കുണ്ടായിരുന്ന അളവറ്റ സ്വാധീനത്തിന്റെ ഫലം. ഇല്ലെങ്കില്‍ എക്കാലവും സംഘ് പരിവാര്‍ കൊണ്ടാടുമായിരുന്നു ഇത്.

പില്‍ക്കാലം അതേ തളിക്ഷേത്രത്തിന്റെ ഗോപുര വാതിലിന് സാമൂഹികദ്രോഹികള്‍ തീയിട്ടപ്പോള്‍ രോഗക്കിടക്കയില്‍ നിന്നു ശാന്തി ദൗത്യവുമായി ഓടിയെത്തിയത് പൂക്കോയ തങ്ങളുടെ പുത്രന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.
മക്കള്‍ അഞ്ചു പേര്‍; സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. എല്ലാവരും പിതാവിന്റെ ചുവടൊത്ത് നന്മയുടെ പൂക്കളായി സമുദായ വീഥിയില്‍. മാനവ മൈത്രിയുടെ പ്രകാശഗോപുരമെന്ന് പൂക്കോയ തങ്ങള്‍ വിശേപ്പിക്കപ്പെട്ടത് സ്വന്തം ജീവിതത്തെ തന്നെ സമൂഹത്തിനു നല്‍കിയാണ്. മരണമായിരുന്നു ആ ജീവിതത്തിനു വിശ്രമം നല്‍കിയത്. 1975 ജൂലൈ 6ന് പൂക്കോയ തങ്ങള്‍ ചരിത്രത്തിലേക്കു ചേര്‍ന്നു. നാല്‍പത് വര്‍ഷമായി മലയാളിപൊതുജീവിതം ആ വെളിച്ചത്തിന്റെ അടരുകളിലൂടെ യാത്രതുടരുന്നു.

സി.പി സൈതലവി

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക